UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടുവഴക്കില്‍ നിന്ന്‍ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ മുലായത്തിന് കഴിയുമോ?

Avatar

അഴിമുഖം പ്രതിനിധി

കുടുംബവാഴ്ച്ച നിലനില്‍ക്കുന്ന പ്രാദേശിക കക്ഷികളിലെല്ലാം വീട്ടുവഴക്കും അധികാരതര്‍ക്കവും, പിളര്‍പ്പുകളിലേക്കും പിരിഞ്ഞുപോക്കുകളിലേക്കും നയിക്കാറുണ്ട്.

 

ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയില്‍, സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് സഹോദരന്‍ ശിവ്പാല്‍ സിംഗ് യാദവിന്റെ ആഗ്രഹത്തെ മറികടന്ന് മകന്‍ അഖിലേഷ് യാദവിന് മുഖ്യമന്ത്രി പദം കൈമാറിയതോടെ പ്രശ്നങ്ങള്‍ പുകയാന്‍ തുടങ്ങിയിരുന്നു.

 

പക്ഷേ എല്ലാ തീരുമാനങ്ങളും അന്തിമമായി എടുക്കുന്ന മുലായം ഇവര്‍ക്കിടയിലെ പ്രശ്നങ്ങളെ ഒതുക്കിയും തള്ളിക്കളഞ്ഞും മധ്യസ്ഥനായും സമാധാനദൂതനായും ഒക്കെ തുടരുകയായിരുന്നു ഇതുവരെ. 

 

പല സന്ദര്‍ഭങ്ങളിലും കുടുംബതലവനും പാര്‍ട്ടി മേധാവിയുമെന്ന നിലയില്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ സമാധാനിപ്പിക്കാനും തന്റെ വലിയ കുടുംബത്തിലും പാര്‍ട്ടിയിലും കലാപം പൊട്ടിപ്പുറപ്പെടുന്നത് തടയാനും മുലായം സിംഗ് യാദവിന് മുഖ്യമന്ത്രിയെ പരസ്യമായി ശാസിക്കേണ്ടിവന്നു.

 

ഇപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിനായി മകനും സഹോദരനും അവകാശവാദമുന്നയിച്ചതോടെ അങ്കം മുറുകിയിരിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുണ്ട് എന്നതാണ് ഇതിലെ അടിയന്തര കാരണമെന്നാണ് സൂചനകള്‍. 

 

തന്റെ പിന്‍ഗാമി ആരാണെന്ന് മുലയത്തിന് അടുത്തുതന്നെ തീരുമാനിക്കേണ്ടിവരും. ഇപ്പോള്‍ എന്തു ഒത്തുതീര്‍പ്പുണ്ടാക്കിയാലും അത് നീണ്ടുനില്‍ക്കാന്‍ പോകുന്നുമില്ല. മുലായത്തിന്റെ തീരുമാനങ്ങളെ മാനിക്കുമെന്ന് അഖിലേഷും ശിവപാലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തര്‍ക്കം ഇതുകൊണ്ടൊന്നും തീരാന്‍ പോകുന്നില്ല.

 

മുലായത്തിന്റെ വിശ്വസ്തനായ ശിവപാലിന് പാര്‍ട്ടിക്കുള്ളില്‍ വലിയ പിന്തുണയുണ്ട്. പക്ഷേ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കളികള്‍ കുറേയൊക്കെ പഠിച്ച അഖിലേഷും മോശമല്ലാത്ത ഒരടിത്തറ ഉണ്ടാക്കിയെടുത്തു. രാഷ്ട്രീയമായി നോക്കിയാല്‍, ഉയര്‍ന്നുവരുന്ന ബിജെപിയെ നേരിടാന്‍ രണ്ടുപേരും- ശിവപാലും അഖിലേഷും – കൂടിയേ തീരൂ എന്നു മുലായത്തിനറിയാം. കൂര്‍മബുദ്ധിയായ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയ്ക്ക് അഖിലേഷ് പാര്‍ട്ടിയുടെ ജനകീയ മുഖമാണെങ്കിലും ശിവപാലിന്റെ സംഘടനാശേഷി ഒഴിവാക്കാനാകില്ല എന്നദ്ദേഹത്തിന് അറിയാം.

 

2012-ലെ തെരഞ്ഞെടുപ്പിന് ശേഷം വളരെ സുഗമമായി മകനിലേക്ക് അധികാരം കൈമാറിയ മുലായമിന്റെ രാഷ്ട്രീയ ശേഷിയെ പുകഴ്ത്തിയ പലര്‍ക്കും ഇപ്പോള്‍ തെറ്റുപറ്റി എന്നും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.

 

ജൂണ്‍ മാസത്തില്‍ മുഖ്താര്‍ അന്‍സാരിയുടെ ക്വാമി ഏക്താ ദള്‍ എസ് പിയില്‍ ലയിക്കുന്നതായി ശിവപാല്‍ പ്രഖ്യാപിച്ചതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങിയത്. അഖിലേഷ് ഇതിനെ എതിര്‍ക്കുകയും ലയനം നടക്കാതെ പോവുകയും ചെയ്തു.

 

സന്തുലനം പാലിക്കാനായി ദീപക് സിങ്ഘാലിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മുലായം  അഖിലേഷില്‍ സമ്മര്‍ദ്ദം ചെലുത്തി. അഖിലേഷിന്റെ താത്പര്യത്തിന് എതിരായിരുന്നു അത്. ഓഗസ്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലരുടെ  തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് ശിവപാല്‍ രാജിവെക്കാന്‍ ഒരുങ്ങിയപ്പോള്‍ ശിവപാല്‍ പോയാല്‍ പാര്‍ട്ടി പിളരുമെന്ന് പറഞ്ഞുകൊണ്ട്  മുലായം രക്ഷാദൌത്യവുമായി ചാടിവീണു.

 

എന്തായാലും അഖിലേഷ് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയതില്‍ മുലായം തീരെ അതൃപ്തനായിരുന്നു.

 

 

സംസ്ഥാനത്തെ ഖനന പ്രവര്‍ത്തനങ്ങളില്‍ സിബിഐ അന്വേഷണം വന്നതിനെ തുടര്‍ന്ന്‍, മുലായമിന്റെ വിശ്വസ്തന്‍ ഗായത്രി പ്രജാപതി അടക്കം രണ്ടു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ അഖിലേഷിന്റെ നടപടി തര്‍ക്കം രൂക്ഷമാക്കി.

 

പ്രജാപതിയുടെ സമ്മര്‍ദത്തിനൊടുവില്‍ സിങ്ഘാലിനെ മാറ്റി പ്രജാപതിയെ തിരിച്ചെടുക്കാന്‍ മുലായം അഖിലേഷിനോട് ആവശ്യപ്പെട്ടു. പിന്നീട് പാര്‍ട്ടിയിലെ  സുഹൃത്തുക്കളുടെ സമ്മര്‍ദം മൂലം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് അയാളെ തിരിച്ചെടുക്കാനും മുലായം ആവശ്യപ്പെട്ടു.

 

ഈ ആവശ്യങ്ങള്‍ അഖിലേഷ് നിരസിച്ചതോടെ മുഷിഞ്ഞ മുലായം, അഖിലേഷിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി. തിരിച്ചടിയായി അഖിലേഷ് ചെയ്തത് ശിവപാലിന്റെ പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്തുനീക്കുകയാണ്.

 

കുടുംബത്തില്‍നിന്നും പാര്‍ട്ടിയിലെ സുഹൃത്തുക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളും മന്ത്രിമാരെ മാറ്റലും ലയനമടക്കമുള്ള രാഷ്ട്രീയതീരുമാനങ്ങളിലും മുലായത്തിന്റെ തകിടം മറിച്ചിലുകള്‍ ഒട്ടും പുതിയതല്ല.

 

ഈ കുടുംബ, രാഷ്ട്രീയ നാടകത്തിലെ എല്ലാ കളിക്കാരും – ദീപക് സിങ്ഘാല്‍, ഗായത്രി പ്രജാപതി, അമര്‍ സിങ്, ശിവപാല്‍-മുലായത്തിന് വേണ്ടപ്പെട്ടവരാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രജാപതി, സിങ്ഘാല്‍ എന്നിവരെ മാറ്റിയ തീരുമാനം പിന്‍വലിക്കാന്‍ അദ്ദേഹം അഖിലേഷിനോടു ആവശ്യപ്പെടുകയും ചെയ്തു. അഖിലേഷ് അത് നിരസിച്ചു. മുഖ്യമന്ത്രിയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തു. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്; അതില്‍ പ്രധാനപ്പെട്ട ഒന്ന്‍ പാര്‍ട്ടിയിലേക്ക് ഈയിടെ തിരികെയെത്തിയ മുലായതിന്റെ വിശ്വസ്തന്‍ കൂടിയായ അമര്‍ സിംഗിന്റെ സാന്നിധ്യമാണ്. 

 

ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അമര്‍ സിംഗിന് പങ്കുണ്ടെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാവും മുലായതിന്റെ കസിനുമായ രാം ഗോപാല്‍ യാദവും ഇക്കാര്യത്തില്‍ അഖിലേഷിനൊപ്പമാണ്. തന്റെ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ പുറത്തുനിന്നുള്ള ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. അമര്‍ സിംഗിന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഞായറാഴ്ച പാര്‍ട്ടി സംഘടിപ്പിച്ചിരുന്നെങ്കിലും അഖിലേഷ് ഇതില്‍ നിന്ന്‍ വിട്ടുനിന്നിരുന്നു. ഈ പാര്‍ട്ടിയില്‍ വച്ച് സിങ്ഘാല്‍, പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള അഖിലേഷിന്റെ പദവി സംബന്ധിച്ച് കളിയാക്കി സംസാരിച്ചു എന്നും ഇതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന്‍ നീക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

 

ഇപ്പോള്‍ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് മുലായം കാര്യങ്ങള്‍ എത്തിക്കുന്നു എന്നാണ് സൂചനകള്‍. ബുധനാഴ്ച നാലു മണിക്കൂറോളം മുലായം ശിവപാല്‍ യാദവുമായി സംസാരിച്ചിരുന്നു. ‘നേതാജി’ എടുക്കുന്ന ഏത് തീരുമാനവും താന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ശിവപാല്‍ അയയുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുലായവും അഖിലേഷുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഈ ഐക്യം എത്രനാളത്തേക്കാണ് എന്നതാണ് അറിയാനുള്ളത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍