UPDATES

സിനിമാ വാര്‍ത്തകള്‍

ആണുങ്ങളോട് കളിക്കുന്നതിനു താപ്പാനകള്‍ പണി തന്നു തുടങ്ങി; റിമ കല്ലിങ്കല്‍

ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെട്ടു തുടങ്ങി, ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്

സിനിമയിലെ സ്ത്രീ സുരക്ഷയ്ക്കായി മുന്നിട്ടറങ്ങിയത് തങ്ങളുടെ കരിയറിനെ ബാധിച്ചു തുടങ്ങിയെന്നു നടി റിമ കല്ലിങ്കല്‍. ഗൃഹലക്ഷ്മി പുതിയലക്കത്തില്‍ നല്‍കിയിരിക്കുന്ന അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിനിമയിലെ ‘ആണുങ്ങളോട് കളിച്ചാല്‍’ അത് നിങ്ങളുടെ കരിയറിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് അതിപ്പോള്‍ തന്നെ ബാധിച്ചു തുടങ്ങിയെന്നാണ് റിമ പറയുന്നത്. ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെട്ടു തുടങ്ങി. ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്. അതിനി ഒളിച്ചുവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. എളുപ്പമാണ് സ്ത്രീകളെ ഒറ്റപ്പെടുത്താന്‍, കുറച്ചുപേരല്ലേ ഉള്ളൂ. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പനകളുണ്ട്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്നേ പറ്റൂ. അതു ചിലരെ അസ്വസ്ഥമാക്കുന്നെങ്കില്‍ ആക്കട്ടെ; റിമ പറയുന്നു.

തനിക്കെതിരെ വ്യക്തപരമായി ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിമ അഭിമുഖത്തില്‍ പറയുന്നുണ്ട്. റിമയുടെ വാക്കുകള്‍; രണ്ടുതവണ ബാന്‍ ചെയ്തിട്ടുണ്ട് എന്നെ. ആദ്യം ടിവി ഷോ ചെയ്യുന്നു എന്നും പറഞ്ഞ്. ഒരു കാരവാന്‍ ചോദിച്ചതിന് ഭയങ്കര ഇഷ്യു ഉണ്ടായിട്ടുണ്ട് ഒരിക്കല്‍. അതിന്റെ കാര്യം പറയാം. ഹീറോയെയും ഹീറോയിനെയും രണ്ടുസമയത്താണ് ഷൂട്ടിന് വിളിക്കുക. നമ്മള്‍ എത്തിക്കഴിഞ്ഞിട്ടേ ഹീറോയെ വിളിക്കൂ. ഞാന്‍ അതിനെ ചോദ്യം ചെയ്തു. അപ്പോ തിരിച്ചൊരു ചോദ്യം. ‘നിനക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ട്യപ്പോ മുതല് എന്താ ഒരു മാറ്റം? നമുക്കുള്ള സ്‌പേസ് തരാത്തതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് എനിക്ക് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. എന്നെ ഒതുക്കിയിട്ടുണ്ട്.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിക്കാനുള്ള കാരണവും റിമ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ചില നിലപാടുകളാണ് ഇങ്ങനെയൊരു ഡബ്ല്യുസിസിയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്നു റിമ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ഇമ്മീഡിയറ്റായിട്ട് പറഞ്ഞത് ഇനി സ്ത്രീകള്‍ രാത്രി ഒറ്റയ്ക്ക് ട്രാവല്‍ ചെയ്യേണ്ട എന്നാണ്. അവര്‍ക്ക് മനസിലായിട്ടില്ല കാര്യം. അല്ലെങ്കില്‍ അങ്ങനെ പറയുമോ? ഞങ്ങളുടെ കാര്യമാണല്ലോ അവര്‍ ഡിസ്‌കസ് ചെയ്യുന്നത്. അപ്പോ ഞങ്ങളോടൊന്നു ചോദിക്കണ്ടേ? ഞങ്ങളുടെ വര്‍ക്ക് എന്താണ്? ഒരു ലീഗല്‍ സെല്‍ ഉണ്ടോ? ഇതിനൊക്കെ ഉത്തരം വേണമായിരുന്നു. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീ സുരക്ഷ നിയമങ്ങള്‍ ഉണ്ട്. ഇവിടെ ഒന്നും ഇല്ല.

മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചും റിമ പ്രതികരിക്കുന്നുണ്ട്. പഴയകാലത്ത് നായകനൊപ്പം തന്നെ നായികയ്ക്കും കിട്ടിയിരുന്ന പരിഗണനയെക്കുറിച്ച് ജയഭാരതിയുമായി നടന്ന ഒരു സംഭാഷണം അടിസ്ഥാനമാക്കി റിമ ചൂണ്ടിക്കാണിക്കുന്നു. പണ്ട് മലയാള സിനിമയില്‍ ഫീമെയ്ല്‍ സൂപ്പര്‍ സ്റ്റാറുകളും അവര്‍ക്കു പവറും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ആരുണ്ട് എന്നാണ് റിമ ചോദിക്കുന്നത്. ഒരു മഞ്ജു ചേച്ചി, ഒരു പാര്‍വതി. അവര്‍ക്കും കിട്ടുന്നത് വെറയ്റ്റി റോളുകളാണോ? ‘ ഒകേ…നമുക്ക് പാര്‍വതിയുടെ കഴിവിന് അനുസരിച്ചുള്ള ഒരു പുതിയ സാധനം കൊടുക്കാം’ എന്നു പറഞ്ഞ് എത്രപേര്‍ എഴുതും? ലാലേട്ടനെങ്ങാന ലാലേട്ടനായത്? മമ്മൂക്ക എങ്ങനാ മമ്മൂക്ക ആയത്? എന്തോരം റൈറ്റേഴ്‌സ് അവര്‍ക്ക് വേണ്ടി എന്തൊക്കെയാ എഴുതിയിട്ടുള്ളത്? ഉര്‍വശി, ശോഭന, രേവതി…ഇവരൊക്കെ എവിടെ പോയി? ആരെങ്കിലും എഴുതിയോ ഇവര്‍ക്കൊക്കെ വേണ്ടി? സഹനടന്മാര്‍ക്കുവേണ്ടി പോലും എഴുതുമല്ലോ ഇതിലും നല്ല റോളുകള്‍; റിമ ചോദിക്കുന്നു.

നായകന്മാരാണോ സിനിമയില്‍ നായികമാരെ തഴയുന്നത് എന്ന ചോദ്യത്തോടുള്ള റിമയുടെ മറുപടിയും സിനിമയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതയുടെ തുറന്നു കാട്ടലാണ്. ഒരു വോളിബോള്‍ കളിക്കാരിയുടെ ജീവിതം പറയുന്ന സിനിമ താന്‍ ചെയ്യാന്‍ ഇരിക്കുകയാണെന്നും അതില്‍ നായികയ്ക്കാണ് പ്രധാന്യമെന്നും റിമ പറയുന്നു. എന്നാല്‍ അതില്‍ നായകനാകാമോ എന്ന് ഒരു നടനോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമെ അഭിനയിക്കൂ’ എന്നായിരുന്നു മറുപടിയെന്നും ആരാണ് ഇങ്ങനെ പറയാത്തത് എന്നും റിമ ചോദിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു അപവാദമെന്നും റിമ കൂട്ടി ചേര്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ ഒരു പ്രതിഭാസമാണ് ചാക്കോച്ചന്‍ എന്നാണ് റിമ പറയുന്നത്. മാധ്യമങ്ങളും നായികമാരോട് വിവേചനം കാണിക്കാറുണ്ടെന്നും റിമ കുറ്റപ്പെടുത്തുന്നു. സുരഭിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. ഒരു ക്വാര്‍ട്ടര്‍ പേജ് ഫോട്ടോയെങ്കിലും കൊടുത്തോ ആരെങ്കിലും? അതിനു പകരം ഒരു നായകനടനായിരുന്നെങ്കിലോ? റിമ ചോദിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍