UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി ഒരു മിത്തല്ല; ഒപ്പം സംവരണത്തിന്റെ പേരിലുള്ള മുതലെടുപ്പും

Avatar

ടീം അഴിമുഖം

ഒമ്പത് സംസ്ഥാനങ്ങളിലെ മറ്റ് പിന്നോക്ക ജാതി (ഓ.ബി.സി)ക്കാരുടെ പട്ടികയില്‍ നിന്നും ജാട്ട് സമുദായത്തെ ഒഴിവാക്കാനുള്ള സുപ്രീം കോടതിയുടെ കഴിഞ്ഞ ആഴ്ചത്തെ തീരുമാനം സ്വാഗതാര്‍ഹമാണ്. അധഃസ്ഥിതാവസ്ഥയുടെ കുറച്ചുകൂടി വിശാലമായ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സാമൂഹിക പിന്നോക്കാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി സംവരണ കാര്യത്തെ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെ വിധി അടിവരയിടുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ചരിത്രപരമായ നീതിനിഷേധത്തെ സമീപിക്കണം എന്ന കാഴ്ചപ്പാട് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

സാമൂഹിക പിന്നോക്കാവസ്ഥ അവകാശപ്പെടാനും അതുവഴി ഒബിസി ക്വാട്ടയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനും വേണ്ടി രാഷ്ട്രീയമായും ജനസംഖ്യാനുപാതികമായും സ്വാധീനശക്തിയുള്ള മധ്യവര്‍ഗ സമുദായങ്ങള്‍ ജാതി ശ്രേണിയുടെ താഴേക്ക് ഇറങ്ങിവരുന്ന സാഹചര്യത്തില്‍, സംവരണനയം തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാകുന്ന ഒരു സാഹചര്യത്തില്‍, സുപ്രീം കോടതിയുടെ ഇടപെടല്‍ എറ്റവും കൃത്യമായ സമയത്താണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ജാട്ട് സംവരണത്തിന്റെ കാര്യത്തില്‍, പിന്നോക്കാവസ്ഥയെ കുറിച്ചുള്ള അവകാശവാദം അംഗീകരിക്കാന്‍ നിയുക്തമായ ദേശീയ പിന്നോക്ക വര്‍ഗ്ഗ കമ്മീഷന്റെ ഉപദേശം, പൊതുജനതാല്‍പര്യം മുന്‍നിറുത്തിയുള്ള തീരുമാനം എന്ന ന്യായം മുന്‍നിറുത്തി തള്ളിക്കളയുകാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു സമയമാണ് തീരുമാനം നടപ്പിലാക്കുന്നതിനായി അന്നത്തെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ലാഭമുണ്ടാക്കുന്നതിന് വേണ്ടി ജാട്ട് സമുദായത്തിന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങുകയുമാണെന്ന വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്ന് വന്നിരുന്നു.

സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നത് പോലെ, ‘സ്വയം പ്രഖ്യാപിത’ സമൂഹിക പിന്നോക്കാവസ്ഥ സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനമാകാന്‍ സാധ്യമാകാന്‍ പാടില്ല: അവകാശവാദത്തെ പിന്തുണയ്ക്കുന്ന കൃത്യവും നിലനില്‍ക്കുന്നതുമായ തെളിവുകളാവണം സര്‍ക്കാര്‍ നയങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ടത്. സാമൂഹിക പിന്നോക്കാവസ്ഥ എന്നത് വഴക്കമുള്ളതും വികസിച്ചുവരുന്നതുമായ ഒരു വിഭാഗമാണെന്നും ജാതിപരമായ വിവേചനം അതിന്റെ പല അടയാളപ്പെടുത്തലുകളില്‍ ഒന്നുമാത്രമാണെന്നും വിധിയില്‍ സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്. ലിംഗം, സംസ്‌കാരം, വാങ്ങല്‍ശേഷി തുടങ്ങിയവയും ശേഷികളെ സ്വാധീനിക്കാമെന്നും ഇവയില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങളുടെ സംയോജനമോ അധഃസ്ഥിതാവസ്ഥയ്ക്കും പിന്നോക്കാവസ്ഥയ്ക്കും കാരണമാകാമെന്നും വിധി വ്യക്തമാക്കുന്നു. കൂടാതെ, ജാതിനിശ്ചിതമായ അടഞ്ഞ സാമൂഹിക ക്രമത്തില്‍ നിന്നും കൂടുതല്‍ തുറന്നതും ആഗോളതലത്തില്‍ സംയോജിക്കപ്പെട്ടതും ചലനശേഷിയും നഗരവല്‍ക്കരണവും മുഖമുദ്രയായിട്ടുള്ള കമ്പോള നിര്‍ണയ സംവിധാനമായി രാഷ്ട്രീയ സമ്പദ് വ്യവസ്ഥ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, സാമൂഹിക പിന്നോക്കാവസ്ഥയെ കുറിച്ചുള്ള അടിസ്ഥാനധാരണകളിലും മാറ്റം വരാം. ഈ പരിവര്‍ത്തനം ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ നടന്നുവരികയാണെന്ന് മാത്രമല്ല, മുമ്പ് പിന്നോക്കവും അടച്ചമര്‍ത്തപ്പെട്ടതുമായിരുന്ന നിരവധി ജാതികള്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായി ശാക്തീകരിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രകടവുമാണ്.

എന്നാല്‍, ചരിത്രപരമായ അനീതിയെ അഭിസംബോധന ചെയ്യുകയെന്നതായിരുന്നു സംവരണതത്വങ്ങളുടെ അടിസ്ഥാനം എന്ന കാര്യം മറക്കാനും പാടില്ല. പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചരിത്രപരമായ വിവേചനത്തിന്റെ ഏറ്റവും വലിയ സ്രോതസ് ജാതി തന്നെയായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ളതും സമഗ്രവുമായ ഒരു വികസനത്തിന് ഇപ്പോഴും തുരങ്കം വയ്ക്കുന്ന തരത്തില്‍ അതിപ്പോഴും ശക്തവും വ്യാപകവുമായി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവുകള്‍ക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതിയാവും. ജനനസമയത്ത് തന്നെ മുദ്രകുത്തപ്പെടുന്ന ഒരു സാമൂഹിക സ്വത്വമായി  ജാതി മാറുന്നു എന്ന് മാത്രമല്ല, പൊതുവ്യവഹാരങ്ങളെ ശക്തമായി സ്വാധീനിക്കുന്ന അധികാരശ്രേണിയുടെ സൂചകമായി അത് നിലനില്‍ക്കുകയും ചെയ്യുന്നു. കൂടുതല്‍ വിശാലവും പുതുതായി ഉയര്‍ന്ന് വരുന്നതുമായ സാമൂഹിക പിന്നോക്കാവസ്ഥയെയും ഉള്‍ക്കൊള്ളിക്കലി (inclusiveness.)നെയും സ്വീകരിക്കാന്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ സന്നദ്ധമായാല്‍ പോലും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം കാണാതെയുള്ള പൊതുനയങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍