UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിമിയെ ചോദ്യം ചെയ്തിട്ടില്ല; ഫോണിലൂടെ ചില കാര്യങ്ങള്‍ ചോദിക്കുകയായിരുന്നെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍ നിന്നാണ് അറിഞ്ഞത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോണില്‍ വിളിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം. അതേസമയം റിമിയില്‍ നിന്നും ചില കാര്യങ്ങള്‍ ഫോണിലൂടെ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. റിമിയെ ചോദ്യം ചെയ്യാനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ദിലീപിന്റെയും സംഘത്തിന്റെയും അമേരിക്കന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് റിമിയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞത്. റിമി ടോമിയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ദിലീപ് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ദിലീപ് പരാതി നല്‍കിയത്. അന്വേഷണ സംഘം റിമിയെ ചോദ്യം ചെയ്തുവെന്നാണ് ആദ്യം വാര്‍ത്ത വന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ എപ്പോഴാണ് അറിഞ്ഞത് എന്ന് ആരാഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇന്നലെ അന്വേഷണ സംഘം തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി സമ്മതിച്ച റിമി ടോമി ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നതുള്‍പ്പെടെ ഷോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്ന് അറിയിച്ചു. തനിക്ക് ദിലീപുമായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപാടുകളുമില്ല. സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് അത് കണ്ടെത്തിയേനെ. രണ്ട് കൊല്ലം മുമ്പ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് നികുതി അടക്കേണ്ടി വന്നു. അല്ലാതെ തന്റെ അക്കൗണ്ടിലേക്ക് പണം വരികയോ മറ്റ് ഇടപാടുകള്‍ നടക്കുകയോ ചെയ്തിട്ടില്ല.

തനിക്ക് വിദേശ യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസ് അറിയിച്ചതായും റിമി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍ നിന്നാണ് അറിഞ്ഞത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോണില്‍ വിളിച്ചു. ഇരയായ പെണ്‍കുട്ടിക്ക് മെസേജും അയച്ചു. താനും ആ നടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും റിമി കൂട്ടിച്ചേര്‍ത്തു. ഈ വിഷയം പിന്നീട് രമ്യ നമ്പീശനുമായും സംസാരിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍