UPDATES

വൈറല്‍

എല്ലാ അമ്മാമാരും ഹന്നയുടെ അമ്മയെ പോലെയായിരുന്നെങ്കില്‍! കണക്കു പരീക്ഷയില്‍ തോറ്റാല്‍ പേടിക്കേണ്ടായിരുന്നു

കണക്കു പരീക്ഷയില്‍ തോറ്റ മകളോടുള്ള അമ്മയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌

പരീക്ഷയില്‍ തോറ്റാല്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യം എങ്ങനെ വീട്ടില്‍ ചെല്ലുമെന്നോര്‍ത്തായിരിക്കും. അയല്‍വക്കത്തെ കുട്ടിയെക്കാള്‍ ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ഭൂകമ്പം ഉണ്ടാക്കുന്ന അമ്മയോടും അച്ഛനോടും പരീക്ഷയില്‍ തോറ്റെന്നു പറഞ്ഞാലോ? ഓര്‍ക്കാന്‍ തന്നെ തോന്നുന്നില്ല.

പക്ഷെ എല്ലാ മാതാപിതാക്കളും ഇങ്ങനെയാണോ? മക്കളുടെ തോല്‍വികളില്‍ കലിതുള്ളി അവരെ കൊല്ലാക്കൊല ചെയ്യുന്നവരാണോ? അല്ല. തീര്‍ച്ചയായും അല്ല. അതിന് ഏറ്റവും നല്ല ഉദ്ദാഹരണമാണ് ഈ അമ്മ.

ഹന്ന ചോ എന്ന പെണ്‍കുട്ടിയുടെ ട്വീറ്റിലൂടെയാണ് ഒരു അമ്മ എങ്ങനെയാണ് തന്റെ മകളുടെ പരീക്ഷ തോല്‍വിയെ കണ്ടതെന്നു മനസിലാകുന്നത്.

ഹന്ന തന്റെ കണക്കു പരീക്ഷയില്‍ തോറ്റു. തോറ്റ കാര്യം വീട്ടില്‍ പറയണമല്ലോ. വലിയ പൊട്ടിത്തെറിയാണ് അമ്മയില്‍ നിന്നുണ്ടാകുമെന്ന് ഹന്ന പ്രതീക്ഷിച്ചതെങ്കിലും ആ അമ്മ ഹന്നയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

‘ ഞാന്‍ എന്റെ കണക്കു പരീക്ഷയില്‍ പരാജയപ്പെട്ട കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ ഇതായിരുന്നു അമ്മയുടെ പ്രതികരണം’ എന്ന ട്വീറ്റിനൊപ്പമാണ് ഹന്ന തന്റെ അമ്മയുടെ പ്രതികരണം ചേര്‍ത്തിരിക്കുന്നത്.

‘ നീ കണക്കു പരീക്ഷയില്‍ തോറ്റാല്‍ അതെന്നെ ബാധിക്കുന്നില്ല, നിനക്കു സാറ്റ് പരീക്ഷയില്‍ 1000 ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നതോ നിന്റെ സ്‌കോര്‍ 2.2 ല്‍ താഴെ വരുന്നതോ എന്നെ ബാധിക്കുന്നില്ല. പക്ഷേ ഞാന്‍ വിഷമിക്കും, നീ കരഞ്ഞാല്‍, നീ സമ്മര്‍ദ്ദത്തിലാണെങ്കിലും ഞാന്‍ വിഷമിക്കും, നീ സന്തോഷവതിയല്ലെങ്കിലും ഞാന്‍ വിഷമിക്കും, നിനക്ക് ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും നീ ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയാണെങ്കിലും ഞാന്‍ വിഷമിക്കും. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു…’

ഇതായിരുന്നു ഹന്നയുടെ അമ്മയുടെ മറുപടി. ഈ മറുപടി ഹന്ന ട്വീറ്റു ചെയ്തതോടെ ഇതു വൈറലായി. നാലായിരത്തിലധികം പേര്‍ ഇതു റീട്വീറ്റ് ചെയ്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലാകെ ഈ അമ്മ ഇപ്പോള്‍ സംസാരവിഷയമായി കഴിഞ്ഞിരിക്കുന്നു. എല്ലാ അമ്മമാരും ഇങ്ങനെയായിരുന്നെങ്കില്‍ എന്നു കണക്കില്‍ പിറകില്‍ നില്‍ക്കുന്ന എല്ലാ മക്കളും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍