UPDATES

വിപണി/സാമ്പത്തികം

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു, സ്ഥാനമൊഴിഞ്ഞത് ആറ് മാസം കാലാവധി ബാക്കിയുള്ളപ്പോള്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറും കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. ബിസിനസ് സ്റ്റാന്റേഡ് പത്രമാണ് റിസര്‍വ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. രാജിയിലേക്ക് നയിച്ച കാരണങ്ങളെന്തെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വിരാല്‍ ആചാര്യ പ്രതികരിച്ചിട്ടില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാജിക്കാര്യം അദ്ദേഹം സ്ഥിരികരിച്ചു.

ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയതിന് ശേഷം റിസര്‍വ് ബാങ്കില്‍ നിയമിതനായ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു വിരാല്‍ ആചാര്യ. അദ്ദേഹം ന്യുയോര്‍ക്ക് സര്‍വകലാശാലയിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡെപ്യുട്ടി ഗവര്‍ണറുടെ രാജിയെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന സൂചനയുണ്ട്. റിസര്‍വ് ബാങ്ക് ഒരു സ്വതന്ത്യ സ്ഥാപനമായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വിരാല്‍ പരസ്യമായി തന്നെ പ്രതികിരിച്ചിരുന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കഴിഞ്ഞ രണ്ട് വായ്പനയവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഗവര്‍ണറുടെ നിലപാടുമായി വിരാലിന് വിയോജിപ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ഗവര്‍ണറായിരുന്ന ഉര്‍ജ്ജിത് പട്ടേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായാണ് വിരാല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്. ധനക്കമ്മി മറികടക്കുന്നതിന് റിസര്‍വ് ബാങ്കില്‍നിന്ന് കൂടുതല്‍ പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്തവരായിരുന്നു ഊര്‍ജ്ജിത് പട്ടേലും ഇപ്പോള്‍ രാജിവെച്ച വിരാല്‍ ആചാര്യയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍