UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യര്‍ക്ക് എന്തുകൊണ്ടാണിത്ര ദേഷ്യം വരുന്നത്? കാരണം ചൂടുകാലമെന്ന്‍ പഠനം

Avatar

അഴിമുഖം പ്രതിനിധി

മനുഷ്യര്‍ക്ക് എന്തുകൊണ്ടാണ് ഇത്രവേഗം ദേഷ്യം വരുന്നത്? ഒടുവില്‍ ഗവേഷകര്‍ അതിനൊരു കാരണം കണ്ടെത്തിയിരിക്കുന്നു. ഉഷ്ണകാലാവസ്ഥയും ഋതുക്കള്‍ മാറുമ്പോള്‍ താപനിലയില്‍ കാര്യമായ വ്യത്യാസമില്ലാതായതും ചേര്‍ന്ന് കൈയ്യേറ്റങ്ങളും അക്രമവാസനയും വര്‍ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അതിനി കേരളത്തിലായാലും ഉത്തര്‍ പ്രദേശിലായാലും ഇനി ഇന്ത്യ ഒട്ടാകെയോ അല്ലെങ്കില്‍ ആഗോള തലത്തിലോ ആണെങ്കില്‍ പോലും ഇത് ബാധകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

 

കാലാവസ്ഥയും കുറ്റകൃത്യ നിരക്കുകളും തമ്മിലുള്ള പാരസ്പര്യം വിശദീകരിക്കുന്ന മാതൃകയെ സംബന്ധിച്ചിടത്തോളം താപനിലയിലുള്ള വര്‍ധന ദ്രുതഗതിയിലുള്ള നിത്യജീവിത പദ്ധതിയിലേക്ക് നയിക്കുകയും ഭാവിയെ സംബന്ധിച്ച ജാഗ്രതയും ആത്മനിയമന്ത്രണവും കുറയ്ക്കുകയും അങ്ങനെയെല്ലാം ചേര്‍ന്ന് കുറ്റവാസനയ്ക്ക് തിരികൊളുത്തുകയും ചെയ്യുന്നു എന്നാണ് ഇവരുടെ വിശദീകരണം.

 

ഉഷ്ണകാലാവസ്ഥയില്‍ അക്രമവാസനയും കൈയേറ്റങ്ങളും കൂടുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഗവേഷകരെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടാണിതിങ്ങനെ എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വിശദീകരണങ്ങള്‍ തൃപ്തികരമായിരുന്നില്ല. 

 

അതുകൊണ്ട് അവര്‍ CLASH (Climate Aggression, and Self-control in Humans) എന്ന പുതിയ മോഡല്‍ വികസിപ്പിക്കുകയും ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥയുടെ ആഘാതം എങ്ങനെയാണ് അക്രമങ്ങളുടെ നിരക്കിനെ ബാധിക്കുന്നത് എന്ന് വിശദീകരിക്കാന്‍ സാധിക്കുന്നുണ്ട് എന്നും അവര്‍ പറയുന്നു.

 

അമേരിക്കയിലെ ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്രൊഫസറും മേല്‍പ്പറഞ്ഞ പഠനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ബ്രാഡ് ബുഷ്മാന്‍ ഇങ്ങനെ പറയുന്നു: ‘കാലാവസ്ഥ ജനങ്ങളുടെ ജീവിതത്തിന് രൂപം നല്‍കുന്നു; നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമുക്ക് പരിചിതമല്ലാത്ത പല രീതികളിലും സംസ്‌കാരത്തെ അത് ബാധിക്കുന്നു. ആഭ്യന്തരമായും ലോകരാജ്യങ്ങള്‍ തമ്മിലുള്ള കൈയ്യേറ്റങ്ങളുടേയും അക്രമങ്ങളുടേയും കാര്യത്തിലെ ഏറ്റക്കുറച്ചിലുകളും കണക്കുകൂട്ടാന്‍ CLASH-ന് സാധിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

 


Paul van Lange, Maria I Rinderu, Brad Bushman

 

General Aggression Model-ലില്‍ അന്തരീക്ഷോഷ്മാവ് ജനങ്ങളെ അസ്വസ്ഥരും പ്രകോപിതരുമാക്കുകയും കൂടുതല്‍ അക്രമ സ്വഭാവത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, കൊലപാതകം പോലെയുള്ള കടുത്ത അക്രമങ്ങളെ പറ്റി വിശദീകരിക്കാന്‍ അതിന് കഴിയുന്നില്ല – ബുഷ്മാന്‍ വ്യക്തമാക്കി.

 

ഉഷ്ണകാലാവസ്ഥയില്‍ ആളുകള്‍ വീടിനു പുറത്തിറങ്ങുകയും കൂടുതല്‍ ഇടകലരാന്‍ സാധ്യതയുണ്ടാവുകയും അങ്ങനെ ഏറ്റുമുട്ടലിനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വിശദീകരണം. പക്ഷേ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അക്രമം അത് 35 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് വ്യക്തമായ വിശദീകരണം ഇത് നല്‍കുന്നില്ല; ഈ രണ്ട് ഊഷ്മാവിലും ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്ന സന്ദര്‍ഭം ഉണ്ടെങ്കിലും.

 

‘CLASH മോഡല്‍ ചൂണ്ടിക്കാണിക്കുന്നത് അത്യുഷ്ണ നില മാത്രമല്ല മറിച്ച് ഋതുഭേദങ്ങളില്‍ ഊഷ്മനിലയിലുള്ള വ്യത്യാസം കുറയുന്നത് കൂടിയാണ് അക്രമ വാസനയിലേക്ക് നയിക്കുന്നത് എന്നാണ്. ഉയര്‍ന്ന താപനിലയും ഋതുഭേദത്തില്‍ കാര്യമായ താപനില വ്യതിയാനം ഇല്ലാതാകുന്നതും ചേര്‍ന്ന് ദിനചര്യയില്‍ പ്രത്യേക തരത്തിലുള്ള തുടര്‍ അവസ്ഥ ഉണ്ടാക്കുന്നുണ്ട്’ – നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലുള്ള Vrije University-യിലെ മരിയാ റിന്‍ഡേറു വിശദീകരിച്ചു.

 

അതായത്, ശൈത്യകാലവും ഉഷ്ണകാലവും തമ്മില്‍ വലിയ പദ്ധതി വ്യതിയാനങ്ങളില്ലാതെ ജീവിതം ചിട്ടപ്പെടുത്താമെന്നായി. ഫലമോ വേഗതയേറിയ നിത്യജീവിത പദ്ധതിയും തന്മൂലം ഭാവിയെപ്പറ്റി കാര്യമായ ജാഗ്രതയില്ലായ്മയും കുറഞ്ഞ ആത്മനിയന്ത്രണവും ഉണ്ടാകുന്നു എന്നതാണ്. ‘ഋതുവ്യതിയാനം മൂലം താപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകുന്നുവെങ്കില്‍ അത് ശക്തമായ രീതിയില്‍ സംസ്‌കാരത്തെ സ്വാധീനിക്കുന്നു’ – CLASH പഠനപദ്ധതിക്ക് നേതൃത്വം വഹിച്ച ആംസ്റ്റര്‍ഡാമിലെ Vrije University-യിലെ സൈക്കോളജി പ്രൊഫസറായ Paul van Lange അഭിപ്രായപ്പെട്ടു.

 

ഭാവിയെപ്പറ്റിയുള്ള ജാഗ്രതയില്ലായ്മയും ആത്മനിയന്ത്രണ നഷ്ടവും ചേര്‍ന്ന് മനുഷ്യരെ പെട്ടെന്ന് കൈയേറ്റങ്ങളിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്ന തരത്തില്‍ പ്രതികരിക്കുന്നവരായി മാറ്റുന്നുവെന്ന് Behavioral and Brain Sciences എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലെ ലേഖനത്തിലൂടെയാണ് പുതിയ മോഡലിന്റെ ഉപജ്ഞാതാക്കള്‍ അഭിപ്രായപ്പെട്ടത്. 

 

‘ലോകത്തെമ്പാടും അക്രമവാസനയില്‍ വന്നിരിക്കുന്ന വ്യത്യാസം മനസിലാക്കുന്നതിന് ഈ മോഡല്‍ ശക്തമായ ഒരു ചട്ടക്കൂട് നല്‍കുന്നുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് – ബുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍