UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉറക്കം കൂട്ടൂ, ശമ്പളം കൂടും

Avatar

അന സ്വാന്‍സണ്‍
(വാഷിംഗ്ടന്‍ പോസ്റ്റ്) 

ഉറക്കം ജോലിയിലെ നമ്മുടെ പ്രകടനത്തെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരാഴ്ച അവധിക്കാലം ചെലവഴിച്ചു വന്നാല്‍ കൂടുതല്‍ നന്നായി പണിയെടുക്കാന്‍ സാധിക്കുന്നു എന്നും ശ്രദ്ധിച്ചു കാണും. എന്നാല്‍ ഉറക്കമില്ലാത്ത രാത്രികളെ തുടര്‍ന്നുള്ള അനുഭവം എങ്ങനെയാണ്? 

ജോലികള്‍ ചെയ്യുന്നതിന് അത്യാവശ്യമായി വേണ്ട ശ്രദ്ധ, ഓര്‍മ്മ, ധാരണ എന്നിവയെ ഉറക്കം ബാധിക്കുന്നുണ്ട് എന്നത് ഒരു പുതിയ അറിവായിരിക്കില്ല. എന്നാല്‍ അധിക ഉറക്കം തരുന്ന കാര്യക്ഷമത നിങ്ങള്‍ക്ക് ജോലി സ്ഥലത്തു വലിയ മെച്ചങ്ങള്‍ നേടി തരുമെന്നാണ് ശ്രദ്ധേയമായ പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. വില്യം കോളേജിലെ മാത്യു ഗിബ്സണും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ- സാന്‍ഡിയേഗോയിലെ ജെഫ്രി ഷ്രേഡറും ശാരീരിക ക്ഷമതയും ഉറക്കത്തിന്‍റെ മാതൃകകളും കൈകാര്യം ചെയ്യുന്ന കമ്പനിയായ ജോബോണിന്‍റെ ഡേറ്റ ആധാരമാക്കി പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നത് കൂടുതല്‍ ഉറങ്ങി അതിനെ മികച്ച പ്രകടനത്തിലൂടെ ജോലിയിലെ അധിക ശമ്പളമാക്കി മാറ്റാം എന്നാണ്. 

അവരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ആഴ്ചയിലെ ഉറക്കം ഒരു മണിക്കൂര്‍ കൂടിയാല്‍ വേതനത്തില്‍ ഉണ്ടാകാവുന്ന വര്‍ദ്ധനവ് ഒരു കൊല്ലത്തെ അധിക വിദ്യാഭ്യാസം കൊണ്ട് നേടാവുന്നതിന്‍റെ പകുതിയാണ്. 

എന്നാലിത് കേള്‍ക്കുന്നത്ര എളുപ്പമല്ല കേട്ടോ, കൂടുതല്‍ ഉറങ്ങി ഉടനടി അധിക വരുമാനമുണ്ടാക്കാമെന്ന് വിചാരിച്ചു കളയരുത്. ആളുകള്‍ തങ്ങളുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തുന്നു, ഉറങ്ങാന്‍ എത്ര സമയം അവര്‍ക്കു കിട്ടുന്നുണ്ട്, അത് ജോലിയിലെ പ്രകടനത്തെയും അതുവഴി വേതനത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെയൊക്കെ ആകെത്തുകയാണത്. 

ഉറക്കവും ജോലിയില്‍ നിന്നുള്ള വരുമാനവും തമ്മിലുള്ള ബന്ധത്തെ പറ്റി പഠിക്കാന്‍ ഗവേഷകര്‍ വളരെ സ്വാഭാവികമായ ഒരു പരീക്ഷണം നടത്തി- അമേരിക്കയിലെ വിവിധ ടൈംസോണുകളിലെ അസ്തമന സമയമാണ് അവര്‍ നിരീക്ഷിച്ചത്. നേരം നല്ലപോലെ ഇരുട്ടിയ ശേഷം ഉറങ്ങാന്‍ പോകുന്നവര്‍ പോലും സൂര്യാസ്തമയം നേരത്തെയാകുന്ന സമയങ്ങളില്‍, ഉദാഹരണത്തിന് തണുപ്പുകാലത്ത്, കൂടുതല്‍ ഉറങ്ങുന്നു. അസ്തമയം ഒരു മണിക്കൂര്‍ വൈകുന്ന കാലങ്ങളില്‍ ആഴ്ചയില്‍ ഉറക്കത്തില്‍ ഉണ്ടാകുന്ന കുറവ് 20 മിനിറ്റോളമാണ്. 

ഒരേ ടൈംസോണിനകത്തു തന്നെ സൂര്യാസ്തമയ സമയം നല്ല തോതില്‍ മാറുന്നുണ്ട്. ഈസ്റ്റേണ്‍ ടൈം സോണില്‍ തന്നെയുള്ള മാഴ്സ് ഹില്‍, മെയ്നില്‍ (Mars Hill, Maine) മിഷിഗണിലെ ഓന്‍റനോഗണിനേക്കാള്‍ ഒന്നര മണിക്കൂര്‍ മുന്‍പ് സൂര്യന്‍ അസ്തമിക്കുന്നു. ഒരു ടൈംസോണിന്‍റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ക്കിടയിലുള്ള തൊഴിലാളികളുടെ കാര്യത്തില്‍ വേറെ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയില്ല. അതുകൊണ്ട് സൂര്യാസ്തമയത്തിലുള്ള വ്യത്യാസം കണക്കിലെടുത്ത് ഉറക്കവും വേതനവും തമ്മിലുള്ള ബന്ധം കണ്ടെത്താനാണ് ഗവേഷകരായ ഗിബ്സണും ഷ്രേഡറും ശ്രമിച്ചത്. 

ഒരാഴ്ചയിലെ ശരാശരി ഉറക്കത്തില്‍ ഒരു മണിക്കൂര്‍ വര്‍ദ്ധനവുണ്ടായാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ വരുമാനത്തില്‍ 1.3 ശതമാനം കൂടുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് 5 ശതമാനമാകുമെന്നും അവര്‍ കണ്ടെത്തി. ഒരു മണിക്കൂര്‍ നേരത്തെ സൂര്യനസ്തമിക്കുന്ന പ്രദേശത്തേയ്ക്കു മാറിയാല്‍ ഒരു തൊഴിലാളിക്ക് വര്‍ഷം 1,570 ഡോളര്‍ കൂടുതല്‍ വരുമാനം നേടാനാകും. 

ഈ വേതന വര്‍ദ്ധനവ് പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ദൃശ്യമാകുന്നു എന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തെ സൂര്യന്‍ അസ്തമിക്കുന്ന ഈ പ്രദേശങ്ങളിലെ median home value ശരാശരി 6 ശതമാനം കൂടുതലാണ് (7,900 മുതല്‍ 8,800 ഡോളര്‍ വരെ). 

എന്നാല്‍ വേതനത്തിലെ വ്യത്യാസങ്ങള്‍ക്കു കാരണം ഉറക്കം മാത്രമാവില്ല എന്ന് ഈ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. നിങ്ങളുടെ ചുറ്റുമുള്ള ജോലിക്കാരില്‍ ചിലര്‍ കൂടുതല്‍ സമയം ഉറങ്ങിയതു മൂലം മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കില്‍ അത് കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ നിങ്ങള്‍ക്കും പ്രേരണയാകും. അത്തരത്തിലുള്ള സ്വാധീനവും ഉയര്‍ന്ന വരുമാനത്തിന് കാരണമാകാം. 

ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത് ജോലിയിലെ സാമര്‍ത്ഥ്യത്തിനും നല്ല വേതനത്തിനും ഉറക്കം ഒരു പ്രധാന ഘടകമാണ് എന്നതാണ്, “മല്‍സരക്ഷമതയും മനുഷ്യ മൂലധനവും” എന്നാണ് അവര്‍ ഇതിനെ കുറിച്ച് എഴുതുന്നത്. 

കൂടുതല്‍ ഉറങ്ങുന്നതിലൂടെ കിട്ടുന്ന വലിയ ഗുണങ്ങള്‍ കണക്കിലെടുത്ത് തൊഴിലാളികള്‍ക്കു നല്ല ഉറക്കം ലഭിക്കുന്നുവെന്ന് നാം ഉറപ്പു വരുത്തണമെന്നും ഇവര്‍ എഴുതുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍