UPDATES

യാത്ര

റിയോ സീക്രട്ടോ; ഭൂമിക്കടിയിലെ രഹസ്യപുഴയിലൂടെ ഒരു യാത്ര

Avatar

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ഞങ്ങളുടെ രണ്ടാം ക്രൂയിസ് യാത്രയായിരുന്നു ഹൂസ്റ്റണില്‍ നിന്നുള്ളത്. ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാവണം എന്ന് ധര്‍മ്മപത്നി ഗോമതിയ്ക്ക് നിര്‍ബന്ധം. അത്യാവശം ഗവേഷണം നടത്തി കക്ഷി തന്നെയാണ് റിയോ സീക്രട്ടോ ( RioSecreto ) എന്ന രഹസ്യ പുഴയെ കുറിച്ച് നെറ്റിൽ നിന്ന് കണ്ടു പിടിച്ചത്.

കൊച്ചി മുതൽ കന്യാകുമാരി വരെ നീളമുള്ള ഒരു ഗുഹ ഭൂമിക്കടിയിൽ ഉണ്ടെന്നു കരുതുക, അതിലൂടെ കൊച്ചി മുതൽ കൊല്ലം വരെ ഒരു പുഴ ഒഴുകുന്നു. കേള്‍ക്കുമ്പോള്‍ പുളുവാണെന്നു തോന്നുമെങ്കിലും സംഭവം സത്യമാണ്. മെക്സിക്കോയിലെ യുക്കാത്താൻ പ്രവിശ്യയിൽ ഉള്ള വൈറ്റ് കേവ് സിസ്റ്റം (Sac Actun) ആണത്. അടുത്തിടെ കണ്ടെത്തിയ ഈ ഗുഹയുടെയും നദിയുടെയും ഒരു ഭാഗം സന്ദര്‍ശകര്‍ക്കു വേണ്ടി തുറന്നു കൊടുക്കുകയുണ്ടായി. അവിടെക്കാണ് ഞങ്ങളുടെ യാത്ര.

ഹൂസ്റ്റണില്‍ നിന്നു ക്രൂയിസ് പുറപ്പെട്ടതിനു ശേഷം ആദ്യത്തെ സ്റ്റോപ്പ് മെക്സിക്കോയിലെ കൊസുമേല്‍ എന്ന സ്ഥലത്തായിരുന്നു. അവിടെ നിന്നും ഫെറി ലൈന്‍ വഴി 50 മിനിറ്റ് യാത്ര ചെയ്താണ് റിയോ സീക്രട്ടോയില്‍ എത്തിയത്. മെക്സിക്കോയിലെ റിവിയെര മായ എന്ന തീര പ്രദേശത്തിന് അടുത്താണിത്. മായൻ സംസ്കാരത്തിന്റെ തിരു ശേഷിപ്പുകൾ അടുത്തുകാണാന്‍ സാധിക്കുന്നയിടം. ഇതിനു മുന്‍പ് ഇവിടെ വന്നപ്പോള്‍ മായന്‍ പിരമിഡ് കണ്ടിരുന്നു. മായന്‍ വംശജരുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ഇഴുകിച്ചേര്‍ന്ന സ്ഥലമാണിത്. മായൻ സംസ്കാരത്തിൽ പ്രകൃതി ദൈവീകതയുള്ളതാണ്. അതിന്റെ ഭാഗമായി പ്രാര്‍ഥന നടക്കാറുണ്ട്. ഈ ഗുഹയിലും പുഴയിലും ഇറങ്ങുന്നതിനു മുൻപ് കുന്തിരിക്കം പുകച്ചു ഒരു പ്രാർത്ഥന നടത്തും.

 

അകത്തോട്ടു പ്രവേശിക്കണമെങ്കില്‍ പ്രത്യേക വെറ്റ് സ്യൂട്ടും ഹെല്‍മെറ്റും ധരിക്കണം. ഇതെല്ലാം നടത്തിപ്പുകാര്‍ തന്നെ നല്‍കും. ഞങ്ങള്‍ പ്രത്യേകിച്ച് പ്രിപ്പറേഷന്‍ ഒന്നും തന്നെ എടുത്തിട്ടുണ്ടായിരുന്നില്ല. നീന്തല്‍ അറിയില്ല എന്നുള്ള നഗ്നസത്യം ഉത്തമബോധ്യമുള്ളതു കൊണ്ട് നല്ല പേടിയുണ്ടായിരുന്നു എനിക്ക്. പിന്നെ കഴുത്തു വരെ വെള്ളം ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഞങ്ങളെ കൊണ്ട് പോകുന്നത് എന്ന ഉറപ്പിൽ ആണ് ഇറങ്ങിയത്‌.അങ്ങനെ രണ്ടും കല്‍പ്പിച്ച് അകത്തു കയറി.

ഭൂമിക്കടിയിലെ പുഴയിൽ വെള്ളത്തിന്‌ തണുപ്പ് വളരെ കൂടുതൽ ആയിരിക്കും. ഗുഹയുടെ ഉള്ളിലേക്ക് കയറിയാൽ പിന്നെ വെളിച്ചം ഒട്ടും ഉണ്ടാകില്ല. വെറ്റ്സ്യൂട്ട് ഇല്ലാതെ ഇവിടെ ഇറങ്ങുക പ്രയാസകരമാണ്.

ഇരുട്ടിനെ മറികടക്കാന്‍ ഒരു ടോര്‍ച്ച് ലൈറ്റ് ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്.

മെക്സിക്കോയിലെ ഈ പ്രദേശം ബലം കുറഞ്ഞ ചുണ്ണാമ്പുകല്ലുകള്‍ കാണപ്പെടുന്ന ഇടമാണ്. ഉപരിതലത്തിലുള്ള ഈ കല്ലുകളുടെ  അടിയിലൂടെ ആണ് ഗുഹയും പുഴയും എല്ലാം. കുറച്ചു സ്ഥലങ്ങളിൽ ഈ പുഴയിലേക്ക് തുറക്കുന്ന വലിയ ദ്വാരങ്ങൾ ഉണ്ടാവും. സീനോട്ട് (Cenote) എന്നാണ് ഇത് അറിയപ്പെടുക. ഇത്തരമൊരു സീനോട്ടിലൂടെയാണ് ഞങ്ങൾ പുഴയിൽ ഇറങ്ങിയത്‌. വിചാരിച്ച പോലെ നല്ല തണുപ്പ് ആയിരുന്നു വെള്ളത്തിന്‌. ഒരു വടിയും കുത്തി പിടിച്ചു കാൽ വഴുതാതെ പതുക്കെ നടന്നു. ഏതാണ്ട് 10 മിനിറ്റ് കൊണ്ട് അര വരെ വെള്ളം എത്തി. മാത്രമല്ല പ്രകാശം പൂർണമായും ടോർച് ലൈറ്റിന്റെ മാത്രം ആയി.

ഗുഹകളുടെ മുകള്‍ഭാഗങ്ങളില്‍ നിന്നും വെള്ളം പതുക്കെ ഊർന്നു ഇറങ്ങുന്നതിന്റെ ഫലമായി ചില ഘടനകള്‍ (structures) ഉണ്ടാവും. മുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി വെള്ളത്തിലും ഉള്ള കാത്സ്യം പറ്റിപ്പിടിച്ച് ഉണ്ടാകുന്നവയെ സ്റ്റാലക്റ്റൈറ്റ്സ് (stalactites) എന്ന് പറയും .ഇവ മുകളില്‍ നിന്നും നിന്നും താഴേക്ക്‌ തൂങ്ങി കിടക്കും. അതേസമയം താഴെ വീണ വെള്ളത്തിലെ ധാതുക്കള്‍ (minerals) കൂടി ചേർന്ന് ഉണ്ടാകുന്നവയെ സ്റ്റാലഗ്മൈറ്റ്സ് (Stalagmites) എന്നും. ഇവ തറയിൽ നിന്നും മുകളിലേക്ക് പൊങ്ങി നില്ക്കും. ഇവ എല്ലാം പത്തു വർഷത്തിൽ ഒരു മില്ലി മിറ്റെർ വച്ചാണ് വളരുന്നത്‌. ഫോട്ടോ കണ്ടാൽ എത്ര വര്‍ഷം എടുത്താണ് ഈ രൂപങ്ങൾ ഉണ്ടായി വന്നത് എന്ന് ഊഹിക്കാൻ കഴിയും. പ്രകൃതിയുടെ കലാസൃഷ്ടികള്‍. ഗുഹയുടെ ഓരോ ഭാഗങ്ങളിലേക്കു പോകുന്തോറും ഓരോ അത്ഭുതരൂപങ്ങള്‍. പ്രകൃതി എന്ന ശില്‍പി കൊത്തിയെടുത്ത ശില്പങ്ങള്‍. ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഒരു ആയിരം ആരാധനാലയങ്ങൾ ഇതിനു അകത്തു വന്നേനെ.

ഏതാണ്ട് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറി ഞങ്ങളുടെ ഗൈഡ് എല്ലാവരോടും ടോര്‍ച്ച് ലൈറ്റ് ഓഫ്‌ ചെയ്യാൻ പറഞ്ഞു. എന്റെ ജീവിതത്തിൽ ഇത്ര കൂരാകൂരിരുട്ട് ഞാൻ കണ്ടിട്ടില്ല (കാണാൻ പറ്റില്ലല്ലോ, ഇരുട്ടല്ലേ എന്നു ചോദ്യം വന്നേക്കാം). കുറച്ചു നേരം എല്ലാവരും നിശബ്ദരായി ഇരുന്നു. ഗുഹയ്ക്കുള്ളിൽ ധ്യാനിക്കുന്നത് വളരെ നല്ല അനുഭവം ആയിരുന്നു. മുഴുവൻ ഇരുട്ടും, ഗുഹയിലൂടെ ഒഴുകുന്ന നദിയിലെ ജലത്തിന്റെ ശബ്ദവും മാത്രം. മറ്റൊരു ലോകത്തെത്തിയ അനുഭൂതി.

ഗുഹയ്ക്കുള്ളില്‍ ഇരുട്ടായതിനാല്‍  ഇവിടെ വളരുന്ന ജീവികളിൽ മിക്കതിനും കാഴ്ചശക്തിയില്ല. മാത്രമല്ല ഉള്ളില്‍ കണ്ട മിക്ക ജീവികള്‍ക്കും ഒന്നുകില്‍ ചാരനിറമോ അല്ലെങ്കില്‍ വെള്ളനിറമോ ആണ്.. സാലമാന്‍ഡർ പോലെ ഒരു ജീവിയെ കണ്ടു, വെള്ള നിറത്തിൽ. ഈ ഇരുട്ടിനെ വീടാക്കിയ ഒരു കൂട്ടം ജീവികള്‍ വേറെയുമുണ്ടിവിടെ, വവ്വാലുകള്‍.

ഏതാണ്ട് രണ്ടു കിലോമീറ്റർ പുഴയിലൂടെ നടക്കുകയും ചില ഭാഗങ്ങളിൽ നീന്തുവാനും സാധിച്ചു. വെളിയിൽ നിന്നും കുറച്ചു പ്രകാശം വരുന്ന ഇടങ്ങളിൽ വെള്ളം നല്ല നീല നിറത്തില കാണാം. ഈ ഭൂഗർഭ ജലം ആണ് ഇവിടങ്ങളിലെ പ്രധാന ശുദ്ധ ജല ശ്രോതസ്. അത് കൊണ്ടാവണം മായൻമാർ ഇത് ദൈവികം ആയി കരുതിയത്‌. ഇവിടെ നിന്നും പുറത്തിറങ്ങുമ്പോള്‍ ശരിക്കും എന്തോ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഓരോ കണികയിലും അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വയ്ച്ചിരിക്കുന്ന പ്രകൃതിയെ മനസ്സാനമിച്ചു. നാം അറിയാത്ത എത്ര രഹസ്യങ്ങളാണ്  ഭൂമിക്കടിയിൽ ഇനിയും ഒളിഞ്ഞു കിടക്കുന്നത്. ഈജിപ്റ്റ്‌ ഉൾപ്പെടെ പല അത്ഭുതങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പ്രകൃതിയിലെ ഇത്രമാത്രം ഭംഗിയുള്ളതും നിര്‍വൃതി ഉണര്‍ത്തുന്നതുമായ സ്ഥലങ്ങള്‍ അപൂര്‍വ്വമാണ്.

കൂടുതല്‍ ചിത്രങ്ങള്‍

(ന്യൂജഴ്സിയില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍