UPDATES

വിദേശം

ധനിക രാജ്യങ്ങളുടെ കാര്‍ബണ്‍ വികിരണത്തിന് ബംഗ്ലാദേശ് നല്‍കുന്ന വില

Avatar

അരുണ്‍ ദേവ്നാഥ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

ബംഗ്ലാദേശിലെ ഉൾനാടുകളിൽ നിന്നും ഇന്ത്യൻ മഹാസമുദ്രം വരെ നീളുന്ന പസ്സുർ നദി തന്റെ പാടത്തിലേക്ക് ഉപ്പുവെള്ളവുമായ് വിരുന്നു വന്നുവെന്ന ദു:ഖസത്യം എഴു വർഷങ്ങൾക്കു മുന്‍പാണ് ഗൌർ മോണ്ടോൾ മനസ്സിലാക്കിയത്. ഉപ്പുവെള്ളം കയറിയ നെൽ പാടങ്ങൾ മുഴുവനും തരിശു ഭൂമിയായ്‌ മാറിയതിനാൽ  ജോലി കണ്ടെത്താൻ വേണ്ടി അദ്ദേഹമിപ്പോൾ ദിവസവും മൈലുകളോളം ദൂരത്തുള്ള മറ്റുള്ള ഗ്രാമങ്ങളിലേക്ക് നടക്കാൻ നിർബന്ധിതനായിരിക്കുകയാണ്. വാർഷിക വരുമാനം പകുതിയായി കുറഞ്ഞു  (36,000 ടാക- 460 $). ഭാഗ്യമുള്ള ദിവസങ്ങളിൽ മോണ്ടോൾ 4 ഡോളർ സമ്പാദിക്കും. ഇതിൽ ഏറിയ പങ്കും നാലംഗങ്ങളുള്ള കുടുംബത്തിന്‍റെ ഭക്ഷണത്തിനു വേണ്ടി ചിലവാകും.  

“നുരഞ്ഞു കയറാൻ ശ്രമിക്കുന്ന പുഴവെള്ളത്തിന്റെ ഭീഷണിയിലാണ് ഞങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഒരു നാള്‍ എന്റെ വീടും പുഴയെടുക്കുമെന്ന ഭയത്തിലാണ് ഞാനെപ്പോഴും.” മോൻഗ്ള സബ് ജില്ലയിലുള്ള തന്റെ വീടിനടുത്ത പുഴവക്കത്തുള്ള പുളി മരത്തിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന വേരുകൾക്കടിയിലെ നീര്‍ചുഴിയെ ചൂണ്ടിക്കാട്ടി മോണ്ടോൾ പറഞ്ഞു.  

150 ബില്ല്യൻ ഡോളർ മൂല്യമുള്ള ഈ സമ്പദ് വ്യവസ്ഥ  വരുന്ന അഞ്ചു  പതിറ്റാണ്ടുകൾ നേരിടാൻ പോകുന്ന വലിയ ഭീഷണികളിലൊന്നാണ് ഉയരുന്ന  സമുദ്രനിരപ്പ്‌. മോണ്ടോളിനെപ്പോലുള്ള കർഷകർ ഇതിനകം ഈ വിപത്തിന്റെ അനന്തരഫലം നേരിട്ടു തുടങ്ങിയിട്ടുണ്ട്. പൌരന്മാരെ ദാരിദ്ര്യത്തിൽ നിന്നും കരയകയറ്റാൻ 8 ശതമാനം വേഗത്തിൽ വളരേണ്ടതുള്ള ബംഗ്ലാദേശ് 2050 വരേക്കും ഓരോ വർഷവും  ജി.ഡി.പി യുടെ രണ്ടു ശതമാനം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് എ.ഡി.ബി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.  

“ഉയരുന്ന സമുദ്ര നിരപ്പും തീവ്രമായ പാരിസ്ഥിതികാക്രമണങ്ങളുമാണ് ശുദ്ധ വെള്ളത്തിൽ ലവണത്വം കലരാൻ കാരണം. ഭക്ഷ്യ സുരക്ഷയിൽ വലിയ ഇടിവ് സംഭവിക്കുമെന്നുള്ള സൂചനയാണീ വിവരങ്ങൾ നൽകുന്നത്.” എ.ഡി .ബിയുടെ പ്രാദേശിക സുസ്ഥിര വികസന വിഭാഗത്തിലെ ഉപദേശകനായ മെഫുസുദ്ധീൻ അഹ്മദ് പറഞ്ഞു. 

ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്, അമേരിക്കയുടെ പകുതി ജന സംഖ്യ ന്യൂയോർക്ക് സംസ്ഥാനത്തിൽ  കുത്തി നിറച്ചു നിർത്തുന്നതുപൊലിരിക്കുമത്. ജനസംഖ്യയിൽ പകുതി പേരുടേയും ഒരേയൊരു വരുമാന മാർഗം കൃഷിയാണ്, ഇതിൽ തീരപ്രദേശങ്ങളി ജീവിക്കുന്ന 25 ശതമാനത്തോളം വരുന്ന കർഷകരുടെ 21 ശതമാനം കൃഷിയിടങ്ങളിലെയും ലവണത്വത്തിന്റെ അളവ് ഭീകരമാവിധം വർദ്ധിച്ചിരിക്കുകയാണ്.   

2000നും 2010 നുമിടയിൽ 2 ശതമാനം കുറവുവന്ന ദക്ഷിണേഷ്യയേക്കാൾ വേഗത്തിൽ 7.3 ശതമാനം കൃഷിയോഗ്യമായ ഭൂമിയാണ് രാജ്യത്തിന്‌ നഷ്ടമായത്. ഈ നാശത്തിൽ ഭൂപ്രകൃതിക്കുള്ള പങ്ക് വളരെ വലുതാണ്‌. 

ഇന്ത്യൻ മാഹാ സമുദ്രത്തിൽ നിന്നുള്ള തിരമാലകൾ ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നയിടത്താണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. വംശനാശം സംഭവിച്ച ബംഗാൾ കടുവകൾ വസിക്കുന്ന സുന്ദർബൻ കണ്ടല്‍ക്കാടുകൾ ഈ പ്രധിഭാസത്തിന്റെ സൃഷ്ടിയാണെങ്കിലും കാറ്റും ശക്തമായ ജലപ്രവാഹങ്ങളും പുഴയിലേക്ക് ഉപ്പു വെള്ളം കയറുന്നതിനും കാരണമാവുന്നു. 

ആഗോള കാലാവസ്ഥാ വ്യതിയാനം ഈ ദാരുണ രംഗം കൂടുതൽ വഷളാക്കിത്തീര്‍ക്കുന്നു. 1900-1930 ൽ 26.9 ഡിഗ്രിയായിരുന്ന മെയ് മാസ താപനില. 1990-2009 ൽ 28.1 ആയ് മാറി. 2080-2099 ലിത് 31.5 ഡിഗ്രിയായി വർദ്ധിക്കുമെന്നാണ് ലോക ബാങ്ക് നൽകിയ വിവരങ്ങൾ പറയുന്നത്. ജൂണ്‍ മാസത്തിൽ ലഭിക്കുന്ന വര്‍ഷപാതം 517.5 മില്ലീ മീറ്ററിൽ നിന്നും 467.1 മില്ലീമീറ്ററായ് കുറയുമെന്ന മുന്നറിയിപ്പും ബാങ്ക് നൽകിയിട്ടുണ്ട്.   

ബ്രിട്ടീഷ്‌ ഗവേഷകരായ മേപിൽ ക്രോഫ്റ്റ് ഒക്ടോബർ 29 ന് പ്രസിദ്ധീകരിച്ച പഠന പ്രകാരം കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെയ ജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് വളർന്ന 32 രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് ബംഗ്ലാദേശാണ്. ഈ രാജ്യങ്ങളിലെ അരി, ഗോതമ്പ്, ചോളം പോലുള്ള മുഖ്യ ഭക്ഷ്യ വസ്തുക്കളുടെ ഉത്‌പാദനം അടുത്ത 35 വർഷത്തിനുള്ളിൽ 59 ശതമാനം കുറയുമെന്ന പ്രവചനവുമായിട്ടാണ് ഐ.പി.സി.സി (Intergovernmental Panel on Climate Change ) മുന്നോട്ടു വന്നത്. 

“ഈ ദുരന്തത്തിനു മനുഷ്യനും പ്രകൃതിയും ഒരേപോലെ ഉത്തരവാദികളാണ്. നെൽ കൃഷി ചെയ്യാൻ സാധിക്കാത്തവർ ഉപ്പു വെള്ളം പുറത്തു പോകാതിരിക്കാൻ തടയണ കെട്ടി ചെമ്മീൻ കൃഷിയിലേർപ്പെട്ടിരിക്കുകയാണ്, ഭൂമിയിലെ ലവണാംശത്തിന്റെ അളവ് വർദ്ധിക്കാനിത് കാരണമാവും.”  പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്ന ബംഗ്ലാദേശ് പോരിഭേഷ് ആന്ദോളന്റെ പ്രാദേശിക നേതാവായ നൂർ ആലം ഷൈക് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ഓരോ വർഷവും രാജ്യത്തിന്റെ വാർഷിക ബജറ്റിന്റെ എഴ് ശതമാനം (1 ബില്ല്യൻ ) കാലാവസ്ഥാ വ്യതിയാനവുമായുള്ള യുദ്ധത്തിനുവേണ്ടി ബംഗ്ലാദേശ് ചിലവഴിക്കുന്നുണ്ട്. ഈ ചിലവിന്റെ 75 ശതമാനം സർക്കാരും ബാക്കി അന്താരഷ്ട്ര സഹായനിധികളുമാണ് വഹിക്കുന്നത്. 

2050 നകം ഈ സംഖ്യ പ്രതിവർഷം 5.7 ബില്ല്യനായ് ഉയരുമെന്നാണ് ലോക ബാങ്ക് കരുതുന്നത്, ഈ ഭാരം ചുമക്കേണ്ടി വരുന്നതോ പാവം ബംഗ്ലാദേശികളും. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ശരാശരി ബംഗ്ലാദേശി ഒരു വർഷം പുറത്തു വിടുന്ന കാർബണ്‍ ശരാശരി യൂറോപ്യൻ 11 ദിവസം കൊണ്ട് അന്തരീക്ഷത്തിലെത്തിക്കുന്നുണ്ട്. 

“വികസ്വര രാജ്യങ്ങളുടെ ശരാശരി പ്രതിശീര്‍ഷ കാർബണ്‍ വികിരണത്തെ ബംഗ്ലാദേശ് ഒരിക്കലും മറികടക്കില്ല. വലിയ തോതിൽ വികിരണം  നടത്തുന്ന രാജ്യങ്ങൾ നല്ലൊരു നാളേക്കു വേണ്ടി ഞങ്ങളുമായ് സഹകരിച്ച് പ്രവർത്തിക്കണം.” പ്രധാന മന്ത്രി ഷൈക് ഹസീന സെപ്റ്റംബർ 23 ന് ന്യൂ യോർക്കിൽ നടന്ന ഐക്യ രാഷ്ട സഭാ സമ്മേളനത്തെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞു. 

“6,000 കിലോ മീറ്ററുകളോളം കെട്ടിയ കടൽ ഭിത്തി മോശം പരിചരണം കാരണം തകർന്നിരിക്കയാണ്. ” BRAC എന്ന എൻ.ജി.ഓ യിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ മെഹ്ബൂബ് ഹുസൈൻ പറഞ്ഞു. 2007 മുതൽ രണ്ടു ചുഴലിക്കാറ്റുകൾ താണ്ഡവമാടിയ മോണ്ടോൾ താമസിക്കുന്ന മോൻഗ്ലയിൽ നിന്നും കുടിക്കാനും കൃഷിക്കും വേണ്ടിയുള്ള വെള്ളം കിട്ടാതെ 100,000 പേർ താമസം മാറിയിട്ടുണ്ട്.

55 വയസ്സുള്ള ഗീതാ ഹൽദെർ ഇവരിലൊരാളാണ്. ആറംഗംങ്ങളുള്ള തന്റെ കുടുംബത്തിനു വേണ്ടി ആറു കിലോ മീറ്ററുകളോളം നടന്നാണ് ഗീത കുടങ്ങളിൽ വെള്ളം കൊണ്ടു വരുന്നത്. ഒരു ദിവസം പോകാൻ സാധിച്ചില്ലെങ്കിൽ 20 ടാക കൊടുത്ത് കടയിൽ നിന്നും സംസ്കരിക്കാത്ത 30 ലിറ്റർ വെള്ളം വങ്ങേണ്ട അവസ്ഥ വരും.     

ലവണാംശം 14 ഏക്കർ കൃഷി ഭൂമിയെ തരിശു ഭൂമിയാക്കി മാറ്റിയപ്പോൾ ഗീതയുടെ സഹോദരീപുത്രനാ ഭൂമിയിൽ മീൻ കൃഷി തുടങ്ങി, പ്രത്യേകിച്ചും ചെമ്മീൻ. പ്രതിവർഷം 200,000 ടാക സമ്പാദിക്കുന്ന ഈ കുടുംബം കുടത്തിൽ വെള്ളം കൊണ്ടു വരുന്നതിനും ജൂണ്‍-സെപ്റ്റംബർ മാസങ്ങളിൽ ശേഖരിക്കുന്ന മഴവെള്ളത്തിനു പുറമേ  2,000 ടാക വെള്ളത്തിനു വേണ്ടി ചിലവഴിക്കുന്നു. 

” ഭക്ഷണത്തിനു വേണ്ടി മാത്രം പകലന്തിയോളം കഷ്ടപ്പെടുന്ന പാവങ്ങളിവിടെയുണ്ട്, ദിവസത്തിന്റെ പകുതി വെള്ളം കൊണ്ടുവരാൻ വേണ്ടി മാത്രം വിനിയോഗിക്കാനവർക്ക് സാധിച്ചെന്നു വരില്ല. പക്ഷെ വെള്ളമില്ലാലാതെ അവരെന്തു ചെയ്യും? വെള്ളം ജീവനാണ്.” ഗീത ഹാല്‍ദെര്‍ പറഞ്ഞു നിര്‍ത്തി. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍