UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം സംവരണം എന്തുകൊണ്ട് തുടരണം?

Avatar

ടീം അഴിമുഖം

ഇന്ത്യയിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ സംവരണം എക്കാലത്തും നിര്‍ണായകമായ വിഷയമാണ്. മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ചും മുസ്ലീംങ്ങള്‍ക്ക് സംവരണം നല്‍കുന്ന കാര്യം വന്നാല്‍ അത് രാഷ്ട്രീയവത്കരിക്കപ്പെടുകയും, ധ്രുവീകരണത്തിനിടയാക്കുകയും ചെയ്യുന്നു. അന്തിമഫലം, മുസ്ലീങ്ങള്‍ ഇതില്‍ നിന്നും പുറത്തുനില്‍ക്കുക  എന്നതതാണ്.

ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല എന്നാണ്. ഒരു സമുദായത്തിന് നീതി നിഷേധിക്കാന്‍ മതം കാരണമാകരുതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. മറ്റ് മാനദണ്ഡങ്ങള്‍ ബാധകമാകുന്നെങ്കില്‍ വിശ്വാസത്തിലധിഷ്ഠിതമായ ഒരു സമുദായത്തെയും ഭരണഘടന സംവരണത്തില്‍ നിന്നും വിലക്കുന്നില്ല.

അടുത്തിടെ സംവരണ വിഷയത്തില്‍ വന്ന രണ്ടു വിധികള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്- ബോംബെ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും. ഒരു വിജ്ഞാപനത്തിലൂടെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളില്‍ ജാട്ടുകളെ ഒ ബി സി വിഭാഗത്തില്‍ പെടുത്താനുള്ള യു പി എ സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി റദ്ദാക്കി. “ഒരു വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിന് ജാതി ഒരു പ്രധാന ഘടകമാണെങ്കിലും ഏകഘടകമാകാന്‍ പാടില്ല,” എന്നാണ് രഞ്ജന്‍ ഗൊഗോയ്, രോഹിന്‍റണ്‍ എഫ് നരിമാന്‍ എന്നിവരുടെ ബഞ്ച് പറഞ്ഞത്. “ചരിത്രപരമായ അനീതി മാത്രം കണക്കാക്കുന്ന ഒരു അനുകൂലമായ വിവേചന പ്രവര്‍ത്തന നയം പൌരന്മാരിലെ ഏറ്റവും അര്‍ഹിക്കുന്ന പിന്നാക്കാക്കാരായ വിഭാഗങ്ങള്‍ക്ക് സംരക്ഷണ രാഹിത്യത്തിന് ഇടവരുത്തും,” എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സുപ്രധാന വിധിയില്‍ മറാഠകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 16% സംവരണം ഏര്‍പ്പെടുത്താനുള്ള അന്നത്തെ കോണ്‍ഗ്രസ് – എന്‍ സി പി സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞു. മുസ്ലീങ്ങള്‍ക്ക് ജോലിയില്‍ 5% സംവരണം നാല്‍കാനുള്ള നീക്കവും തടഞ്ഞ കോടതി എന്നാല്‍ അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിനെ അംഗീകരിച്ചു. സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ മുസ്ലീംങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാനുള്ള നീക്കത്തെ സാധൂകരിക്കുന്നു എന്നും കോടതി പറഞ്ഞു. ഈ രണ്ടു വിധികളിലും പിന്നാക്കാവസ്ഥ നിര്‍ണയിക്കാനുള്ള അടിസ്ഥാനഘടകങ്ങളെയും  ചട്ടക്കൂടിനെയും കോടതി ചോദ്യം ചെയ്തു. ഇതുവരെ അനുകൂല വിവേചന നയങ്ങള്‍ അനുപാതരഹിതമായി ഇന്നത്തെ യാഥാര്‍ത്ഥ്യത്തെക്കാളും ചരിത്രകാലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്നലത്തെ വസ്തുതകളെ ആധാരമാക്കി ഇന്നത്തെ വാസ്തവങ്ങളെ നേരിടാനാകില്ല.

വിഭാഗങ്ങള്‍ക്കുള്ളിലും, അവ തമ്മിലുമുള്ള അസമത്വങ്ങള്‍ കഴിഞ്ഞ 15-20 വര്‍ഷങ്ങളായി വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സവര്‍ണ വിഭാഗങ്ങളിലോ, ഭൂരിപക്ഷ മതവിശ്വാസത്തിലോ പെട്ടവര്‍ വിവേചനം അനുഭവിക്കുന്നില്ലെന്ന് പറയാനാകില്ല. ഇന്ത്യയില്‍ വിവേചനം ഒരു വ്യാപകമായ പ്രതിഭാസമാണ്. അതെന്തെങ്കിലും പ്രത്യേക വിഭാഗത്തിലോ, ജാതിയിലോ, സമുദായത്തിലോ ആയി ഒതുങ്ങുന്നില്ല. എന്നാലും ഇല്ലായ്മയുടെയും വിവേചനത്തിന്റെയും അളവുകളും അനുപാതവും വ്യത്യസ്തമായിരിക്കാം.

സ്ഥാപനവത്കരിക്കപ്പെട്ട പിന്തുണയിലാണ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങളിലെ നിരവധി പേര്‍ക്ക് തുടര്‍ച്ചയായ അടിസ്ഥാനത്തില്‍ മറ്റുള്ളവ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പം എത്താനായത്. എന്നാല്‍ ഇത്തരമൊരു പിന്തുണയുടെ അഭാവത്തില്‍ മുസ്ലീംങ്ങള്‍ ഗണനീയമായ എല്ലാ മേഖലകളിലും പിന്തള്ളപ്പെട്ടു.

മറ്റ് വിഭാഗങ്ങളില്‍പ്പെട്ട പിന്തള്ളപ്പെട്ട ഇന്ത്യക്കാര്‍ ഉയര്‍ന്നുവന്ന അനുകൂലമായ വിവേചന നയം വിശാലമാക്കാനുള്ള സമയമായിരിക്കുകയാണ്. തുല്യത എന്ന ആശയം നമ്മുടെ ഭരണഘടനയിലുള്ളതാണ്. തഴയപ്പെട്ട വിഭാഗങ്ങളുടെ ഇടയിലെ അവസരങ്ങളുടെ കുറവും, അനന്തരഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇത്തരം വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഭരണകൂടം സൃഷ്ടിക്കണം.

സച്ചാര്‍ സമിതി റിപ്പോര്‍ടിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് അവസര പ്രാപ്യതയിലെ കുറവ് നികത്താന്‍ തുല്യാവസര കമ്മീഷന്‍ ( ഇ ഒ സി) സ്ഥാപിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അവസര തുല്യത ഉറപ്പുവരുത്തുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. വേഗത്തില്‍ മാറുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിന് യോജിച്ച ഒരു ആശയം. അടുത്ത തലമുറയുടെ സാമൂഹ്യനീതിയുടെ ആയുധമാകാം ഇത്.

എണ്ണത്തിലും ജാതിപ്പേരിലും ഊന്നല്‍ നല്‍കാത്ത ഇ ഒ സി-ക്കു ക്രമമായ അടിസ്ഥാനത്തില്‍ പ്രസക്തമായ മേഖലകളിലെ കണക്കുകള്‍ നല്‍കിക്കൊണ്ട് ജനസംഖ്യയിലെ വൈവിധ്യം വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ പദ്ധതികളിലും പ്രതിഫലിക്കുന്നു എന്നു ഉറപ്പുവരുത്താനും ഒരു വിവേചന വിരുദ്ധ സ്ഥാപനമായും പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ഇത്തരം സ്ഥാപനങ്ങള്‍ മറ്റ് ജനാധിപത്യ വ്യവസ്ഥകളില്‍ വലിയ സേവനം നല്‍കിയിട്ടുണ്ട്. യു എസും യു കെയും ഇതിന്റെ സേവനങ്ങളുടെ ഗുണഫലം ഏറെ അനുഭവിച്ചിട്ടുണ്ട്. പരമ്പരാഗതമായി പാര്‍ശ്വവത്കരിക്കപ്പെട്ട  ന്യൂനപക്ഷങ്ങള്‍ക്കായി വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു  തൊഴില്‍ തുല്യാവസര കമ്മീഷന്‍ യു എസിലുണ്ട്. ഇതേതരത്തില്‍ ഒരു തുല്യതാ,മനുഷ്യാവകാശ കമ്മീഷന്‍ യു കെയിലുമുണ്ട്.

കേന്ദ്ര,സംസ്ഥാന തലങ്ങളില്‍ ഇ ഒ സി സ്ഥാപിച്ചുകൊണ്ട് വിവേചനത്തെ നേരിടാന്‍ ഇന്ത്യ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ സാമ്പത്തിക വികാസത്തെ താങ്ങിനിര്‍ത്താന്‍ നിരവധി പുതിയ സ്ഥാപനങ്ങള്‍ വരുന്നുണ്ട്, പക്ഷേ സാമൂഹ്യ രംഗത്ത് അതില്ല. അതുകൊണ്ടു അടുത്ത ഘട്ടത്തിലെ ഇന്ത്യയുടെ പുതിയ സാമ്പത്തിക വികസനത്തിന്റെ സാമൂഹ്യ പരിണതികള്‍ സന്തുലനം ചെയ്യാന്‍ കഴിയുന്ന പരിഹാര സംവിധാനങ്ങള്‍ എത്രയും വേഗം സൃഷ്ടിക്കണം. ‘തുല്യതയും അവസരവും’ എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന നമ്മുടെ ഭരണഘടനയുടെ ശില്പികളുടെ ആഗ്രഹവും അങ്ങനെ സഫലമാകും.

ജാതിയുടെ ചട്ടക്കൂടില്‍ നിന്നുമാത്രം തുല്യതയെ കാണരുതെന്ന് രാഷ്ട്രീയ വര്‍ഗം മനസിലാക്കണം. വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കാനുമാകരുത് അത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറമുള്ള ഒരു ഭരണനിര്‍വഹണ ലക്ഷ്യമാകണം അത്. സംവരണം അതിനു തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍