UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകം മാറക്കാനയില്‍; ഒളിമ്പിക്‌സിനു തിരി തെളിഞ്ഞു

Avatar

അഴിമുഖം പ്രതിനിധി

ലോകം മാറക്കാനയില്‍. ഇതില്‍പ്പരം വലുതല്ലാത്തൊരു കായികമാമാങ്കം വേറെയില്ലെന്ന പ്രൗഢിയുമായി 31 ആം ആധുനിക ഒളിമ്പിക്‌സിനു തിരിതെളിഞ്ഞു. ഏറെ പഴികള്‍ മുന്‍പേറു തന്നെ കേള്‍ക്കേണ്ടി വന്നെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ വിസ്മയപ്പെടുത്തുന്ന കാഴ്ച്ചകളുമായാണ് ഉത്ഘാടന ചടങ്ങ് ബ്രസീല്‍ ഒരുക്കിവച്ചിരുന്നത്. നന്ദി ബ്രസീല്‍…ഒരായിരം നന്ദിയെന്ന് ലോകം അവര്‍ക്കു മുന്നില്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു ചൊല്ലി.

ഉത്ഘാടന ദീപം നയിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചിരുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ അനാരോഗ്യംകാരണം പിന്‍വാങ്ങിയതിനെ തുടര്‍ന്ന്് ബ്രസീല്‍ ടെന്നിസ് താരവും മൂന്നുവട്ടം ഫ്രഞ്ച് ഓപ്പണ്‍ കിരീട ജേതാവുമായ ഗുസ്താവോ കര്‍ട്ടനായിരുന്നു ഒളിമ്പിക്‌സ് ദീപം മാറക്കാനയില്‍ കൊളുത്തിയത്.

ബെയ്ജിങ് ഒളിപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയ അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 118 പേരാണ് ഇന്ത്യക്കു വേണ്ടി ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.

മാര്‍ച്ച് പാസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഘം അഭയാര്‍ത്ഥികളുടെതായിരുന്നു. സ്വന്തമായി രാജ്യമില്ലാതായവര്‍ ഒളിമ്പിക്‌സ് പതാകയുമേന്തിയാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.

റിയോ ഒളിമ്പിക്‌സിനെ വ്യത്യസ്തമാക്കാന്‍ സംഘാടകര്‍ മറ്റൊന്നു കൂടി ഒരുക്കിയിരുന്നു. ‘റിയോ 2016 ന്റെ ഓര്‍മയ്ക്കായി ഒരു ഒളിമ്പിക്‌സ് വനം’. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ എത്തുന്ന രാജ്യങ്ങളുടെ ഒരു കായിക താരത്തിന് സ്റ്റേഡിയത്തില്‍ കടക്കുന്നതിനു മുമ്പ് ഒരു മരത്തൈ നല്‍കി. പിന്നീട് അത് ശേഖരിച്ച് റിയോയില്‍ ഒളിമ്പിക്‌സ് വനം സൃഷ്ടിക്കാനായി ഉപയോഗിക്കും.

വലിയ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും ബ്രസീല്‍ ഒരുക്കിയ അത്ഭുത കാഴ്ചകള്‍ പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായിരുന്നു എന്നതാണ് പ്രശംസനീയം.

സാമ്പയുടെ താളത്തില്‍ ഇനി ലോകം മത്സരാവേശത്തിലേക്ക്…എല്ലാ കണ്ണുകളും റിയോയിലേക്ക്…

ഉത്ഘാടനചിത്രങ്ങള്‍ കാണാം;

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍