UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ വിരമിക്കല്‍പ്രായം കൂട്ടേണ്ടതിന് കാരണങ്ങളുണ്ട്

Avatar

ജിജി ജോണ്‍ തോമസ്

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും ശമ്പള പരിഷ്‌കരണം നിര്‍ദ്ദേശിക്കുന്നതിനായി നിയോഗിച്ച ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയൊരു പങ്ക് ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കപ്പെടുന്നു, അഥവാ ജീവനക്കാരുടേയും, അദ്ധ്യാപകരുടെയും ശമ്പളത്തിലൂടെയും പെന്‍ഷനിലൂടെയുമാണ് സംസ്ഥാനത്തിന്റെ പണം പ്രധാനമായും പൊതുജനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏറെയാളുകളുടെ വരുമാന വര്‍ധനവിനുള്ള ശുപാര്‍ശ എന്നതിലുപരി ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇക്കാരണത്താലാണ്. എന്നാല്‍ അതിലുപരിയായി ഇത്തവണത്തെ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതു താല്പര്യം ജനിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നിലവിലെ 56 വയസില്‍ നിന്ന് 58 വയസായി ഉയര്‍ത്തുക എന്ന കമ്മീഷന്‍ നിര്‍ദ്ദേശമാണ് പൊതു സമൂഹത്തിന്റെ ചര്‍ച്ചയ്ക്ക് വിഷയമാകാന്‍ പോകുന്നത്.

സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന വാദം കഴിഞ്ഞ വര്‍ഷവും ഉയര്‍ന്നിരുന്നു. അടുത്തടുത്ത വര്‍ഷങ്ങളില്‍ വരാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും, സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പും കാരണം കടുത്ത തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിമുഖമാവുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം 58 വയസ്സാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ധനവിനിയോഗസമിതി മുന്‍പുതന്നെ ശിപാര്‍ശ ചെയ്തിരിക്കുന്നു. പെന്‍ഷന്‍പ്രായം ഘട്ടം ഘട്ടമായി ആദ്യം 58 ആയും പിന്നീട് 60 ആയും ഉയര്‍ത്താന്‍ സാമ്പത്തിക ഉപദേശക സമിതി 2009-ല്‍ നിര്‍ദ്ദേശിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ള ആവശ്യവും ഉയര്‍ത്തിയേക്കുമെന്നുള്ള പ്രതീക്ഷയും സംസ്ഥാനത്ത് സജീവമായിട്ട് രണ്ടു ദശകമെങ്കിലും ആയിട്ടുണ്ടാവും. 1998-ല്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 58-ല്‍ നിന്ന് 60 ആയി ഉയര്‍ത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കുറഞ്ഞത് 58 എങ്കിലും ആക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥ സംഘടനകളുടെ വേദികളില്‍ചെന്ന് പെന്‍ഷന്‍ പ്രായം കൂട്ടണമെന്നും യുവജനസംഘടനകളുടെ വേദികളില്‍ ചെല്ലുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടാനനുവദിക്കില്ലെന്നും മാറി മാറി പ്രസംഗിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ രണ്ടു പതീറ്റാണ്ടിനോടടുക്കുമ്പോഴും ഇരുകൂട്ടരുടേയും പ്രതീക്ഷ നഷ്ടപ്പെടുത്തിയിട്ടില്ല! ഇരുവശത്തും ന്യായങ്ങള്‍ ഏറെയുള്ള സങ്കീര്‍ണ്ണമായ വിഷയമാണിത് എന്നതു തന്നെയാവാം ഈ ഒളിച്ചുകളിയ്ക്ക് കാരണം.

സര്‍ക്കാര്‍ ഉദ്യോഗം ഏറെപ്പേരുടെയും ആഗ്രഹവും സ്വപ്നവും ആവുമ്പോള്‍ അതിന്റെ തെരഞ്ഞെടുപ്പും സംവരണവും, വിരമിക്കലും ഒക്കെ സംബന്ധിയായ വിഷയങ്ങള്‍ സൂക്ഷ്മപഠന വിഷയമാക്കേണ്ടതും കേവലം വൈകാരികതലത്തില്‍ തീര്‍പ്പു കല്പിക്കപ്പെടരുതാത്തതുമാണ്. ഇത്തരം സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ നയപരമായ വ്യതിയാനം തിരുമാനിക്കപ്പെടുമ്പോള്‍, ആ നയംമാറ്റം ഏതെങ്കിലും ഒരു പക്ഷത്തെ ഗുരുതരമായി ബാധിക്കുകയോ ഏതെങ്കിലും ഒരു വിഭാഗത്തെ അതിരുവിട്ട് സഹായിക്കുകയോ ചെയ്യുന്നതരത്തിലാവരുത് എന്നതു തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 (2012 മുതല്‍ 56) വയസ്സായി നിജപ്പെടുത്തിയ കാലത്തേക്കാള്‍ സംസ്ഥാനത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഏറെ വര്‍ധിച്ചിരിക്കെ ജീവനക്കാരെക്കാള്‍ അധികം പെന്‍ഷന്‍കാര്‍ എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനര്‍ത്ഥം ഒരു ജീവനക്കാരന്‍ വിരമിച്ച ഒഴിവിലേക്ക് നിയമിക്കപ്പെട്ടയാളും ആദ്യത്തെയാള്‍ ജീവിച്ചിരിക്കെ തന്നെ പെന്‍ഷന്‍കാരനാവുന്നു എന്നാണ്. അതായത് പുതുതായി (മൂന്നാമത്) നിയമിക്കപ്പെടുന്ന ഒരാളുടെ സേവനം മാത്രം ലഭിക്കുവാന്‍ പടിയിറങ്ങിയ രണ്ടുപേരുടെ ബാധ്യത കൂടി പൊതുജനത്തിനു വഹിക്കേണ്ടിവരുന്നു എന്നു സാരം. ഒരുദ്യോഗസ്ഥന് ശരാശരി 20-25 വര്‍ഷം മാത്രം കാലയളവ് ലഭിക്കുന്നതിന്റെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനന്തര ഫലമാണിത്. ഇതു സര്‍ക്കാറിന് അഥവാ പൊതുജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതമല്ല.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുകൊണ്ട് ആരുടെയും സാധ്യതകള്‍ നഷ്ടപ്പെടില്ല എന്ന വാദം ശരിയല്ല. പെന്‍ഷന്‍പ്രായം (2 മുതല്‍ 5 വര്‍ഷം) ഉയര്‍ത്തുന്നതിലൂടെ നിലവില്‍ ഒരുദ്യോഗസ്ഥന്‍ ശരാശരി 25 വര്‍ഷം ജോലിയെടുക്കുന്ന സ്ഥാനത്ത് 27 – 30 വര്‍ഷം ജോലിയെടുക്കുന്നു എന്നതിനര്‍ത്ഥം ആകെ ജോലിക്കാര്‍ കുറവുമതി എന്നു തന്നെ. മാറുന്ന സാഹചര്യത്തില്‍ കൂടുതല്‍ യോഗ്യരായവര്‍ മാത്രം തെരഞ്ഞെടുക്കപ്പെടുന്നു എന്ന നിലയില്‍ ഇതിനു സാധൂകരണമാവാം. ആകെ ഉദ്യോഗസ്ഥര്‍ കുറയുന്നതിലൂടെ സര്‍ക്കാറിനു കുറച്ചുപേരുടെ പെന്‍ഷന്‍ ബാധ്യതയെ ഏറ്റെടുക്കേണ്ടിവരുന്നുള്ളൂ എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും പ്രധാന നേട്ടം. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനനുസൃതമായി ഉദ്യോഗസ്ഥരുടെ സേവനകാലം ദീര്‍ഘിപ്പിക്കുകയും അയാള്‍ വരുത്തുന്ന ബാധ്യതാകാലം (പെന്‍ഷന്‍ കാലം) ചുരുങ്ങുകയും ചെയ്യുന്നു എന്നത് രണ്ടാത്തെ ഗുണം.

പെന്‍ഷന്‍ പ്രായം കുറഞ്ഞു നില്‍ക്കുന്നത് കൂടുതല്‍ പേര്‍ കുറഞ്ഞ കാലയളവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാന്‍ അവസരമൊരുക്കുന്നു. അഥവാ കുറഞ്ഞ പെന്‍ഷന്‍ പ്രായം കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ കാലം പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനു നല്‍കുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ കുറച്ചു പേര്‍ക്ക് കുറവു കാലം പെന്‍ഷന്‍ നല്‍കേണ്ട ബാധ്യതയേ സര്‍ക്കാരിനുണ്ടാക്കുന്നുള്ളൂ. അനുഭവ സമ്പത്തുള്ളവരുടെ സേവനം കൂടുതല്‍ കാലം ലഭ്യമാക്കാനും ഒപ്പം സുദീര്‍ഘമായ ഒരു ജീവിതകാലം ബാക്കിനില്‍ക്കേ തന്നെ ഇക്കൂട്ടര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറംതള്ളപ്പെടുന്നുവെന്ന സാമൂഹിക പ്രശ്‌നം ഒഴിവാക്കുവാനും കഴിയും.

കേരളീയരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 44.4 വയസ്സ് ആയിരുന്ന കാലഘട്ടത്തിലാണ് പെന്‍ഷന്‍ പ്രായം 55 വയസ്സായി നിശ്ചയിക്കപ്പെട്ടത്. നമ്മുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇന്നിപ്പോള്‍ 74 വയസ്സായിരിക്കേ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴും 56 തന്നെയായി തുടരുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമാണ്. കുറച്ചുകാലം കൂടി സേവനം ചെയ്യുവാന്‍ തങ്ങള്‍ തയ്യാറാണെന്നും അശരണര്‍ക്കു നല്‍കേണ്ട സൗജന്യം തങ്ങള്‍ക്ക് ആ നില കൈവരുമ്പോള്‍ മതിയെന്നും ആരോഗ്യമുള്ള ഒരു സമൂഹം സ്വമേധയാ പറയുമ്പോള്‍ അവരെ അതിനനുവദിക്കാതിരിക്കുന്നത് വിവേകശൂന്യതയാണ്. വികസിത രാഷ്ട്രങ്ങളിലൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60-ല്‍ നിന്നും 65-ല്‍ നിന്നും പിന്നെയും ഉയര്‍ത്താന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ 60 വയസ്സിനുപോലും തയ്യാറാകാതിരിക്കുന്നത്.

അതേ സമയം, പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തിയാലും രണ്ടു വര്‍ഷത്തേക്ക് നിയമനങ്ങള്‍ക്ക് കുറവുണ്ടാവുകയില്ലെന്ന വാദം തികച്ചും വസ്തുതാവിരുദ്ധമാണ്. രണ്ടു വര്‍ഷത്തേക്ക് വിരമിക്കല്‍ ഇല്ലാതാവുക എന്നതിനര്‍ത്ഥം ആ കാലയളവില്‍ ഒഴിവുകളുണ്ടാവുന്നില്ല എന്നുതന്നെ. പലവിധ തര്‍ക്കങ്ങളില്‍പ്പെട്ട് നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളില്‍ എത്രയെണ്ണം കുരുക്കഴിച്ച് നിയമനം നടത്താനാവുമെന്നതും, പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിക്കപ്പെടും എന്നതും ആയിരിക്കാം തൊഴിലന്വേഷകരുടെ സാധ്യത നിര്‍ണയിക്കുക. പെന്‍ഷന്‍പ്രായം എപ്പോള്‍ ഉയര്‍ത്തുന്നുവോ ആ ഘട്ടത്തില്‍ തൊഴില്‍ അന്വേഷകരായിട്ടുള്ള അഥവാ ആ സന്ദര്‍ഭങ്ങളില്‍ നിയമനം ലഭിക്കുമായിരുന്നവരെയാണ് ആ നടപടി ഏറ്റവും പ്രതികൂലമായി ബാധിക്കുക. ജോലിയില്‍ പ്രവേശിക്കുവാന്‍ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നു എന്നു മാത്രമല്ല 56 വയസിനുള്ളില്‍ മുന്‍പ് കിട്ടുമായിരുന്നത്ര തന്നെ സേവന കാലമായിരിക്കും ഇവര്‍ക്ക് 58 വയസില്‍ വിരമിക്കുമ്പോള്‍ ലഭ്യമാവുക. ഫലത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ സര്‍വ്വീസിലിരിക്കുന്നവരായിരിക്കും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ്.

അതേ പോലെ തന്നെ സര്‍വ്വീസിലിരിക്കുന്നവരില്‍ 45 – 52 വയസിനകത്തു നില്‍ക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റം രണ്ടു വര്‍ഷം വൈകുന്നതിനോടു സമരസപ്പെടേണ്ടിവരും. മുന്‍പ് 55 വയസിനുള്ളില്‍ കിട്ടാമായിരുന്ന സ്ഥാനക്കയറ്റങ്ങള്‍ ഇവര്‍ക്ക് അധികമായി കിട്ടുന്ന രണ്ടു വര്‍ഷത്തിനകത്തേ (കിട്ടാമായിരുന്നതിലും രണ്ടു വര്‍ഷം വൈകിയേ) ലഭിക്കുകയുള്ളു. എങ്കിലും അധിക സര്‍വ്വീസ് കാലയളവ് ഏതായാലും മെച്ചം തന്നെ എന്നതിനാല്‍ മൊത്തത്തില്‍ ഇവര്‍ക്ക് നഷ്ടമൊന്നുമില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ തീരുമാനിക്കപ്പെടുന്നഘട്ടത്തില്‍ 54 – 55 -56 വയസിനടുത്തു നില്‍ക്കുന്നവരായിരിക്കും പ്രസ്തുത നടപടിയുടെ ഏറ്റവും വലിയ നേട്ടം കൊയ്യുന്നത്. ഇക്കൂട്ടര്‍ക്ക് കാലാകാലങ്ങളില്‍ കിട്ടേണ്ടിയിരുന്ന സ്ഥാനക്കയറ്റങ്ങള്‍ യഥാസമയം ലഭിക്കുകയും ഇപ്പോള്‍ അധികമായി കിട്ടുന്ന രണ്ടു വര്‍ഷത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് സേവനമനുഷ്ഠിക്കാനും അവസരം ലഭിക്കുന്നു. 

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന്റെ ഗുണം ഏറിയപങ്കും ഒരു വിഭാഗം മാത്രം കൈക്കലാക്കാതിരിക്കുവാനും ആഘാതം ഒരു കൂട്ടര്‍ക്കുമാത്രമാവാതിരിക്കുവാനും, നയംമാറ്റം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് പരിഹാരം, അഞ്ചുവര്‍ഷ കാലയളവിനിടെ പെന്‍ഷന്‍ പ്രായം ഓരോ വയസുയര്‍ത്തുക; ഒപ്പം ഇങ്ങനെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷങ്ങളില്‍ അപേക്ഷ അയക്കുവാന്‍ പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വയസിളവു നല്‍കുകയും ചെയ്യുക.

ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 65 വയസില്‍ നിന്ന് 68 വയസായി ഉയര്‍ത്തുന്നതിന് തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥcpടെ ജനന തീയതിക്കനുസൃതമായി ക്രമേണ മാറ്റം വരുന്ന രീതിലാണ് വര്‍ദ്ധനവ് വിഭാവന ചെയ്തിരിക്കുന്നത്. ഫലത്തില്‍ പെന്‍ഷന്‍ പ്രായം ഏറെക്കുറെ, 2020 – 2024 നിടയില്‍ 66 വയസായും 2034-ല്‍ 67 വയസായും 2044-ല്‍ 68 വയസായും ഉയര്‍ത്തുത്തുന്ന രീതിയിലാണ് തീരുമാനം. സമാനമായ രീതിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നമുക്കും വിഭാവന ചെയ്യാവുന്നതാണ്. ഉദാ: ഇപ്പോള്‍ (2012- മുതല്‍) 56 വയസ്, 2017-ല്‍ 57 വയസ്, 2022-ല്‍ 58 – 2027- ല്‍ 59, 2032- ല്‍ 60 വയസ് എന്നിങ്ങനെ. അതു കഴിഞ്ഞുള്ള 25 വര്‍ഷത്തില്‍ 60-ല്‍ നിന്ന് 65 വയസായി ഉയര്‍ത്തുന്നതും ഇപ്പോഴേ ധാരണയാകാവുന്നതാണ്. (2037-ല്‍ 61, 2042-ല്‍ 62, 2047-ല്‍ 63, 2052-ല്‍ 64, 2057-ല്‍ 65 എന്നിങ്ങനെ) നമ്മളും ‘ഘട്ടം ഘട്ടം’ എന്നു പറഞ്ഞതുകൊണ്ടായില്ല. ഒരു സുപ്രഭാതത്തില്‍ 58 ആയും പിന്നീട് ഖജനാവ് ശോഷിക്കുന്ന മറ്റൊരവസരത്തില്‍ 60 ഉം ആക്കുന്നത് ഘട്ടം ഘട്ടം ആവില്ല.

പെന്‍ഷന്‍ തീയതി ഏകീകരണത്തിലൂടെ 2009-ല്‍ വിരമിക്കല്‍ ഒരു വര്‍ഷത്തോളം വൈകിപ്പിച്ചപ്പോള്‍ സര്‍ക്കാരിനു മിച്ചം പിടിക്കാനായത് 1000 കോടിയിലേറെ രൂപയാണ്. പെന്‍ഷന്‍ പ്രായം അഞ്ചു വര്‍ഷത്തിനിടെ ഒരു വര്‍ഷം വീതം വര്‍ദ്ധിപ്പിച്ചാല്‍ ഓരോ സര്‍ക്കാറിനും അഞ്ചു വര്‍ഷത്തിനിടെ കുറഞ്ഞത് ഇത്രയും തുക മിച്ചം പിടിക്കാനാവുമെന്ന് വ്യക്തം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നീക്കി ബാക്കി ഇതിലുമേറെയുണ്ടാവും. ദിശാബോധമുള്ള ഒരു സര്‍ക്കാറിന് ഈ തുക ക്രിയാത്മകമായി വിനിയോഗിച്ചാല്‍ അഞ്ചു വര്‍ഷത്തിനിടെ (കുറയുന്ന) 15000-20000 തൊഴിലവസരങ്ങക്ക് പകരം പുതു അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞേക്കാം.

സംസ്ഥാനത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 44.4 വയസു മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ 55 വയസിലെങ്കിലും അടിത്തൂണ്‍ നല്‍കുകയെന്നത് ഒരു സാമൂഹിക ആവശ്യമായിരുന്നു എന്നതിലാണ് 1967-ലെ ഇ എം എസ് സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം 58-ല്‍ നിന്ന് 55 ആയി കുറച്ചത്. അല്ലാതെ തൊഴിലവസങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനായിരുന്നില്ല. ശരാശരി ആയുര്‍ദൈര്‍ഘ്യം ഏറെ വര്‍ദ്ധിച്ചിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുകയാണ് ഇന്നത്തെ സാമൂഹിക ആവശ്യം. പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വെയിലെ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും, മറ്റുപല സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍പ്രായം നിലവിലുള്ളപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രം ഇത് നിഷേധിക്കപ്പെടുന്നതിന് ന്യായീകരണവുമില്ല.

പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് തൊഴിലവസരങ്ങള്‍ കുറയ്ക്കും എന്ന വസ്തുത നിരാകരിക്കുന്നത് അര്‍ഥശൂന്യമാണ്. ഒപ്പം പെന്‍ഷന്‍ പ്രായം ഉയര്‍ത്താതിരിക്കുന്നതിലൂടെ ക്രമാതീതമായി വര്‍ധിക്കുന്ന പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിനു വഹിക്കാനാവില്ലെന്നതും ഒരേപോലെ അംഗീകരിക്കേണ്ടതു തന്നെ. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷനുവേണ്ടി ചെലവിടേണ്ടിവരുന്ന അവസ്ഥ സാമ്പത്തിക പ്രതിസന്ധിക്കു വഴിവയ്ക്കാതിരിക്കണമെങ്കില്‍ ഇനിയെങ്കിലും സര്‍ക്കാരുദ്യോഗസ്ഥരെ ആവുന്നത്ര കൂടുതല്‍ കാലം പണിയെടുപ്പിച്ച് ബാധ്യതാകാലം (പെന്‍ഷന്‍) കാലം കുറയ്ക്കണം.

പെന്‍ഷന്‍ പ്രായവും സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന രീതിയില്‍ കൂട്ടിക്കുഴയ്ക്കുന്നതാണ് വിഷയം സങ്കീര്‍ണ്ണമാക്കുന്നത്. തൊഴിലവസരങ്ങള്‍ക്കായി സൃഷ്ടിക്കേണ്ടവയല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥ തസ്തികകള്‍. മറിച്ച് സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനാവശ്യമായത്ര ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെടുകയാണ്. ഇക്കൂട്ടര്‍ക്ക് അധ്വാനശേഷി ഉണ്ടായിരിക്കുമ്പോള്‍തന്നെ അവരെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ വഴിയൊരുക്കി അതിലൂടെ ഏറെ ബാധ്യത വരുത്തിവയ്ക്കുന്നത് ഒട്ടും അഭിലഷണീയമല്ല. മനുഷ്യന്റെ ക്രിയാശേഷി, പ്രവര്‍ത്തിപരിചയം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക ഇടപെടലുകള്‍ എന്നീ കാര്യങ്ങളും സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതകളും പരിഗണിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആക്കി നിലനിര്‍ത്താനാവില്ല.

തൊഴില്‍ അന്വേഷകരും (അഥവാ യുവജനങ്ങള്‍) ഉദ്യോഗസ്ഥരും തമ്മില്‍ വിഷയത്തില്‍ സമവായമുണ്ടായാലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട്. ഒരു കൂട്ടരുടെ അവസരം, മറുകൂട്ടര്‍ക്ക് അവസര നിഷേധമാണെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ സമവായത്തിലെത്തുക എന്നു പറയുന്നത് എത്രത്തോളം പ്രായോഗികകമാണെന്ന് കണ്ടറിയണം. സര്‍ക്കാറുദ്യോഗസ്ഥരുടെ ആവശ്യം എന്നതിലുപരി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് എന്ന നിലയ്ക്കു സാമൂഹിക പ്രാധാന്യം പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് കൈവന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും നിയമസഭാ തെരെഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ അത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുമോ എന്നതും കണ്ടറിയണം.

വൈകാരിക തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനാലാണ് പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഒളിച്ചുകളിക്കേണ്ടിവരുന്നതും യാഥാര്‍ഥ്യ ബോധത്തോടെയുള്ള തീരുമാനം കൈക്കൊള്ളുവാന്‍ പ്രതിബന്ധങ്ങളുണ്ടാകുന്നതും. ദീര്‍ഘകാല പദ്ധതിയായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് ധാരണയാവുകയാണ് ഒളിച്ചുകളിയേക്കാള്‍ അഭിലഷണീയം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഒരുനാള്‍ ഒറ്റയടിയ്ക്ക് നാലഞ്ചു വര്‍ഷം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേ പറ്റൂ എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ ചെന്നെത്തുകയും തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ വൈഷമ്യങ്ങകള്‍ സൃഷ്ടിക്കുകയും ചെയ്യും. ചെറിയ തോതിലെങ്കിലുമുള്ള വര്‍ദ്ധനവിന് ഇക്കാലമത്രയും മടിച്ചു നിന്നതാണ് പെന്‍ഷന്‍പ്രായം ഇപ്പോള്‍ രണ്ടു വര്‍ഷമെങ്കിലും ഒറ്റയടിയ്ക്ക് ഉയര്‍ത്തുക എന്ന സമ്മര്‍ദ്ദത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നത് മറക്കാതിരിക്കാം.

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍