UPDATES

വിദേശം

71 വര്‍ഷം മുന്‍പ് വേര്‍പെട്ടു; ഒടുവില്‍ 91കാരിയായ അമ്മയെ മകള്‍ കണ്ടെത്തി

Avatar

റിക്ക് നോക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“പ്രിയപ്പെട്ട അമ്മേ, എന്റെ പേര് മാര്‍ഗോട്ട് ബാക്ക്മാന്‍ എന്നാണ്. ഞാന്‍ നിങ്ങളുടെ മകളാണ്. 1944 ഒക്ടോബര്‍ 25ന് ഹൈഡല്‍ബര്‍ഗില്‍ വെച്ച് ജനിച്ചവള്‍. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ കുടുംബത്തോട് നിങ്ങളെപ്പറ്റി അന്വേഷിച്ചു. ആരും എനിക്ക് ഉത്തരം തന്നില്ല. ഒരിക്കല്‍ക്കൂടി ഒന്നുവന്നു കെട്ടിപ്പിടിക്കാനായി നിങ്ങളെ കാണണം എന്നുണ്ടായിരുന്നു. അവസാനം നിങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ എനിക്കുള്ള സന്തോഷത്തിന് അതിരില്ല.”

ജര്‍മ്മന്‍ പൌരയായ മാര്‍ഗോട്ട് ബാക്ക്മാന്‍ അവളുടെ ഇറ്റാലിയന്‍ അമ്മയ്ക്ക് എഴുതിയതായി ടെലഗ്രാഫില്‍ പ്രസിദ്ധീകരിച്ച കത്തില്‍ നിന്നാണ് ഈ വരികള്‍. കഴിഞ്ഞയാഴ്ച ബാക്ക്മാന്‍ അവരുടെ തൊണ്ണൂറ്റിയൊന്നുകാരി അമ്മയെ കണ്ടു. അമ്മ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇറ്റാലിയന്‍ ഗ്രാമമായ നോവലാരയില്‍ വെച്ചാണ് നീണ്ട എഴുപത്തൊന്നു വര്‍ഷത്തിനുശേഷമുള്ള ഈ പുനസമാഗമം ഉണ്ടായത്.

“കഴിഞ്ഞയാഴ്ച കണ്ടത് ഒരു അത്ഭുതത്തില്‍ കുറഞ്ഞയൊന്നുമല്ല”, ഇന്റര്‍നാഷണല്‍ ട്രെയിസിംഗ് സര്‍വീസിന്റെ പ്രതിനിധി ഫ്രെഡറിക്ക് ഷാര്‍ലു പറയുന്നു. റെഡ്ക്രോസിന്റെ നേതൃത്വത്തിലുള്ള ഈ സംഘടനയാണ് മുറിഞ്ഞുപോയ കുടുംബക്കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ പലരെയും സഹായിച്ചിട്ടുള്ളത്.

“നാസിക്കാലത്ത് വേര്‍പിരിഞ്ഞുപോയവര്‍ ഇക്കാലത്ത് തിരികെ കണ്ടെത്തുക എന്നത് അപൂര്‍വമാണ്. പല നാസിക്കാല വ്യക്തികളും മരിച്ചുകഴിഞ്ഞു”, ഷാര്‍ലു കൂട്ടിച്ചേര്‍ത്തു. സംഘടനയ്ക്ക് പലപ്പോഴും ആളുകളെ പിന്‍തലമുറയിലെ ബന്ധുക്കളുമായി മാത്രമാണ് ബന്ധിപ്പിക്കാന്‍ കഴിയാറുള്ളത്.

ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗിലാണ് ബാക്ക്മാന്റെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാക്റ്ററിയില്‍ ജോലി ചെയ്യാന്‍ എത്തി ലേബര്‍ ക്യാംപിലേയ്ക്ക് നിര്‍ബന്ധിതമായി ചേര്‍ക്കപ്പെട്ടയാളാണ് അവരുടെ അമ്മ. ഒരു ജര്‍മ്മന്‍ പടയാളിയാണ് അന്ന് ഇരുപതുകാരിയായിരുന്ന അവരെ ഗര്‍ഭിണിയാക്കിയത്. കുട്ടിയെ കൈവശം വയ്ക്കാന്‍ അവകാശം ലഭിക്കാതെ അധികൃതര്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു അവര്‍.

കുട്ടികള്‍ക്കായുള്ള ഒരു താമസസ്ഥലത്താണ് മാര്‍ഗോട്ട് ബാക്ക്മാന്‍ താല്‍ക്കാലികമായി വളര്‍ന്നത്. അധികം വൈകാതെ ജര്‍മ്മന്‍ പടയാളിയുടെ കുടുംബം അവരെ ദത്തെടുത്തു. യുദ്ധാനന്തര പ്രശ്നങ്ങള്‍ ഇറ്റാലിയന്‍ അമ്മയെയും മകളെയും കൂടുതല്‍ അകറ്റി. കുട്ടി മരിച്ചുവെന്ന ധാരണയില്‍ സ്ത്രീ പിന്നീട് ഇറ്റലിക്ക് തിരിച്ചുപോയി.

മാര്‍ഗോട്ട് ബാക്ക്മാന്‍ എന്ന പേരില്‍ വളര്‍ന്ന മകള്‍ ജീവിച്ചിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ജര്‍മ്മന്‍ അച്ഛന്‍ ഒരുപക്ഷെ അമ്മയെ അന്വേഷിക്കുന്നത് അയാളുടെ ജീവിതകാലം മുഴുവന്‍ അയാള്‍ വിലക്കിയിരുന്നിരിക്കണം. അമ്മ മരിച്ചെന്നു വിശ്വസിപ്പിക്കാനായിരുന്നു അച്ഛന്റെ താല്പ്പര്യമെങ്കിലും ബാക്ക്മാന് ആദ്യം മുതല്‍ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. “ഇത് സത്യമല്ല എന്ന് കുട്ടിയായിരുന്നപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു”, അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അച്ഛന്റെ മരണശേഷമാണ് അന്വേഷണം തുടങ്ങാന്‍ ബാക്മാന്‍ തീരുമാനിച്ചത്. “എന്റെ അമ്മ ആരായിരുന്നുവെന്നും ഞങ്ങള്‍ ഒരേ സ്വഭാവക്കാരാണോ എന്നും ഒക്കെ അറിയാനും ചില ഫോട്ടോകള്‍ കാണാനാകുമോ എന്നും ഒക്കെ എനിക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അമ്മയെ കെട്ടിപ്പിടിക്കാനാകുമെന്നു പ്രതീക്ഷിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടത് പോലുമില്ല. അമ്മ സുഖമായിരിക്കുന്നതിലും തമ്മില്‍ അറിയാന്‍ കഴിഞ്ഞതിലും ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു”, ബാക്മാന്‍ പറയുന്നു.

യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ മുഴവന്‍ പേര്‍ കണ്ടെത്തിയ ബാക്ക്മാന്‍ ഇന്റര്‍നാഷണല്‍ ട്രെയിസിംഗ് ഏജന്‍സിയോട് സഹായമാവശ്യപ്പെട്ടു. മുപ്പത് മില്യന്‍ രേഖകളുള്ള ഒരു ഡാറ്റാബേസില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

“ഭാഗ്യവശാല്‍ അമ്മ ഇക്കാലമത്രയും സ്വന്തം നാട്ടില്‍ നിന്ന് താമസം മാറ്റിയിരുന്നില്ല.”, ലോറ ബാസ്റ്റ്യനെറ്റോ എന്നാ ഇറ്റാലിയന്‍ റെഡ്ക്രോസ് വക്താവ് പറഞ്ഞു. “ഞങ്ങള്‍ക്ക് അതിവേഗം അവരെ കണ്ടെത്താനായി. മകളെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി ജീവിച്ചിരുന്ന അമ്മയ്ക്ക് ഇനിയുള്ള കാലം മകളോടൊപ്പം കഴിയാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍