UPDATES

വിദേശം

ധനികരായ പരാഗ്വേക്കാര്‍ക്ക് കുട്ടികളെ വീട്ടുജോലിക്കായി ഇനി ‘ദത്തെടുക്കാം’

Avatar

സിമിയോണ്‍ ടെഗെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

തന്നെ എന്തിനാണ് പത്തുവയസില്‍ ഒരു ഉയര്‍ന്ന മധ്യവര്‍ഗകുടുംബത്തിന് കൊടുത്തത് എന്ന് ടിന അല്‍വരേംഗ ഒരിക്കലും അമ്മയോട് ചോദിച്ചില്ല. പരാഗ്വേയുടെ തലസ്ഥാനത്ത് വിട്ടുപണിയുടേയും നാണക്കേടിന്റെയും പരുക്കന്‍ ജീവിതമായിരുന്നു അവളെ  വരവേറ്റത്.

അവള്‍ക്ക് ഏഴു സഹോദരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രസീല്‍ അതിര്‍ത്തിയിലെ പോര്‍ട്ടോകസാഡോ എന്ന പൊടിപിടിച്ച ഗ്രാമത്തില്‍ അവളുടെ ആദിവാസി മാതാപിതാക്കള്‍ക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ അവളെ വില്‍ക്കേണ്ടിവന്നു.

പുതിയ വീട്ടില്‍ അവള്‍ നിരവധി മാനസികപീഡനങ്ങള്‍ക്ക് ഇരയായി. അന്നത്തെ അന്ധാളിപ്പ് ഇപ്പോഴും വേദനിപ്പിക്കുന്നു, ഇപ്പോള്‍ യൂണിസെഫ് കണ്‍സള്‍ട്ടന്‍റ്റും ആദിവാസി അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആക്റ്റിവിസ്റ്റുമായ അമ്പത്തിരണ്ടുകാരി അല്‍വരേംഗ പറയുന്നു.

“ഈചോദ്യം മനസ്സില്‍ നിന്ന് പോകില്ല, ജീവിതകാലം മുഴുവന്‍ ഞാന്‍ അതേപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കും”, അവര്‍ പറയുന്നു.

അല്‍വരേംഗയുടെ അനുഭവം പരാഗ്വേയില്‍ സാധാരണമാണ് എന്നതാണ് ഒരു ദുരന്തം. ക്രിയദാസ്ഗോ (criadazgo) എന്നറിയപ്പെടുന്ന ബാലവേലയുടെ കൊളോണിയല്‍കാല സമ്പ്രദായം ഇന്നും നിലനില്‍ക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ അവസാന സ്ഥലങ്ങളില്‍ ഒന്നാണ് പരാഗ്വേ. ദരിദ്രരായ ഗ്രാമീണകുടുംബങ്ങള്‍ ധനികനാഗരിക കുടുംബങ്ങളിലേക്ക് തങ്ങളുടെ കുട്ടികളെ അനൌദ്യോഗികമായി ദത്ത് നല്‍കും. ഈ സമ്പ്രദായം പെറുവിലും ഹെയ്ത്തിലും ചെറിയ തോതില്‍ കാണാം.


അല്‍വരേംഗ 

2011ലെ പരാഗ്വേയുടെ ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് 46,993 കുട്ടികളാണ് ക്രിയാഡോസായി ജീവിക്കുന്നത്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെടും. രാജ്യത്തിന്റെ കുട്ടികളുടെ ജനസംഖ്യയുടെ രണ്ടര ശതമാനമാണിത്. ഇവരില്‍ ചിലര്‍ അഞ്ച് വയസുമാത്രം പ്രായമുള്ളവര്‍. കുടുംബങ്ങള്‍ തമ്മില്‍ വാക്ക് കൊണ്ടുള്ള ഉടമ്പടി പ്രകാരം ഈ കുട്ടികള്‍ (മിക്കവാറും തന്നെ ആദിവാസിക്കുട്ടികള്‍) ചെയ്യുന്ന വീട്ടുപണിക്ക് പകരമായി അവര്‍ക്ക് ഭക്ഷണവും സംരക്ഷണവും വിദ്യാഭ്യാസവും ലഭിക്കണം. എന്നാല്‍ ആക്റ്റിവിസ്റ്റുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ പലരും വീട്ടുജോലികള്‍ ചെയ്യാനായി സ്കൂളില്‍ പോകാറില്ലെന്നും മോശം സാഹചര്യങ്ങളില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നുമാണ്.

ചില മുന്‍ ക്രിയാഡോസ് അല്‍വരേംഗയുടെ രീതിയില്‍ ജീവിതവിജയം നേടാറുണ്ട്. എന്നാല്‍ പലരും തെരുവില്‍ ഇറങ്ങുകയാണ് ചെയ്യുന്നത്.

“ഒരു ക്രിയഡോയെ തിരിച്ചറിയാന്‍ എളുപ്പമാണ്. അവര്‍ പഴയ ഉടുപ്പുകള്‍ ധരിക്കും, മുടി പറ്റെ വെട്ടിയിരിക്കും, കുടുംബത്തില്‍ നിന്ന് മാറിയിരുന്നാവും അവര്‍ ഭക്ഷണം കഴിക്കുക. സ്വന്തം കുട്ടികള്‍ പ്രൈവറ്റ് സ്കൂളില്‍ പോകുമ്പോള്‍ ഇവര്‍ സര്‍ക്കാര്‍ സ്കൂളിലാകും പോവുക.”, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍ഫന്‍ഷ്യ എന്ന എന്‍ജിഓയുടെ മേധാവി മാര്‍ത്ത ബെനിറ്റെസ് പറയുന്നു.

“സ്കൂളില്‍ പോകാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് കുട്ടികളായിരിക്കാന്‍ കഴിയുന്ന ഏകസ്ഥലം സ്കൂളാണ്. എന്നാല്‍ അവിടെയും നേരത്തെ എണീറ്റ്‌ വീട്ടുപണി ചെയ്ത് തളര്‍ന്നത് കൊണ്ട് അവര്‍ ക്ഷീണിതരായിരിക്കും.”അവര്‍ തുടരുന്നു.

പരാഗ്വേ സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന ഈ സമ്പ്രദായം ദേശീയശ്രദ്ധ നേടിയത് കഴിഞ്ഞ ജനുവരിയില്‍ കരോലിന മാരിന്‍ എന്ന പതിനാലുകാരി ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ദമ്പതികളുടെ അടിയേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ്.

ഈ സമ്പ്രദായത്തെ അപലപിച്ചുകൊണ്ട് അന്ന് ദേശീയ കോണ്‍ഗ്രസ് പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ നിയമനിര്‍മ്മാതാക്കള്‍ കൃത്യമായി എഴുതിയത് “പീഡനാത്മക ക്രിയാദാസ്ഗോ” എന്നാണ്.

“ബാലപീഡ ആരും ന്യായീകരിക്കുന്നില്ല, എന്നാല്‍ ക്രിയാദാസ്‌ഗോ നിരോധിക്കാനും വയ്യ”, ഭരണകക്ഷിയായ കൊളറാഡോ പാര്‍ട്ടിയിലെ ബെര്‍നാര്‍ഡോ വില്ലാല്‍ബ പറയുന്നു. “ഇതൊരു ദേശീയരീതിയാണ്. ദാരിദ്ര്യം ഇല്ലാതാക്കണമെങ്കില്‍ ഇനിയും പല തലമുറകള്‍ കഴിയണം. അതിനിടെ നല്ല ഒരു ജീവിതത്തിനായി ഈ കുട്ടികള്‍ക്ക് മുന്നില്‍ തുറക്കുന്ന വഴി നമുക്ക് അടയ്ക്കാന്‍ കഴിയില്ല.”

എന്നാല്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബെര്‍നാര്‍ഡോ പുയെന്തെ ഇതിനോട് യോജിക്കുന്നില്ല. “നിങ്ങള്‍ ദാരിദ്ര്യവും അവസരങ്ങളുടെ കുറവും പരിഹരിക്കണം,പക്ഷെ അത് ഈ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റികൊണ്ടല്ല. ഞാന്‍ ഇന്നുവരെ ഒരു ക്രിയാഡോയും ഈ രീതി നല്ലതാണെന്ന് പറഞ്ഞുകേട്ടിട്ടില്ല.”

പീഡനങ്ങള്‍ ഒന്നും ഇല്ലെങ്കിലും വാക്കാലുള്ള ഉടമ്പടി പാലിക്കപ്പെട്ടാലും അതിന്റെ പരിണതഫലം ഭീകരമായിരിക്കും. അല്‍വരേംഗയുടെ അവസ്ഥ അങ്ങനെയാണ്.

“നിങ്ങള്‍ക്ക് വേരുകള്‍ നഷ്ടപ്പെടും, നിങ്ങളുടെ സ്വത്വബോധം നഷ്ടപ്പെടും. നിങ്ങള്‍ ഒരിക്കലും പുതിയ കുടുംബത്തിന്റെ ഭാഗമാകില്ല. അവര്‍ അങ്ങനെ പറയുമെങ്കിലും നിങ്ങളെ അങ്ങനെ പരിഗണിക്കില്ല.”

പല കുട്ടികളും സ്നേഹക്കുറവ് മാത്രമല്ല അനുഭവിക്കുന്നത്. ചിലര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പുതിയ വീടുകളില്‍ നിന്ന് ഇറങ്ങേണ്ടിവരുന്നു. പുവെന്‍തെ പറയുന്നത് പരാഗ്വേയിലെ കൌമാര വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ പലരും മുന്‍ ക്രിയാഡോസാണ് എന്നാണ്.

പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ പ്രശ്നങ്ങള്‍ അനുഭവിക്കുക. ആണ്‍കുട്ടികള്‍ പുറംജോലികള്‍ ചെയ്യുകയും പതിയെ ഒരു തൊഴില്‍ പഠിക്കുകയും ചെയ്യുന്നത് കൊണ്ട് അവര്‍ വീടിനുപുറത്തുള്ള ജോലിക്ക് പ്രാപ്തരാകുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ പുതിയ വീടിന്റെ ബന്ധനത്തില്‍ നിന്ന് വെളിയില്‍ പോകുന്നതേയില്ല.

ഒരു മനുഷ്യക്കടത്ത് പ്രോസിക്യൂട്ടര്‍ ആയ തെരേസ മാര്‍ട്ടിനെസ് പറയുന്നത് ഈ സമ്പ്രദായത്തെ നിലനിര്‍ത്തുന്നത് ഒരു നിയമത്തിലെ വിടവാണ് എന്നാണു. ആന്റി-സ്ലേവറി നിയമങ്ങള്‍ ആവശ്യപ്പെടുന്ന പ്രത്യേകതരം തെളിവുകള്‍ ക്രിയാദാസ്‌ഗോ കേസുകളില്‍ പലപ്പോഴും കാണാറില്ല.

“ഇത് ഞങ്ങളുടെ കൈ കെട്ടിയിടുന്നത് പോലെയാണ്. ഈ സമ്പ്രദായത്തെ അതിന്‍റെ പേരില്‍ തന്നെ കുറ്റകരമാക്കിമാറ്റിയാലേ ഇത് തെറ്റാണ് എന്നും സ്വീകാര്യമല്ല എന്നും സമൂഹം തിരിച്ചറിയൂ.”

പരാഗ്വേയുടെ ശിശുക്ഷേമ മന്ത്രാലയം ഇപ്പോള്‍ ചെയ്യുന്നത് അത് തന്നെയാണ്. ഈ സമ്പ്രദായം നിയമവിരുദ്ധമാക്കാനുള്ള ഒരു ബില്‍ തയ്യാറാക്കുകയാണവര്‍. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ ഉണ്ട്. പീഡകരും ദരിദ്രരായ കുട്ടികളെ സഹായിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവരെയും എങ്ങനെ തിരിച്ചറിയും എന്നതാണ് ഒരു പ്രശ്നം. ആദ്യപടി ഒരുപക്ഷെ ഒരു ഒഫീഷ്യല്‍ കണക്കില്‍ ഈ കുട്ടികളുടെ പേര്‍ ചേര്‍ക്കുക എന്നതാകും.  

കുട്ടികള്‍ കൂട്ടമായി തെരുവില്‍ ഇറങ്ങുന്ന അവസ്ഥയും ഈ നിയമം വരുമ്പോള്‍ ഇല്ലാതാകും. കുട്ടികളെ പുറത്താക്കുന്നത് എട്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.

അടുത്ത വര്‍ഷം തുടക്കത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശകന്‍ ഏണസ്റ്റോ ബെനിറ്റെസ് പറയുന്നത്.

അല്‍വരേംഗ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. എട്ടു വര്‍ഷം അവര്‍ അഞ്ചുമണിക്ക് ഉണര്‍ന്ന് അന്‍പതുകാരായ റിട്ടയര്‍ട് ആര്‍മി മേജര്‍ക്കും ഫ്രഞ്ച് അദ്ധ്യാപികയായ ഭാര്യയ്ക്കും വേണ്ടി പ്രാതല്‍ ഉണ്ടാക്കിയിരുന്നു. കുട്ടികള്‍ വളര്‍ന്നതിനു ശേഷമാണ് അവര്‍ ദത്തെടുത്തത്.

“ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടില്ല, പക്ഷെ എനിക്ക് എപ്പോഴും പേടിയായിരുന്നു” അവര്‍ പറയുന്നു.

വൈകുന്നേരങ്ങളില്‍ അവര്‍ വീട് വൃത്തിയാക്കി, അത്താഴം ഉണ്ടാക്കി ദമ്പതികള്‍ക്ക് വിളമ്പിക്കൊടുത്തുകൊണ്ട് അരികില്‍ നിന്നു. അവള്‍ക്ക് ഓറഞ്ചും പഴവും കഴിക്കാമായിരുന്നുവെങ്കിലും പഴക്കൂടയിലെ മറ്റൊന്നും തൊടാന്‍ അനുവാദമുണ്ടായിരുന്നില്ല.

ഇടയ്ക്കിടെ ബെല്‍റ്റ്‌ കൊണ്ട് അടി കിട്ടിയിരുന്നു.

ഏകആശ്വാസം മേജര്‍ അവളെ അയാളുടെ സ്വകാര്യഗ്രന്ഥശാല ഉപയോഗിക്കാന്‍ അനുവദിച്ചു എന്നതാണ്. വായിച്ചതിനെപ്പറ്റി അയാള്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും അവളോടുള്ള തണുപ്പന്‍ സമീപനത്തിന് കുറവുണ്ടാക്കിയില്ല. സഹോദരി മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മേജറുടെ ഭാര്യയുടെ പ്രതികരണം അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

“എന്തിന്? അവള്‍ മരിച്ചല്ലോ?” സ്ത്രീ അല്‍വരേംഗയോട് പറഞ്ഞു.

പുതിയ നിയമം വന്നുകഴിഞ്ഞാല്‍ നേരെ കാണാവുന്ന ബാലപീഡകള്‍ മാത്രമല്ല ഇത്തരം പീഡകളില്‍ നിന്നുകൂടി വരുംതലമുറകള്‍ രക്ഷപെടും എന്നവര്‍ പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍