UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയെ എത്ര വേണമെങ്കിലും കളിയാക്കിക്കോട്ടെ; എന്നാലും ട്രംപ് ജയിക്കണം; ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ പ്രാര്‍ത്ഥന

Avatar

ആനി ഗോവെന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഇന്ത്യയിലെ കോള്‍ സെന്റര്‍ ജോലിക്കാരെ പരിഹസിക്കുകയും ഇന്ത്യ അമേരിക്കയുടെ തൊഴിലുകള്‍ തട്ടിയെടുക്കുന്നു എന്ന് ആരോപിക്കുകയും ചെയ്‌തെങ്കിലും ഇവിടെ ഡൊണാള്‍ഡ് ട്രംപിന് ആരാധകരുണ്ട്.

വലതുപക്ഷ ഹിന്ദു ഗ്രൂപ്പിന്റെ പന്ത്രണ്ടോളം അംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഒത്തുചേര്‍ന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടീശ്വരനായ ട്രംപിന്റെ നെറ്റിയില്‍ ചുവന്നതിലകം ചാര്‍ത്തിയ ചിത്രം വച്ചായിരുന്നു പ്രാര്‍ത്ഥന. സംസ്‌കൃതശ്ലോകങ്ങള്‍ ഉരുവിടുകയും ചെറിയ ഹോമകുണ്ഡം ഒരുക്കുകയും ചെയ്തു ഇവര്‍.

‘എന്താണു സംഭവിക്കുന്നതെന്നു മനസിലാകുന്നതുവരെ’ മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ സമ്മതിക്കരുതെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇന്ത്യയുടെ ഹിന്ദു നാഷനലിസ്റ്റ് പ്രസ്ഥാനത്തിന് ഇഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

‘ ലോകം മുഴുവന്‍ ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ നിലവിളിക്കുകയാണ്. ഇന്ത്യപോലും ഇതില്‍നിന്നു സുരക്ഷിതമല്ല,’ ഹിന്ദു സേന നാഷനലിസ്റ്റ് ഗ്രൂപ്പ് സ്ഥാപകന്‍ വിഷ്ണു ഗുപ്ത പറഞ്ഞു. ‘മനുഷ്യരാശിയെ രക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനേ കഴിയൂ.’

‘ഹിന്ദുക്കള്‍ ട്രംപിനുവേണ്ടി’ എന്ന മറ്റൊരു പ്രസ്ഥാനം ഏതാനും ദിവസങ്ങളായി ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമാണ്.

മാസങ്ങളായുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ട്രംപ് ഇന്ത്യയെപ്പറ്റി നല്ലതും മോശവുമായ പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ആണവശക്തിയായ പാക്കിസ്ഥാന് ആവശ്യമായ നിയന്ത്രണശക്തിയായി ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് അമേരിക്കയുടെ ജോലികള്‍ മോഷ്ടിക്കുന്ന പല രാജ്യങ്ങളിലൊന്നായും ഇന്ത്യയെപ്പറ്റി പരാമര്‍ശിച്ചു.

‘നാം ചൈനയാല്‍ കീറിമുറിക്കപ്പെടുന്നു; ജപ്പാനാല്‍ കീറിമുറിക്കപ്പെടുന്നു; അതിര്‍ത്തിയില്‍ മെക്‌സിക്കോയാല്‍ കീറിമുറിക്കപ്പെടുന്നു; വ്യാപാരത്തില്‍ വിയറ്റ്‌നാമിനാലും ഇന്ത്യയാലും എല്ലാ രാജ്യങ്ങളാലും കീറിമുറിക്കപ്പെടുന്നു,’ ഫെബ്രുവരിയില്‍ ഒരു റാലിയില്‍ ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം ഡെലാവേറില്‍ ട്രംപ് ഒരു ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരന്റെ സംസാരരീതിയെ കളിയാക്കി. വ്യാപാര അസന്തുലിതാവസ്ഥയെയും തൊഴില്‍ വിപണിയെയും പറ്റിയായിരുന്നു പ്രസംഗം. പിന്നീട് ഇന്ത്യ ഒരു മഹത്തായ സ്ഥലമാണെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍