UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ സര്‍ക്കാരിനോട്, ജയാരവങ്ങള്‍ക്കിടയില്‍ ജിഷയെ മറക്കരുത്

Avatar

ചിത്തിര കെ 

അങ്ങനെ കേരളത്തിൽ തിരഞ്ഞെടുപ്പു ചൂടവസാനിച്ചു. തിരഞ്ഞെടുത്തതിന്റെ ചൂട് അവസാനിക്കും മുൻപ്  ചിലത് ചോദിക്കാനുണ്ട്  പുതിയ എം എൽ എ മാരോടും സർക്കാരിനോടും, ചിലത് പറയാനും.

ഇടപെടാനും തിരുത്തിയെഴുതാനും വേരോടെ പിഴുതുകളയാനും പലതും ബാക്കി വെച്ചിട്ടാണ് തൊട്ടു മുൻപ് ഭരിച്ചിരുന്നവർ ഇറങ്ങിപ്പോകുന്നത്.  ഇനിയുള്ള അഞ്ചു വർഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്യുക? സ്ത്രീ എന്ന നിലയിൽ, സാമൂഹ്യവിഷയങ്ങളിൽ ഇടപെടുന്ന ഒരാൾ എന്ന നിലയിൽ , പരിസ്ഥിതി പ്രവർത്തക എന്ന നിലയിൽ ഒരു കൂട്ടം ആശങ്കകളുണ്ട് എനിക്ക്, അല്ലെങ്കിൽ എന്നെപ്പോലെ നൂറുകണക്കിന് ചെറുപ്പക്കാർക്ക്. ഞങ്ങളുടെ അരക്ഷിതാവസ്ഥകളെ കണക്കിലെടുക്കാൻ നിങ്ങൾ തയ്യാറാവുമോ? അതോ ഭരണം എന്ന വാക്കിന്റെ മധുരത്തിൽ വീണ ഉറുമ്പുകളായി നിങ്ങളും മാറുമോ? പെരുമ്പാവൂർ എന്ന മണ്ഡലത്തിലെ വോട്ടുനിലയെപ്പോലും സ്വാധീനിച്ച ഒന്ന് എന്ന നിലയ്ക്ക് ജിഷ എന്ന പേര് ജയത്തിന്റെ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ നിങ്ങൾ മറന്നു കാണില്ല എന്നു കരുതുന്നു. 2016 ഏപ്രിൽ 28 നാണ് ജിഷ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തപ്പെട്ടത്. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച മെയ് 19 വരെ ജിഷയുടെ കൊലയാളിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അയാൾ, അല്ലെങ്കിൽ അവർ, ഞങ്ങൾക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്. ഇനിയൊരു സ്ത്രീശരീരം  കീറിപ്പറിഞ്ഞു പോകും മുൻപ് അത് ചെയ്തയാളെ/അവരെ, കണ്ടെത്തുക എന്നതു മാത്രമാണ് ജിഷയോടു ചെയ്യാവുന്ന അവസാനനീതി. അടിയന്തിര പ്രാധാന്യമുള്ള കേസായി അത് പരിഗണിക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിയമങ്ങളും ആ നിയമങ്ങൾ നടപ്പാക്കപ്പെടും എന്ന ഉറപ്പും ഞങ്ങൾക്ക് ആവശ്യമുണ്ട്. ആ ഉറപ്പിനായി ഇടതുമുന്നണിയുടെ എട്ട് വനിതാ എം.എൽ.എ മാരിൽ നിന്ന്  (5- സിപിഎം, 3 സി.പി. ഐ ) എത്ര പേരെ കേരളത്തിലെ സ്ത്രീകളെ പ്രതിനിധീകരിച്ച് മന്ത്രിസഭയിൽ ഉൾപ്പെടുത്തും? 33 ശതമാനം സ്ത്രീസംവരണം കൊടുക്കാൻ ഇടതു മുന്നണി തയ്യാറാകുമോ?

ഒന്ന്, രണ്ട്, മൂന്ന് എന്നു തരംതിരിക്കപ്പെട്ടിട്ടുള്ള ലിംഗവ്യത്യാസങ്ങളിൽ നിന്ന് ലിംഗസമത്വത്തിലേക്കുള്ള വലിയ സ്വപ്നങ്ങളിലാണ് കേരളത്തിന്റെ യുവത്വം. കേരളത്തിൽ നടന്നുവന്ന പുതുസമരങ്ങളെയെല്ലാം തന്നെ പിന്തുണച്ചിരുന്ന ഇടതുപക്ഷം ഭരണത്തിൽ വരുമ്പോൾ ഞങ്ങൾ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് . അന്തസ്സായി , ആത്മാഭിമാനത്തോടെ ആണിനും പെണ്ണിനും ഇത് രണ്ടുമായവർക്കും പണിയെടുത്തു ജീവിക്കാൻ പറ്റുന്ന ഒരിടമായി കേരളത്തിനെ ഒരുക്കിയെടുക്കാൻ ഭരണസംവിധാനങ്ങളെ നിങ്ങൾ ഉപയോഗിക്കുമോ?

പച്ചയുടെ രാഷ്ട്രീയമാണ് ഇലക്ഷൻ പ്രചരണങ്ങളിൽ മുൻപിൽ നിന്നിരുന്നത് . ഭൂരിപക്ഷം കിട്ടുന്നയത്ര മരങ്ങൾ നടുമെന്നും പ്രചരണങ്ങൾക്കുപയോഗിച്ച ഫ്ലക്സുകൾ റീസൈക്കിൾ ചെയ്യുമെന്നും ചൂടു കുറയ്ക്കുമെന്നും ഭൂഗർഭജലത്തിന്റെ തോത് ഉയർത്തുമെന്നും …. അങ്ങനെ നിരവധി വാഗ്ധോരണികൾ ഞങ്ങൾ കേട്ടുകഴിഞ്ഞു. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നാണ് അറിയാനുള്ളത്. മരങ്ങൾ നട്ടു വളർത്തുക എന്നതിനേക്കാൾ ഗൗരവമർഹിക്കുന്നതാണ് ബാക്കിയുള്ള വനങ്ങൾ നിലനിർത്തുക എന്നത്. കേരളത്തിലെ ബാക്കിയുള്ള  കാടുകളുടെ അതിർത്തികൾ ചുരുങ്ങി വരികയാണ്. പ്രഖ്യാപിക്കപ്പെട്ട ആതിരപ്പിളി വൈദ്യുത പദ്ധതിയിൽ പുതിയ സർക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നറിയാൻ ആകാംക്ഷയോടെയാണ് ഞങ്ങൾ കാത്തിരിക്കുന്നത് . ജനപക്ഷത്താണ് സർക്കാർ നിൽക്കുന്നതെങ്കിൽ ചൂട് കൂടി വരുന്ന, മഴ കുറഞ്ഞു വരുന്ന കേരളത്തിൽ നിന്ന് ഇനിയൊരു മരം കൂടി മുറിക്കാനോ മലകൾ ഇടിച്ചു നിരത്താനോ അനുവദിക്കില്ല. ഏത് ആഘോഷത്തിന്റെയും പേരിൽ വഴിനീളെ തൂക്കപ്പെടുന്ന ഫ്ലക്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനും നീക്കം ചെയ്യാനുമായി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട് . മരിച്ചുതുടങ്ങിയ നദികളെ പുനരുജ്ജീവിപ്പിക്കാനും  മഴവെള്ളസംഭരണ പദ്ധതികൾ വ്യാപകമാക്കാനും കൃഷി ജീവിതരീതിയാക്കാൻ മുൻപിൽ നിൽക്കാനും നിങ്ങൾ തയ്യാറാവുമോ? ഏത് വഴിവക്കിൽ കൊണ്ടിട്ടാലും കാശുണ്ടാക്കാം എന്നതുകൊണ്ടു മാത്രം ഇത്രകാലം നടത്തപ്പെട്ടിരുന്ന കോൺക്രീറ്റ് ഇടപാടുകൾക്കു പകരം പ്രകൃതിസൗഹൃദരീതികളിലേക്ക് ഞങ്ങളെ തിരിച്ചു നടത്താൻ നിങ്ങൾ ശ്രമിക്കുമോ? വിഷം തളിക്കാത്ത പച്ചക്കറികളും ന്യായമായ വിലക്ക് ലഭിക്കുന്ന ഭക്ഷണസാധനങ്ങളും ഞങ്ങൾക്ക് സ്വപ്നം കാണാമോ? രോഗികൾക്ക് ന്യായവിലക്ക് മരുന്നും നല്ല പരിചരണവും ലഭിക്കുന്നവയാകുമോ ആശുപത്രികൾ? മനുഷ്യപക്ഷത്തു നിന്നായിരിക്കുമോ ആരോഗ്യപദ്ധതികൾ തയ്യാറാക്കുക?

ഇതിനെല്ലാം പുറമേ, സോമാലിയയിലെപ്പോലെ എന്ന് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി വിശേഷിപ്പിച്ച കേരളത്തിലെ ആദിവാസികൾക്ക് പട്ടിണിയില്ലാതെ കഴിയാനൊക്കുമോ നിങ്ങളുടെ ഭരണകാലത്ത്? അവരുടെ പേരിൽ അനുവദിക്കപ്പെടുന്ന കോടികളുടെ ഫണ്ട് അവർക്കു വേണ്ടിത്തന്നെ  ചിലവഴിക്കപ്പെടുമോ? ഇപ്പോഴും ഒരു ഷീറ്റ് വലിച്ചുകെട്ടി അതിനടിയിൽ ഉറങ്ങുന്ന  കുടുംബങ്ങളുണ്ട് അവർക്കിടയിൽ. സമത്വം എന്ന വാക്ക് നിങ്ങളാണ് ഏറെപ്പറഞ്ഞിട്ടുള്ളത്. കേരളത്തിലെ  ദളിതരായ മുഴുവൻ മനുഷ്യരോടും  അത്  പ്രാവർത്തികമാക്കുമോ?

പ്രതീക്ഷകൾ ഏറെയാണ് സർ. അതുകൊണ്ടാണ് ആശങ്കകളുണ്ടാകുന്നത്.

(എഴുത്തുകാരിയായ ചിത്തിര കുസുമന്‍ എറണാകുളം സ്വദേശിയാണ്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍