UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ഭിന്നലിംഗക്കാര്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാം

Avatar

മരീസ പെയ്ന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി റിയോ ഒളിംപിക്‌സില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാകാതെ തന്നെ മൂന്നാംലിംഗക്കാരായ കായികതാരങ്ങള്‍ക്കു പങ്കെടുക്കാനാകും. ഒരു വര്‍ഷത്തെ ഹോര്‍മോണ്‍ തെറാപ്പിക്കു വിധേയരാകുക മാത്രമേ ഇവര്‍ ചെയ്യേണ്ടതുള്ളൂ.

നവംബറില്‍ നടന്ന ‘ സെക്‌സ് റീ അസൈന്‍മെന്റ് ആന്‍ഡ് ഹൈപ്പര്‍ ആന്‍ഡ്രോജനിസം’ സമവായ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പുതിയ മാനദണ്ഡങ്ങള്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗീകരിക്കുമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷനല്‍ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷനും (എന്‍സിഎഎ) മറ്റ് നിരവധി കായിക സംഘടനകളും ഈ മാനദണ്ഡങ്ങള്‍ നേരത്തെതന്നെ നടപ്പാക്കിക്കഴിഞ്ഞു.

ഇതുവരെ മൂന്നാംലിംഗക്കാരെ സംബന്ധിച്ച ഒളിംപിക്‌സ് നയം മല്‍സരിക്കണമെങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും രണ്ടുവര്‍ഷത്തെ ഹോര്‍മോണ്‍ ചികില്‍സയ്ക്കും വിധേയരാകണമെന്നായിരുന്നു. 2003ലാണ് ഈ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്. നവംബറിലെ പുതിയ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ത്തന്നെ ഒളിംപിക്‌സ് വെബ്‌സൈറ്റിലുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ജനനസമയത്തേതില്‍നിന്നു വ്യത്യസ്തമായ ലിംഗത്തില്‍ ആരും ഇതുവരെ ഒളിംപിക്‌സില്‍ മല്‍സരിച്ചിട്ടില്ല. 1976 ഒളിംപിക്‌സില്‍ ഡക്കാത്‌ലണില്‍ സ്വര്‍ണം നേടിയ ബ്രൂസ് ജെന്നര്‍ പിന്നീട് കെയ്റ്റ്‌ലിന്‍ ജെന്നറായും 2000 ഒളിംപിക്‌സില്‍ പോള്‍വോള്‍ട്ടില്‍ ആറാമതെത്തിയ യിവോണ്‍ ബുഷ്‌ബോം പിന്നീട് ബാലിയന്‍ ബുഷ്‌ബോമും ആയി ജീവിതം തുടര്‍ന്നു എന്നതു മറ്റൊരു കാര്യം.

പ്രഫഷനല്‍ മൂന്നാംലിംഗ കായികതാരങ്ങള്‍ വേറെയുണ്ട്. സൈക്കിളിങ് താരങ്ങളായ നെതര്‍ലാന്‍ഡ്‌സിന്റെ നതാലി വാന്‍ ഗോഗ്, കാനഡയുടെ മിഷേല്‍ ദമാരെസ്‌ക്, ടീം യുഎസ്എ ഡ്യുവാത്‌ലണ്‍ താരം ക്രിസ് മോസിയര്‍ എന്നിവരില്‍ ആദ്യത്തെ രണ്ടുപേരും ശസ്ത്രക്രിയയ്ക്കു വിധേയരായവരാണ്.

വരുന്ന ജൂണില്‍ സ്‌പെയിനിലെ ആവിലെസില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അനുവാദം കാത്തിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ മോസിയര്‍. ഇതിലെ ഫലം മോസിയറുടെ ഒളിംപിക്‌സ് യോഗ്യത നിര്‍ണയിക്കും. മല്‍സരം നടത്തുന്ന ഇന്റര്‍നാഷനല്‍ ട്രയാത്‌ലണ്‍ യൂണിയന്‍ ഇപ്പോള്‍ 2003ലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് ശസ്ത്രക്രിയ നടത്തിയ ഭിന്നലിംഗക്കാര്‍ക്കു മാത്രമേ മല്‍സരിക്കാനാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍