UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയോ ദുരന്തം; ഇന്ത്യന്‍ ഹോക്കി മാറിച്ചിന്തിക്കേണ്ട സമയമായി

Avatar

അഴിമുഖം പ്രതിനിധി

ഏറെ ആരവങ്ങളും പ്രതീക്ഷയുമായി ഇക്കുറി റിയോ ഒളിമ്പിക്സിന്  പോയ ഇന്ത്യന്‍ ഹോക്കി സംഘം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തിനോട് 1-3നു തോറ്റ് പുറത്തായിരിക്കുന്നു. ഇന്ത്യന്‍ ഹോക്കി ആരാധകര്‍ക്ക് മറ്റൊരു ഒളിമ്പിക്സ് ദുരന്തം.

ക്വാര്‍ട്ടര്‍ ഫൈനലിലെ അനിശ്ചിതത്വം അനുകൂലമാക്കാമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ടായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എന്തും സംഭവിക്കാമെന്ന് ഞായറാഴ്ച റിയോയില്‍ തെളിഞ്ഞു. പൂള്‍ എ-യില്‍ രണ്ടാമതായിരുന്ന സ്പെയിന്‍ 1-1നു അര്‍ജന്റീനയോട് തോറ്റു. 2014-ലെ ലോകകപ്പില്‍ ആസ്ട്രേലിയയോട് 1-6നു തകര്‍ന്ന നെതര്‍ലാണ്ട്സ് ലോക ജേതാക്കളെ 4-0ത്തിന് കശക്കിയെറിഞ്ഞാണ് സെമിഫൈനലില്‍ കടന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടി ആ ഒരു ദിവസം മികച്ച കളി പുറത്തെടുത്ത് എതിരാളികളെ ഞെട്ടിക്കുകയായിരുന്നു റോളണ്ട് ഓല്‍റ്റ്മാന്റെ തന്ത്രം- ചാംപ്യന്‍സ് ട്രോഫിയിലും ലോക ലീഗിലും അതാണ് നടന്നത്.

റിയോയില്‍ ഇന്ത്യ തട്ടിയും മുട്ടിയുമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ജര്‍മ്മനിയും അര്‍ജന്റീനയുമായി മികച്ച കളി പുറത്തെടുത്തു, പക്ഷേ നിര്‍ണായകമായ നെതര്‍ലാണ്ട്സും കാനഡയുമായുള്ള കളികളില്‍ പാളിപ്പോയി.

ബല്‍ജിയവുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മികച്ച അവസരമായിരുന്നു. ഈയടുത്ത മത്സരങ്ങളിലെല്ലാം ഇന്ത്യ പ്രകടനം മെച്ചപ്പെടുത്തിയപ്പോള്‍, ബല്‍ജിയം കഴിഞ്ഞ വര്‍ഷം റാങ്കിംഗില്‍ പിന്നാക്കം പോയി- പ്രത്യേകിച്ചും യൂറോപ്യന്‍ നാഷന്‍സ് കപ്പിലെ മോശം പ്രകടനം. എന്നാല്‍ ആദ്യവട്ട കളികളില്‍ ബ്രിട്ടനെയും ലോകജേതാക്കളായ ആസ്ട്രേലിയയെയും തോല്‍പ്പിച്ചുകൊണ്ട് റിയോയില്‍ അവര്‍ തിരിച്ചുവന്നു. അഞ്ചു കളികളില്‍ നാലും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി.അതുകൊണ്ട് ഞായറാഴ്ച്ച കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരുന്നത് കടുത്ത മത്സരമായിരുന്നു.

എവിടെയാണ് പിഴച്ചത്? റിയോയില്‍ ഇന്ത്യന്‍ സംഘം എന്തു പിഴവുകളാണ് വരുത്തിയത്? ചില നിരീക്ഷണങ്ങള്‍ ഇവയാണ്:

ആത്മവിശ്വാസത്തോടെയുള്ള തുടക്കം, മോശം അവസാനം
ഇന്ത്യക്കാര്‍ നന്നായി തുടങ്ങുകയും ആദ്യപാദത്തിന്റെ അവസാനം ഗോള്‍ നേടുകയും ചെയ്തു. പക്ഷേ സെബാസ്റ്റ്യന്‍ ടോക്കിയാരുടെ ഒരു ശ്രമം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ ആദ്യപാദത്തിലും കളി മാറിയേനെ. ആദ്യപാദത്തില്‍ നന്നായി കളിച്ചെങ്കിലും ബല്‍ജിയം ഇടക്കിടെ മുന്നേറ്റത്തിന് പഴുതുകള്‍ കണ്ടെത്തി. മധ്യനിരയില്‍ ഇന്ത്യക്കാര്‍ നിയന്ത്രണം നഷ്ടപ്പെടുത്തി. പിന്നെ രണ്ടാം പകുതിയിലും അത് തിരിച്ചുകിട്ടിയില്ല.

മധ്യനിരയിലെ കുഴപ്പങ്ങള്‍
സര്‍ദാര്‍ സിങ്, വി ആര്‍ രഘുനാഥ്, ഡാനിഷ് മുജ്താബ, രൂപീന്ദര്‍ പാല്‍, കോഥജിത് എന്നിവര്‍ മുന്നേറ്റനിരയ്ക്കു പന്തെത്തിച്ചെങ്കിലും തിരിച്ചു മധ്യനിരയിലേക്കെത്താന്‍ സമയം കൂടുതലെടുത്തു. ഇന്ത്യന്‍ മധ്യനിര ആദ്യം തന്നെ ബല്‍ജിയത്തിന് കളിയുടെ ഗതി നിയന്തിക്കാനുള്ള അവസരം നല്കി. പ്രതിരോധത്തില്‍ പഴുതുകള്‍ തേടാനും എതിരാളികള്‍ക്ക് ഇത് വഴിയൊരുക്കി.

രണ്ടു പകുതികളിലെ കളി
ആദ്യ രണ്ടു പാദത്തിലും പന്തിന്റെ നിയന്ത്രണം കൂടുതലും ബല്‍ജിയത്തിനായിരുന്നെങ്കിലും കളിയുടെ പകുതി സമയത്ത് ഇന്ത്യയുടെ 1-0 എന്ന മുന്‍തൂക്കം ഒട്ടും മോശമായിരുന്നില്ല. ഇതോടെ ഇന്ത്യക്ക്  കളി ബല്‍ജിയത്തിന്റെ പകുതിയിലേക്ക് മാറ്റാനുള്ള അവസരവുമായിരുന്നു. എന്നാല്‍ അതുനടന്നില്ല.

രണ്ടാം പകുതിയില്‍ കളിയുടെ താളം നഷ്ടപ്പെട്ട ഇന്ത്യക്കാര്‍, ടോക്കിയറും തോമസ് ബ്രയലും ടോം ബൂണും അടങ്ങിയ  ബല്‍ജിയത്തിന്റെ മുന്നേറ്റ നിരയ്ക്ക് ഗോളടിക്കാന്‍ അവസരങ്ങള്‍ നല്കി. ബല്‍ജിയം നായകന്‍ ജോണ്‍ ഡോഹ്മെന്‍ നയിച്ച മധ്യനിര അവര്‍ക്ക് മികച്ച പിന്തുണയും നല്കി. വശങ്ങള്‍ നന്നായി ഉപയോഗിച്ച ബല്‍ജിയം പന്ത് നന്നായി കൈമാറുകയും ചെയ്തു.

മുനയൊടിഞ്ഞ മുന്നേറ്റനിര
നിഖിന്‍ തിമ്മയ്യ, ആകാശ് ദീപ് സിങ്, രാമന്‍ദീപ് സിങ്, എസ് വി സുനില്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ മുന്നേറ്റനിര ചില നല്ല മുന്നേറ്റങ്ങള്‍  വശങ്ങളിലൂടെ ഉണ്ടാക്കിയെങ്കിലും മൂലയിലേക്ക് പോയി വട്ടത്തിനുള്ളിലേക്ക് പന്തെത്തിക്കാനുള്ള അവരുടെ ശ്രമം തികച്ചും ഊഹിക്കാവുന്നതായിരുന്നു. ആ ശ്രമങ്ങളെല്ലാം ബല്‍ജിയന്‍ പ്രതിരോധം തടഞ്ഞു. ഇടക്ക് വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കാനുമായില്ല. ഒരൊറ്റ പെനാല്‍റ്റി കോര്‍ണര്‍ പോലും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ മുന്നേറ്റ നിരയ്ക്കു കഴിഞ്ഞില്ല. രഘുനാഥ്, രൂപീന്ദര്‍പാല്‍, ഹര്‍മന്‍പ്രീത് സിങ് എന്നീ മൂന്നു പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധര്‍ക്കു അങ്ങനെ ഒന്നും ചെയ്യാനായില്ല. ലീഗ് ഘട്ടത്തില്‍ 9-ല്‍ 7 ഗോളും ഇന്ത്യ നേടിയത് പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു. ബല്‍ജിയമാകട്ടെ വെറും ഒരെണ്ണവും.

അന്ത്യത്തില്‍ നഷ്ടപ്പെടുന്ന ഉത്സാഹം
ബ്രസീലിലെ ചൂടുള്ള കാലാവസ്ഥയില്‍ ഉച്ചക്കുശേഷമുള്ള കളിയാകാം കാരണം. ഇതുവരെയുള്ള കളികളില്‍ നല്ല ഊര്‍ജമായിരുന്നു ഇന്ത്യക്കാര്‍ പ്രകടിപ്പിച്ചത്. അവസാനപാദത്തിലെ തളര്‍ന്നിരുന്നുള്ളൂ. പക്ഷേ ഞായറാഴ്ച്ച രണ്ടാംപകുതിയുടെ തുടക്കത്തിലെ അവര്‍ തളര്‍ന്ന പോലെയായിരുന്നു. ഓള്‍റ്റ്മാന്‍ ഇടക്കിടെ കളിക്കാരെ മാറ്റിയെങ്കിലും ഫലം കണ്ടില്ല.

അങ്ങനെ മറ്റൊരു ഒളിമ്പിക്സില്‍  ഇന്ത്യക്ക് വെറുംകയ്യുമായി മടങ്ങേണ്ടിവന്നിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതില്‍ ആഘോഷിക്കാനൊന്നുമില്ല. പഴയ രീതിയിലാണെങ്കില്‍ പൂളില്‍ നാലാമതെത്തിയപ്പോള്‍ തന്നെ നാട്ടിലേക്കു വിമാനം കയറാമായിരുന്നു.

ഈയടുത്ത് ലോക പട്ടികയില്‍ അഞ്ചാമതെത്തിയെങ്കിലും ഒളിമ്പിക്സില്‍ ഒരു പതക്കം നേടാന്‍ ഇന്ത്യന്‍ ഹോക്കി ഇനിയും ഏറെ മുന്നോട്ട് പോകണം എന്നാണ് ഇതൊക്കെ കാണിക്കുന്നത്.

അതുകൊണ്ട് ഹോക്കി ഇന്ത്യയും റോളണ്ട് ഓള്‍ട്മാനും (ഈ തോല്‍വിക്കപ്പുറവും ഇവിടെ തുടരുമെങ്കില്‍) ജൂനിയര്‍ ടീമില്‍ ശ്രദ്ധിക്കാന്‍ തുടങ്ങണം. ലഖ്നൌവില്‍ ഡിസംബറില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പ് നല്ലൊരവസരമാണ്. മുതിര്‍ന്ന സംഘത്തിലേക്ക് പുതുരക്തം കയറ്റാനും കളിക്കാരുടെ ആത്മവിശ്വാസം വളര്‍ത്താനും കൂടുതല്‍ അന്താരാഷ്ട്ര മത്സരപരിചയം നല്കാനും അതിനെ ഒരു ചവിട്ടുപടിയാക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍