അഴിമുഖം പ്രതിനിധി
ജൂലൈ ഒന്നിന് ഭീകരര്‍ ധാക്കയിലെ മുന്തിയ റസ്റ്റോറന്റുകളിലൊന്നില്‍ 22 പേരെ വധിച്ചപ്പോള്‍ ബംഗ്ലാദേശ് നടുങ്ങി. വിദേശികളായിരുന്നു കൊല്ലപ്പെട്ടവരിലധികവും. കൊല നടത്തിയവര്‍ക്കു പ്രേരണയായതെന്നു കരുതുന്ന, ഇന്ത്യക്കാരനായ ഡോ. സക്കീര്‍ നായിക്കിന്റെ പീസ് ടിവി ബംഗ്ലാദേശ് സര്‍ക്കാര്‍ അതോടെ അടച്ചുപൂട്ടുകയും ചെയ്തു.
ഇസ്ലാമിക് പ്രാസംഗികനും ടെലിവിഷന്‍ മതപ്രചാരകനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) സ്ഥാപകനുമായ ഡോ. സക്കീര്‍ നായിക്ക് (1965 ഒക്ടോബര്‍ 18ന് ജനനം) അന്നുമുതല്‍ പത്ര, ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഡോക്ടറായി പരിശീലനം നേടിയ നായിക്ക് സലഫി ആശയ സംഹിതയുടെ വക്താവാണ്. തീവ്രമായി വഹാബിസം പ്രചരിപ്പിക്കുന്നയാളാണ് നായിക്കെന്ന് മറ്റുള്ളവര്‍ പറയുന്നു. യൂറോപ്പിലും ഏഷ്യയിലും ഭീകരാക്രമണങ്ങള്‍ ഏറുന്ന പശ്ചാത്തലത്തില്‍ നായിക്കിന്റെ ലക്ഷ്യങ്ങളും മുന്‍ചരിത്രവും രാജ്യമെങ്ങും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
വഹാബിസം
സുന്നി ഇസ്ലാം ശാഖയായ വഹാബിസം ആധുനികകാലത്ത് തീവ്ര യാഥാസ്ഥിതികമായും മൗലികവാദമായും കര്‍ക്കശമായും കണക്കാക്കപ്പെടുന്നു. ആഗോള തീവ്രവാദത്തിന്റെ പ്രധാന കാരണം ഇതാണെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും കരുതുന്നു. 2013ല്‍ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റ് ഇതിനെ അങ്ങനെ തരംതിരിക്കുകയും ചെയ്തു.
1703 -92 കാലത്ത് ജീവിച്ചിരുന്ന മുഹമ്മദ് ഇബ്ന്‍ അബ്ദ് അല്‍ വഹാബ് ഒരു പുനരുദ്ധാരണ ശ്രമമായി നജ്ദ് പ്രദേശത്ത് (ഇന്നത്തെ സൗദി അറേബ്യ) ആരംഭിച്ചതാണിത്. ദൈവത്തിന്റെ ഏകത്വത്തിലാണ് വഹാബിസത്തിന്റെ ഊന്നല്‍. വഹാബ് പിന്നീട് ഒരു പ്രാദേശിക രാഷ്ട്രീയ നേതാവായ മുഹമ്മദ് ബിന്‍ സൗദുമായി വഹാബിസത്തിന്റെ പ്രചാരണത്തിനായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സഖ്യം പിന്നീട് 150 വര്‍ഷങ്ങളോളം വിജയകരമായി നിലനിന്നു. 1932ല്‍ സൗദി അറേബ്യ നിലവില്‍ വരികയും ആധുനികകാലം രംഗപ്രവേശം ചെയ്യുകയും ചെയ്‌തെങ്കിലും ഇതിനു മാറ്റമുണ്ടായില്ല. ഇന്ന് വഹാബിസം സൗദിയിലെ ഔദ്യോഗിക സുന്നി ഇസ്ലാമാണ്. സൗദിയിലെ പെട്രോളിയം ഉത്പന്ന കയറ്റുമതിയില്‍നിന്നും മറ്റും ഫണ്ടിങ് ലഭിച്ച വഹാബിസം എഴുപതുകളില്‍ വന്‍ തോതില്‍ വളര്‍ച്ച നേടി. ഇന്ന് ഇതിന് ലോകമെങ്ങും സ്വാധീനമുണ്ട്.
ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ടു നില്‍ക്കാനല്ല, ഇസ്ലാമിനെ ഒന്നിപ്പിക്കാനാണ് ശ്രമമെന്നാണ് നായിക്കിന്റെ വാദം. എന്നാല്‍ പ്രസംഗങ്ങള്‍ വ്യക്തമായും വഹാബിസത്തില്‍ ഊന്നിയതാണ്. ഖുറാനും ഹദിസും ഇടനിലക്കാരില്ലാതെ വ്യാഖ്യാനിക്കാനും തുടക്കത്തിലുണ്ടായിരുന്ന ഉറവിടത്തിലേക്കു മടങ്ങാനുമാണ് നായിക്കിന്റെ ശ്രമം. ഇത് വഹാബിസത്തിന്റെ പ്രത്യേകതയാണ്. ഇത്തരം ഇസ്ലാമിനോട് നായിക്കിനുള്ള ചായ് വുകൊണ്ടാകണം സൗദി നായിക്കിനെ സംരക്ഷിക്കുന്നത്. ഒരു ദശകത്തിനു മുന്‍പുമുതല്‍തന്നെ സൗദിയില്‍നിന്നും യുഎഇയില്‍നിന്നും കോടിക്കണക്കിനാണ് സംഭാവനയായി നായിക്കിന്റെ ഐആര്‍എഫിനു ലഭിക്കുന്നത്. അറബി സംസാരിക്കാത്ത രാജ്യങ്ങളില്‍നിന്നുള്ള വഹാബിസത്തിന്റെ പ്രചാരകന് നല്‍കുന്ന കിങ് ഫൈസല്‍ രാജ്യാന്തര പുരസ്‌കാരം കഴിഞ്ഞ വര്‍ഷം സല്‍മാന്‍ രാജാവില്‍നിന്ന് നായിക്ക് ഏറ്റുവാങ്ങിയിരുന്നു. രണ്ടു ലക്ഷം ഡോളറാണ് അവാര്‍ഡ് തുക.
ടിവി മതപ്രചാരകന്റെ ജനനം
മുംബൈയില്‍ ജനിച്ച സക്കീര്‍ നായിക്ക് ടോപിവാല നാഷനല്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് വൈദ്യശാസ്ത്ര ബിരുദം നേടിയത്. 1991ല്‍ ഐആര്‍എഫ് സ്ഥാപിച്ചു. 1987ല്‍ പരിചയപ്പെട്ട അഹ്മ്മദ് ദീദത്തിന്റെ പ്രേരണയിലായിരുന്നു ഇത്. ദീദത്ത് ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു. മറ്റുമതങ്ങളുമായും നിരവധി പൊതുസംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്ലാം, ക്രിസ്തുമതം, ബൈബിള്‍ എന്നിവയെപ്പറ്റി വിഡിയോ പ്രസംഗങ്ങളും ദീദത്തിന്റെതായുണ്ട്.
സംവാദത്തിലൂടെ ഇസ്ലാമിനെ മനസിലാക്കാന്‍ ആളുകളെ ക്ഷണിക്കുന്ന മട്ടിലാണ് നായിക്കിന്റെ പ്രസംഗം. ഗംഭീര ഓര്‍മശക്തിയുള്ള നായിക്ക് ഇത്തരം മതസംഭാഷണങ്ങളില്‍ സ്വാഭാവികമായും വിദഗ്ദനായി. ദീദത്തിനെപ്പോലെ നായിക്ക് ഖുറാന്‍ ഹൃദിസ്ഥമാക്കി. മറ്റു മതഗ്രന്ഥങ്ങളില്‍നിന്ന് ചില ഏടുകളെടുത്ത് താരതമ്യം നടത്തി. ഇംഗ്ലീഷും സാങ്കേതികവിദ്യയും ഉപയോഗിച്ച് ചെറുപ്പക്കാരെ ആകര്‍ഷിച്ചു.
2006ല്‍ മനുഷ്യരാശിക്കൊരു പരിഹാരം എന്ന പേരില്‍ പീസ് ടിവി ആരംഭിച്ചു. ദുബായില്‍നിന്നു സംപ്രേഷണം ചെയ്യുന്ന ഇതിന് പീസ് ടിവി ഉറുദു, പീസ് ടിവി ബംഗ്ല എന്നിങ്ങനെ രണ്ടു സഹോദരസ്ഥാപനങ്ങളുണ്ട്. ഭാഷ, പുഞ്ചിരിക്കുന്ന മുഖം, ഖുറാന്‍, ഭഗവത് ഗീത, ഉപനിഷത്തുകള്‍, ബൈബിള്‍ എന്നിങ്ങനെ ഏതു പുസ്തകത്തില്‍നിന്നും ഉദ്ധരണികള്‍ പറയാനുള്ള കഴിവ്, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, നിരീശ്വരര്‍ എന്നിങ്ങനെ ആരില്‍നിന്നും ചോദ്യങ്ങള്‍ സ്വീകരിക്കുന്ന രീതി എന്നിവ നായിക്കിനെ വ്യത്യസ്തനാക്കി. സൂട്ടും ടൈയും ധരിച്ച് മികച്ച ഇംഗ്ലിഷ് സംസാരിച്ചെങ്കിലും താടിയും തൊപ്പിയും ഭക്തനായ ഒരു മുസ്ലിം എന്ന ധാരണ പരത്തി.
വിവാദങ്ങള്‍
നായിക്ക് കഴിവുറ്റ പ്രാസംഗികനാണ്. മറ്റുകാര്യങ്ങള്‍ക്കൊപ്പം പടിഞ്ഞാറന്‍ നാടുകളെ ആക്ഷേപിക്കുക എന്നത് അനുയായികളെ സൃഷ്ടിക്കാനുള്ള എളുപ്പമാര്‍ഗമാണെന്ന് നായിക്കിനറിയാം. പടിഞ്ഞാറിനെതിരെയുള്ള വാചകക്കസര്‍ത്ത്, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എന്നിവയാണ് നിരാശാഭരിതരായ മുസ്ലിം യുവാക്കളെ ആകര്‍ഷിക്കാനുള്ള എളുപ്പവഴി. തീവ്രവാദത്തിനെതിരാണെന്നു സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വഴി എങ്ങനെ ഉപയോഗിക്കണമെന്നു നായിക്കിനറിയാം. ഒസാമ ബിന്‍ ലാദനെ കുറ്റപ്പെടുത്താന്‍ മടിച്ച നായിക്ക് 9/11 ഉള്ളില്‍നിന്നു തന്നെയുള്ള സംഭവമാണെന്ന നിലപാടെടുത്തു. യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷാണ് ഏറ്റവും വലിയ തീവ്രവാദിയെന്നു പറഞ്ഞ നായിക്ക് ഒസാമ തീവ്രവാദിയാണെങ്കില്‍ എല്ലാവരും തീവ്രവാദികളാണെന്നും പറഞ്ഞു. രീതികളില്‍ സൗമ്യനെന്നു തോന്നുമെങ്കിലും നായിക്കിന് നിഷ്‌ക്കളങ്കരായ മനസുകളെ അപകടകരമാം വിധം വഴിതെറ്റിക്കാന്‍ കഴിവുണ്ട്. ബഹുസ്വരതയ്‌ക്കെതിരു നില്‍ക്കുന്ന നായിക്ക് ഇന്ത്യന്‍ മുസ്ലിമിനെ അറബിവല്‍ക്കരിക്കാനാണു ശ്രമിച്ചതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
2006 ഓഗസ്റ്റില്‍ നായിക്കിന്റെ കാര്‍ഡിഫ് സന്ദര്‍ശനം വിവാദത്തിലായി. വെല്‍ഷ് എംപി ഡേവിഡ് ഡേവിസ് നായിക്കിന്റെ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നായിക്ക് വിദ്വേഷപ്രചാരകനാണെന്നും അയാളുടെ വീക്ഷണത്തിന് പൊതുവേദി നല്‍കേണ്ടതില്ല എന്നുമായിരുന്നു ഡേവിസിന്റെ വാദം. വിദ്വേഷവും സമുദായ സ്പര്‍ദ്ധയും വളര്‍ത്തുന്നു എന്നാരോപിച്ച് 2010ല്‍ യുകെയും കാനഡയും നായിക്കിന് പ്രവേശന അനുമതി നിഷേധിച്ചു. മലേഷ്യയില്‍പ്പോലും നായിക്കിന്റെ പ്രസംഗങ്ങള്‍ റദ്ദാക്കി. 2012 മുതല്‍ ഇന്ത്യയില്‍ പീസ് ടിവി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പല ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും അത് സംപ്രേഷണം ചെയ്യുന്നുണ്ട്.
ഹിന്ദുയിസവും ഇസ്ലാമും തമ്മിലുള്ള സാമ്യങ്ങള്‍ കാണിക്കുന്നതെന്നു കൊട്ടിഘോഷിക്കപ്പെടുന്ന നായിക്കിന്റെ പ്രസംഗത്തില്‍ രൂപമില്ലാത്ത ഒരേയൊരു ദൈവം എന്ന് ഖുറാനുമായി ഒത്തുപോകുന്നത്രയേ നായിക്ക് ഹിന്ദുഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാറുള്ളൂ. നായിക്കിന്റെ അഭിപ്രായത്തില്‍ ഹിന്ദു ഗ്രന്ഥങ്ങളില്‍ പ്രവാചകനായ മുഹമ്മദിനെപ്പറ്റി പരാമര്‍ശമുണ്ട്. ഇവ ഒഴികെ ഹിന്ദു ഗ്രന്ഥങ്ങള്‍ പൊതുവേ യുക്തിരഹിതമാണെന്നാണ് നായിക്കിന്റെ വാദം. ശിവനും ഗണപതിയും ദൈവങ്ങളാണെന്നു തെളിയിക്കാന്‍ ഹിന്ദുക്കള്‍ക്കാകും വരെ മുസ്ലിങ്ങളോട് ഗണപതിപൂജയില്‍ പങ്കെടുക്കുകയോ പ്രസാദം ഭക്ഷിക്കുകയോ ചെയ്യരുതെന്ന് നായിക്ക് ആവശ്യപ്പെടുന്നു. അതുപോലെ തന്നെ ക്രിസ്ത്യാനികളോട് മെറി ക്രിസ്മസ് ആശംസിക്കരുതെന്നും നായിക്ക് ആവശ്യപ്പെടുന്നു. ക്രിസ്തു ദൈവപുത്രനാണെന്ന് അംഗീകരിക്കുന്നതിനു തുല്യമാണതെന്നാണ് വാദം.
വനിതകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്നവര്‍ ദീര്‍ഘകാലമായി നായിക്കിനെതിരാണ്. വിദ്യാഭ്യാസമുള്ള മതപണ്ഡിതന്റെ കുപ്പായമിട്ട പിന്തിരിപ്പന്‍ പുരുഷാധിപതിയാണ് നായിക്കെന്നാണ് അവരുടെ നിലപാട്. ഭാര്യയെ ‘ചെറുതായി’ അടിക്കാന്‍ പുരുഷന് അധികാരമുണ്ടെന്നാണ് നായിക്കിന്റെ വാദം. കുടുംബത്തില്‍ അധികാരം പുരുഷനാണെന്നും അതിനാല്‍ ഭാര്യയെ അടിക്കാമെന്നുമാണ് അയാളുടെ വാദം. ലോകത്ത് പുരുഷന്മാരെക്കാള്‍ സ്ത്രീകളുണ്ടെന്നും അതിനാല്‍ ബഹുഭാര്യത്വം ആകാമെന്നും അയാള്‍ വാദിക്കുന്നു. വിവാഹിതരായ പുരുഷന്മാരെ വിവാഹം കഴിക്കുകയോ പൊതുസ്വത്താകുകയോ മാത്രമാണ് വനിതകള്‍ക്കു മുന്നിലുള്ള വഴി എന്നും ജീവിതകാലം മുഴുവന്‍ കന്യകയായി കഴിയാന്‍ ഒരു സ്ത്രീക്കും കഴിയില്ലെന്നും നായിക്ക് പ്രസംഗിച്ചു. ഒന്‍പതുവയസായാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാമെന്നും നായിക്ക് പറയുന്നു. സ്വവര്‍ഗാനുരാഗികളെ വധിക്കണമെന്നും ആവശ്യപ്പെട്ടു.
മതത്തില്‍നിന്ന് അകന്നുമാറിയ, വിദ്യാഭ്യാസമുള്ള മുസ്ലിം യുവാക്കളെ അതിലേക്കു തിരിച്ചുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നാണ് നായിക്ക് പറയുന്നത്. ഇസ്ലാം കാലഹരണപ്പെട്ട മതമല്ലെന്നും ഖുറാനില്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട ആയിരം പദ്യങ്ങളുണ്ടെന്നും അയാള്‍ വാദിക്കുന്നു. ഇതിന് ഉപോദ്ബലകമായി പടിഞ്ഞാറന്‍ നാടുകളിലെ മുസ്ലിങ്ങളുടെ എണ്ണവും ഉപയോഗിക്കുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റും മുസ്ലിങ്ങളില്‍നിന്നുള്ള എതിര്‍പ്പും
ഐഎസ് ഇസ്ലാമിന്റെ സിദ്ധാന്തങ്ങള്‍ക്കെതിരായാണു പ്രവര്‍ത്തിക്കുന്നതെന്നാണ് നായിക്കിന്റെ നിലപാട്. ‘ജിഹാദ് സമൂഹത്തെ നന്നാക്കാന്‍ വേണ്ടിയാണ്. സ്വയം സംരക്ഷണത്തിനുമാകാം. എന്നാല്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ജിഹാദിനെ വഴിതെറ്റും വിധം പ്രചരിപ്പിക്കുന്നു. മുസ്ലിങ്ങളല്ലാത്തവര്‍ മാത്രമല്ല, മുസ്ലിങ്ങളും തെറ്റിദ്ധരിക്കുന്നു. ഐഎസ് നിരപരാധികളെ കൊല്ലുകയാണ്. അത് ഖുറാന്‍ അനുസരിച്ച് മാനവരാശിക്കെതിരായ പാപമാണ്. ഞാന്‍ അവരെ ആന്റി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നു വിളിക്കുന്നു. ഗുജറാത്തില്‍ ആരെങ്കിലും മുസ്ലിങ്ങളെ കൊന്നു എന്നത് മുംബൈയില്‍ ഹിന്ദുക്കളെ കൊല്ലുന്നതിനു ന്യായീകരണമാകുന്നില്ല.’ ഇതാണ് ഇസ്ലാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും നായിക്ക് പറയുന്നു. ഐഎസ് വെറുക്കപ്പെടേണ്ട ഒന്നാണെന്നു പറഞ്ഞ നായിക്ക് മുംബൈയില്‍ അവര്‍ക്കെതിരെ ഹോര്‍ഡിങ്ങുകളും നിരത്തി.
തന്റെ പ്രസംഗം കൊണ്ട് ഷിയ, സുന്നി സമുദായത്തെ പ്രകോപിപ്പിച്ച് 2009ല്‍ നായിക്ക് മുസ്ലിം പുരോഹിതരുടെ ശത്രുവായി. നായിക്കിനെതിരെ കര്‍ശനനടപടി വേണമെന്ന് പുരോഹിതര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. നായിക്ക് പിന്നീട് ക്ഷമാപണം നടത്തി. തന്റെ ജനപ്രീതിയില്‍ മറ്റു പുരോഹിതര്‍ അസൂയാലുക്കളാണെന്നാണ് നായിക്കിന്റെ പക്ഷം. ‘വ്യത്യസ്ത വിഭാഗങ്ങളായി നിലകൊള്ളുന്നത് ഇസ്ലാമിനു വിരുദ്ധമാണ്. എന്നോട് ഷിയയാണോ സുന്നിയാണോ എന്നു ചോദിച്ചാല്‍ ഒരു വിഭാഗത്തിലും പെടാത്ത മുസ്ലിമാണ് എന്നായിരിക്കും എന്റെ ഉത്തരം. നിര്‍ഭാഗ്യവശാല്‍ മുസ്ലിങ്ങള്‍ പല വിഭാഗങ്ങളാണ്. മിക്കവയും എന്റെ ജനപ്രീതി ഇഷ്ടപ്പെടുന്നില്ല.’ വഹാബിസം പ്രോല്‍സാഹിപ്പിക്കുന്ന നായിക്ക് പറയുന്നു.
ഇന്ത്യയില്‍ സൂഫി, സുന്നി മുസ്ലിങ്ങളുടെ ഉന്നത സമിതിയായ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷൈഖ് ബോര്‍ഡ് (എഐയുഎംബി) തുടക്കം മുതല്‍ നായിക്കിനെ ശക്തമായി എതിര്‍ത്തിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് കിച്ചൗച്ചാവി പ്രകോപനപരമായ പ്രസംഗങ്ങള്‍, ഐആര്‍എഫ്, പീസ് ടിവി സംപ്രേഷണം തുടങ്ങിയവയെപ്പറ്റിയുള്ള നയം വ്യക്തമാക്കണമെന്ന് നായിക്കിനോട് ആവശ്യപ്പെട്ടിരുന്നു. നായിക്കിന്റെ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുഖ്യധാരയിലുള്ള മുസ്ലിങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എഐയുഎംബിയാണ്. ദാരുല്‍ ഉലൂം ദിയോബാന്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ നായിക്കിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഫത്വയും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
2006ല്‍ ഔറംഗാബാദ് ആയുധക്കേസില്‍ പിടിയിലായ ഒരാള്‍ ഐആര്‍എഫ് ജീവനക്കാരനാണെന്നു കണ്ടതോടെയാണ് നിയമപാലന ഏജന്‍സികള്‍ നായിക്കിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2008ല്‍ ഇപ്പോള്‍ യുപി എംപിയും മഹാരാഷ്ട്ര കേഡര്‍ ഐപിഎസുകാരനുമായ ഡോ. സത്യപാല്‍ സിങ് നായിക്കിനെപ്പറ്റി ഫയലിനു രൂപം നല്‍കി അത് കേന്ദ്രത്തിലേക്കയച്ചു. പുണെയില്‍ രണ്ടുദിവസത്തെ ഐആര്‍എഫ് ചടങ്ങിനിടെ 12 യുവാക്കള്‍ മതം മാറിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ‘ പുണെയില്‍ പരിപാടി നടക്കുമ്പോള്‍ ഞാനായിരുന്നു കമ്മിഷണര്‍. ഹിന്ദു, ജയിന്‍ സമുദായാംഗങ്ങളാണ് മതം മാറിയത്. വിദേശ സംഭാവന നിയമത്തിന്‍ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് ഐആര്‍എഫ്. അവര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ അനുമതിയില്ല. അതിനാലാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും റിപ്പോര്‍ട്ട് അയച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല.’ 2012 ആയപ്പോഴേക്ക് നായിക്കിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ച ഹിന്ദു വലതുപക്ഷതീവ്രവാദികള്‍ അയാളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
‘നായിക്കിന്റെ വീക്ഷണം പ്രവാചകന്റേതില്‍ നിന്നു വളരെ വ്യത്യസ്തമാണ്. യുവാക്കളെ വഴിതെറ്റിക്കലാണ് അയാളുടെ പ്രധാന പ്രവര്‍ത്തനം,’ നായിക്കിനൊപ്പം നാലുവര്‍ഷം ജോലി ചെയ്ത സലീം യൂസഫ് പറയുന്നു. അടുത്തിടെ മുംബൈയില്‍ ആന്റി ടെററിസം സ്‌ക്വാഡിന്റെ പിടിയിലായ നായിക്കിന്റെ രണ്ട് സഹായികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യമെമ്പാടും 800 പേരെ മതപരിവര്‍ത്തനം നടത്തിയെന്നാണ് റിസ്വാന്‍ ഖാന്‍, ആര്‍ഷിദ് ഖുറേഷി എന്നിവര്‍ പറഞ്ഞത്. ഇവരില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ടെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിക്കുന്നു.
നായിക്കിനെ തീവ്രവാദിസംഘങ്ങളുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താന്‍ അന്വേഷകസംഘങ്ങള്‍ക്ക് ആയേക്കില്ല. എന്നാല്‍ പ്രകടമായി ഒന്നും പറയാതെതന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കലാണ് നായിക്കിന്റെ രീതി. വാക്കുകള്‍ മനോഹരമായി ഉപയോഗിക്കുമെന്നതിനാല്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് കേള്‍ക്കുന്നവര്‍ക്കു മനസിലാകണമെന്നില്ല. എന്നാല്‍ വിശകലനം നടത്തുമ്പോള്‍ ജിഹാദികളും നായിക്കും ഒരേ കാര്യം തന്നെയാണു പറയുന്നതെന്നു മനസിലാകും. ചാവേറുകളെപ്പറ്റി പറയുമ്പോള്‍ താന്‍ അതിനെതിരാണെന്നും എന്നാല്‍ ചിലര്‍ അത് യുദ്ധതന്ത്രമായി അംഗീകരിക്കുന്നുണ്ട് എന്നുമാകും പറയുക. മുസ്ലിങ്ങള്‍ എപ്പോഴും പടിഞ്ഞാറുമായി യുദ്ധത്തിലാണെന്നും ഇതിനൊപ്പം പറയും.
ഭീകരബന്ധം ആരോപിച്ച് പിടിക്കപ്പെട്ട പലരും നായിക്കിനാല്‍ ഇതിലേക്ക് ആകൃഷ്ടരായി എന്നു സമ്മതിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ 14 മില്യണ്‍ പേര്‍ പിന്തുടരുന്ന നായിക്കിന് 200 മില്യണ്‍ ടിവി പ്രേക്ഷകരുണ്ടെന്നാണ് കരുതുന്നത്. മിക്കവരും ചെറുപ്പക്കാരാണ്. അഫ്ഗാന്‍ അമേരിക്കന്‍ നജീബുള്ള സാസി (ന്യൂയോര്‍ക്ക് സബ് വേ ബോംബിങ് സൂത്രധാരന്‍, 2009), ഡോ. കഫീല്‍ അഹ് മ്മദ് (ഗ്ലാസ്‌ഗോ 2007), റാഹില്‍ ഷേക്ക് ( മുംബൈ സ്‌ഫോടന പരമ്പര,2006), ഫിറോസ് ദേശ്മുഖ് (ഔറംഗബാദ് ആയുധക്കേസ് 2006), ഐഎസ് അനുഭാവികള്‍ (കല്യാണ്‍, 2016) എനനിവരെല്ലാം നായിക്കിന്റെ പ്രസംഗം കേട്ടവരാണ്. കേരളത്തില്‍ നിന്നു കാണാതാകുകയും ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുകയും ചെയ്യുന്ന 21 പേരില്‍ പലരും നായിക്കിനാല്‍ പ്രേരിതരാണ്. ഇവരില്‍ ഒരാളെ തീവ്രവാദത്തിനു പ്രേരിപ്പിച്ചു എന്ന പേരില്‍ ജനുവരി 20ന് അറസ്റ്റിലായത് ഐആര്‍എഫ് അംഗമാണ്.
‘ഖലീഫാത്തിനുവേണ്ടി പൊരുതുക എന്ന ആശയത്തില്‍ ആകൃഷ്ടരായ ഈ ചെറുപ്പക്കാര്‍ ഓണ്‍ലൈന്‍ വഴിയാണ് ഇതില്‍ എത്തിയത്. നായിക്കിന്റെ വിഡിയോകളാണ് ഇവയില്‍ പ്രധാനം. ഈ വിഡിയോകള്‍ ഇരകളിലെത്തിക്കാനായി മനഃപൂര്‍വം പങ്കുവയ്ക്കപ്പെട്ടതാണെന്നു കരുതുന്നു. ഇന്ത്യന്‍ മുസ്ലിം എന്ന നിലയ്ക്ക് നായിക്കുമായി സമരസപ്പെടാന്‍ ഇരകള്‍ക്കാകുന്നു,’ പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഭീകരപ്രവര്‍ത്തനവുമായി തന്നെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനാകില്ലെന്ന് നായിക്കിന് ഉറപ്പാണ്. സൗദിയില്‍ നിന്നു നല്‍കിയ പ്രസ്താവനയില്‍ അയാള്‍ ഇങ്ങനെ പറയുന്നു. ‘ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇതുവരെ ഒരു ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയും എന്നെ സമീപിച്ചിട്ടില്ല. ഏത് ഔദ്യോഗിത ഏജന്‍സിയുമായും സഹകരിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ.’