UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജഡ്ജിമാരുടെ നിയമനം; കൊളീജിയം Vs കമ്മീഷന്‍

Avatar

ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സ്വതന്ത്ര സമിതി രൂപീകരിക്കാന്‍ കൊണ്ടു വന്ന രണ്ടു നിയമങ്ങളെ ഈയിടെ സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനു പകരമായി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മീഷന്‍ (എന്‍ ജെ എ എസി) എന്ന സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതായിരുന്നു ഒരു നിയമം. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (അധ്യക്ഷന്‍), സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന മറ്റു രണ്ടു ജഡ്ജിമാര്‍, കേന്ദ്ര നിയമ മന്ത്രി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍. രണ്ടാമത്തെ നിയമം ഇത്തരം നിയമനങ്ങളുടെ നടപടിക്രമങ്ങള്‍ നിര്‍ണ്ണയിക്കുന്നതുമായിരുന്നു.

2014 ആഗസ്റ്റില്‍ ലോക്‌സഭ പാസാക്കിയ ഈ രണ്ടു നിയമങ്ങളും ഡിസംബറില്‍ രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഈ നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തി. കോടതി ഇവ ഒരു അഞ്ചംഗ ബഞ്ചിനു വിടുകയും ചെയ്തു. ജുഡീഷ്യല്‍ നിയമന കമ്മീഷനിലെ സര്‍ക്കാര്‍ അംഗങ്ങളുടെ സാന്നിധ്യം നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നായിരുന്നു വാദം.

ഇപ്പോള്‍ വന്ന കോടതി വിധി ഇതു ശരിവയ്ക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ സര്‍ക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കുമിടയിലെ അധികാര വിഭജനതത്വവും ഇതു ലംഘിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഒന്നു പരിശോധിച്ചു നോക്കാം.

ജുഡീഷ്യല്‍ നിയമന കമ്മീഷനു മുമ്പുള്ള ജഡ്ജിമാരുടെ നിയമനം
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ നിയമന പ്രക്രിയ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ചീഫ് ജസ്റ്റിസുമായും മറ്റു പരിഗണിക്കപ്പെടാവുന്ന സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുമായും കൂടിയാലോചന നടത്തിയ ശേഷം പ്രസിഡന്റാണ് ഈ നിമയനങ്ങള്‍ നടത്തേണ്ടതെന്ന് ഭരണഘടന പറയുന്നു. ഈ നിയമന രീതി 1982-നും 1999-നുമിടയില്‍ പരിശോധിക്കപ്പെടുകയും സുപ്രീം കോടതി ഇത് പുനര്‍നിര്‍വചിക്കുകയും ചെയ്തു. അതു മുതല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയും ഏറ്റവും മുതിര്‍ന്ന മറ്റു നാലു സുപ്രീം കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്ന കൊളീജിയം സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടേണ്ടവരെ പ്രസിഡന്റിന് നാമനിര്‍ദേശം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്നത്.

സ്വതന്ത്ര നിയമന കമ്മീഷന്‍ രൂപീകരിക്കാന്‍ ഉന്നത സമിതികളുടെ നിര്‍ദേശം
പതിറ്റാണ്ടുകള്‍ക്കിടെ പല ഉന്നത തല കമ്മീഷനുകളും ജഡ്ജിമാരുടെ നിയമന സംവിധാനമായ കൊളീജിയം രീതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇവരെല്ലാം മുന്നോട്ടു വച്ച നിര്‍ദേശം ജഡ്ജിമാരെ നാനിര്‍ദേശം ചെയ്യുന്നതിനു ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നാണ്. എങ്കിലും ഈ നിയമന പ്രക്രിയയില്‍ ജുഡീഷ്യറിയുടേയും സര്‍ക്കാര്‍/നിയമനിര്‍മ്മാണ സഭയുടേയും പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ഇവ താഴെ വായിക്കാം.

നിയമന കമ്മീഷന്‍ അംഗങ്ങളെ സംബന്ധിച്ച് വിവിധ സമിതികളുടെ നിര്‍ദേശങ്ങള്‍
1. രണ്ടാം ഭരണപരിഷ്‌കരണ കമ്മീഷന്‍ (2007)

ജുഡീഷ്യറി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ(ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
എക്‌സിക്യൂട്ടീവ്: ഉപരാഷ്ട്രപതി (അധ്യക്ഷന്‍), പ്രധാനമന്ത്രി, നിയമ മന്ത്രി, (ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടും)
ലെജിസ്ലേച്ചര്‍: ലോക്‌സഭാ സ്പീക്കര്‍, ഇരു സഭകളിലേയും പ്രതിപക്ഷ നേതാക്കള്‍
മറ്റുള്ളവ: പ്രാതിനിധ്യം ഇല്ല

2. ദേശീയ ഉപദേശക സമിതി (2005)

ജുഡീഷ്യറി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ; (ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
എക്‌സിക്യൂട്ടീവ്: ഉപരാഷ്ട്രപതി (അധ്യക്ഷന്‍), പ്രധാനമന്ത്രി (അല്ലെങ്കില്‍ നോമിനി), നിയമ മന്ത്രി, (ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടും)
ലെജിസ്ലേച്ചര്‍: ലോക്‌സഭാ സ്പീക്കര്‍, ഇരു സഭകളിലേയും പ്രതിപക്ഷ നേതാക്കള്‍
മറ്റുള്ളവ: പ്രാതിനിധ്യം ഇല്ല

3. എന്‍ സി ആര്‍ ഡബ്ല്യൂ സി (2002)

ജുഡീഷ്യറി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഏറ്റവും മുതിര്‍ന്ന രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ 
എക്‌സിക്യൂട്ടീവ്: കേന്ദ്ര നിയമ മന്ത്രി
ലെജിസ്ലേച്ചര്‍: പ്രാതിനിധ്യം ഇല്ല
മറ്റുള്ളവ: ഒരു പ്രമുഖ വ്യക്തി

4. ലോ കമ്മീഷന്‍ (1987)

ജുഡീഷ്യറി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ(അധ്യക്ഷന്‍), ഏറ്റവും മുതിര്‍ന്ന മൂന്ന് സുപ്രീം കോടതി ജഡ്ജിമാര്‍, ഏറ്റവും മുതിര്‍ന്ന മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, (ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
എക്‌സിക്യൂട്ടീവ്: കേന്ദ്ര നിയമ മന്ത്രി, അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ, (ഹൈക്കോടതി ജഡ്ജിമാര്‍ക്ക്: അതത് സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഉള്‍പ്പെടും)
ലെജിസ്ലേച്ചര്‍: പ്രാതിനിധ്യം ഇല്ല
മറ്റുള്ളവ: ഒരു അക്കാദമിക നിയമ വിദഗ്ധന്‍

(സ്രോതസ്സുകള്‍: 121-ാം ലോ കമ്മീഷന്‍ റിപ്പോര്‍ട്ട്, 1987; ഭരണഘടനാ പ്രവര്‍ത്തന പുനപ്പരിശോധനാ ദേശീയ കമ്മീഷന്‍ (എന്‍സിആര്‍ഡബ്ല്യൂസി), 2002; സുപീരിയര്‍ ജുഡീഷ്യറി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍, എന്‍സിആര്‍ഡബ്ല്യൂസി, 2001; ദേശീയ ഉപദേശക സമിതിയില്‍ ചര്‍ച്ച ചെയ്ത ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, 2005; രണ്ടാം ഭരണ പരിഷ്‌കരണ കമ്മീഷന്‍ നാലാം റിപ്പോര്‍ട്ട്, ‘എത്തിക്‌സ് ഇന്‍ ഗവേണന്‍സ്’, 2007; പിആര്‍എസ്.)

മൂന്ന് ജഡ്ജിമാരുടെ കേസുകളിലെ വിധികള്‍ വീണ്ടും പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് 2008, 2009 വര്‍ഷങ്ങളിലെ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിര്‍ദേശിച്ചിരുന്ന കാര്യവും ശ്രേദ്ധയമാണ്. ഇതിനു ബദലായി ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന്റെ ഉറപ്പു വരുത്തികൊണ്ടു തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രാമുഖ്യം പുനസ്ഥാപിച്ചു കൊണ്ട് പാര്‍ലമെന്റ് ഒരു നിയമം പാസാക്കേണ്ടതുണ്ട്.

വിവിധ രാജ്യങ്ങളിലെ നിയമന രീതികള്‍

ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിന് ആഗോള തലത്തില്‍ വ്യത്യസ്ത രീതികളാണ് പന്തുടരുന്നത്. ഇവയില്‍ ചില രാജ്യങ്ങളിലേത് താഴെ നല്‍കിയിരിക്കുന്നു.

1. യു കെ

നിയമന രീതി: അഞ്ചംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖേന സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നു. 
അംഗങ്ങള്‍: സുപ്രീം കോടതി പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ഇംഗ്ലണ്ട്, സ്‌കോട്‌ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലാന്റ് എന്നിവിടങ്ങളിലെ ജെഎസികള്‍ നിയമിക്കുന്ന ഒരോ അംഗങ്ങള്‍. (സാധാരണക്കാരും ജുഡീഷ്യറി/ബാര്‍ അംഗങ്ങളും ഉള്‍പ്പെടുന്ന കീഴ്‌കോടതി ജഡ്ജിമാരെ നിയമിക്കുന്ന സമിതിയാണ് ജെഎസി)

2. കാനഡ

നിയമന രീതി: കൗണ്‍സില്‍ ഗവര്‍ണര്‍ നിയമനങ്ങള്‍ നടത്തുന്നു. 
നിയമനത്തിന് അധികാരപ്പെട്ട അംഗങ്ങള്‍: ഭരണപക്ഷ, പ്രതിപക്ഷ എംപിമാരുള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട പാനല്‍ നോമിനികളുടെ പട്ടിക പരിശോധിച്ച് മൂന്ന് പേരുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നു

3. യു എസ് എ

നിയമന രീതി: പ്രസിഡന്റ് നിയമിക്കുന്നു. 
നിയമനത്തിന് അധികാരപ്പെട്ട അംഗങ്ങള്‍: നിയമനത്തിന് അധികാരപ്പെട്ട അംഗങ്ങള്‍: സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നു. ശേഷം യുഎസ് സെനറ്റ് അംഗീകാരം നല്‍കുന്നു

4. ജര്‍മ്മനി

നിയമന രീതി: തെരഞ്ഞെടുപ്പിലൂടെ നിയമനം നടത്തുന്നു
നിയമനത്തിന് അധികാരപ്പെട്ട അംഗങ്ങള്‍: ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ കോടതിയിലേക്കുള്ള പകുതി ജഡ്ജിമാരെ എക്‌സിക്യുട്ടീവും പകുതി നിയമനിര്‍മ്മാണ സഭയും തെരഞ്ഞെടുക്കുന്നു. 

5. ഫ്രാന്‍സ്

നിയമന രീതി: പ്രസിഡന്റ് നിയമനം നടത്തുന്നു
നിയമനത്തിന് അധികാരപ്പെട്ട അംഗങ്ങള്‍: ജഡ്ജിമാരുടെ ഉന്നത സമിതി പ്രസിഡന്റിന് നാമനിര്‍ദേശം നല്‍കുന്നു. 

(സ്രോതസ്സുകള്‍: ഭരണഘടനാ പരിഷ്‌കരണ നിയമം, 2005; കാനഡ സുപ്രീം കോടതി നിയമം, 1985; യുഎസ്എ ഭരണഘടന; ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ അടിസ്ഥാന നിയമം, ഫ്രാന്‍സ് ഭരണഘടന; പിആര്‍എസ്.)

കൊളീജിയം സംവിധാനം ഏതൊക്കെ രീതിയില്‍ ശക്തിപ്പെടുത്താമെന്നതു സംബന്ധിച്ച് നവംബര്‍ മൂന്നിന് വാദം കേള്‍ക്കുമെന്ന് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കി കൊണ്ടുള്ള വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

(കടപ്പാട്: ദി പി ആര്‍ എസ് ബ്ലോഗ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍