UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ സമ്മര്‍ദ്ദം, കാശ്മീരില്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് രാജിവച്ചു

Avatar

അഴിമുഖം പ്രതിനിധി

വാര്‍ത്തകള്‍ വളച്ചൊടിക്കാനും വ്യാജവാര്‍ത്തകള്‍ നല്‍കാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു എന്നാരോപിച്ച് കാശ്മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജി വച്ചു. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18-ന്റെ ഭാഗമായ ഐബിഎന്‍7-നില്‍ നിന്നാണ് നസീര്‍ അഹമ്മദ് രാജി വച്ചത്. 16 കൊല്ലമായി സീ ന്യൂസിന്റെ ശ്രീനഗര്‍ ബ്യൂറോ ചീഫായിരുന്ന നസീര്‍ അഹമ്മദ് 2014-ലാണ് ഐബിഎന്നില്‍ ചേര്‍ന്നത്.

 

വാര്‍ത്തകളുടെ സ്വഭാവം മാറ്റാന്‍ ആവശ്യപ്പെട്ടതു വഴി ചാനലിന്റെ തലവന്‍ പ്രബാല്‍ പ്രതാപ് സിംഗ് തന്നെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന് നസീര്‍ അഹമ്മദ് പ്രാദേശിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാശ്മീരില്‍ ഈയിടെ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയുടെ കാമുകിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാനല്‍ മേധാവികള്‍ ആവശ്യപ്പെട്ടത് താന്‍ നിരസിച്ചിരുന്നുവെന്ന് നിസാര്‍ അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാത്തതിനാലാണ് താന്‍ അത് ചെയ്തത്. എന്നാല്‍ ചാനലിന്റെ ജമ്മു റിപ്പോര്‍ട്ടര്‍ വഴി ആ റിപ്പോര്‍ട്ട് പുറത്തുവന്നു. അതിന്റെ സ്‌ക്രിപ്റ്റ് ഡല്‍ഹിയില്‍ നിന്ന് അയച്ചു കൊടുക്കുകയായിരുന്നുവെന്ന് താന്‍ പിന്നീട് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

ദക്ഷിണ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഒരു ഡോക്ടറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം താന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അത് വെളിച്ചം കണ്ടില്ലെന്ന് നിസാര്‍ അഹമ്മദ് ആരോപിച്ചു. ഒരു എ.ടി.എം സുരക്ഷാ ജീവനക്കാരന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവവും ഇതുപോലെ പുറത്തുവന്നില്ല. പല സംഭവങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയാലും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചാനല്‍ മേധാവികള്‍ അത് എഡിറ്റ് ചെയ്ത് മാറ്റി വളച്ചൊടിച്ചാണ് പ്രക്ഷേപണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

1990-കളില്‍ കാശ്മീര്‍ കത്തി നിന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകരെ കാശ്മീരികള്‍ ആദരവോടെയാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടാല്‍ അവര്‍ തല്ലിക്കൊല്ലും, കാശ്മീരിലെ അവസ്ഥകളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയ വാര്‍ത്താ ചാനലുകളാണ് അതിന് പ്രധാന ഉത്തരവാദി. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ലാല്‍ ചൗക്കിലൂടെ നടക്കുമ്പോള്‍ ഒര പ്രദേശവാസി തന്നെ വിളിച്ചത് ‘കാശ്മീര്‍ സാധാരണ നിലയിലാണെന്ന് പറയാന്‍ ഒരു തന്തയില്ലാത്തവന്‍’ വന്നിരിക്കുന്നു എന്നാണെന്ന് നസീര്‍ അഹമ്മദ് ഓര്‍മിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍