UPDATES

സിനിമ

ആറ്റന്‍ബറോ: സിനിമ സംവാദമാകണമെന്നും വിയോജിപ്പുകള്‍ സൃഷ്ടിക്കണമെന്നും ആഗ്രഹിച്ച ചലച്ചിത്രകാരന്‍

Avatar

ആഡം ബേണ്‍സ്റ്റീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശിശു സഹജമായ മുഖഭാവം കാരണം കിട്ടിയ ‘മാനസിക രോഗികളുടെയും കുഞ്ഞു കുസൃതികളുടെയും’ വേഷം മടുത്ത റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന നടന്‍ സംവിധാനത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ‘ഗാന്ധി’ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതിന് അക്കാദമി അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്തു. ഞായറാഴ്ച ലണ്ടനില്‍ വച്ച് നിര്യാതനാകുമ്പോള്‍ അദ്ദേഹത്തിന് 90 വയസായിരുന്നു.

1982ല്‍ ‘ഗാന്ധി’ നിര്‍മ്മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്‍റെ സിനിമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഭുസ്ഥാനം സമ്മാനിതനായ അദ്ദേഹം, ബ്രിട്ടണിലെ ഏറ്റവും പ്രതിഭയുള്ള ശ്രദ്ധേയനായ നടനായാണ് വിലയിരുത്തപ്പെടുന്നത്.

യുദ്ധകാല നായകര്‍ (‘ദ ഗ്രേറ്റ് എസ്‌കേപ്പ്,’ 1963), ഉന്മാദികളായ ഭീരുക്കള്‍ (‘ഇന്‍ വിച്ച് വീ സര്‍വ്,’ 1942), സാധുക്കളായ ലണ്ടന്‍ നിവാസികള്‍ (‘സിയാന്‍സ് ഓണ്‍ എ വെറ്റ് ആഫ്റ്റര്‍ന്യൂണ്‍,’ 1964), ക്രൂരന്മാരായ കവര്‍ച്ചക്കാര്‍ (‘ബ്രിംഗ്ടണ്‍ റോക്ക്,’ 1947) തുടങ്ങിയ വൈവിദ്ധ്യപൂര്‍ണമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് വിളംബരം ചെയ്തു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ജുറാസിക് പാര്‍ക്ക്,’ (1993) ലെ ദിനോസറിന്റെ ഡിഎന്‍എ ക്ലോണ്‍ ചെയ്‌തെടുക്കുന്ന ശാസ്ത്രജ്ഞന്റെ വേഷത്തില്‍ അദ്ദേഹം പുതിയ തലമുറയുടെ ആരാധന നേടിയെടുത്തു. 

ഒരു ചലച്ചിത്രകാരന്റെ ക്രിയാത്മക സ്ഥിരോത്സാഹത്തിന് എക്കാലത്തെയും വലിയ തെളിവായി വാഴ്ത്തപ്പെടുന്ന ‘ഗാന്ധി’ യിലൂടെയാവും അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. ഈ പദ്ധതിക്കായി 20 വര്‍ഷത്തെ കാത്തിരിപ്പാണ് അദ്ദേഹം നടത്തിയത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ, അഹിംസയുടെ വക്താവായിരുന്ന, വധിക്കപ്പെട്ട മോഹന്‍ദാസ് കെ ഗാന്ധിയുടെ ദൈര്‍ഘ്യമുള്ള കഥ ആരും കാശുമുടക്കി കാണില്ലെന്ന നിര്‍മ്മാതാക്കളുടെ സന്ദേഹത്തെയും തനിക്ക് മറ്റ് പ്രതിബന്ധങ്ങള്‍ക്കൊപ്പം മറികടക്കേണ്ടതായി വന്നുവെന്ന് ആറ്റന്‍ബറോ വെളിപ്പെടുത്തിയിട്ടുണ്ട്. 1963ല്‍ പുറത്തിറങ്ങിയ, ഹോര്‍സ്റ്റ് ബുച്ചോള്‍സ് ഗാന്ധിയുടെ ഘാതകനായി അഭിനയിച്ച, ‘നയന്‍ ഹവേഴ്‌സ് ടു രാമ,’ എന്ന ഹോളിവുഡ് ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. 

ആറ്റന്‍ബറോ ന്യൂസ് വീക്കിനോട് പറഞ്ഞു: ‘വിഷയത്തെ കുറിച്ച് അവര്‍ക്കെല്ലാം ഭയം ഉണ്ടായിരുന്നു. ഇത് പൂര്‍ണമായും വാണിജ്യ സാധ്യകള്‍ ഇല്ലാത്തതാണെന്ന് അവര്‍ അനുമാനിച്ചു. ഒരു പ്രമുഖ നടനെ കൊണ്ട് പ്രധാനവേഷം ചെയ്യിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും ഒരു താരത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടാവില്ലെന്ന് ഞാന്‍ ആത്യന്തികമായി ഉറപ്പിച്ചിരുന്നു. റിച്ചാര്‍ഡ് ബര്‍ട്ടണ്‍ ഗാന്ധിയുടെ വേഷം ചെയ്യുകയാണെങ്കില്‍ പണം മുടക്കാമെന്ന് ഒരുവസരത്തില്‍ പാരമൗണ്ട് (പിക്‌ച്ചേഴ്‌സ്) എന്നോട് പറയുക പോലും ഉണ്ടായി.’

എന്നാല്‍ റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയിലെ ആംഗ്ലോ-ഇന്ത്യന്‍ നാടക നടനായ ബെന്‍ കിംഗ്സ്ലിക്ക് പ്രധാന വേഷം നല്‍കണമെന്ന് ആറ്റന്‍ബറോ ശഠിച്ചു. കിംഗ്സ്ലിയുടെ പ്രകടനം അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിക്കൊടുക്കുകയും ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ തേരോട്ടം ആരംഭിക്കുകയും ചെയ്തു. ‘ഗാന്ധി’ എട്ട് ഓസ്‌കാറുകള്‍ നേടിയെന്നു മാത്രമല്ല വലിയ സാമ്പത്തിക വിജയമായി തീരുകയും ചെയ്തു. ‘ഉയര്‍ന്ന ബുദ്ധിയുടേയും ഉടനടിയുള്ള വൈകാരിക വിക്ഷുപ്തിയുടേയും മിശ്രണം,’ എന്ന് വിശേഷിപ്പിച്ച ന്യൂസ് വീക്കിലെ ജോക്ക് ക്രോള്‍ ഉള്‍പ്പെടെ നിരവധി വിമര്‍ശകരുടെ പ്രശംസയ്ക്കും ‘ഗാന്ധി’ ഹേതുവായി.

എന്നാല്‍ എല്ലാ വിമര്‍ശകരും ഇത്രയും കരുണയുള്ളവരായിരുന്നില്ല. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം വരച്ചുകാട്ടുന്ന കഠിനഹാരിയും ധാര്‍ഷ്ട്യം കലര്‍ന്നതുമായ ഒരു സമീപനമാണ് ചിത്രത്തിനെന്നായിരുന്നു പ്രധാന വിമര്‍ശനം. തന്റെ മക്കളെ ഉപേക്ഷിക്കുയും തന്റെ ബ്രഹ്മചര്യത്തിന്റെ ശക്തിയളക്കുന്നതിനായി പരസ്ത്രീകളെ കിടക്കയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതടക്കമുള്ള ഗാന്ധിയുടെ സങ്കീര്‍ണമായ വ്യക്തി ജീവിതത്തെ ശുദ്ധീകരിക്കാനുള്ള ശ്രമം ചിത്രം നടത്തിയെന്നതായിരുന്നു മറ്റൊരു വിമര്‍ശനം. 

എന്നാല്‍ ഇത്തരത്തിലുള്ള ‘വ്യക്തി സവിശേഷതകള്‍’ ഒഴിവാക്കേണ്ടത് ആവശ്യമായിരുന്നു എന്നാണ് ചിത്രത്തിന്റെ 22 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിനായി തന്റെ ജീവിത സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നീക്കി വച്ച ആറ്റന്‍ബറോയുടെ പക്ഷം. 

‘ഒരു കലാകേന്ദ്രത്തില്‍ ഏതാനും ആളുകള്‍ക്ക് വേണ്ടി മാത്രം പ്രദര്‍ശിപ്പിക്കുക എന്നൊരു ആഗ്രഹം എനിക്കില്ലായിരുന്നു,’ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ‘നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ മുടക്കി നിങ്ങള്‍ ഒരു ചലച്ചിത്രം നിര്‍മ്മിക്കുമ്പോള്‍, അതിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെല്ലാം ലോകത്തിലെ പൊതു മാധ്യമങ്ങളുടെ സംവേദന തലത്തില്‍ നിന്നുകൊണ്ടായിരിക്കണം.’ 

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ 1923, ആഗസ്റ്റ് 29നാണ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ ജനിച്ചത്. ഫ്രഡെറിക് ലെവി ആറ്റന്‍ബറോയുടെ മൂന്ന് പുത്രന്മാരില്‍ മൂത്തവനായിരുന്നു അദ്ദേഹം. ആംഗ്ലോ-സാക്‌സിക്കന്‍ നിയമത്തിന് ആധികാരിക ഭാഷ്യം ചമച്ച അദ്ദേഹത്തിന്റെ പിതാവ് ലീച്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ തലവനായിരുന്നു.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ബാസ്‌ക്യു അഭയാര്‍ത്ഥി കുട്ടികളെ സംരക്ഷിച്ചതും രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച വര്‍ഷങ്ങളില്‍ നാസി ജര്‍മനിയില്‍ നിന്നും ജൂതക്കുട്ടികളെയും അക്കാദമിക്കുകളെയും രക്ഷിക്കുകയും ചെയ്ത തന്റെ മാതാപിതാക്കള്‍ സൃഷ്ടിച്ച ‘വളരെ പുരോഗമനാത്മകമായ പശ്ചാത്തലമാണ്’ ലിബറല്‍ രാഷ്ട്രീയത്തിലുള്ള തന്റെ ദീര്‍ഘതാല്‍പര്യത്തിന് വിത്തുപാകിയതെന്ന് ആറ്റന്‍ബറോ ഓര്‍ക്കുന്നു.

ചെറുപ്പകാലത്ത് വെള്ളിത്തിരയില്‍ ചാള്‍സ് ചാപ്ലിന്റെ ‘ഗോള്‍ഡ് റഷ്’ ലെ പ്രകടനം കണ്ട കുട്ടി ‘ഡിക്കി’ ആറ്റന്‍ബറോ അഭിനയവുമായി പ്രണയത്തിലായി. 12 വയസായപ്പോഴേക്കും തന്റെ പള്ളിയില്‍ വ്യത്യസ്ഥ കലാപ്രകടനങ്ങളിലൂടെ അവന്‍ ശ്രദ്ധേയനായി. അമച്വര്‍ നാടകവേദിയിലെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ഇടപെടല്‍ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിക്കുന്നതിന് കാരണമായി. 

‘ഇന്‍ വിച്ച് വീ സര്‍വ്’ എന്ന ചിത്രത്തിന്റെ ഓഡിഷന് സ്‌കൂളിലെത്തിയ നോയല്‍ കോവാര്‍ഡ് പത്തൊമ്പതുകാരനായ ആറ്റന്‍ബറോയെ കണ്ടെത്തുകയും യുദ്ധത്തില്‍ മനസാന്നിധ്യം നഷ്ടപ്പെടുന്ന നാവികന്റെ ചെറുതെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന വേഷം നല്‍കുകയും ചെയ്തു. ചിത്രത്തിന്റെ തിരക്കഥ രചിച്ച കോവാര്‍ഡ്, ഡേവിഡ് ലീനിനൊപ്പം സംവിധാന പങ്കാളിയാവുകയും ചെയ്തിരുന്നു.

ഗ്രഹാം ഗ്രീനിന്റെ നോവലിനെ അധികരിച്ച് നിര്‍മ്മിച്ച ‘ബ്രിംഗ്ടണ്‍ റോക്ക്’ എന്ന ചിത്രം ആറ്റന്‍ബറോയ്ക്ക് വഴിത്തിരിവായി. ഒരു നിഷ്‌കളങ്ക യുവതിയെ ഇരയാക്കുന്ന കടല്‍ത്തീര റിസോര്‍ട്ട് പട്ടണത്തിലെ യുവഗുണ്ടയുടെ വേഷമായിരുന്നു ആറ്റന്‍ബറോയ്ക്ക് ഈ ചിത്രത്തില്‍. ആറ്റന്‍ബറോ ‘കത്തിക്കയറുകയായിരുന്നു,’ എന്ന് ന്യൂയോര്‍ക്ക് ടൈംസിലെ വിമര്‍ശകന്‍ ബോസ്ലെ ക്രോതര്‍ എഴുതി. ‘ദ ഷിപ്പ് ദാറ്റ് ഡൈഡ് ഓഫ് ഷെയിം’ (1955), ബ്രിട്ടണിലെ പരമ്പര കൊലയാളിയായിരുന്നു ജോണ്‍ റെജിനാള്‍ഡ് ക്രിസ്റ്റിയുടെ വേഷമിട്ട ’10 റിലിംഗ്ടണ്‍ പാലസ്’ (1971) തുടങ്ങിയ ചിത്രങ്ങളിലെ വക്രബുദ്ധിയായ കഥാപാത്രങ്ങളിലേക്ക് ബ്രിംഗ്ടണ്‍ റോക്കിലെ വേഷം ആറ്റന്‍ബറോയെ നയിച്ചു. 

നാടക ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം കളിച്ചതിന് റെക്കോര്‍ഡിട്ട അഗത ക്രിസ്റ്റിയുടെ സ്‌തോഭ നായകനായ ‘ദ മൗസ് ട്രാപ്പ്’ ലെ ഡിക്റ്റടീവ് സര്‍ജന്റ് ട്രോട്ടറുടെ വേഷം 1952ല്‍ അദ്ദേഹം അനശ്വരമാക്കി. ലണ്ടനില്‍ ഇപ്പോഴും കളിക്കുന്ന നാടകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനമുള്ള അദ്ദേഹത്തിന്റെ ഓഹരി, ‘ഗാന്ധി’ യുടെ മുതല്‍ മുടക്കിനെ വലിയ രീതിയില്‍ സഹായിച്ചു.

ക്രിസ്റ്റിയുടെ കൊലപാതക ദുരൂഹതകളില്‍ അദ്ദേഹത്തിന്റെ സഹനടിയായിരുന്നു ഷെയ്‌ല സിമ്മിനെ അദ്ദേഹം 1945ല്‍ വിവാഹം ചെയ്തു. അവരും രണ്ട് ചാര്‍ലറ്റ്, മിഖായേല്‍ എന്നീ രണ്ട് മക്കളുമടങ്ങുന്നതാണ് ആറ്റന്‍ബറോ കുടുംബം: കൂടാതെ പ്രമുഖ പ്രകൃതിവാദിയും ടിവി അവതാരകനുമായ ഡേവിഡ് ആറ്റന്‍ബറോ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും ജീവിച്ചിരിക്കുന്നു. 2004ല്‍ തെക്കന്‍ ഏഷ്യയിലുണ്ടായ സുനാമിയില്‍ അദ്ദേഹത്തിന്റെ പുത്രി ജെയ്‌നും ചെറുമകളും കൊല്ലപ്പെട്ടിരുന്നു. 

എന്നാല്‍ ശിശു സഹജമായ മുഖഭാവവും നേര്‍ത്ത നീണ്ട മുടിയും മെലിഞ്ഞ ശരീരവുമുള്ള ആറ്റന്‍ബറോയുടെ ‘ബ്രിഗ്ടണ്‍ റോക്ക്’ ലെ പ്രകടനം അദ്ദേഹത്തെ പരമ്പരാഗത നായക കഥാപാത്രങ്ങളില്‍ നിന്നും അകറ്റി നിറുത്തി. അങ്ങനെ അദ്ദേഹം പതുക്കെ ക്യാമറയുടെ പിന്നിലേക്ക് ചുവട് മാറ്റി. 

1960ല്‍ നടനും എഴുത്തുകാരനുമായ ബ്രെയാന്‍ ഫോര്‍ബ്‌സിനെ പങ്കാളിയാക്കി നിര്‍മിച്ച ‘ദ ആംഗ്രി സൈലന്‍സ്’ അദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയുടെ മധ്യത്തിലേക്ക് ഉയര്‍ത്തി. സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതിന് സഹപ്രവര്‍ത്തകരാല്‍ വേട്ടയാടപ്പെടുന്ന ഫാക്ടറി തൊഴിലാളികളുടെ സഹതാപാര്‍ഹമായ വേഷം ശക്തമായി കൈകാര്യം ചെയ്ത ആറ്റന്‍ബറോ ശ്രദ്ധ നേടി. ഒരു വര്‍ഷം മുമ്പ് പീറ്റര്‍ സെല്ലേഴ്‌സ് അഭിനയിച്ച വളരെ പൊതു ശ്രദ്ധ നേടിയ ട്രേഡ് യൂണിയന്‍ കോമഡിയായ ‘ഐ ആം ആള്‍ റൈറ്റ് ജാക്ക്’ (1959) ല്‍ അദ്ദേഹം അഴിമതിക്കാരനായ വ്യാപാരിയുടെ ചെറുവേഷം ചെയ്തിരുന്നു. 

1960കളുടെ തുടക്കത്തില്‍ വളരെ ശ്രദ്ധേയമായ കഥകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതില്‍ ഫോര്‍ബ്‌സ്-ആറ്റന്‍ബറോ ടീം വിജയിച്ചു. അമേരിക്കയില്‍ അപ്രതീക്ഷിത വിജയമായി മാറിയ ‘സിയാന്‍സ് ഓണ്‍ എ വെറ്റ് ആഫ്റ്റര്‍ന്യൂണ്‍’ ആയിരുന്നു ഇവയില്‍ ഏറ്റവും പ്രധാനം. സ്വന്തം ഭാര്യ പദ്ധതിയിടുന്ന ഒരു തട്ടിക്കൊണ്ട് പോകലിന് ഇരയാവുന്ന ഭീരുവായ മനുഷ്യന്റെ വേഷമായിരുന്നു ചിത്രത്തില്‍ ആറ്റന്‍ബറോയ്ക്ക്. അമേരിക്കന്‍ നടി കിം സ്റ്റാന്റലിയായിരുന്നു ഭാര്യയുടെ വേഷം അഭിനിയിച്ചത്. ആറ്റന്‍ബറോയുടെ പ്രകടനം ‘വശീകരണസിദ്ധി’ യുള്ളതാണെന്ന് റൊവാള്‍ഡ് ദാല്‍ വിശേഷിപ്പിച്ചു. 
‘രണ്ട് കഥാപാത്രങ്ങളില്‍ ഏറ്റവും നിരുപദ്രവകാരി അദ്ദേഹത്തിന്റെതാണ്,’ ദാല്‍ എഴുതി, ‘പക്ഷെ ഉദ്യേഗവും ദുര്‍വിധിയുടെ അന്തരീക്ഷവും മൂര്‍ച്ഛിപ്പിക്കുന്നതരത്തിലുള്ള ഒരു മാന്ത്രികത താന്‍ ചെയ്യുന്നതിലെല്ലാം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.’

അതുപോലെ, ‘ദൈനംദിന ജീവിതത്തിലുള്ള ചില ശരീര ഭാഷകളുടെ അതായത് സാര്‍വലൗകികമായ ചില ചലനങ്ങളെ ഒരിക്കലും സാധാരണല്ലാത്ത രീതിയില്‍ അദ്ദേഹത്തിന്റെ അനന്യ രീതിയില്‍,’ അവതരിപ്പിക്കാനുള്ള നടന്റെ പ്രതിഭയെ ചലച്ചിത്ര വിമര്‍ശകയായ ജൂഡിത് ക്രിസ്റ്റും പ്രകീര്‍ത്തിച്ചിട്ടുണ്ട്. 

ജര്‍മ്മന്‍ യുദ്ധ തടവുകാരുടെ ക്യാമ്പില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാപാത്രമായി സ്റ്റീവ് മക്വീനോടൊപ്പം ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ ല്‍ മാസ്മരിക പ്രകടനമാണ് ആറ്റന്‍ബറോ കാഴ്ച വയ്ക്കുന്നത്. 1920 കളിലെ ചൈനയില്‍ എത്തപ്പെടുന്ന അമേരിക്കന്‍ യുദ്ധകപ്പലിന്റെ കഥ പറയുന്ന ‘ദ സാന്റ് പെബിള്‍സ്’ (1966) എന്ന ചിത്രത്തില്‍ മക്വീന്റെ കൂട്ടുകാരനായും ആറ്റന്‍ബറോ തകര്‍ത്താടി. ജെയിംസ് സ്റ്റുവര്‍ട്ടിനൊപ്പം ഒരു മദ്യപനായ വിമാനം പറത്തല്‍കാരനായി ‘ദ ഫ്‌ളൈറ്റ് ഓഫ് ഫീനിക്‌സ്’ (1965) ല്‍ അദ്ദേഹം അഭിനയിച്ചു; ജോണ്‍ വെയ്‌നൊപ്പം ധിക്കാരിയായ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് ഉദ്യോഗസ്ഥനായി ‘ബ്രന്നിഗാന്‍’ (1975) എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു; ‘അതുപോലെ മറ്റൊന്ന് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ എന്ന് അദ്ദേഹം പാടിയ ‘ഡോക്ടര്‍ ഡോലിറ്റില്‍’ (1967) എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍ അത്യാഗ്രഹിയായ സര്‍ക്കസ് ഉടമയുടെ വേഷവും ശ്രദ്ധ നേടി. 

സമീപകാലത്ത്, താന്‍ യഥാര്‍ത്ഥ ക്രിസ് ക്രിംഗ്‌ളര്‍ ആണെന്ന് ഇടയ്ക്കിടെ അവകാശപ്പെടുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ സാന്താക്ലോസായി ‘മിറക്കിള്‍ ഓണ്‍ തേര്‍ട്ടിഫോര്‍ത്ത് സ്ട്രീറ്റ്’ എന്ന ചിത്രത്തിലാണ് ‘ജൂറാസിക് പാര്‍ക്ക്’ന് ശേഷം അദ്ദേഹം അഭിനയിച്ചത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

സുചിത്രാ… തേരെ ബിനാ സിന്ദഗി സെ കോയീ…
ഷുഗര്‍മാന്‍ – കെട്ടുകഥ പോലൊരു ജീവിതം
ഓര്‍മകളില്‍ ഒരു തിലകന്‍
നിങ്ങള്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നു, ഞാന്‍ മന്നാഡെ പാടുന്നത് കേള്‍ക്കുന്നു
ലോഹിതദാസ് : പാതയോരത്തെ സഞ്ചാരി

അദ്ദേഹം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളിലൊക്കെ മുന്തിയ നടന്മാരുടെ ഒരു വലിയ നിരയെ അവതരിപ്പിക്കുന്ന കാര്യത്തില്‍ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടിന്റെ മുന്‍ അധ്യക്ഷനായിരുന്നു ആറ്റന്‍ബറോ വീഴ്ച വരുത്തിയിട്ടില്ല. ലോറന്‍സ് ഒലിവര്‍ (‘ഓഹ്! വാട്ട് എ ലൗലി വാര്‍,’ 1969), ആന്റണി ഹോപ്കിന്‍സ് (‘ഷാഡോലാന്റ്‌സ്.’ 1993), ഡെന്‍സല്‍ വാഷിംഗ്ടണും കെവിന്‍ ക്ലീനും (‘ക്രൈ ഫ്രീഡം,’ 1987), റോബര്‍ട്ട് ഡൗണി ജൂനിയര്‍ (‘ചാപ്ലിന്‍,’ 1992), ഡിര്‍ക് ബോഗാര്‍ഡ് (‘എ ബ്രിഡ്ജ് ടൂ ഫാര്‍,’ 1977) എന്നിവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. 

സ്വയം വിശദീകരിക്കുന്ന ഒരാളുടെ സൃഷ്ടിയാണെന്നും ‘ബോധപൂര്‍വം ഉത്പത്തിഷ്ണുവാകാന്‍’ ശ്രമിച്ചതുമാണ് തന്റെ വര്‍ണവിവേചന വിരുദ്ധ സിനിമയായ ‘ക്രൈ ഫ്രീഡം’ എന്ന് സംവിധായകന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.

1976ല്‍ പ്രഭു പദവി ലഭിച്ച ആറ്റന്‍ബറോ, ടാറ്റെ ഗ്യാലറി, ചെല്‍സി ഫുട്ബോള്‍ ക്ലബ് തുടങ്ങിയ നിരവധി സംഘടനകളില്‍ സജീവമായിരുന്നു. എന്നാല്‍ ‘ഗാന്ധി’  അനിശ്ചിതമായി മാറ്റി വയ്ക്കപ്പെടേണ്ടി വരും എന്ന കാരണത്താല്‍ ലണ്ടനിലെ നാഷണല്‍ തിയേറ്ററിന്റെ അസോസിയേറ്റ് ഡയറക്ടറാവാനുള്ള ഒലിവറിന്റെ ക്ഷണം ഒരിക്കല്‍ അദ്ദേഹം നിഷേധിച്ചിരുന്നു.

‘ഗാന്ധി’ യിലൂടെ അദ്ദേഹം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ അഹിംസാത്മക സമാധാന സമ്മാനത്തിനും അര്‍ഹനായി. ‘സംവാദത്തിന്, എതിര്‍പ്പിന്, ദേഷ്യത്തിന് ഒക്കെ സിനിമ കാരണമാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ അതെപ്പോഴും മനുഷ്യരുടെ കാര്യങ്ങളുമായും മനുഷ്യരുടെ മാന്യതയുമായും ബന്ധപ്പെട്ടതായിരിക്കണം,’ അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍