UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രീഡം 251 ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണിന്റെ നിര്‍മ്മാതാക്കള്‍ എന്ന് അവകാശപ്പെടുന്ന റിംഗിങ് ബെല്‍സ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ഈ കമ്പനി പുറത്തിറക്കാന്‍ പോകുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രീഡം 251- എന്ന ഫോണ്‍ 251 രൂപയ്ക്ക് എങ്ങനെ നല്‍കും എന്ന ചോദ്യം ഉയരുന്നതിനിടെയാണ് ആദായ നികുതി വകുപ്പ് കമ്പനിയെ നിരീക്ഷണത്തിലാക്കിയത്.

നോയിഡയിലെ ഈ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. ഏതാനും രേഖകള്‍ ഇവര്‍ കമ്പനിയില്‍ ശേഖരിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ഇതുസംബന്ധിച്ച രേഖകളും നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

എക്‌സൈസ് വകുപ്പില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ പ്രകാരം നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നും നികുതി വകുപ്പ് ഭാവിയിലേക്കുള്ള ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചുവെന്നും റിംഗിങ് ബെല്‍സ് പ്രസിഡന്റ് അശോക് ഛദ്ദ പറയുന്നു.

ഈ ആഴ്ചയാദ്യം കമ്പനി ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചിരുന്നു.

മറ്റൊരു കമ്പനിയുടെ ഫോണ്‍ ആണ് അവര്‍ തങ്ങളുടേതായി അവതരിപ്പിച്ചത്. ആഡ്‌കോമിന്റെ ഫോണാണ് ഫ്രീഡം 251 ആയി മാറിയത്.

എന്നാല്‍ അത് തങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന ഫോണിന്റെ പ്രാഗ് രൂപം മാത്രമാണെന്നും അത് അന്തിമ രൂപമല്ലെന്നും ഛദ്ദ വിശദീകരിക്കുന്നു. ഫോണ്‍ വില്‍ക്കുന്നതിനായി കഴിഞ്ഞ ദിവസം അവര്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ആദ്യ ദിവസം 3.70 കോടിയും രണ്ടാം ദിവസം 2.47 കോടിയും രജിസ്‌ട്രേഷനുകള്‍ നടന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍