UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയോയിലെ ഇന്ത്യന്‍ കോമാളികള്‍ തീര്‍ച്ചയായും കായിക താരങ്ങളല്ല

Avatar

ടീം അഴിമുഖം

റിയോ ഡി ജെനീറോയില്‍ യുവജന, കായിക മന്ത്രാലയവും ബ്രസീലിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും സംഘടിപ്പിച്ചത് പ്രത്യേക ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷമായിരുന്നു.

ബസുകളില്‍ കുത്തിനിറച്ച് രണ്ടുമണിക്കൂറിലേറെ യാത്ര ചെയ്യിപ്പിച്ച് നയതന്ത്ര കാര്യാലയത്തിലെത്തിച്ച കായികതാരങ്ങള്‍ വലിയ ആഘോഷമാണ് പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ കിട്ടിയത് കടലമണികളാണ്.

അവിടെ ചായ, കാപ്പി, ജ്യൂസ് എന്നിവയുണ്ടായിരുന്നു. പിന്നെ ധാരാളം കപ്പലണ്ടിയും. പിന്നെ കുറച്ചു മിഠായികളും ചോക്ലൈറ്റും. മുപ്പതോളം വരുന്ന കായികതാരങ്ങളെ ഇത് തീരെ മോശക്കാരാക്കിയതിന് തുല്യമായി.

“കായിക ഗ്രാമത്തില്‍ നിന്നും ഇതുവരെ വിളിച്ചുവരുത്തിയത് ഇതിനായിരുന്നോ?” ഒരാള്‍ ദേഷ്യം മറച്ചുവെക്കാതെ ചോദിച്ചു.

കായികമന്ത്രാലയം സെക്രട്ടറി രാജീവ് യാദവിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ നയതന്ത്രപ്രതിനിധി സുനില്‍ ലാല്‍ ആതിഥേയനായ ചടങ്ങിലേക്ക് 200-ഓളം പേര്‍ എത്തിയിരുന്നു.

“അവര്‍ക്ക് കുറച്ചു നല്ല ഭക്ഷണം ഒരുക്കാമായിരുന്നു. കായികതാരങ്ങള്‍ വിശന്നാണ് വന്നത്. അവര്‍ക്ക് തങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടതുണ്ട്,” ഇന്ത്യന്‍ സംഘത്തിന്റെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ പവന്‍ദീപ് സിങ് കോലി വിരുന്നിനിടെ പറഞ്ഞു.

നിരാശരായ കായികതാരങ്ങള്‍ തിരിച്ചു ബസില്‍ കയറിയപ്പോള്‍ ഹോക്കി ടീം നായകനായ പി.ആര്‍ ശ്രീജേഷാണ് അതില്‍ നര്‍മ്മം കലര്‍ത്തിയത്. വിരുന്നില്‍ വയര്‍ നിറഞ്ഞ കാരണം ഗെയിംസ് വില്ലേജിലെ രാത്രിഭക്ഷണം താന്‍ വേണ്ടെന്നുവെക്കുമെന്ന് ശ്രീജേഷ് പറഞ്ഞു.

ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഇത്തരം അവഗണനകള്‍ വിരുന്നില്‍ മാത്രം ഒതുങ്ങുന്നില്ല.

ദീപ കര്‍മാകരുടെ ഫിസിയോതെറാപ്പിസ്റ്റിന് അവര്‍ക്കൊപ്പം പോകാന്‍ അവസരം നല്‍കിയില്ല. പിന്നീട് ദീപ ഫൈനലില്‍ എത്തിയപ്പോള്‍ തിരക്കിട്ട് പറഞ്ഞയക്കുകയായിരുന്നു. കായിക മന്ത്രി വിജയ് വിജയ് ഗോയല്‍ നേരെ തിരിച്ചാണ് പരസ്യമായി അവകാശപ്പെട്ടതെങ്കിലും.

ഒളിമ്പിക്സിന് പോയ ഇന്ത്യന്‍ സംഘത്തിന്റെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ പവന്‍ദീപ് സിങ് ഒരു റേഡിയോളജിസ്റ്റാണ്. സ്പോര്‍ട്ട്സ് മെഡിസിനെക്കുറിച്ച് ഒരു ധാരണയും അയാള്‍ക്കില്ല. കായികതാരങ്ങള്‍ അയാള്‍ക്കടുത്ത് പോയപ്പോള്‍ എല്ലാ വേദനയ്ക്കും അയാള്‍ക്കൊരു മരുന്നേ ഉള്ളൂ-കോംബിഫ്ലാം. ഒളിമ്പിക്സ് വേദിയിലുള്ളവര്‍ പറയുന്നത് സിങ് റിയോയില്‍ ആഘോഷിക്കുകയാണെന്നാണ്- നീന്തല്‍ക്കുളത്തിനരികെ ചുറ്റിക്കളിച്ചു നടക്കും, വൈകീട്ട് മൂന്നാകുമ്പോഴേക്കും മദ്യസേവ തുടങ്ങും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് തര്‍ലോചന്‍ സിങ്ങിന്റെ മകനാണ് പവന്‍ദീപ് സിങ് എന്നത് വെറും യാദൃശ്ചികതയായി കാണാം.

ഭാവിയിലെ തെരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, സംസ്ഥാന ഭാരവാഹികളായ നിരവധിപേരെ ഇത്തവണ സംഘത്തിലുള്‍പ്പെടുത്തി റിയോയിലേക്ക് കൊണ്ടുപോയി. അവരെല്ലാം ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്തത്. കായികതാരങ്ങള്‍ ഇക്കോണമി ക്ലാസിലും. അക്രഡിറ്റേഷന്‍ പരിമിതമായിരുന്നിട്ടും അത് കായികതാരങ്ങളെ സഹായിക്കാന്‍ നിയുക്തരായവര്‍ക്കല്ല, ഉദ്യോഗസ്ഥര്‍ക്കാണ് അധികവും നല്‍കിയത്.

ഇതിലുമൊക്കെ നാണംകെട്ട കാര്യം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷന്‍ നാരായണ രാമചന്ദ്രന്‍ ചൊവ്വാഴ്ച്ച വരെയും ഒരിക്കല്‍ പോലും കായികതാരങ്ങളെ സന്ദര്‍ശിച്ചിരുന്നില്ല എന്നതാണ്.

മത്സരശേഷം ക്ഷീണിച്ച കായികതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയും, അനുമതിയില്ലാതെ വേദികളില്‍ ഇടിച്ചുകയറിയും ഔദ്യോഗികമായി ഇന്ത്യക്ക് ശാസന നേടിത്തന്ന, ഒന്നിലേറെത്തവണ കായികതാരങ്ങളുടെ പേരുകള്‍ ട്വിറ്ററില്‍ തെറ്റിയിട്ട ഇന്ത്യയുടെ കായികമന്ത്രി വിജയ് ഗോയല്‍ റിയോയില്‍ വിലസുമ്പോള്‍ ഇതിലൊന്നും അത്ഭുതമില്ല. ഗോയല്‍ ഒറ്റക്കല്ല ഇതിലൊന്നും. സംശയത്തിന്‍റെ നിഴലിലുള്ള ആധുനിക ഇന്ത്യന്‍ മഹാരാജാക്കന്മാരുടെ സംഘവുമായാണ്, കൂട്ടത്തില്‍ ഒരു ശരിക്കുള്ള രാജാവുമുണ്ട്, മന്ത്രി അവിടെയെത്തിയത്. പട്യാല രാജകുടുംബത്തിലെ അവകാശി രണീന്ദര്‍ സിങ്ങുമുണ്ട് കൂട്ടത്തില്‍. പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിങ്ങിന്റെ മകനാണ് അയാള്‍.

യുവരാജാവ് രണീന്ദര്‍ സിങ്ങിന്റെ റിയോയിലെ ദിനരാത്രങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ കായികതാരങ്ങളോട് കാണിക്കുന്ന അവഗണനയുടെ ചിത്രങ്ങളാണ്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ യുവരാജാവ് റിയോയില്‍ വിരുന്നു സല്‍ക്കാരങ്ങളില്‍ പറന്നുനടക്കുന്ന ചിത്രങ്ങള്‍ വാട്സ്അപ് ഗ്രൂപ്പുകളില്‍ നിറയുകയാണ്- കായികതാരങ്ങളെ തിരിഞ്ഞുനോക്കാന്‍ ആളില്ല.

രണീന്ദറിന്റെ കൂടെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓപി ചൌതാലയുടെ മകന്‍ അഭയ് സിങ് ചൌതാലയുമുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ചൌതാല ജൂനിയര്‍ സ്വതന്ത്രനായി റിയോയില്‍ വിരുന്നും ആഘോഷങ്ങളുമാണ്. വിചാരണക്കോടതിയുടെ നിയമാനുസൃതമായ അനുമതിപോലും വാങ്ങാതെയാണ് അയാള്‍ വിദേശത്തേക്ക് പോയത്.

ഹരിയാന താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഹരിയാന മന്ത്രി അനില്‍ വിജും റിയോയിലുണ്ട്. ഒപ്പം ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും. എന്താണവര്‍ ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല.

എന്തായാലും ഇന്ത്യയിലെ കായികമേഖല കൈകാര്യം ചെയ്യുന്ന ചരിത്രം നോക്കിയാല്‍ ഇതിലൊന്നും അത്ഭുതത്തിന് വകയില്ല. 2016 ഒളിമ്പിക്സിനുള്ള മുന്നൊരുക്കങ്ങള്‍ തന്നെ വെറും കെട്ടുകാഴ്ച്ചകള്‍ മാത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സല്‍മാന്‍ ഖാന്‍, എആര്‍ റഹ്മാന്‍, അഭിനവ് ബിന്ദ്ര എന്നിവരെയാണ് അംബാസഡര്‍മാരാക്കിയത്. ബിന്ദ്രയൊഴികെ ബാക്കിയുള്ളവരെയൊക്കെ എന്തു മാനദണ്ഡം വെച്ചാണ് വിളിച്ചതെന്ന് ദുരൂഹമാണ്. ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡറായി എന്തിനാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍? ടെണ്ടുല്‍ക്കര്‍ക്ക് തന്റെ സുഹൃത്തുക്കള്‍ക്കൊത്ത് ചുറ്റിയടിക്കാന്‍- മുകേഷ് അംബാനിയുടെ കുടുംബം- അതൊരു അവസരം നല്‍കിയെങ്കിലും. കളിയല്ല കാര്യം. നിത അംബാനിയാണ് ഇന്ത്യയുടെ ഏക അന്താരാഷ്ട്ര ഒളിമ്പിക് പ്രതിനിധി. ആ ജോലിക്കുള്ള അവരുടെ യോഗ്യതകള്‍ എന്താണെന്ന് മാത്രം ചോദിക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍