UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോ: ശീമാട്ടിക്കുവേണ്ടി പുതിയ കരാര്‍

കൊച്ചി മെട്രോയ്ക്കുവേണ്ടി എംജി റോഡില്‍ ശീമാട്ടി ടെക്‌സ്‌റ്റൈല്‍സിന്റെ 32 സെന്റ് ഭൂമി ഏറ്റെടുത്ത കരാറില്‍ റവന്യൂ വകുപ്പിന്റെ തിരിമറി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) മറ്റു ഭൂവുടമകളും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമാണ് ശീമാട്ടിക്കുവേണ്ടിയുള്ള വ്യവസ്ഥകളെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. റവന്യൂ വകുപ്പിനുവേണ്ടി എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യവും ശീമാട്ടിയുടെ ബീനാ കണ്ണനും ആണ് അന്തിമ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

ആദ്യ കരാറിലെ വിവരം അനുസരിച്ച് ഇവിടെ സംസ്ഥാന തല ഉന്നതാധികാര സമിതി സെന്റിന് 52 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. എന്നാല്‍ ശീമാട്ടിയുമായുള്ള അന്തിമ കരാറില്‍ ഭൂവുടമയ്ക്ക് സെന്റിന് 80 ലക്ഷം രൂപ ലഭിക്കും. കൂടാതെ ശീമാട്ടിയില്‍ നിന്നും ഏറ്റെടുത്ത ഭൂമി മെട്രോയുടെ ഉപയോഗത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ വ്യവസ്ഥയും മറ്റു ഭൂവുടമകളുമായുള്ള കരാറില്‍ ഇല്ലാത്തതാണ്.

മെട്രോയ്ക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മെട്രോ റെയില്‍ ഇതര റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

ശീമാട്ടിയുമായുള്ള കരാര്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വന്ന് വിവാദമായതോടെ കരാര്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കെ എം ആര്‍ എല്‍ സര്‍ക്കാരിന് കത്തയച്ചു. കൂടുതല്‍ ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ഭൂവുടമയുടെ അവകാശത്തിന് നിയമസാധുത നല്‍കുന്നത് കെ എം ആര്‍ എല്ലിന് തിരിച്ചടിയാകുമെന്ന് കത്തില്‍ പറയുന്നു. ശീമാട്ടിയുമായി കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് വ്യവസ്ഥകളെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് കെ എം ആര്‍ എല്‍ ഉദ്യോഗസ്ഥരുടെ വാദം.

കെ എം ആര്‍ എല്‍ കത്ത് നേരിട്ട് കൈമാറിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും അത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്നാണ് കളക്ടര്‍ രാജമാണിക്യം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍