UPDATES

ട്രെന്‍ഡിങ്ങ്

സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

വടക്കെ ഇന്ത്യയി്ല്‍ ഉണ്ടായേക്കാവുന്ന നഷ്ടം ബംഗാളില്‍ നികത്താനാണ് ബിജെപിയുടെ ശ്രമം

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ വാക്ക്‌പോരുകള്‍ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജിയും തമ്മിലായിരിക്കണം. ഒരു കാലത്ത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന മമതയാണ് ബിജെപിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ഒരു പ്രധാന നേതാവായി മാറിയിരിക്കുന്നതെന്നതാണ് കൗതുകകരം. ബിജെപി സ്വാധീനം വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ പതിറ്റാണ്ടുകളായി ആര്‍എസ്എസ് ബംഗാളില്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും, 2011ന് ശേഷം ആ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും കാരണങ്ങളാണ്. ഇതിനെല്ലാമപ്പുറം, വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 2014 ലെ അപേക്ഷിച്ച് ഉണ്ടായേക്കാവുന്ന സീറ്റ് നഷ്ടം ബംഗാളിനെയും ഒഡീഷയേയും വെച്ച് മറികടക്കാനുള്ള മോദി അമിത് ഷാ ദ്വന്ദ്വത്തിന്റെ ശ്രമവും കൂടിയാകുമ്പോള്‍ ബംഗാള്‍ കലുഷിതമാകുകയാണ്. ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചാണ് കമ്മീഷന്‍ ഈ അസാധാരണ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായുള്ള ആര്‍എസ്എസ്സിന്റെ ശ്രമമാണ് ബിജെപിയുടെ വര്‍ധിച്ച സ്വാധീനത്തിലേക്ക് ഇപ്പോള്‍ എത്തുന്നത്. ആദ്യം കിഴക്കന്‍ പാകിസ്താനില്‍ നിന്നും പിന്നീട് ബംഗ്ലാദേശില്‍ നിന്നുമുണ്ടായ കുടിയേറ്റമായിരുന്നു ആര്‍എസ്എസ് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍. കിഴക്കന്‍ പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദുക്കളായവരെ അഭയാര്‍ത്ഥികളെന്നും മുസ്ലീങ്ങളായവരെ കുടിയേറ്റക്കാരെന്നും വിളിച്ചുള്ള പ്രചാരണത്തിനാണ് ആദ്യഘട്ടത്തില്‍ ആര്‍എസ്എസ് നടത്തിയത്. ഇതോടൊപ്പം കിഴക്കന്‍ ഉത്തര്‍പ്രദേശില്‍നിന്നും ബിഹാറില്‍നിന്നും വന്ന വ്യാപാരികള്‍ക്കിടയിലും ജൂട്ട് മില്‍ വ്യവസായികള്‍ക്കുമിടയില്‍ സ്വാധീനം ഉറപ്പിക്കാനും ശ്രമം നടത്തി. ആര്‍എസ്എസ്സ് സ്ഥാപകന്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗെവാര്‍ വൈദ്യശാസ്ത്രം പഠിച്ചത് കൊല്‍ക്കത്തിയിലായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളെ സ്വാധീനിക്കുന്നതില്‍ കൊല്‍ക്കത്തയിലെ ജീവിതത്തിന് വലിയ പങ്കുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് മാത്രമല്ല, എല്ലാ സംഘപരിവാര്‍ സംഘടനകളുടെയും പ്രത്യയശാസ്ത്രകാരനും ജനസംഘിന്റെ സ്ഥാപകനുമായ ശ്യമപ്രസാദ് മുഖര്‍ജിയുടെ ജന്മദേശവും കൊല്‍ക്കത്ത തന്നെ.

എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായി നവോത്ഥാനം നടന്ന പ്രദേശം എന്ന നിലയിലും ലിബറല്‍ ഇടത് ചിന്തകള്‍ക്കുണ്ടായ സ്വാധീനവും ആര്‍എസ്എസ്സിന് തടസ്സമായി നിന്നു. സിപിഎമ്മിന്റെ ശക്തമായ സ്വാധീനവും സംഘടനാ ബലവും വലിയൊരളവില്‍ ബിജെപിയ്ക്ക് പ്രതിബന്ധങ്ങളായി. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് ഇടതുപക്ഷം അധികാരത്തില്‍നിന്ന് പുറത്താവുന്നതോടെയാണ്.

നേരത്തെ എന്‍ഡിഎയോടൊപ്പമുണ്ടായിരുന്ന മമതാ ബാനര്‍ജി, പിന്നീട് വലിയ തോതില്‍ മുസ്ലീം ജനവിഭാഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തിയത്. സംസ്ഥാനത്തെ 28 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി അധികാരം നിലനിര്‍ത്താനുള്ള തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്. പള്ളിയിലെ ഇമാമുമാര്‍ക്ക് പ്രതിമാസ സ്‌റ്റൈപെന്റ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള പ്രീണന നയങ്ങള്‍ നടപ്പിലാക്കിയാണ് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഈ സാഹചര്യത്തെയാണ് ബിജെപി ഉപയോഗപ്പെടുത്തിയത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിലുണ്ടായ തകര്‍ച്ചയും ബംഗാളിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് സഹായകരമായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മസില്‍പവര്‍ രാഷട്രീയത്തെ അതേ നാണയത്തില്‍ നേരിടാനുള്ള ശേഷി തങ്ങള്‍ക്കാണെന്ന ധാരണ ഉണ്ടാക്കിയെടുക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു.

തൃണമൂലില്‍നിന്നും, കോണ്‍ഗ്രസില്‍നിന്നുമുള്ള നിരാശരാണ് ബംഗാളില്‍ ബിജെപിയിലേക്ക് മുഖ്യമായി എത്തിയത്. എന്നാല്‍ തൃണമൂലിന്റെ അക്രമോല്‍സുക രാഷട്രീയത്തെ ചെറുക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന തോന്നലില്‍ ആ പാര്‍ട്ടിയില്‍നിന്നും നിരവധി ആളുകള്‍ ബിജെപിയിലെത്തിയതായും ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം മനസ്സിലാക്കാതെ തൃണമൂലിനെയും സംഘ്പരിവാറിനെയും ഒരേ പോലെ ശത്രുക്കളായി കാണാനുള്ള സിപിഎമ്മിന്റെ തീരുമാനവും ഇടതുപക്ഷത്തില്‍നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലെത്താന്‍ കാരണമായെന്നാണ് കരുതുന്നത്. ഇതിന്റെ അപകടം പാര്‍ട്ടി തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ് ബുദ്ധദേബ് ഭട്ടചാര്യയും മണിക് സര്‍ക്കാരും നടത്തിയ സമീപകാല പ്രസ്താവന. തൃണമൂലിനെ ചെറുക്കാന്‍ ബിജെപിയെ സഹായിക്കുന്നത് ആത്മഹത്യപരമാണെന്നായിരുന്നു ഇവരുടെ പ്രസ്താവന.

മറ്റ് പാര്‍ട്ടികളില്‍നിന്നെത്തിയവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളിലെറെയും. തൃണമൂലില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നെത്തിയവരും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാണ്. പാര്‍ട്ടിയുടെ സംഘടന ഇപ്പോഴും പലയിടങ്ങളിലും ശക്തമല്ലെങ്കിലും, പ്രമുഖരായ നേതാക്കളില്ലാതെയുമാണ് ബിജെപി ബംഗാളിലേക്ക് കടന്നുവന്നത്. വലിയ തോതില്‍ കാശ് ചിലവഴിക്കാനുള്ള ശേഷിയും ബംഗാളിലെ മുഖ്യ ശക്തിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നാണ് സൂചന. 2014 ല്‍ നേടിയ 17 ശതമാനം വോട്ട് വിഹിതം എത്രമാത്രം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചാണ് പാര്‍ട്ടിയുടെ ദേശീയ ലക്ഷ്യം പോലും നിലനില്‍ക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ തന്നെ പറയുന്നത്. അക്രമോല്‍സുക വോട്ടെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ തീരുമാനങ്ങളും ബിജെപിയ്ക്ക് സഹായകരമാകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Read More: വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍