UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

ഭൂപടങ്ങളിലില്ലാത്ത പ്രവാസങ്ങള്‍; ദീപക് ഉണ്ണികൃഷ്ണന്റെ ‘Temporary People’ വായിക്കുമ്പോള്‍

ദീപക് ഉണ്ണികൃഷ്ണൻ എന്ന നോവലിസ്റ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്ന ഒരു കൃതി കൂടിയാണിത്; തികച്ചും പ്രതീക്ഷ നൽകുന്ന ഒന്ന്

പുസ്തകം: Temporary People (നോവല്‍, ഇംഗ്ലീഷ്)
ദീപക് ഉണ്ണികൃഷ്ണന്‍
പ്രസിദ്ധീകരണം: Restless Book, Brooklyn, New York
വില: amazon.in: Rs. 550/-, Kindle: Rs. 399/-

പ്രവാസി എന്ന വാക്ക് മലയാളിയുടെ പര്യായമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ചിന്തകളിൽ വരുന്ന ആദ്യകാര്യമാണ് പ്രവാസം. ഞാൻ വളർന്ന പരിസരങ്ങളിലെ വീടുകളിൽ എപ്പോഴും ഒരാളെങ്കിലും പ്രവാസിയായിരുന്നു. അവർ – സുഹൃത്തോ, ബന്ധുവോ, പരിചയക്കാരോ – ഒരു ദിവസം നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷനാകുകയും പോകെപ്പോകെ അയാളുടെ അസാന്നിധ്യം സ്വഭാവികമാവുകയും ചെയ്യുന്നു. പിന്നെ വേറൊരാളെ കാണാതാകുന്നു. പിന്നെയൊരുപക്ഷേ നമ്മൾ തന്നെ. അവരുടെ (നമ്മുടെ) മടങ്ങിവരവിൽ കൂട്ടത്തിൽ വേറെയാരെങ്കിലും ഇതുപോലെ നാടുവിട്ടു പോയിട്ടുണ്ടാവും, പിന്നെയുള്ള കാലം ഇതിന്റെ ആവർത്തനമാണ്. ഇങ്ങനെ താത്ക്കാലികമായി ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെടുകയും എവിടെയും വേരുറക്കാതെ പോകുകയും ചെയ്യുന്ന ആളുകളാണ് എന്റെ നാടിന്റെ മുഖച്ഛായ മാറ്റിയത് എന്നാലോചിക്കുമ്പോൾ സന്തോഷമാണോ ദു:ഖമാണോ തോന്നേണ്ടത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

പുരുഷന്മാരാണ് എപ്പോഴും അപ്രത്യക്ഷരാകുന്നത്, സ്ത്രീകളല്ല എന്നത് ഒരു പക്ഷെ എന്റെ നാടിൻറെ മാത്രം പ്രത്യേകതയായിരിക്കണം. അത് കൊണ്ടുവരുന്ന മറ്റു സങ്കീർണ്ണതകളുണ്ട്. മിക്കപ്പോഴും ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞവർ, മക്കളുടെ വിദ്യാഭ്യാസവും വീട്ടുകാര്യങ്ങളും ഒറ്റക്ക് നടത്തേണ്ടിവരുന്നവർ എന്നുള്ള നിലകളിൽ ഇവരുടെ സ്ത്രീകളുടെ ജീവിതവും തകിടം മറയുന്നു. മതവും സദാചാരവും മറ്റു സാമൂഹ്യചുറ്റുപാടുകളും എല്ലാം ചേർന്ന് ഒരു പ്രവാസ കുടുംബത്തിന്റെ ജീവിതം പലപ്പോഴും ഒരു കടങ്കഥയായി മാറുന്നു. വേറെ ഒരു പ്രദേശത്ത് ഈ കാര്യങ്ങൾ വേറിട്ട രീതിയിലായിരിക്കാം നടക്കുന്നത്. എന്നാൽ സങ്കീർണ്ണത എന്നത് പൊതുവായതാണ്. ഒരു വ്യക്തി മാത്രമല്ല ഇത്തരം ഒരു ജീവിതശൈലിയോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നത്, ഒരു സമൂഹം തന്നെ എന്നതാണ് പ്രധാനപ്പെട്ട കാര്യം. പ്രവാസ സാഹിത്യവും നമുക്കന്യമല്ല. അടുത്തകാലത്തായി അത്തരം പുസ്തകങ്ങളുടെ ഒരു കുത്തൊഴുക്ക് മുഖ്യധാരയിലുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ‘ആടു ജീവിത’ത്തിന്റെ വിജയത്തിന് ശേഷം. എന്നാൽ പോലും വ്യക്തിഗത ആഖ്യായികകളല്ലാതെ ഒരു സമൂഹം (അല്ലെങ്കിൽ അതിന്റെ ഒരു വലിയ ഭാഗമോ) മുഴുവൻ ഇത്തരത്തിൽ താത്ക്കാലിക താമസക്കാരാകുന്നതിനെപ്പറ്റി അധികമാരും ലോക സാഹിത്യത്തിൽ തന്നെ പറഞ്ഞു വെച്ചിട്ടില്ല എന്നു തോന്നുന്നു.

ദീപക് ഉണ്ണികൃഷ്ണന്റെ ‘Temporary People’ എന്ന നോവലിൽ പ്രവാസി എന്ന വാക്കിന്റെ അർത്ഥം വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു ഭാഗമുണ്ട് (“Nalinkakshi” എന്ന കഥയിൽ). “Pravasi means foreigner, outsider. Immigrant, worker. Pravasi means you’ve left your native place. Pravasi means you’ll have regrets.” എന്നിങ്ങനെ പോയിപ്പോയി ഒരു കഥാപാത്രമെത്തിച്ചേരുന്ന വാക്കാണ് ‘absence’. സത്യത്തിൽ പ്രവാസജീവിതങ്ങളെ വിലയിരുത്താൻ ഇതിലും ശക്തിയേറിയ ഒരു പദം ഉപയോഗിക്കാൻ കഴിയില്ല എന്ന് തോന്നുന്നു. ശരാശരി ദൈർഘ്യമുള്ള (272 പേജുകൾ), ആക്ഷേപഹാസ്യവും നർമ്മവും അബ്‌സേഡിറ്റിയും മലയാള, ഹിന്ദി പദങ്ങളുടെ നിരന്തര ഉപയോഗവും എല്ലാം ചേർന്ന ഈ നോവലിന്റെ പാരായണക്ഷമതയുടെ ഒരു കാരണം എഴുത്തുകാരന്റെ ഇത്തരത്തിലെ സൂക്ഷ്മനിരീക്ഷണപാടവമാണ്. ദീപക് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ ഇതൊരു ആദിമധ്യാന്തപൊരുത്തമുള്ള നോവലായല്ല എഴുതപ്പെട്ടിരിക്കുന്നത് – കുറെ കഥകൾ മൂന്ന് ഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് (ഇവ മൂന്നായി തിരിക്കുന്നതിനും പ്രത്യേകിച്ച് മാനദണ്ഡങ്ങൾ പാലിച്ച പോലെ തോന്നിയില്ല).

സാധാരണക്കാരായ മലയാളികളുടെ ഗൾഫ് ജീവിതമാണ് മിക്കവാറും കഥകളുടെ ആധാരം. എന്നാൽ പലതും ഋജുവായി പറഞ്ഞു പോവുകയല്ല. ആദ്യ കഥയിൽ (“Gulf Return”) തന്നെ ഒരു ലേബർ കാമ്പിൽ ഒരാൾ തന്റെ പാസ്പോര്‍ട്ട് വിഴുങ്ങി സ്വയം ഒരു പാസ്പോർട്ടാവുകയാണ്. മറ്റൊരാൾ ഒരു സ്യൂട്ട്കേസാകുന്നു. മൂന്നാമതൊരാൾ ഇവ രണ്ടുമെടുത്ത് എയർപോർട്ടിൽ എത്തുന്നു. അവിടെ വച്ച് ജീവൻ വെക്കുന്ന പെട്ടിയും പാസ്പോർട്ടും ചുറ്റുമുള്ളതിനെയൊക്കെ വിഴുങ്ങുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ആലോചിക്കുന്നത് ഇത്തരം സന്ദർഭത്തിൽ എന്തുതരം പ്രോട്ടോകോൾ ആണ് പിന്തുടരേണ്ടത് എന്നാണ്. അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുന്നെ ഇവർ മൂവരും വിമാനവുമായി കടന്നു കളയുന്നു.

നോവലിന്റെ തുടക്കത്തിൽ ഒരു ഗൾഫ് നഗരത്തിലെ കെട്ടിടങ്ങൾ പണിത് തീർത്തവരെപ്പറ്റി പറയുന്നുണ്ട് (കഥ മൊത്തം യുഎഇയിലാണ് നടക്കുന്നത്, അവിടെ വിദേശികൾക്ക് സ്ഥിരവാസം നിയമങ്ങളിലെ പലവിധ നൂലാമാലകൾ പ്രയാസമാണ്, പ്രവാസികളെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ താത്ക്കാലികക്കാരാണ് – അതിൽ നിന്നായിരിക്കണം നോവലിന്റെ പേരും). കെട്ടിടത്തിന്റെ ചില്ലുകൾ തുടച്ചുമിനുക്കി കഴിഞ്ഞാൽ, ലിഫ്റ്റുകളും എലിവേറ്ററുകളും പ്രവർത്തനക്ഷമമായാൽ, പ്ലംബിങ് പണികളെല്ലാം കഴിഞ്ഞാൽ അതുണ്ടാക്കിയ തൊഴിലാളികൾ നിന്നനിൽപ്പിൽ മാഞ്ഞുപോവാൻ തുടങ്ങുന്നു. അവർ ചിലപ്പോൾ പ്രേതങ്ങളെപ്പോലെ, അദൃശ്യരായി കെട്ടിടങ്ങൾക്കുള്ളിൽ അലയുകയും ചിലപ്പോൾ നിലതെറ്റി താഴെ വീഴുകയും ചെയ്തുകൊണ്ടിരിക്കും എന്നൊരാൾ എഴുത്തുകാരനോട് പറയുന്നു (“Limbs”).

കെട്ടിടത്തിൽ നിന്ന് വീണ് ചിതറിപ്പോകുന്ന ആളുകളെ കണ്ടുപിടിച്ച് തിരിച്ചു കൂട്ടിച്ചേർക്കുന്ന ജോലി ചെയ്യുന്ന അന്നാ വർഗ്ഗീസിന്റെ കഥയാണ് “Birds”. അവൾ കണ്ടെത്തുന്ന ഇഖ്ബാൽ എന്ന യുവാവ് അവളോട് പല കഥകൾ പറയുകയാണ് – അവസാനത്തെ കഥ ഒരു സ്വപ്‍നത്തെപ്പറ്റിയാണ്. അതിൽ ഇഖ്‌ബാലും കുടുംബവും ഒരു കെട്ടിടത്തിന്റെ മേലെ നിൽക്കുകയാണ് – അവർക്കെല്ലാം ചിറകുമുളച്ചിട്ടുണ്ട്, പക്ഷികളുടേതുപോലുള്ള നഖങ്ങളും. അതുപയോഗിച്ച് കെട്ടിടത്തിന്റെ മുകൾഭാഗം കോർത്തുപിടിച്ച് അതുമായി അവരെല്ലാം പറക്കാൻ ശ്രമിക്കുകയാണ്.

ഇന്റർനെറ്റ് വരുന്നതിനുമുന്നെ നാട്ടിലുള്ളവരോട് സംസാരിക്കാൻ ആളുകൾ ആശ്രയിച്ചിരുന്ന ഫോണുകളെപ്പറ്റിയാണ് വേറൊരു കഥ (“Fone” – സ്പെല്ലിങ് ശ്രദ്ധിക്കുക. ഇത്തരത്തിലെ കൗതുകങ്ങൾ പലയിടത്തുണ്ട്, ചാപ്റ്ററിനു Chabter എന്നാണ് പേരിട്ടിരിക്കുന്നത്, ഉച്ചാരണത്തെ കളിയാക്കാനായി). “The fone’s main purpose was teleportation. A man could use the fone to talk to his wife, and as his wife cried softly into the neighbor’s phone, her husband would hover over her, like a giant bee, seeing his wife cry like that, feeling satisfied that his wife could cry like that, content that he could see her cry like that, even though she wouldn’t be able to see him, or even know that he was there, so close he could see the dirt on the back of her neck. And he was so happy he could see her cry like that.”. നാട്ടിലെ സംഭവങ്ങൾ പ്രത്യേകിച്ച് സദാചാര വിഷയങ്ങൾ നാട്ടിലുള്ളവർ അറിയുന്നതിനുമുന്നെ ഗൾഫിലുള്ളവർ അറിയുമെന്നാണ് പറയുക. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ സ്വന്തമായാലും മറ്റുള്ളവരുടെയായാലും മലയാളിക്ക് ജിജ്ഞാസ ഒടുങ്ങില്ലല്ലോ. ഫോൺ ഒരേ സമയം ആശ്വസിക്കാനും ആസ്വദിക്കാനും ഉള്ള ഉപാധിയായി മാറുന്നു.

മലയാളി ജോലിക്കാർക്കുള്ള ഡിമാൻഡ് കൂടിയേക്കും എന്ന് കരുതി അവരെ കൃഷി ചെയ്തെടുക്കാനൊരുങ്ങുന്ന മൂസ എന്ന മലയാളി ശാസ്ത്രജ്ഞൻ വേറൊരു കഥയിൽ വരുന്നു (“In Mussafah Grew People”). നിശ്ചിതകാലം ജോലിചെയ്താൽ മരിച്ചുപോകുന്ന പ്രോട്ടോടൈപ്പുകളെ ഉണ്ടാക്കി വിജയിച്ചതിനുശേഷം അയാൾ രഹസ്യമായി “MALLUS (Malayalees Assembled Locally and Lovingly Under Supervision)” അഥവാ ടിന്നിലടച്ച മലയാളികളെ ഉണ്ടാക്കുകയാണ്. അവർ സാധാരണ മലയാളികളുമായി ഇടപഴകി ജീവിക്കുന്നതിനാൽ ആരും അറിയുന്നില്ല. എന്നാൽ അവർ സമരം ചെയ്ത് അവിടത്തെ സർക്കാരിനെ അട്ടിമറിച്ച് “മല്ലു ലാൻഡ്” ഉണ്ടാക്കാൻ ശ്രമിക്കുന്നതോടെ അധികാരികൾ പ്രൊജക്റ്റ് നിർത്തിവെപ്പിക്കുന്നു. നമ്മൾ പലപ്പോഴായി ഗൾഫിലെ വലിയ മലയാളി സാന്നിധ്യത്തെക്കുറിച്ചു കേട്ടിട്ടുള്ള തമാശയെ വേറൊരു രീതിയിൽ അവതരിപ്പിക്കുകയാണ് കഥാകാരൻ.

ഇത്തരത്തിലുള്ള spins ആണ് പലപ്പോഴും കഥകളെ പാരായണയോഗ്യമാക്കുന്നത്. ചിലവ അൽപ്പമൊക്കെ പരാജയപ്പെടുന്നുമുണ്ട് (രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള (“Sarama”). എന്നാൽപ്പോലും ഇത്തരത്തിലുള്ള എല്ലാ കഥകളെയും ഒരൊറ്റ ആശയത്തിലേക്ക് -Displacement – ചേർത്തുവെക്കാൻ നോവലിസ്റ്റിനാകുന്നുണ്ട്. അർത്ഥം അറിയാതെ ഭാഷ പഠിക്കേണ്ടി വരുന്ന കുട്ടിയെപ്പറ്റിയുള്ള ചെറുകഥ അത്തരത്തിലൊന്നാണ് (“Tongue. Flesh”). ഒരു അപ്പാർട്മെന്റിൽ നടക്കുന്ന ബാലപീഡനത്തെക്കുറിച്ചന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന് കുറ്റവാളി ഒരു എലിവേറ്റർ ആണെന്ന് അറിയുമ്പോൾ അത്ഭുതം അടക്കാനാകുന്നില്ല. ദൃക്‌സാക്ഷിയോട് സംസാരിക്കുമ്പോൾ അതിവിചിത്രമായ കഥയാണ് കേൾക്കാൻ കഴിയുന്നത് – ചിലപ്പോൾ കടം വാങ്ങിയ ആളുകൾ അന്വേഷിച്ചു വരുമ്പോൾ രക്ഷപ്പെടാനായി അവരുടെ അച്ഛൻ കുട്ടികളെ കാഴ്ചവെക്കുന്നുണ്ടാകാം, അല്ലെങ്കിൽ കുട്ടികൾ ചെയ്യുന്ന എന്തോ കുറ്റം ഒളിക്കാനായി അവർ തന്നെ മെനഞ്ഞ കഥയാകാം. നോവലിലെ ഏറ്റവും മികച്ച ഒന്നാണ് “Mistubishi” എന്ന ഈ കഥ.

സ്വവർഗ്ഗഭോഗത്തിന് പിടിക്കപ്പെടുന്ന ഗൾഫ് മുകുന്ദൻ എന്ന കഥാപാത്രമാണ് “******” എന്ന കഥയിൽ. അയാൾ മകനോട് സത്യം പറയാതിരിക്കാൻ ശ്രമിക്കുകയാണ്. താനൊരു കെട്ടിടമായി പാർട്ട് ടൈം ജോലി ചെയ്യുമായിരുന്നു എന്ന് അച്ഛൻ പറയുമ്പോൾ തനിക്കും അതുപോലൊന്നാവണം എന്നാഗ്രഹിക്കുകയാണ് മകൻ. ഒരു കഥയിൽ (“Ivday (Here). Avday (There)”) വിദേശത്തുള്ള മകനോട് സംസാരിക്കുകയാണ് അമ്മ. അവടെ ഇവടെ എന്ന രണ്ടു വാക്കുകൾ (അതേപോലെ തന്നെ) ഉടനീളം ഉപയോഗിച്ചിട്ടുണ്ട് ഇതിൽ. അതുണ്ടാക്കുന്ന ഇമ്പാക്ട് വലുതാണ് – അൽപ്പം കഴിയുമ്പോൾ ദൂരം, അകൽച്ച, വിരഹം തുടങ്ങി നാനാവിധ അർഥങ്ങൾ വരുന്ന മാന്ത്രിക വാക്കുകളായി അവ മാറുന്നു.

ഫ്ളാറ്റിലെ പാറ്റകളെ കൊല്ലാൻ ഒരുങ്ങുന്ന ഒരു കുട്ടി അവറ്റയ്ക്കൊരു നേതാവുണ്ടെന്നും ഗൾഫിലെ ഫ്‌ളാറ്റുകളിൽ കേൾക്കുന്ന പല ഭാഷകളിലെ വാക്കുകൾ പഠിച്ചെടുത്ത് അവർ സ്വന്തമായി ഒരു ഭാഷ തന്നെ നിർമ്മിച്ചിട്ടുണ്ടെന്നും മനസിലാക്കുന്ന കഥയുമുണ്ട് കൂട്ടത്തിൽ (“Blatella Germanica”). ഭാഷ പഠിക്കുക മാത്രമല്ല പ്രതിരോധത്തിന് ഒരുങ്ങുകയുമാണ് പാറ്റകൾ. മെറ്റഫർ ഉപയോഗിക്കുന്നതിൽ ദീപക് നോവലിലുടനീളം വിജയിച്ചിട്ടുണ്ട്. പല കഥകളിലും അയാളുടെ ഒളിഞ്ഞു നിന്നുള്ള ചിരി കാണാം.

പലപ്പോഴും വായിക്കാൻ അത്ര എളുപ്പമൊന്നുമല്ല ഈ പുസ്തകം. എന്നാൽ അത് തീമുകളുടെ പ്രത്യേകതയല്ല മറിച്ച്, ദീപക് തുടർച്ചയായി ഉപയോഗിക്കുന്ന മാജിക്കൽ റിയലിസം, അബ്‌സഡിറ്റി തുടങ്ങിയ സങ്കേതങ്ങളുടെ ആധിക്യം മൂലമാണ്. കേവലാസ്വാദനം ലക്ഷ്യമാക്കി വായിക്കുന്ന ഒരാൾക്ക് ഈ നോവൽ നിരാശയായിരിക്കും തരുന്നത്. എന്നാൽ അനേകം കഥാപാത്രങ്ങളുള്ളപ്പോഴും, അവരെല്ലാം സാധാരണ പ്രവാസജീവിതത്തതിൽ കണ്ടുമുട്ടുന്നവരാകുന്ന ഒരു ലാളിത്യം ഈ നോവലിനുണ്ട് – എല്ലാ കഥകളെയും ബന്ധിപ്പിക്കുന്ന മനുഷ്യരുടെ വേദനയും നിസ്സഹായതയും അന്യതാ ബോധവും വായനക്കാരനെ സ്പർശിക്കും. പരീക്ഷണാത്മകമായ ഒന്നെന്ന നിലയിൽ നോവൽ വിജയമാണ്. അതിൽ പറയുന്ന കഥകൾ ഇതുവരെ നമ്മൾ അച്ചടിച്ച് വായിച്ചിട്ടില്ല എന്നേ ഉണ്ടാവൂ – നമുക്ക് പരിചിതമാണ് അവയെല്ലാം.

കൂട്ടത്തിൽ, ദീപക് ഉണ്ണികൃഷ്ണൻ എന്ന നോവലിസ്റ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്ന ഒരു കൃതി കൂടിയാണിത്. തികച്ചും പ്രതീക്ഷ നൽകുന്ന ഒന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍