UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാപത്തിന്റെ മുറിവുകള്‍ മറക്കാം; ഇനി ഇവര്‍ക്ക് റിയോയുടെ ആവേശം

Avatar

ബിബിന്‍ ബാബു

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് തിരി തെളിയാന്‍ ഇനി മൂന്നു നാള്‍ മാത്രം. 206 രാജ്യങ്ങളില്‍ നിന്നും 10,500 താരങ്ങള്‍ പിറന്ന രാജ്യത്തിനായി ഒരു മെഡല്‍ എന്ന സ്വപ്‌നത്തില്‍ പോരിനിറങ്ങുന്നു. തങ്ങളുടെ രാജ്യത്തിനായി ആര്‍പ്പു വിളിക്കാന്‍ ആരാധകര്‍ റിയോയിലേക്ക് പറന്ന് കഴിഞ്ഞു.

എന്നാല്‍ സ്വന്തം രാജ്യത്തിന്റെ ആര്‍പ്പു വിളികള്‍ ലഭിക്കാത്ത രാജ്യത്തിന്റെ പതാക നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ സാധിക്കാത്ത 10 പേര്‍ റിയോയിലുണ്ട്. ദേശീയത അടയാളപ്പെടുത്തുന്ന ജഴ്‌സികള്‍ അവര്‍ ധരിക്കില്ല. അവര്‍ മത്സരിക്കുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കില്ല. ഏതു രാജ്യക്കാരാണ് ഇത്? ആര്‍ക്കും സംശയം തോന്നാം. ഒളിമ്പിക് അസോസിയേഷന്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന പേര് അഭയാര്‍ഥികളുടെ സംഘം എന്നാണ്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ അനിശ്ചിതത്വം മൂലവും ആഭ്യന്തര കലാപങ്ങള്‍ കൊണ്ടും ജന്മനാട് ഉപേക്ഷിക്കേണ്ടി വന്നവരാണ് ഈ അഭയാര്‍ഥികളുടെ സംഘത്തിലുള്ളത്. രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം ചരിത്രമാവുകയാണ്. ആദ്യമായാണ് അഭയാര്‍ഥികളുടെ സംഘം ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്.

ദക്ഷിണ സുഡാനില്‍ നിന്നും കെനിയയിലേക്ക് കുടിയേറിയവരാണ് പത്തംഗ സംഘത്തിലെ അഞ്ചു പേരും. ജെയിംസ് ചെയ്ന്‍ജെയ്ഖ്- 400 മീറ്റര്‍, യെയ്ച് ബെയ്ല്‍- 800 മീറ്റര്‍, പൗളോ ലോക്‌റോ- 1500 മീറ്റര്‍, റോസ് ലോക്യോണ്‍യെന്‍- 800 മീറ്റര്‍, ആഞ്ജലിന ലോഹലിത്- 1500 മീറ്റര്‍ എന്നിവരാണ് അവര്‍.

എതോപ്യയില്‍ നിന്നും ലക്‌സംബെര്‍ഗിലെത്തിയ മാരത്തോണ്‍ ഓട്ടക്കാരി യോനാസ് കിന്‍ഡേ, കോഗോയില്‍ നിന്നും ബ്രസീലിലെത്തിയ ജൂഡോ താരങ്ങളായ പോപ്പോള്‍ മിസംഗയും യോലെന്‍ഡെ മാബിക്കയും സിറിയയില്‍ നിന്നും ബെല്‍ജിയത്തിലെത്തിയ റാമി എനിസ് 100 മീറ്റര്‍ ബട്ടര്‍ഫ്‌ള്ളെസിലും സിറിയയില്‍ നിന്നും ജര്‍മനിയിലെത്തിയ യുസ്ര മാര്‍ഡീനി 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും മത്സരിക്കുന്നു.

പ്രത്യേക ഒളിമ്പിക് പതാകയുടെ കീഴില്‍ അഭയാര്‍ഥികളുടെ ഒളിമ്പിക് ടീമെന്ന പേരിലാണ് ഇവര്‍ മത്സരത്തിറങ്ങുന്നത്. മുന്‍ ഒളിമ്പ്യനും മാരത്തോണിലെ മുന്‍ റെക്കോര്‍ഡ് ജേതാവുമായ ടെഗ്ല ലോറുപ്പാണ് അഭയാര്‍ഥികളുടെ സംഘത്തെ നയിക്കുന്നത്. അഞ്ചു പരിശീലകരും അഞ്ച് ഒഫീഷ്യലുകളും അടങ്ങുന്നതാണ് റിയോയിലെത്തിയ സംഘം.

യുഎന്നിന്റെ അഭയാര്‍ഥി പദവിയുള്ള ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തക്ക പ്രതിഭയുള്ള 43 പേരെയാണ് രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തിരഞ്ഞെടുത്തത്. ഓരോ രാജ്യത്തെയും ഒളിമ്പിക് അസോസിയേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. അതില്‍ നിന്നുമാണ് റിയോയിലേക്ക് പത്ത് പേരെ തിരഞ്ഞെടുത്തത്. 2 മില്ല്യണ്‍ യൂഎസ് ഡോളര്‍ ഇവരുടെ പരിശീലനത്തിനും മറ്റുമായി രാജ്യന്തര ഒളിമ്പിക് അസോസിയേഷന്‍ കണ്ടെത്തിയിരുന്നു.

ഒളിമ്പിക്‌സ് എന്നത് മെഡല്‍ നേടാനാള്ള വേദി മാത്രമല്ല ഇവര്‍ക്ക്. അത് ഒരു സ്വപ്‌നവും പ്രതീക്ഷയുമാണ്. ദുരന്തങ്ങള്‍ തകര്‍ത്ത ജീവിതത്തിന് ഇനിയും അര്‍ഥങ്ങള്‍ ഉണ്ട് എന്ന് ലോകത്തിലെ എല്ലാ അഭയാര്‍ഥികള്‍ക്കും ചിന്തിക്കാനുള്ള പ്രതീക്ഷയാവുകയാണിവര്‍. കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഏത് പ്രതിബന്ധത്തെയും തകര്‍ക്കാമെന്നുള്ള ആത്മവിശ്വാസത്തിന്റെ വെളിച്ചം പകരുകയാണ് ഈ സംഘം.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍