UPDATES

റിയോ- ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത അട്ടിമറി; വീനസ് വില്യംസ് പുറത്ത്

Avatar

അഴിമുഖം പ്രതിനിധി 

റിയോ ഒളിമ്പിക്സിലെ ആദ്യ അട്ടിമറി വിജയം ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫ്ലിപ്കെന്‍സിന്. വനിത സിംഗിള്‍ ടെന്നീസ് മത്സരത്തില്‍  നാല് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയ അമേരിക്കന്‍ താരം വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് ഈ ബെല്‍ജിയം താരം ലക്ഷക്കണക്കിന് വീനസ് വില്യംസ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ കോര്‍ട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ്  വീനസ് വില്യംസ്  ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫ്ലിപ്കെന്‍സിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍; 4-6, 6-3, 7-6 (7/5).

മോശം സമയവും ഒപ്പം മോശം ആരോഗ്യാവസ്ഥയും കാരണമാണ് വീനസിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയത് എന്നാണ് ആരാധകര്‍ പറയുന്നത്.

വനിത ഡബിള്‍സില്‍, സഹോദരി സെറീന വില്യസുമായി മൂന്ന് സ്വര്‍ണ്ണ മെഡലുകളും, 2000 ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണവും നേടിയ വീനസ് വില്യംസിന്, ക്രിസ്റ്റന്‍ ഫ്ലിപ്കെന്‍സിനുമേല്‍ ആധിപത്യം പുലര്‍ത്താന്‍ പല അവസരങ്ങളും ലഭിച്ചിരുന്നു. രണ്ടാം സെറ്റില്‍ 3-1 എന്ന സ്‌കോറിനും, നിര്‍ണ്ണായക സെറ്റില്‍ 4-1 എന്ന സ്‌കോറിനും മുന്നിട്ട് നിന്നിട്ടാണ്  വീനസ് തോല്‍വി ഏറ്റുവാങ്ങിയത്.

ടൈബ്രേക്കറില്‍ വിധി തീരുമാനിക്കപ്പെട്ട മത്സരശേഷം കോര്‍ട്ടില്‍ ബോധംകെട്ടു വീണ ഫ്ലിപ്കെന്‍സ് തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ബ്രസീലിയന്‍ ആരാധകരോട് നന്ദി പറഞ്ഞു.

ആരാധകരുടെ വലിയ പിന്തുണ ഉണ്ടായിട്ടും  വീനസ് നിര്‍ണ്ണായക നിമിഷങ്ങളില്‍ കളി കൈവിടുകയായിരുന്നു. പല അവസരങ്ങളിലും ശക്തമായി ചുമയ്ക്കുന്ന വീനസിനെയായിരുന്നു ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്. വീനസിന്‍റെ മത്സരം കാണാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും എത്തിയിരുന്നു. ഞായറാഴ്ചയാണ് സെറീന വില്യംസിനൊപ്പം വനിതാ വിഭാഗം ഡബിള്‍സില്‍ വീനസ് വില്യംസിന്‍റെ അടുത്ത മത്സരം.

വീനസ് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുമെന്നും, അഞ്ചാം ഒളിമ്പികസ് സ്വര്‍ണ്ണം വീനസിന്‍റെ സ്വപ്‌നമാണെന്നും വീനസിന് വേണ്ടി മാധ്യമങ്ങളെ കണ്ട അമേരിക്കന്‍ ക്യാപ്റ്റന്‍ മേരി ജോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍