UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയോയില്‍ ഇന്ത്യയ്ക്ക് എത്ര മെഡല്‍ പ്രതീക്ഷിക്കാം?

Avatar

അഴിമുഖം പ്രതിനിധി

ആഗസ്റ്റ് 5 ബ്രസീല്‍ സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതീക്ഷ 10 മെഡലുകളാണ്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് 120 കായികതാരങ്ങളെ ഒളിമ്പിക്സിന് അയക്കുന്നത്. ഈ സംഘത്തില്‍ അനുഭവപരിചയത്തിന്റെ കാര്യത്തിലും പ്രായത്തിന്റെ കാര്യത്തിലും ഒരു നല്ല മിശ്രണം കാണാവുന്നതാണ്. ഇത് കൂടാതെ ഇത്തവണ പോകുന്ന പുതുമുഖങ്ങളും ബ്രസീലില്‍ നല്ല പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സില്‍ 2 വെള്ളിയും 4 വെങ്കലവും മാത്രമാണ് ഇന്ത്യ നേടിയത്. 206 രാജ്യങ്ങളില്‍ നിന്നായി 42 വ്യത്യസ്ഥ ഇനങ്ങളില്‍ 10500 കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിനെപ്പറ്റി എന്തൊക്കെയാണ് പ്രതീക്ഷകള്‍? ഗെയിംസിനെ പറ്റിയുള്ള ചിത്രം വ്യക്തമാകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. 

എവിടെയാണ് ഒളിമ്പിക്സ് നടക്കുന്നത്?
ബ്രസീലിലെ റിയോ ഡി ജനീറോയില്‍. 1565ല്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടുപിടിച്ച റിയോ ഡി ജനീറോ ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമാണ്. ഏറ്റവും വലിയ നഗരം സാവോ പോളോ ആണ്.

ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും എപ്പോഴൊക്കെയാണ്?
ഉദ്ഘാടന ചടങ്ങ് ഓഗസ്റ്റ്‌ 5 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മറക്കാന മൈതാനത്ത് വെച്ചാണ്‌. കായിക ചരിത്രത്തില്‍ രണ്ടു ലോകകപ്പ്‌ ഫൈനലുകള്‍ക്ക് വേദിയായി പ്രശസ്തമായ മൈതാനം ആണ് മറക്കാന. സമാപന ചടങ്ങ് അതെ സ്ഥലത്ത് ഓഗസ്റ്റ്‌ 21 ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ്.

ഉദ്ഘാടന ചടങ്ങുകള്‍ കാണാനുള്ള ടിക്കറ്റിന്റെ വില എത്രയാണ്?
ഉദ്ഘാടന ചടങ്ങിന്റെ ഏറ്റവും വില കൂടിയ ടിക്കറ്റിന് 93,000 രൂപയാണ് (1400 ഡോളര്‍). ബ്രസീലില്‍ മാത്രം ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ ടിക്കറ്റിന് 4000 രൂപയാണ് (60 ഡോളര്‍). 75 ലക്ഷം ടിക്കറ്റുകള്‍ ആണ് ഒളിമ്പിക് ഗെയിംസിന് മുഴുവനായി ലഭ്യമായിട്ടുള്ളത്.

ഒളിമ്പിക് ദീപശിഖ തെളിയിക്കുന്നത് ആരാണ്?
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസമായ പെലെ.

എന്താണ് ഉത്തേജക വിവാദം?
ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നുള്ള വിവിധ കായികോദ്യോഗസ്ഥരുടെയും ഉത്തേജക വിരുദ്ധ ഉദ്യോഗസ്ഥരുടെയും ശുപാര്‍ശകള്‍ ഉണ്ടായിട്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ റഷ്യന്‍ അത്ലറ്റുകളെയും ഇത്തവണത്തെ ഒളിമ്പിക്സില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കി. റഷ്യയിലെ താരങ്ങളുടെ ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെ തുടര്‍ന്നാണ് ഇത്.

എന്തുകൊണ്ടാണ് ചില അത്ലറ്റുകളെ ഒളിമ്പിക് പതാകയുടെ കീഴില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത്?
ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ മാതൃദേശത്ത് നിന്നും പലായനം ചെയ്യേണ്ടി വന്ന അത്ലറ്റുകള്‍ക്ക് ഒളിമ്പിക് പതാകയുടെ കീഴില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കും. 10 അഭയാര്‍ഥികള്‍ ആവും ഇത്തവണ മത്സരിക്കുന്നതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.

റിയോയില്‍ അരങ്ങേറാന്‍ പോകുന്ന പുതിയ കായിക ഇനങ്ങള്‍ ഏതൊക്കെ ആയിരിക്കും?
ഗോള്‍ഫും റഗ്ബി സെവന്‍സും.

2016 ഒളിമ്പിക്സിന്റെ ഭാഗമല്ലാത്ത കായിക ഇനങ്ങള്‍ ഏതൊക്കെയാണ്?
ബേസ്ബോള്‍, സോഫ്റ്റ്‌ബോള്‍, ലക്രോസ്, കബഡി.

എന്താണ് സിക? 
ബ്രസീല്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാജ്യങ്ങളില്‍ ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വിശ്വസിക്കപ്പെടുന്ന വൈറസ് ആണ് സിക. ഇക്കാരണത്താല്‍ പല പ്രശസ്ത കായികതാരങ്ങളും ഗെയിംസില്‍ നിന്നും പിന്മാറി.

റിയോയില്‍ മത്സരിക്കാത്ത പ്രശസ്ത അത്ലറ്റുകള്‍ ആരൊക്കെയാണ്? 
ബാസ്കറ്റ്ബോള്‍: സ്റെഫ് കറി, ലെബ്രോണ്‍ ജെയിംസ്, റസല്‍ വെസ്റ്റ്ബ്രുക്, കാവി ലിയോനാര്‍ഡ്, ക്രിസ് പോള്‍.
ഗോള്‍ഫ്: ജയ്സണ്‍ ഡേ, റോറി മക്കില്‍റോയ്, ജോര്‍ഡന്‍ സ്പീത്ത്.
ടെന്നീസ്: റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ (മിക്കവാറും).

ശ്രദ്ധിക്കേണ്ട പ്രശസ്തരായ കായികതാരങ്ങള്‍ ആരൊക്കെയാണ്?
ഉസൈന്‍ ബോള്‍ട്ട്, ട്രാക്കും ഫീല്‍ഡും (ജമൈക്ക): തുടയിലെ പേശിയ്ക്ക് ക്ഷതമുണ്ടായ ശേഷം വിശ്രമത്തിലുള്ള അദ്ദേഹത്തിന് തന്റെ അവസാനത്തെ ഒളിമ്പിക്സില്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ മൂന്നു സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണാം.

ഷെല്ലി-ആന്‍ ഫ്രെയ്സര്‍-പ്രൈസ്, ട്രാക്കും ഫീല്‍ഡും (ജമൈക്ക): പ്രൈസ് ബോള്‍ട്ടിന്റെ അത്രയും പ്രശസ്ത അല്ലെങ്കിലും അത്രത്തോളം തന്നെ പ്രബലയാണ്. 100 മീറ്ററില്‍ മൂന്നാമത്തെ ഒളിമ്പിക് സ്വര്‍ണം ലക്ഷ്യമാക്കിയാണ് ഇത്തവണത്തെ വരവ്. മെഡല്‍ കിട്ടിയാല്‍ അത്തരത്തിലുള്ള ആദ്യത്തെ വനിത ആയിരിക്കും പ്രൈസ്.

നെയ്മര്‍, പുരുഷന്മാരുടെ ഫുട്ബോള്‍ (ബ്രസീല്‍): 24കാരനായ ഈ ചെറുപ്പക്കാരന്‍ പുരുഷന്മാരുടെ ഫുട്ബോളില്‍ ആദ്യത്തെ ഒളിമ്പിക് സ്വര്‍ണം നേടാനായി ടീമിനെ നയിക്കും. ബ്രസീലില്‍ വെച്ചുനടന്ന 2014 ലോകകപ്പിലെ സെമിഫൈനലില്‍ ജര്‍മ്മനിയോട് 7-1നു പരിതാപകരമായ രീതിയില്‍ തോറ്റിരുന്നു. ഇതിനു പകരം വീട്ടാനുള്ള ശ്രമം എന്തായാലും ഉണ്ടാവും.

കാസ്റ്റര്‍ സെമന്യ, ട്രാക്കും ഫീല്‍ഡും (ദക്ഷിണാഫ്രിക്ക): 2009ല്‍ സെമന്യയ്ക്ക് തന്‍ സ്ത്രീ ആണെന്ന് തെളിയിക്കാന്‍ ലിംഗപരിശോധനയ്ക്ക് വിധേയയാവേണ്ടി വന്നു. പരിശോധനകളില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവികമായ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സ്ത്രീകളുടെ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചു.

നൊവാക് ജ്യോക്കോവിച്ച്, പുരുഷന്മാരുടെ ടെന്നീസ് (സെര്‍ബിയ): ഈ വര്‍ഷത്തെ ടെന്നിസില്‍ ഗ്രാന്‍ഡ്‌ സ്ലാം നേടിയ ജ്യോക്കോവിച്ചിന് റിയോയില്‍ നിന്ന് ഒരു സ്വര്‍ണം കൂടി നേടിയാല്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം ആയി കണക്കാക്കാം.

ഒക്സാന ചുസോവിറ്റിന, ജിംനാസ്റിക്സ് (ഉസ്ബെക്കിസ്ഥാന്‍): 41 വയസ്സുള്ള ചുസോവിറ്റിന ആണ് ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ജിംനാസ്റ്റിക്സ് മത്സരാര്‍ഥി. ഇത് അവരുടെ ഏഴാമത്തെ ഒളിമ്പിക്സ് ആണ്.

ശ്രദ്ധിക്കേണ്ട പ്രശസ്തരായ ഇന്ത്യന്‍ കായികതാരങ്ങളും കളികളും?
പുരുഷന്മാരുടെ ഹോക്കി ടീം. മലയാളി ആയ പി.ആര്‍. ശ്രീജേഷ് നയിക്കുന്നു. ഗംഭീരമായ ഫോമില്‍ റിയോയിലേക്ക് പോകുന്നു. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും ലണ്ടനിലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡലും കരസ്ഥമാക്കി.

ടെന്നീസ്. തുടര്‍ച്ചയായി ഏഴാമത്തെ ഒളിമ്പിക്സില്‍ കളിക്കാനുള്ള ലിയാണ്ടര്‍ പെയ്സിന്റെ മോഹം പൂവണിയുന്നത് പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയുടെ കൂടെ കളിക്കളത്തില്‍ ഇറങ്ങുമ്പോഴാണ്. മിക്സഡ്‌ ഡബിള്‍സില്‍ സാനിയയും ബോപ്പണ്ണയും കൈ കോര്‍ക്കുമ്പോള്‍ വനിതകളുടെ ഡബിള്‍സില്‍ സാനിയ കളിക്കുന്നത് പ്രാര്‍ത്ഥന തൊംബാറെയുടെ കൂടെ ആവും.

ബാറ്റ്മിന്‍റ്റണ്‍. ലണ്ടന്‍ ഗെയിംസില്‍ വെങ്കലം നേടിയ സൈന നെഹ്വാളിനു പുറമേ ആദ്യ ഒളിമ്പിക്സ് മത്സരാര്‍ത്ഥികള്‍ ആയ പി.വി. സിന്ധുവും കെ. ശ്രീകാന്തും റിയോയിലേക്ക് പോകും. ഇതിനു പുറമേ തങ്ങളുടെ രണ്ടാമത്തെ ഒളിമ്പിക്സില്‍ പങ്കെടുക്കാനായി ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ഉണ്ടാകും.

4X400 മീറ്റര്‍ റിലേ. മൂന്നാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീയില്‍ 3:00.91 എന്ന സമയം കൊണ്ട് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യന്‍ പുരുഷ റിലെ ടീം ആണ് മത്സരിക്കാനായി പോകുക. 2016ലെ രണ്ടാമത്തെ മികച്ച സമയം ആണിത്.

ജിത്തു റായ്, ഷൂട്ടിംഗ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 50 മീറ്റര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും ഉണ്ട് ജിത്തുവിന്. ഈ വര്ഷം നടന്ന ഐ.എസ്.എസ്.എഫ്. ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതാണ് ഈ 28കാരന്‍.

പ്രവീണ്‍ റാണ, ഗുസ്തി. 2014ല്‍ അമേരിക്കയില്‍ വെച്ചു നടന്ന ഡേവ് ഷൂള്‍സ് ടൂര്‍ണമെന്റില്‍ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതാണ് റാണയുടെ ഏറ്റവും മികച്ച പ്രകടനം.

ഖുശ്ബീര്‍ കൌര്‍, 20 കിലോമീറ്റര്‍ നടത്ത മത്സരം. 2014 ഏഷ്യന്‍ ഗെയിംസില്‍ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരി ആണ് കൌര്‍. 1:33:07 എന്ന ദേശീയ റെക്കോര്‍ഡ് നേടുകയും തന്റെ വ്യക്തിഗത സമയം മികവുറ്റതാക്കി രണ്ടാമത് ഫിനിഷ് ചെയ്യുകയും ചെയ്തു.

അപൂര്‍വി ചന്ദേല, ഷൂട്ടിംഗ്, 10 മീറ്റര്‍ എയര്‍ റൈഫിള്‍. മ്യൂണിക്കില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 211.2 ഷൂട്ട്‌ ചെയ്ത് ലോക റെക്കോര്‍ഡ് ഭേദിച്ചു.

സന്ദീപ്‌ തോമാര്‍, ഗുസ്തി, 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍. ഹര്യാനയിലെ സോനിപ്പഠ് സ്വദേശിയായ ഈ 24കാരന്‍ ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

ലക്ഷിറാണി  മജ്ഹി, അമ്പെയ്ത്ത്. ഡെന്മാര്‍ക്കില്‍ നടന്ന 2015 ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 27കാരിയായ ലക്ഷ്മിറാണി വ്യക്തിഗത റീകര്‍വിലും ടീം റീകര്‍വിലും പങ്കെടുക്കുകയും വെള്ളി മെഡല്‍ നേടുകയും ചെയ്തു.

അവ്താര്‍ സിംഗ്, ജൂഡോ. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് വരെയെത്തിയ 24കാരനാണ് അവ്താര്‍. ഇന്ത്യയില്‍ വെച്ച് നടന്ന 2016 സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

കൈനാന്‍ ചെനായി, ഷൂട്ടിംഗ്, മെന്‍സ് ട്രാപ്. നാല് തവണ ഒളിമ്പ്യന്‍ ആയ മന്‍ഷീര്‍ സിംഗ് പരിശീലിപ്പിച്ച ചെനായി ഒളിമ്പിക്സില്‍ ഇടം നേടിയത് ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഏഷ്യ ഒളിമ്പിക് ഷൂട്ടിംഗ് ക്വാളിഫയേഴ്സില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ്.

പ്രാര്‍ത്ഥന തൊംബാറെ, വനിതാ ഡബിള്‍‍സ്‌ ടെന്നീസ്. സാനിയ കഴിഞ്ഞാല്‍ ഏറ്റവും മികച്ച വനിതാ ഡബിള്‍‍സ്‌ കളിക്കാരി ആണ് പ്രാര്‍ത്ഥന. 11 അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ പ്രാര്‍ത്ഥന സൈനയുടെ ഒപ്പം 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.

പ്രകാശ്‌ നഞ്ചപ്പ, ഷൂട്ടിംഗ്, 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍. ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന 2013 ഐ.എസ്.എസ്.എഫ്. ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതോടെ ലോകകപ്പില്‍ പിസ്റ്റള്‍ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ ആയി പ്രകാശ്‌.

നിതെന്ദര്‍ സിംഗ് റാവത്ത്, മാരത്തോണ്‍. 2015 ഒക്ടോബറില്‍ ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന ലോക സൈനിക ഗെയിംസില്‍ 02:18:06 എന്ന റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതോടെ ആണ് ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

മണിക ബത്ര, ടേബിള്‍ ടെന്നീസ്. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വിമന്‍സ് ഡബിള്‍‍സ്‌, വിമന്‍സ് ടീം ഇവന്റ്, മിക്സഡ്‌ ഡബിള്‍‍സ്‌ ഇവന്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ സ്വര്‍ണം നേടി.

ദീപ കര്‍മാക്കര്‍, ജിംനാസ്റ്റിക്സ്. 22കാരിയായ ഈ ത്രിപുര സ്വദേശി ആണ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്സ് താരം.

നിര്‍ബന്ധമായും കാണേണ്ട ഇനങ്ങള്‍ ഏതൊക്കെ? 
ഉദ്ഘാടന ചടങ്ങ്, ഓഗസ്റ്റ്‌ 5, 7PM.

പുരുഷന്മാരുടെ നീന്തല്‍, 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഫൈനല്‍. ഓഗസ്റ്റ്‌ 7, 9PM. 2012 ലണ്ടന്‍ ഗെയിംസില്‍ ഈ ഇനം ആയിരുന്നു ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളില്‍ ഒന്ന്.

വിമന്‍സ് ജിംനാസ്റ്റിക്സ് ടീം ഫൈനല്‍, ഓഗസ്റ്റ്‌ 9, 3PM. യു.എസ്. വനിതകളുടെ പ്രകടനം മികച്ചതാണ്.

വിമന്‍സ് ജിംനാസ്റ്റിക്സ് ഓള്‍ എറൗണ്ട് ഫൈനല്‍. ഓഗസ്റ്റ്‌ 11, 3PM. യു.എസ് ജിംനാസ്റ്റ് സിമോണ്‍ ബൈല്സ്.

പുരുഷന്മാരുടെ നീന്തല്‍ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലി ഫൈനല്‍. ഓഗസ്റ്റ്‌ 11, 9PM. ഫെല്‍പ്സും റയാന്‍ ലോച്ചേയുമായി അവസാനമായി മത്സരിക്കുന്നതിലൂടെ അവര്‍ തമ്മിലുള്ള വൈരം പുതുക്കുന്നു.

വിമന്‍സ് ടെന്നീസ് സിംഗിള്‍സ് ഫൈനല്‍. ഓഗസ്റ്റ്‌ 13, 5PM. നിങ്ങള്‍ ടെന്നീസ് കാണുന്നതിന്റെ ഏക കാരണം സറീന ആയിരിക്കും.

പുരുഷന്മാരുടെ നീന്തല്‍ 4X100 മീറ്റര്‍ മേഡ്ലി റിലേ ഫൈനല്‍. ഓഗസ്റ്റ്‌ 13, 9PM. മിക്കവാറും മൈക്കല്‍ ഫെല്‍പ്സിന്റെ അവസാനത്തെ നീന്തല്‍. ഇതിനു മുന്‍പ് ഒരുതവണ വിരമിച്ചതാണെങ്കിലും ഇത്തവണത്തേത് അവസാനത്തേത് ആയിരിക്കുമെന്ന് ഫെല്‍‌പ്സ് ഉറപ്പിച്ചു പറയുന്നു.

മെന്‍സ് ട്രാക്ക് 100 മീറ്റര്‍ ഫൈനല്‍. ഓഗസ്റ്റ്‌ 14, 7:20PM. ഉസൈന്‍ ബോള്‍ട്ട് മത്സരിക്കുന്നു.

വിമന്‍സ് ഫുട്ബോള്‍ ഫൈനല്‍, ഓഗസ്റ്റ്‌ 19, 4:30PM. തുടര്‍ച്ചയായ നാലാമത്തെ സ്വര്‍ണം നേടാന്‍ യു.എസ്. ശ്രമിക്കുന്നു.

മെന്‍സ് ഫുട്ബോള്‍ ഫൈനല്‍. ഓഗസ്റ്റ്‌ 20, 4:30PM. നെയ്മറും ബ്രസീലും ഫൈനലില്‍ എത്തിയാല്‍ ആവേശോജ്വലമായ കളി ആയിരിക്കും.

മെന്‍സ് ബാസ്കറ്റ്ബോള്‍ ഫൈനല്‍, ഓഗസ്റ്റ്‌ 21, 2:45PM. ഒളിമ്പിക്സിന്റെ അവസാന ദിവസം തുടര്‍ച്ചയായ മൂന്നാമത്തെ സ്വര്‍ണം നേടാനായി യു.എസ് ശ്രമിക്കും.

(റിയോയിലെ പ്രാദേശിക സമയം ആണ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം റിയോയിലേതിനെക്കാള്‍ എട്ടര മണിക്കൂര്‍ മുന്നിലാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍