UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവരുടെ ജീവിതം ഒരു പാഠമാണ്; പാരാലിംപിക്‌സ് താരങ്ങള്‍ തെളിയിച്ചത്

Avatar

പ്രമീള ഗോവിന്ദ് എസ് 

2016ലെ ജംബോ ഒളിംപിക് സംഘം റിയോയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സമ്മാനമായി നമുക്ക് തരാനായി അവരുടെ പക്കല്‍ ഉണ്ടായിരുന്നത് രണ്ട് മെഡലുകളായിരുന്നു. ക്യാഷ് പ്രൈസും, കാറും, വീടും വരെയുള്ള സമ്മാനങ്ങള്‍ കൊണ്ട് അവരെ മൂടി നമ്മളും മാതൃകയായി. എണ്ണത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘങ്ങളില്‍ ഒന്നായിരുന്നിട്ട് കൂടി നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു ഇത്തവണ നമുക്ക് കാഴ്ച വെക്കാനായത്. റിയോയില്‍ ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ അഭിമാനിക്കാനാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ച നിമിഷങ്ങള്‍ പക്ഷെ പിന്നീടാണ് സംഭവിച്ചത്. രണ്ട് വ്യക്തിഗത മെഡലുകളുള്‍പ്പടെ നാല് മെഡലുകള്‍ നേടി ഇന്ത്യയുടെ സമാന്തര കായിക താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി. പാരാലിംപിക്‌സ് താരങ്ങളെ ഇന്ത്യ ആഘോഷത്തോടെ വരവേറ്റില്ല എന്ന് പറയാനാവില്ല പക്ഷെ അത് റിയോയില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ മത്സരിച്ച കായികതാരങ്ങള്‍ക്ക് നല്കിയ വരവേല്‍പിന് തുല്യമായിരുന്നില്ല. 

പാരാലിംപിക്‌സ് വരെ എത്തുന്ന അംഗപരിമിതിയുള്ള കായികതാരങ്ങളുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. സാമ്പത്തികമായും ശാരീരകമായി നേരിടുന്ന തടസ്സങ്ങള്‍ക്കപ്പുറം അംഗപരിമിതരോടുള്ള പൊതുവായ അവഗണനയും ഇവരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. 2016ല്‍ റിയോ പാരാലിംപിക് സ്വര്‍ണ്ണജേതാവായ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതത്തെ കുറിച്ച് ആദ്യം പറയാം. 5ാം വയസ്സില്‍ മദ്യിപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവര്‍ വരുത്തിവെച്ച അപകടത്തില്‍ ആണ് മാരിയപ്പന് കാല് നഷ്ടപ്പെടുന്നത്. അന്നത്തെ ഓപ്പറേഷന് വേണ്ടി വന്ന മൂന്ന് ലക്ഷം രൂപ വീട് പണയപ്പെടുത്തിയാണ് മാരിയപ്പന്റെ അമ്മ കണ്ടെത്തിയത്. കാല്‍ നഷ്ടപ്പെട്ട കുട്ടിക്കൊപ്പം കളിക്കാന്‍ പോലും മറ്റ് കുട്ടികള്‍ തയ്യാറായിരുന്നില്ല. ദിവസകൂലിക്കാരിയായ അമ്മയക്ക് തന്റെ പേരില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാകണം എന്ന് തന്നെ മാരിയപ്പന്‍ ഉറപ്പിച്ചു.

അന്നത്തെ കടം വീട്ടാനും അമ്മയ്ക്ക് അവര്‍ അര്‍ഹിക്കുന്ന സ്വസ്ഥമായ ജീവിതം നല്‍കാനും തനിക്ക് റിയോയില്‍ മെഡല്‍ നേടിയേ മതിയാകുമായിരുന്നുള്ളു എന്നാണ് മാരിയപ്പന്‍ പറയുന്നത്. തനിക്ക് കിട്ടിയ ക്യാഷ് പ്രൈസില്‍ നിന്നുള്ള പണമാണ് മാരിയപ്പനെ പഴയ കടം വീട്ടാന്‍ സഹായിച്ചത്. റിയോയില്‍ സ്വര്‍ണ്ണം നേടിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ സാമ്പത്തികമില്ലാത്തതിനാല്‍ കായികരംഗത്ത് നിന്ന് തന്നെ മാരിയപ്പന് വിടപറയേണ്ടിയും വന്നേനേ. തമിഴ്‌നാട് സര്‍ക്കാര്‍ മാരിയപ്പന് വാഗ്ദാനം ചെയ്തത് രണ്ട് കോടി രൂപയാണ്.


പാരാലിമ്പിക് വിജയികളോടൊപ്പം നരേന്ദ്ര മോദി

സമാന്തര കായിക രംഗത്തേക്ക് ഇറങ്ങുന്ന അംഗപരിമിതരെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ ബോധങ്ങളെ അതിജീവിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നാണ് പാരാലിംപിക് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായ കിഷോര്‍ പറയുന്നത്. അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി ലോക വികലാംഗ ദിനത്തില്‍ ജില്ലകള്‍ തോറും കലാകായിക മത്സരങ്ങള്‍ നടത്തി വരാറുണ്ട്. എന്നാല്‍ ഓടാനും ചാടാനും പോയി ഏതെങ്കിലും സംഭവിച്ചാല്‍ മറ്റുള്ളവര്‍ക്ക് അവര്‍ ബാദ്ധ്യതയാകും എന്ന് ചൂണ്ടിക്കാട്ടി അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പോലും മാതാപിതാക്കളും നാട്ടുകാരും ഇവരെ വിലക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നതോടെ ശരീരവും മനസ്സും ആരോഗ്യപരമായ മാറ്റങ്ങള്‍ക്ക് വിധേയമാവും. ഇതോടെ ജിവിതം പൂര്‍ണ്ണ ആരോഗ്യത്തോടെ നയിക്കാനാവുന്ന സാഹചര്യമാണ് ഉണ്ടാവുക എന്നും കിഷോര്‍ പറയുന്നു. ശാരീരികമായി വൈകല്യമുള്ളവര്‍ക്ക് പരിശീലനം നല്കാനോ, അവരെ പ്രമോട്ട് ചെയ്യാനോ, പ്രോത്സാഹനം നല്കാനോ കായിക പരിശീലകര്‍ പോലും തയ്യാറാകുന്നില്ല. കേരളത്തില്‍ അംഗവൈകല്യമുള്ളവര്‍ അത്‌ലറ്റിക്‌സില്‍ പരീശീലനം ലഭിക്കാന്‍ പരിശീലകരെ സമീപിക്കുമ്പോള്‍ 100 മീറ്റര്‍ പോലുള്ള ഇനങ്ങളില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരോടൊപ്പം ഓടാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുക. ഷോട്ട്പുട്ടാണ് അംഗപരിമിതര്‍ക്കായി അവര്‍ നീക്കിവെക്കുക.

തമിഴ്‌നാട്ടിലെ മാരിയപ്പന്‍ തങ്കവേലുവിനെ പോലെ നാടിന് അഭിമാനമാകേണ്ടവര്‍ കേരളത്തിലും ഉണ്ട്. അമ്പെയ്ത്തിലും, വോളിബോളിലും ഉള്‍പ്പടെ നിരവധിയിനങ്ങളില്‍ കഴിവ് തെളിയിച്ച താരമാണ് തൃശൂര്‍കാരനായ കിഷോര്‍. ഇരിങ്ങാലക്കുടയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയാണ് ഈ താരം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ദേശീയതലത്തില്‍ നിരവധി മെഡലുകളും പാരാലിംപികസില്‍ ഒന്നിലധികം മെഡലുകള്‍ നേടിയ ഏക മലയാളിയുമാണ് കിഷോര്‍. 45 ശതമാനം വൈകല്യമുള്ള കിഷോര്‍ 2010ലെ പാരലിംപിക്‌സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ നാലാമതും ഷോട്ട്പുട്ടില്‍ അഞ്ചാം സ്ഥാനവും നേടി. 2008ല്‍ കിഷോറിനെ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ കായികമേളയില്‍ നൂറ് മീറ്റര്‍ ഓട്ടത്തില്‍ നിന്നും ഷോട്ട്പുട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ താരത്തിന് പല മീറ്റുകളിലും പങ്കെടുക്കാന്‍ തടസ്സമാകുന്നത്.

വടക്കാഞ്ചേരിക്കാരനായ വിനീഷ് എന്ന കായികതാരം വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീലങ്കയില്‍ നടന്ന വോളിബോല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വെള്ളി മെഡലുമായി ആണ് ടീം മടങ്ങിയെത്തിയത്. എങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കൂലിപ്പണിക്ക് പോകേണ്ടി വന്നു പതിനേഴുകാരനായ വിനീഷിന്. ദേശിയതലത്തില്‍ ക്രിക്കറ്റുള്‍പ്പടെ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്വകാര്യവ്യക്തികളുടെ സ്പോണ്‍ഷര്‍ഷിപ്പ് മാത്രമാണ് ആശ്രയം. ആരേയാണ് സമിപീക്കേണ്ടത് എന്നത് പോലും തനിക്ക് വലിയ ധാരണയില്ല എന്നും വിനീഷ് പറയുന്നു.


ദേവേന്ദ്ര ജജരിയ

തായ്‌ലാന്റില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ആര്‍ച്ചറി മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന നാലാഞ്ചിറക്കാരനായ ജോര്‍ജ്ജ് കെ തോമസിനും സാമ്പത്തികമാണ് എറ്റവും വെല്ലുവിളി. ഒരപകടത്തില്‍ നട്ടെലിന് ക്ഷതമേറ്റ ജോര്‍ജ്ജ് അംഗപരിമിതരായവരുടെ കായിക പരിശീലനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പലതവണ അധികൃതരേയും മന്ത്രിമാരേയും സമീപിച്ചപ്പോള്‍ അനുയോജ്യമായ നിലപാട് ലഭിച്ചില്ല എന്നും ജോര്‍ജ്ജ് പറയുന്നു.

ഈ പറഞ്ഞതൊക്കെ പുരുഷന്‍മാരുടെ കഥകളാണെങ്കില്‍ അംഗപരിമിതരായ സ്ത്രീകളുടെ അവസ്ഥ പരമദയനീയമാണ്. ചിത്രരചന, സംഗീതം തുടങ്ങിയ വിനോദങ്ങളില്‍ ഒതുങ്ങാനാണ് സമൂഹം ഇവരെ പ്രേരിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ദേശിയ തലത്തില്‍ നരിവധി അംഗപരിമിതരായ സ്ത്രീകള്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്ന് ആരേയും നമുക്ക് ചൂണ്ടികാട്ടാനാവില്ല എന്നത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചയാണ്. നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുകയാണ് ഇവര്‍.

റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത വനിതകളുടെ 4×400 റിലേ ടീമിന് വേണ്ടി രണ്ടേകാല്‍ കോടി ചെലവാക്കിയ സര്‍ക്കാര്‍ പാരാലിംപിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി കാര്യമായൊന്നും മാറ്റിവെക്കാന്‍ തയ്യാറായിട്ടില്ല. ഒരു സെലക്ഷന്‍ പോലും നടത്തിയില്ല. കേരളസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പാരാലിംപിക്‌സ് എന്നൊരു സമാന്തര കായികമത്സരം ലോകത്ത് നടക്കുന്നുണ്ട് എന്നും അതില്‍ മാറ്റുരക്കാന്‍ സാധിക്കുന്ന പ്രതിഭകള്‍ കേരളത്തിലുണ്ടെന്ന കാര്യവും പ്രധാന സംഗതിയായി തോന്നിയിട്ടില്ല. പല രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ജയലളിതയെ എതിര്‍ക്കുന്നവര്‍ പോലും മാരിയപ്പന്‍ മെഡല്‍ നേടി എന്നറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ട് കോടി പ്രഖ്യാപിച്ച അവരുടെ തീരുമാനത്തെ വാനോളം പുകഴ്ത്തും എന്ന കാര്യത്തില്‍ സംശയമില്ല.  ഔദ്യോഗികമായി എയര്‍പോട്ടില്‍ നല്കുന്ന പോലുള്ള സ്വീകരണങ്ങള്‍ ഒഴികെ ഇവര്‍ക്ക് വേണ്ടി ഒളിംപിക് കമ്മിറ്റിയോ, കായിക മന്ത്രാലയമോ, വിവിധ സംസ്ഥാനങ്ങളിലെ സ്‌പോര്‍ട്ടസ് കൗണ്‍സിലുകളോ എന്തുചെയ്തു എന്നതും ഇവിടെ കൂട്ടിച്ചേര്‍ത്ത് വെക്കണം. കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സിന്ധുവിനെ പോലുള്ള താരങ്ങളെ മുന്‍നിര്‍ത്തിയുള്ള ബ്രാന്‍ഡിങ്ങും അതിലൂടെയുള്ള നേട്ടങ്ങളും മാത്രമാകണം ലക്ഷ്യം.


ദീപ മാലിക്

കേരളത്തില്‍ നിന്ന് നിരവധി അംഗപരിമിതര്‍ പലപ്പോഴും ദേശീയ മീറ്റീല്‍ ജേതാക്കളായി എത്തുമ്പോള്‍ അവര്‍ക്ക് സെക്കന്‍ഡ് ക്ലാസ് ട്രെയിന്‍ ടിക്കറ്റും ട്രോഫിയുമാണ് കേരളം നല്കുന്നത്. ഏതെങ്കിലും പത്രത്തിലോ ചാനലിലോ അതൊരു വാര്‍ത്തയാകുന്നു. അതാണ് അവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനം. ഒരു പരിധിവരെ മാധ്യമങ്ങളും ഇതിന് ഉത്തരവാദികളാണ്. ജംബോ ഒളിംപിക് ടീമിന്റെ പ്രകടനം വളരെ മോശമായതുകൊണ്ട് മാത്രമാണ് 19 പേരടങ്ങിയ പാരാലിമ്പിക് സംഘത്തിന്റെ പ്രകടനം ദേശീയതലത്തല്‍ വാര്‍ത്തെയെങ്കിലും ആയത്. അംഗപരിമിതര്‍ക്ക് വേണ്ടി ബഡ്ജറ്റില്‍ മാറ്റി വെക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച് കാലാകാലങ്ങലായി ഒരു ചോദ്യവും ഉയരാത്ത നാടാണിത്. അംഗപരിമിതരായ താരങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടോ അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വേണ്ടുന്ന പ്രാധാന്യത്തോടെ ഇടം നേടുന്നില്ല. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് അംഗപരിമിതരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലേക്ക് എത്തിക്കാന്‍ കായിക സംഘടനകള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിയാതെയും പോകുന്നുണ്ട്. ഇവരുടെ സംഘടനകളുടെ നേതൃത്വം പലപ്പോഴും ഏതെങ്കിലും ഇവന്റുകള്‍ നടക്കുമ്പോള്‍ മാത്രമാണ് മാധ്യമങ്ങളെ സമീപിക്കുക എന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ചുണ്ടികാട്ടുന്നു.

കോടികള്‍ മുടക്കി ഒളിംപിക് താരങ്ങള്‍ക്ക് മികച്ച പരിശീലനവും പരിശീലകരേയും എത്തിക്കുമ്പോള്‍ അവരേ ആദരിക്കാന്‍ മത്സരിക്കുമ്പോള്‍ വിധിയോട് പോരാടി മുഖ്യധാരയിലേക്ക് എത്താന്‍ അംഗപരിമിതരായ കായികതാരങ്ങള്‍ സഹിക്കുന്ന യാതനകളും ആത്മവിശ്വാസവും കരുത്തും ഇനിയെങ്കിലും നാം കണ്ടില്ലെന്ന് ധരിക്കരുത്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍