UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സാമ്പത്തിക രംഗം രക്ഷപ്പെടാന്‍ ആര്‍ബിഐയുടെ പത്തു നിര്‍ദേശങ്ങള്‍

Avatar

ടീം അഴിമുഖം

ആഭ്യന്തര, ആഗോള സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റുകളുടെ യോഗം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്തു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തുയരുന്ന വെല്ലുവിളികളെ നേരിടുന്നതിനായി ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് യോഗത്തില്‍ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

1) കമ്പോളത്തെ വളര്‍ത്തുന്നത് നിയന്ത്രകന്റെ ജോലിയല്ല: പലിശ നിരക്കുകളെ സംബന്ധിച്ചുള്ള തന്റെ നിലപാടില്‍ ഉറച്ച് നിന്ന ആര്‍ബിഐ ഗവര്‍ണര്‍, പൊതുജനാഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ നടപടികളുമായി കേന്ദ്രബാങ്കിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. സെന്‍സെക്‌സ് പോയിന്റുകള്‍ ഉയര്‍ത്തുകയല്ല നിയന്ത്രകന്റെ ജോലി. ഉയര്‍ന്ന സെന്‍സെക്‌സ് നിരക്കുകള്‍ സമാന്തരമായി ചില നേട്ടങ്ങള്‍ സമ്മാനിക്കുമെങ്കിലും അതല്ല അടിസ്ഥാന ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ചയാണ് റിസര്‍വ് ബാങ്കിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2) പണപ്പെരുപ്പവും വളര്‍ച്ചയും തമ്മിലുള്ള മാറ്റ കച്ചവടത്തിന് റിസര്‍വ് ബാങ്ക് തയ്യാറല്ല: സുസ്ഥിര വികസനത്തിനുള്ള അന്തരീക്ഷം ഒരുക്കത്തക്ക രീതിയില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ശ്രദ്ധ ചെലുത്തുകയാണെന്ന് ഡോക്ടര്‍ രാജന്‍ പറഞ്ഞു. മിതമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്ന രീതിയില്‍ പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള മാര്‍ഗ്ഗമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3) ‘ഇന്ത്യയ്ക്ക് വേണ്ടി’ നിര്‍മ്മിക്കുന്നതും പ്രധാനമാണ്: ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ പരിപാടി വിജയകരമാകുന്നതിന്, സര്‍ക്കാര്‍ വ്യാപകമായ അടിസ്ഥാനസൗകര്യ പരിപാടികള്‍ നടപ്പിലാക്കുകയും ഇന്ത്യയില്‍ വ്യാപാരം നടത്തുന്നതിനുള്ള ചിലവുകള്‍ കുറച്ചുകൊണ്ട് വരികയും ചെയ്യണം. പക്ഷെ ബാഹ്യ ചോദനം ദുര്‍ബലമായതിനാല്‍ ‘ഇന്ത്യയ്ക്ക് വേണ്ടി’ നിര്‍മ്മിക്കുന്നതും തുല്യപ്രാധാന്യമുള്ളതാണെന്ന് ഡോ. രാജന്‍ പറഞ്ഞു.

4) വിദേശ നിക്ഷേപങ്ങള്‍ ആര്‍ജ്ജിക്കുന്നതിനായി ഇന്ത്യ വഴിവിട്ട നടപടികള്‍ സ്വീകരിക്കേണ്ടതില്ല: ‘ഇന്ത്യയില്‍ പുതിയ കമ്പനികള്‍ക്ക് വ്യാപാരം ചെയ്യുന്നതിനുള്ള വഴികള്‍ അനായാസമാക്കിയാല്‍, അത് സുതാര്യവും വേഗമേറിയതുമായ ഒരു സംവിധാനത്തിന് കാരണമാവുകയും അതുവഴി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യും,’ എന്ന് ഡോക്ടര്‍ രാജന്‍ വ്യക്തമാക്കുന്നു.

5) ധനപരമായ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു: ധനകാര്യ ഏകീകരണത്തിന്റെ പാത സ്വീകരിക്കുമെന്ന് സൂചനകളൊന്നും പുതിയ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ ‘കമ്മി നിയന്ത്രണവിധേയമാക്കുന്നതിനും ബജറ്റിന്റെ നിലവാരം ഉന്നതമായി നിലനിറുത്തുന്നതിനും’ സഹായിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ടോ എന്നതിനെ സംബന്ധിച്ച് ഒരു സംവാദം ആവശ്യമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

6) ഇന്ത്യയ്ക്ക് വിദേശ മൂലധനം ആവശ്യമാണ്. വിദേശ മൂലധനം ആകര്‍ഷിക്കാനുള്ള ഏറ്റവും എളുപ്പ വഴി ദീര്‍ഘകാല ഓഹരികളോ അല്ലെങ്കില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമോ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപങ്ങള്‍ വഴി പുതിയ സാങ്കേതികവിദ്യകളും രീതികളും രാജ്യത്തേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7) ആഭ്യന്തര ചോദനത്തെ ധനസഹായം ചെയ്യുന്നതിന് ആഭ്യന്തര മിച്ചം ഉപയോഗപ്പെടുത്തണം: വ്യവസ്ഥാപിതമായ സ്ഥിരത കൈവരിക്കുന്നതിന് ഇത് സഹായിക്കും. അത് പോലെ തന്നെ കഴിഞ്ഞ വേനല്‍കാലത്ത് സംഭവിച്ചത് പോലെ സാമ്പത്തിക പ്രതിസന്ധിയുടെ സൂചകം എന്ന നിലയില്‍ പണം രാജ്യത്ത് നിന്നും പുറത്തേക്ക് ഒഴുകുന്നത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് മൂലം സാധിക്കും. ‘ആഭ്യന്തര മിച്ചം ഉപയോഗപ്പെടുത്തിയാണ് രാജ്യത്തിന്റെ നിക്ഷേപങ്ങള്‍ക്ക് ധനം കണ്ടെത്തുന്നതെന്ന് ഉറപ്പാക്കാന്‍ കുടുംബ നിക്ഷേപങ്ങള്‍ക്ക് ചില പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലൂടെ സാധിക്കും,’ ഡോക്ടര്‍ രാജന്‍ പറയുന്നു.

8) രണ്ട് ചൈനകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ലോകത്തിനില്ല: കഴിഞ്ഞ മൂന്നു  പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മിക്ക കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കയറ്റുമതിയടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വികസനം സാധ്യമാക്കിയതെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതും വിനിമയ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതും ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഡോ. രാജന്‍ ചൂണ്ടിക്കാട്ടുന്നു.

9) ആഗോള സാമ്പത്തിക രംഗം ക്ഷീണിതമാണ്: ഇപ്പോള്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേ ഒരു സാമ്പത്തികരംഗം യുഎസിലേത് മാത്രമാണ്. പല സാമ്പത്തിക രംഗങ്ങളും നാണ്യച്ചുരുക്കത്തിന്റെ ഭീഷണിയിലാണെന്ന് മാത്രമല്ല, ആഗോള സംവിധാനങ്ങളില്‍ മാന്ദ്യം പടരുന്നുമുണ്ട്. സാമ്പത്തിക ഉത്തേജനത്തിന് (പണം അച്ചടിച്ച് വിതരണം ചെയ്യല്‍) ഉപരിയായ നടപടികള്‍ സ്വീകരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ക്ക് സാധിച്ചാല്‍ മാത്രമേ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കൂ.

10) മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്നു: പുതിയ സാങ്കേതികവിദ്യകളില്‍ നിന്നും ആഗോളീകരണത്തില്‍ നിന്നും വര്‍ദ്ധിതരൂപത്തിലുള്ള വളര്‍ച്ച സാധ്യമാവുന്നുണ്ട്. എന്നാല്‍ പല പരമ്പരാഗത തൊഴിലുകളും ഇല്ലാതാവുന്ന എന്ന് കൂടി ഇതിന് അര്‍ത്ഥമുണ്ട്. യുഎസിലെയും യൂറോപ്പിലേയും മധ്യവര്‍ഗ്ഗങ്ങള്‍ക്കിടിയില്‍ ആശങ്ക പടരുന്നതായും ഡോ. രാജന്‍ ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍