UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പരിഭ്രാന്തി എന്തിനാണ്? നികുതിയടച്ച പണത്തിന് വാങ്ങിയ സ്വര്‍ണം ആരും പിടിച്ചെടുക്കില്ല

Avatar

നോമിയ രഞ്ചന്‍

‘ഞാന്‍ സമ്പാദിച്ചത് സൂക്ഷിക്കുന്നത് എന്റെ അവകാശമാണ്, അതില്‍ സര്‍ക്കാരിനും നിയമത്തിനും എന്തു കാര്യം?’ ഇങ്ങനെ രോഷം കൊള്ളുന്നവരോട്; ആദായനികുതി വകുപ്പിന്റെ പുതിയ നിയമം നിങ്ങള്‍ എങ്ങനെയാണു മനസിലാക്കിയിരിക്കുന്നത്? അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എത്രമാത്രം മനസിലാക്കിയിട്ടാണ് നിങ്ങള്‍ പ്രതികരിക്കാന്‍ ചാടി പുറപ്പെടുന്നത്? സോഷ്യല്‍ മീഡിയയുടെയും മാധ്യമങ്ങളുടെയും മുറവിളി കാണുമ്പോള്‍ തോന്നുന്നത് പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമായില്ല എന്നു തന്നെയാണ്. 

നമ്മള്‍ സമ്പാദിച്ചത് സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അവകാശത്തെ ആരും വിലക്കിയിട്ടില്ല. വിലക്കുള്ളതു നികുതി അടയ്ക്കാത്ത പണത്തിനു വാങ്ങിയ സ്വര്‍ണത്തിനു മാത്രമാണ്. കയ്യിലുള്ള 500 ഗ്രാം സ്വര്‍ണം നികുതി അടയ്ക്കാത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കിലും നിയമം ചോദ്യം ചെയ്യുന്നില്ല എന്ന കാര്യം ആരും ശ്രദ്ധിച്ചതായി കാണുന്നുമില്ല. പരമ്പരാഗതമായി കൈമാറി വന്ന സ്വര്‍ണം സൂക്ഷിക്കുന്നതിനും ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ശരിയായ നികുതി രേഖകള്‍ കാണിച്ച് പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാല്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനു പരിധിയും വച്ചിട്ടില്ല. പിന്നെ എന്തിനാണ് നമ്മള്‍ വേവലാതിപ്പെടുന്നത്? അതോ എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന നമ്മുടെ സ്വഭാവം ഒന്നുകൂടി തെളിയിക്കുന്നതാണോ?

നമ്മുടെ കൈയില്‍ കണക്കില്‍ പെടാത്ത സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണം ഉണ്ടോ? ഉണ്ടെങ്കില്‍ ഈ നിയമം പാലിക്കാന്‍ നമ്മള്‍ ഉറപ്പായും ബാധ്യസ്ഥരാണ്. 500 ഗ്രാം സ്വര്‍ണം എന്നു പറയുന്നത് ആര്‍ക്കാണ് വളരെ കുറവായി തോന്നുന്നത്? അതോ നമ്മുടെ ആഭരണക്കൊതിയാണോ ഇങ്ങനെ ചിന്തിപ്പിക്കുന്നത്?

ഒരു സാധാരണ ഇന്ത്യന്‍ കുടുംബത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഈ 500 ഗ്രാം ആവശ്യത്തിലും അധികമാണ്. സ്ത്രീധനം കിട്ടിയ സ്വര്‍ണത്തിന് രേഖയില്ലാത്തതായിരിക്കുമോ ചിലപ്പോള്‍ നമ്മളെയൊക്കെ ഇത്രമാത്രം അസ്വസ്ഥരാക്കുന്നത്?

വ്യക്തമായി വായിക്കുന്നവര്‍ക്ക് മനസിലാകും; ഇത് 1994-ല്‍ നിലവില്‍ വന്ന treatment of gold during a Tax Rade ന്റെ കുറച്ചൂകൂടി വ്യക്തമായ ആവിഷ്‌കരണം മാത്രമാണെന്ന്. 1994-ല്‍ കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലിരുന്നത്. അതുകൊണ്ടു തന്നെ, ആ നിയമം ഒന്നു കൂടി ശക്തമാക്കുമ്പോള്‍ ഇപ്പോഴത്തെ സര്ക്കാര്‍ മാത്രം എങ്ങനെ കുറ്റകാരാകും?

സാധാരണക്കാരെ ഈ നിയമം ദോഷകരമായി ബാധിക്കും എന്നു നിലവിളിക്കുന്നവരോട് ഒരു ചോദ്യം; ഏതു സാധരണക്കാരാണ് ഇത്രയും സ്വര്‍ണം കള്ളപ്പണം കൊടുത്തു വാങ്ങുന്നത്? ഏതു സാധാരണക്കാര്‍ക്കാണ് ഇത്രയും സ്വര്‍ണം പരമ്പരാഗതമായി കൈമാറി വരുന്നത്?

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ യഥാര്‍ത്ഥത്തില്‍ അസ്വസ്ഥരാകേണ്ടത് കള്ളപ്പണക്കാരാണ്. പക്ഷേ മാധ്യമങ്ങള്‍ സാധാരണക്കാരെ ഭയപ്പെടുത്തുകയാണ്.

. പല വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടോടെയാണു വരുന്നത്. ഈ തെറ്റിദ്ധാരണ സാധാരണക്കാരിലും നിറയുകയാണ്. സ്വര്‍ണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു മാധ്യമങ്ങള്‍ കൊടുത്ത തലക്കെട്ടുകള്‍- ‘കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ നിയന്ത്രണം’, ‘62.5 പവനില്‍ കൂടുതല്‍ ഉള്ള സ്വര്‍ണം സര്‍ക്കാര്‍ പിടിച്ചെടുക്കും’ എന്നിങ്ങനെയൊക്കെയായിരുന്നു. എന്നാല്‍ ഇതേ കാര്യം ‘കണക്കില്‍ പെടാത്ത പണമുപയോഗിച്ചു വാങ്ങിയ സ്വര്‍ണത്തിനു നിയന്ത്രണം’ എന്നോ ‘ശരിയായ ഉറവിടം കാണിക്കാനാവാത്ത സ്വര്‍ണ സമ്പാദ്യം ഇനി സര്‍ക്കാരിലേക്ക്’ എന്നോ ആയിരുന്നെങ്കില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ജനങ്ങള്‍ നല്ല രീതിയില്‍ സ്വാഗതം ചെയ്‌തേക്കുമായിരുന്നു.

ഈ ലോകത്തുള്ള മുഴുവന്‍ സ്വര്‍ണവും സ്വന്തമാക്കുന്നതില്‍ നിന്ന് പോലും നിയമം നമ്മളെ വിലക്കുന്നില്ല. വാങ്ങാന്‍ ഉപയോഗിക്കുന്ന പണം കണക്കില്‍ പെടാത്തത് ആയിരിക്കരുതെന്നു മാത്രമാണു നിബന്ധന.

101 പവനും കാറും ഒക്കെ ഇനിയും ചോദിച്ചും ഭീഷണിപ്പെടുത്തിയും വാങ്ങാം, ഭാര്യയുടെ മാതാപിതാക്കള്‍ നേരായ രീതിയില്‍ സമ്പാദിച്ച പണമാണെങ്കില്‍ മാത്രം.

അധികം തയ്യാറെടുപ്പുകളില്ലാതെ കറന്‍സി അസാധുവാക്കിയ നടപടിയിലൂടെ ജനങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായ നല്ലൊരു തീരുമാനം ആണിതെന്നു തന്നെയാണ് അഭിപ്രായം. കള്ളപ്പണം സ്വര്‍ണമായി സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചടി ആകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

എന്നാല്‍ ആദായനികുതി വകുപ്പിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്യുമ്പോഴും ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ ചില സംശയങ്ങള്‍ ബാക്കിയുണ്ട്. എങ്ങനെ ഈ നിയമം സര്‍ക്കാര്‍ നടപ്പിലാക്കും? ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ഉത്തരം കിട്ടാത്ത ചോദ്യങ്ങളണ്. വ്യക്തത വരാത്ത മറ്റൊരു കാര്യം, ഡയമണ്ട് പോലുള്ള വിലപിടിപ്പുള്ള കല്ലുകളും രത്‌നങ്ങളും സൂക്ഷിക്കുന്നവരെ ഈ നിയമം ബാധിക്കുമോ എന്നുള്ളതാണ്. പരമ്പരാഗതമായി കൈമാറി വന്ന സ്വര്‍ണം എങ്ങനെ തിരിച്ചറിയും എന്നതിനെക്കുറിച്ചും ഇതിന്റെ ഉറവിടം എങ്ങനെ തെളിയിക്കും എന്നും വ്യക്തത കിട്ടേണ്ടിയിരിക്കുന്നു.

‘മോഡി’ കൂട്ടാന്‍ സ്വര്‍ണക്കുപ്പായം അണിയുന്നതിനെതിരെയും ഒരു നിയമം വരട്ടെ. അനധികൃത സ്വര്‍ന്നശേഖരം പരിശോധിച്ച് തുടങ്ങുന്നത് കര്‍ണാടക നേതാവിന്റെ ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ മകളുടെ വീട്ടില്‍ നിന്നാവട്ടെ.

നിയമം വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കിയാല്‍ കള്ളപ്പണക്കാര്‍ വെള്ളം കുടിക്കും എന്നു നിസംശയം പറയാം!

(കണ്ടന്റ് റൈറ്ററാണ് നോമിയ രഞ്ജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍