UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭക്ഷണം നല്‍കുന്നത് ആശുപത്രി തറയില്‍; സംശയിക്കേണ്ട, വികസിത ഇന്ത്യയില്‍ തന്നെയാണ്

Avatar

ജിഷ ജോര്‍ജ്

 

2002 ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിലാണ്‌ ഝാര്‍ഖണ്ട് തലസ്ഥാനമായ റാഞ്ചിയിലെ RMCH ആശുപത്രിയെ രാജേന്ദ്ര ഇൻസ്റ്റിറ്റുട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആയി ഉയർത്തിയത്‌. ഇന്ന്‍ വര്‍ഷം 300 കോടി രൂപയോളം സര്‍ക്കാര്‍ ഫണ്ട്‌ ലഭിക്കുന്ന ഇന്ത്യ യിലെ തന്നെ ഒരു പ്രീമിയം മെഡിക്കൽ കോളേജാണ്‌ 1500 കിടക്കകളും 23 സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ഈ ആശുപത്രി. മെഡിക്കൽ സീറ്റിൽ പഠിക്കാനെത്തുന്ന കുട്ടികൾക്ക്‌ എല്ലാ വിധ സൗകര്യങ്ങളും ഇവിടെ വാഗ്‌ദാനം ചെയ്യുന്നു, അതുകൊണ്ട്‌ തന്നെ ഈ കഴിഞ്ഞ മെഡിക്കൽ അലോട്മെന്റിലും RIMS-നു പ്രിയം ഏറെയായിരുന്നു.

 

എന്നാല്‍ ഇവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാവുന്ന ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ആശുപത്രിയെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഏതാണ്ട്‌ അറുപത്‌ വയസ്സിനടുത്ത്‌ പ്രായം വരുന്ന അവശയായ ഒരു സ്ത്രീ പ്ലാസ്റ്റർ ഇട്ട വലതു കൈകൊണ്ട്‌ ആശുപത്രി വരാന്ത തുടച്ച്‌ വൃത്തിയാക്കുന്നു; ആശുപത്രി ജീവനക്കാർ യാതൊരു സങ്കോചവുമില്ലാതെ ചോറും പരിപ്പും അവിടെ ഇട്ടു പോവുന്നു, പൽമതി ദേവി എന്ന ആ സ്ത്രീ വരാന്തയിൽ നിന്ന് ആ ഭക്ഷണം വാരിക്കഴിക്കുന്നു. കഴിച്ച സ്ഥലം വൃത്തിയാക്കാനുള്ള ആശുപത്രി ജീവനക്കരന്റെ ആക്രോശം അനുസരിച്ച്‌ അവർ അവിടം കുപ്പിയിലെ വെള്ളം ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുന്നു. ഒഡീഷയിലെ ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നുപോയ ദേന മാജിയുടെ ചിത്രം ഇപ്പോഴും വായനക്കാരുടെ മനസിലുണ്ടാവും. രാജ്യത്തെ പാവപ്പെട്ടവരും ആദിവാസികളും ദളിതരുമൊക്കെ നയിക്കുന്ന ജീവിതം എന്താണെന്നതിന്റെ മറ്റൊരു നേര്‍സാക്ഷ്യം കൂടിയായിരുന്നു റാഞ്ചിയിലെ ആശുപത്രി വരാന്തയില്‍ കണ്ടത്.

 

നേഴ്സുമാരും അറ്റൻഡർ മാരും മറ്റ്‌ ആശുപത്രി ജീവനക്കാരും രോഗികളും കടന്നു പോകുന്ന വഴിയിൽ നടന്ന ഈ സംഭവം അവരുടെ ആരുടെയും ശ്രദ്ധ നേടാൻ തക്കതായിരുന്നില്ല. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പുറത്തെത്തിച്ചതോടെയാണ് ലോകം സംഭവമറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി മനോജ്‌ കുമാർ ഇതേക്കുറിച്ച്‌ ആശുപത്രി അധികൃതരോട്‌ വിശദീകരണം തേടുകയും സ്ഥലം സന്ദർശിക്കുകയുമുണ്ടായി. അഡീഷണൽ ചീഫ്‌ സെക്രട്ടറി K വിദ്യാസാഗർ ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയെക്കുറിച്ച്‌ അന്വേഷിക്കാൻ സ്പെഷ്യൽ സെക്രട്ടറി മനോജ്‌ കുമാർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ രൂപീകരിച്ച്‌ ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

പാത്രമില്ല എന്നു പറഞ്ഞ്‌ തറയിൽ ഭക്ഷണം വിളമ്പിയ ചന്ദ്രമണി പ്രസാദ്‌ എന്ന താത്കാലിക ജീവനക്കാരനെ പിരിച്ചു വിട്ട്‌ പ്രശ്നം കുഴിച്ചു മൂടാൻ ശ്രമിച്ച ഹോസ്പിറ്റൽ അധികൃതർ ഈ പ്രശ്നം മാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ചപ്പോൾ അതുവഴിയുണ്ടാവുന്ന അനന്തര നടപടികൾ ഒഴിവാക്കാൻ രംഗത്തെത്തുകയും ചെയ്തു. പാല്‍മതി ദേവി ഉള്‍പ്പെടെ മൂന്നു പേരെ ഇവിടെ തന്നെയുള്ള ഒരു മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

 

ചീഫ്‌ ജസ്റ്റിസ്‌ വിരേന്ദ്രർ സിംഗ്‌, ജസ്റ്റിസ്‌ എസ്. ചന്ദ്ര ശേഖർ എന്നിവരടങ്ങിയ ഝാര്‍ഖണ്ട്‌ ഹൈക്കോടതി ബെഞ്ച്‌ ഈ വിഷയത്തിൽ കാരണം കാണിക്കാൻ  ചീഫ്‌ സെക്രട്ടറി, പ്രിൻസിപ്പൽ ഹെല്‍ത്ത് സെക്രട്ടറി, RIMS ഡയറക്ടർ എന്നിവർക്ക്‌ നോട്ടീസ്‌ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

കാര്യങ്ങൾ ഇത്രയുമായപ്പോൾ തങ്ങൾ പിരിച്ചു വിട്ട ചന്ദ്രമണി പ്രസാദ്‌ എന്ന ജീവനക്കാരനെ പരോക്ഷമായി സംരക്ഷിച്ച്‌ പ്രശ്നത്തിൽ ആശുപത്രി ജീവനക്കാർ ഒരു തരത്തിലും കുറ്റക്കാർ അല്ല എന്നു സ്ഥാപിക്കാനാണ്‌ ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്‌. RIMS ഡയറക്ടർ ഡോ. ബി.എല്‍ ഷെർവാൾ നൽകുന്ന മറുപടി യിൽ വിശദീകരിക്കുന്നത്‌ പൽമതി ദേവി എന്ന സ്ത്രീ പ്രസ്തുത ആശുപത്രിയിലെ ഒരു രജിസ്ട്രേട്‌ പേഷ്യന്റ്‌ അല്ല എന്നും മാനസിക വെല്ലുവിളി നേരിടുന്ന ഒരു അഭയാർത്ഥി മാത്രമാണ്‌ എന്നുമാണ്‌.   

 

ഓർത്തോപീഡിക്‌ വാർഡിലെ ഒരു സീനിയർ നേഴ്സിന്റെ മൊഴിയനുസരിച്ച്‌ ചന്ദ്രമണി പ്രസാദ്‌ എന്ന ജീവനക്കാരൻ ന്യുസ്‌ പേപ്പറുകളിലൊ പോളിത്തീൻ കവറുകളിലോ ആണ്‌ ഭക്ഷണം വിളമ്പാറുള്ളത്‌. സ്വന്തമായി പാത്രം ഇല്ലാതിരുന്ന പൽമതി ദേവി, ചന്ദ്രമണി പ്രസാദിനെ നിർബന്ധിച്ച്‌ ഭക്ഷണം തറയിൽ വിളമ്പിച്ചു കഴിക്കുകയായിരുന്നു എന്നുമാണ്‌. എന്നാല്‍ പല്‍മതി ദേവിയോട് കാര്യങ്ങള്‍ അന്വേഷിച്ച മാധ്യമങ്ങളോട് അവര്‍ പറഞ്ഞത്, തനിക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം ഉണ്ടായിരുന്നില്ല എന്നും അത് ചോദിച്ചപ്പോള്‍ ജീവനക്കാര്‍ തട്ടിക്കയറി എന്നുമാണ്; തുടര്‍ന്ന്‍ നിവൃത്തിയില്ലാതെ വരാന്ത വൃത്തിയാക്കി അവിടെ തന്നെ കഴിച്ചു എന്നും.

 

ഇത്തരത്തിൽ അലഞ്ഞു തിരിയുന്നവർക്ക്‌ ഭക്ഷണം നൽകുന്നത്‌ തങ്ങളുടെ നല്ല മനസു കൊണ്ടാണെന്നും അതിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്നും മറുപടി നൽകിയ ജീവനക്കാർ ഇനി ഭക്ഷണത്തിനു വേണ്ടി അലഞ്ഞു തിരിയുന്നവരെ RIMS-ൽ നിന്നു കണ്ടെത്തി പുറത്താക്കണമെന്ന്‍ റാഞ്ചി ഡെപ്യുട്ടി കമ്മീഷണറോട്‌ ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. എന്നാല്‍ അവര്‍ രെജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടോ എന്നുള്ളത് നോക്കേണ്ട കാര്യമില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മനുഷ്യത്വരഹിതമായ നടപടിയെയാണ് കണക്കക്കേണ്ടതെന്നുമാണ് അഡീ. ചീഫ് സെക്രട്ടറി വിദ്യാസാഗര്‍ പറയുന്നത്.

 

പൽമതി ദേവിക്ക് ആശുപത്രി രജിസ്ട്രേഷനെക്കുറിച്ച്‌ ഒന്നും അറിയില്ല, അറിയുന്നത്‌ ഇത്ര മാത്രം; “ഗൊദ്ദാ ജില്ലയിലെ സിരിപ്പുർ ഗ്രാമത്തിലാണു വീട്‌. ഒരു അപകടത്തിൽ തലയ്ക്കും വലതു കൈയ്ക്കും  പരിക്കേറ്റ തന്നെ പോലീസാണ്‌ ഈ ആശുപത്രിയിൽ കൊണ്ട്‌ വന്നത്‌. ഉള്ള തെളിവ്‌ വലതു കൈയിലെ പ്ലാസ്റ്റർ മാത്രമാണ്‌.” മനുഷ്യത്വം കാണിക്കണമെങ്കിൽ രജിസ്ട്രേഷൻ വേണം എന്നു നിബന്ധന വയ്ക്കുന്നവരുടെ മുന്നിൽ അവർ നിസ്സഹായയാണ്‌.

 

 

കോടതിയുടെ നിരീക്ഷണം അനുസരിച്ച്‌ പൽമതി ദേവി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയാണെങ്കിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തി IPC 336 പ്രകാരമുള്ള കുറ്റകൃത്യമാണ്‌. ഒരു വ്യക്തിയുടെ സുരക്ഷയ്ക്കും ജീവനും വെല്ലുവിളി ഉയർത്തുന്ന ഈ കുറ്റം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പു തരുന്ന മൗലിക അവകാശത്തിന്റെ ലംഘനവുമാണ്. 

 

ഒഡീഷയിലെ കാളഹന്ദി ജില്ലയിൽ ആശുപത്രി അധികൃതർ ആംബുലൻസ്‌ നിഷേധിച്ചതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം ചുമന്നു നടന്ന ദേന മാജിയെക്കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ഇടം പിടിച്ചിരുന്നു. കുറച്ചു ദിവസങ്ങളുടെ ഇടവേളയിലാണ്‌ കാണ്‍പൂര്‍ ലാല ലജ്പത്‌ റായ്‌ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു 12 വയസ്സുകാരൻ മരണപ്പെട്ടത്.

 

അതുകൊണ്ട്‌ തന്നെ പൽമതി ദേവിയുടെ അനുഭവത്തെ ഒറ്റപെട്ടത്‌ എന്നു മുദ്ര കുത്തി മാറ്റി നിർത്താനാവുന്നില്ല.

 

മൂന്നാംഘട്ട ദേശീയ കുടുംബാരോഗ്യ സർവ്വെ പ്രകാരം നഗരങ്ങളിൽ 70 ശതമാനവും ഗ്രാമങ്ങളിൽ 63 ശതമാനവും ജനങ്ങൾ ആരോഗ്യ പരിരക്ഷയ്ക്ക്‌ പണച്ചിലവുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. അതിൽ 57 ശതമാനം ജനങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളെക്കാൾ ഉപരി ജീവനക്കരുടെ സൗമ്യമായ പെരുമാറ്റത്തിന്റെ പേരിലാണ്‌ സ്വകാര്യ ചികിത്സാ മേഖല തിരഞ്ഞെടുത്തത്‌ എന്ന് അഭിപ്രായപ്പെട്ടു.

 

ജനവിരുദ്ധരായ പല ജീവനക്കാരേയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത്‌ ആശുപത്രി അധികൃതര്‍ തന്നെയാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട്‌ തന്നെ പൊതു ജനാരോഗ്യ സംവിധാനത്തിൽ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. പക്ഷേ, റാഞ്ചിയിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഒരു വൃദ്ധയ്ക്ക് ദിവസങ്ങളോളം നിലത്ത് ഭക്ഷണം നല്‍കിയത്. ഇത് നടക്കുന്നതും നമ്മുടെയൊക്കെ കണ്‍മുന്നിലാണ്. രാജ്യം വന്‍ കുതിപ്പിലാണ് എന്നൊക്കെ മേനി പറയുമ്പോഴും എന്തുകൊണ്ടാണ് ഒരു വലിയ ശതമാനം ജനങ്ങള്‍ക്ക് ഇന്നും ഇത്തരത്തില്‍ ദുരിതവുമായി കഴിയേണ്ടി വരുന്നത് എന്നതാണ് പ്രാഥമികമായി പരിശോധിക്കേണ്ട കാര്യം. 

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ജിഷ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍