UPDATES

വാര്‍ത്തകള്‍

മോദിക്ക് ‘വിജയമന്ത്രം ഓതിയ’ പ്രശാന്ത് കിഷോറിന് സജീവ രാഷ്ട്രീയത്തില്‍ പിഴയ്ക്കുന്നോ? ജെഡിയുവിന്‍റെ പ്രചാരണ നേതൃത്വത്തില്‍ നിന്ന് പിന്മാറി, പാര്‍ട്ടിയില്‍ ഭിന്നതയെന്ന് സൂചന

പാര്‍ട്ടിയിലെ ഭിന്നതയാണ് പ്രശാന്ത് കിഷോര്‍ പ്രചാരണ രംഗത്തുനിന്ന് പിന്മാറാന്‍ കാരണമെന്നാണ് സൂചന

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിജയ തന്ത്രങ്ങള്‍ തയ്യറാക്കി നല്‍കുന്നതില്‍ മികവ് കാട്ടി പ്രശസ്തനായവരില്‍ ആദ്യ പേരുകാരനാണ് പ്രശാന്ത് കിഷോര്‍. ഐക്യരാഷ്ട്ര സഭയില്‍ എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ എട്ട് വര്‍ഷത്തോളം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രങ്ങള്‍ പറഞ്ഞതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയത്. എന്നാല്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയ പ്രശാന്ത് കിഷോറിന് ഇക്കുറി കണക്കുകള്‍ തെറ്റുന്നതായാണ് സൂചന. പ്രചാരണത്തിന്റെ ചുമതലയില്‍ താനില്ലെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചു. പാര്‍ട്ടിയിലെ ഭിന്നത കാരണമാണ് ഇദ്ദേഹം വിട്ടുനിന്നതെന്നാണ് സൂചന.ഇതോടെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച പ്രശാന്ത് കിഷോറിന് സ്വന്തം പാര്‍ട്ടിയില്‍ പ്രചാരണകാലത്ത് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ലാതായി

കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നീതിഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയ്യാറാക്കിയാണ് പ്രശാന്ത് കിഷോര്‍ അദ്ദേഹവുമായി അടുത്തത്. ആ സൗഹൃദം പ്രശാന്ത് കിഷോറിനെ ജനതാദളിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. ഇതോടെ പാര്‍ട്ടിയിലെ മുറുമുറുപ്പും കൂടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആര്‍സിപി സിംങിനായിരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. രാജ്യസഭ അംഗവും മുതിര്‍ന്ന നേതാവുമായ ആര്‍സിപി സിംങിനെ മറികടന്ന് പ്രശാന്ത് കിഷോര്‍ ജനതാദളില്‍ രണ്ടാമത്തെ നേതാവായി മാറുന്നുവെന്ന കഴിഞ്ഞ കുറച്ചുകാലമായി വാര്‍ത്തയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍ അസ്വാരസ്യം ഒഴിവാക്കാന്‍ പ്രചാരണത്തിന്റെ നേതൃസ്ഥാനത്തുനിന്ന് പ്രശാന്ത് കിഷോര്‍ പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. ആര്‍സിപി സിംങിനെ ഒതുക്കുന്നതിനാണ് പ്രശാന്ത് കിഷോറിനെ ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു.

നിതീഷ്‌കുമാറിന്റെ അടുത്ത വിശ്വസ്തനായ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലെത്തിയതു മുതല്‍ പല മുതിര്‍ന്ന നേതാക്കളുടെയും കണ്ണിലെ കരടായി മാറിയിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടെന്ന് കരുതിയാണ് പ്രശാന്ത് കിഷോറിനെ മാറ്റിയതെന്നും സൂചനയുണ്ട്. യുവജനവിഭാഗത്തിന്റെയും ബിഹാറിന് പുറത്ത് പാര്‍ട്ടിയുടെ സഖ്യത്തെക്കുറിച്ചുള്ള ആലോചനകളുമാണ് കിഷോര്‍ കുമാറിന്റെ ഇപ്പോഴത്തെ പാര്‍ട്ടി ചുമതല.

എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശിലായതിനാലാണ് പ്രശാന്ത് കിഷോര്‍ പ്രചാരണ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് മറ്റൊരു വിശദീകരണം. ജഗ്മോഹന്‍ റെഡ്ഢിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനാണ് പ്രശാന്ത് കിഷോര്‍ ആന്ധ്രപ്രദേശിലുള്ളത്. ഇതിന് ശേഷം ശിവസേനയെ സഹായിക്കാന്‍ ഇദ്ദേഹം മുംബൈയിലേക്ക് പോകുമെന്നാണ് സൂചന.

2012 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചത്. ചായ് പെ ചര്‍ച്ച,3 ഡി റാലി തുടങ്ങി ശ്രദ്ധയാകര്‍ഷിച്ച മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ക്ക് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ ഉപദേശമായിരുന്നുവെന്നാണ് സൂചന. അതിന് ശേഷമാണ് അദ്ദേഹം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഇതാണ് ഇരുവരെയും അടുപ്പിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രശാന്ത് കിഷോര്‍ ജനതാദള്‍ യുണൈറ്റഡിന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിനുവേണ്ടിയും നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍