UPDATES

ജാതി പീഡനത്തിന്റെ കാര്യത്തില്‍ കേരളവും പിന്നോക്കമൊന്നുമല്ല: കെ. സോമപ്രസാദ് എം.പി/അഭിമുഖം

സി പി എമ്മിന്റെ സംവരണ നയം എന്നുപറഞ്ഞാല്‍ സാമ്പത്തിക സംവരണം അല്ല. അത് സാമുദായിക സംവരണമാണ്

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ ഭരതനാട്യം അധ്യാപികയായ ഹേമലത ടീച്ചര്‍ക്കെതിരെ നടന്ന ജാതി പീഡനം അഴിമുഖം പുറത്തു കൊണ്ടുവരികയുണ്ടായി. ഒരു വിദ്യാര്‍ത്ഥിനി പരാതി നല്‍കി എന്നു പറഞ്ഞു കൊണ്ട് ഒരു വിശദീകരണവും ചോദിക്കാതെ ടിച്ചറോട് ഇനി മുതല്‍ കോളേജിലേക്ക് വരേണ്ടതില്ല എന്നു കോളേജ് അധികൃതര്‍ വിലക്കുകയായിരുന്നു. എന്നാല്‍ ഇത് ഹേമലത ടീച്ചര്‍ക്ക് എതിരെ മാത്രമല്ല എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോളേജില്‍ നടത്തിയ നിയമനങ്ങളിലും പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ബോധപൂര്‍വം തഴഞ്ഞതായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അഴിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. ആര്‍എല്‍വി കോളേജ് പ്രശ്‌നത്തില്‍ ഇടപെട്ട പട്ടികജാതി ക്ഷേമസമിതി നേതാവും രാജ്യസഭ എംപിയും സിപിഎം നേതാവുമായ കെ. സോമപ്രസാദ് സംസാരിക്കുന്നു.  

സഫിയ: കേരളത്തില്‍ ജാതി വിവേചനം ഉണ്ടോ?

സോമപ്രസാദ്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പ്രോഗ്രസ്സീവ് ആയിട്ടുള്ള നിലപാടുകള്‍ എടുത്തിട്ടുള്ള ഒരു സംസ്ഥാനമാണ് എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. അതുകൊണ്ട് കേരളത്തില്‍ യാതൊരു ജാതിവിവേചനവും ഇല്ലെന്ന ധാരണയേ വേണ്ട. എത്രയോ സംഭവങ്ങള്‍ ഉണ്ട്. നല്ല അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിച്ച്, വെളുക്കെ ചിരിച്ചു നന്നായി വര്‍ത്തമാനം പറയുകയും ഉള്ളില്‍ ജാതി കൊണ്ടു നടക്കുകയും കിട്ടുന്ന അവസരങ്ങളില്‍ അവരുടെ ഉള്ളില്‍ ഉള്ള കാര്യങ്ങള്‍ പുറത്തേക്ക് കാണത്തക്ക രീതിയില്‍ പെരുമാറുകയും അങ്ങനെയുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. അത് എല്ലായിടത്തും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യക്ഷമായിട്ട് കേരളത്തില്‍ ഇല്ല എന്നേയുള്ളൂ. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും മറ്റ് സംഘടനകളുടെയും ഒക്കെ ഇടപെടലുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടും സാമൂഹ്യ അവബോധം കൂടുതല്‍ ഉള്ളത് കൊണ്ടും ആരാഗ്രഹിച്ചാലും അങ്ങനെ അങ്ങ് പറ്റത്തുമില്ല.

പക്ഷേ ആളുകള്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഈ തരം ജാതി വിവേചനങ്ങള്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നുണ്ട്. അത് ക്ഷേത്രങ്ങളില്‍ ഉണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പറഞ്ഞാല്‍ ഹയര്‍ എഡ്യൂക്കേഷന്‍ രംഗത്താണ് ഇത് ഏറ്റവും ശക്തമായിട്ട് ഉള്ളത്. റിസര്‍ച്ച് മേഖലകളിലാണ് അത് ഏറ്റവും കൂടുതല്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള ആളുകള്‍ ഒക്കെ തന്നെ അവരുടെ വിഷയത്തില്‍ വളരെ വിദഗ്ധരാണ്. എന്നാല്‍ മനുഷ്യന്‍ എന്ന സാമൂഹ്യ ജീവി എന്ന നിലയില്‍ അവര്‍ ആര്‍ജ്ജിക്കേണ്ടതായിട്ടുള്ള പൊതുബോധം ഉണ്ട്. അത് ആര്‍ജ്ജിക്കുകയും അതിന്റെ് ഭാഗമായി റിഫൈന്റ് ആയിട്ടുള്ള ഒരു പേഴ്‌സണാലിറ്റി, അതായത് സംസ്‌ക്കരിക്കപ്പെട്ട വ്യക്തിത്വം അവര്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു പേഴ്‌സണാലിറ്റി ഡവലപ് ചെയ്‌തെടുക്കാന്‍ ഉള്ള പൊതുബോധം ഒന്നും നല്ലൊരു ശതമാനം വരുന്ന ഈ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കില്ല. എന്നാല്‍ റിസര്‍ച്ച് മേഖലയില്‍ നന്നായി സഹായിക്കുന്ന ആളുകളും ഉണ്ട്. പക്ഷേ ഒരു വലിയ വിഭാഗം ജാതീയമായ വിവേചനം വെച്ചുകൊണ്ട് പട്ടികവര്‍ഗ്ഗത്തോടും പട്ടികജാതി വിഭാഗത്തോടും പെരുമാറുന്നുണ്ട്. ഗവേഷണ രംഗത്ത് ഒരു തീസിസ് എഴുതിക്കൊണ്ട് പോയാല്‍ ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞു വര്‍ഷവങ്ങള്‍ നീട്ടിക്കൊണ്ട് പോകാന്‍ ഒരു ഗൈഡ് വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ. നാഷണല്‍ ലെവലില്‍ അത്തരത്തില്‍ ഉള്ള ഒരുപാട് അനുഭവങ്ങള്‍ പി കെ എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. രോഹിത് വെമൂലയുടെ ആത്മഹത്യ വേണ്ടി വന്നു അത് പുറംലോകം ചര്‍ച്ച് ചെയ്യാന്‍.

Also read: ‘ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍

ഡല്‍ഹിയില്‍ ഒരു മെഡിക്കല്‍ കോളേജില്‍ ഫിസിയോളജി എന്ന സബ്ജക്ടിന് മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ 24 പേര്‍ തുടര്‍ച്ചയായിട്ട് തോറ്റു. 14 പ്രാവശ്യം അറ്റന്ഡ് ചെയ്തിട്ടും ജയിക്കാത്ത കുട്ടികള്‍ ഉണ്ട്; 2012-2013 കാലഘട്ടത്തില്‍. ഈ ഒരു പേപ്പറിന് ഒഴികെ ബാക്കിയുള്ള എല്ലാ പേപ്പറിനും അവര്‍ പാസായിട്ടുണ്ട്. അവസാനം അവര്‍ പരാതി കൊടുത്തു. ഇത് പാര്‍ലമെന്റില്‍ ഒക്കെ വലിയ പ്രശ്‌നമായി. അങ്ങനെ പാര്‍ലമെന്റിലെ ഒരംഗം അദ്ധ്യക്ഷനായിക്കൊണ്ട് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് വളരെ പര്‍പ്പസ്ഫുള്‍ ആയിട്ട് അവിടത്തെ ഒരു പ്രൊഫസറും പരീക്ഷ നടത്തുന്ന ഒരു അധ്യാപകനും വേറൊരു അധ്യാപികയും ചേര്‍ന്ന് മന:പൂര്‍വം ഈ കുട്ടികളെ തിരഞ്ഞു പിടിച്ച് തോല്‍പ്പിക്കുകയായിരുന്നു എന്നാണ്. അവസാനം വേറൊരു കോളേജില്‍ നിന്ന് ഫിസിയോളജി പ്രൊഫസര്‍മാരെ കൊണ്ട് വന്നു പരീക്ഷ നടത്തി. ആദ്യത്തെ പരീക്ഷയില്‍ ഈ 24 പേരില്‍ 18 പേര്‍ ഒറ്റയടിക്ക് പാസായിപ്പോയി. ഇങ്ങനെയുള്ള എക്‌സ്പീരിയന്‌സ് നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ ധാരാളം ഉണ്ട്. കേരളത്തിലും ഇത്തരത്തില്‍ ഉള്ള ചില പരാതികള്‍ ഒക്കെ തന്നെ എനിക്കു കിട്ടിയിട്ടുണ്ട്.

പിന്നെ നമ്മുടെ കലാരംഗത്ത്, അതിപ്പോള്‍ ആര്‍എല്‍വി യില്‍ മാത്രമല്ല, കലാമണ്ഡലത്തിലും ഉണ്ട്. അതൊന്നും വലുതായി പുറത്തു വന്നില്ലെന്നെയുള്ളൂ. സഖാവ് എംഎ ബേബി മന്ത്രിയായിരിക്കുന്ന സമയത്ത് ഒരു പരാതി എന്റെ അടുത്ത് വന്നു. അവിടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു. കലാമണ്ഡലത്തില്‍ നിന്നു പോസ്റ്റ് ഗ്രാഡ്വേഷന്‍ പാസായ ഒരു കുട്ടിയെ മാറ്റി നിര്‍ത്തിയിട്ട് ഡിപ്ലോമയുള്ള ഒരാളിനെ എടുത്തു. പോസ്റ്റ് ഗ്രാഡ്വേഷന്‍ പാസായ കുട്ടി എസ് സിയാണ്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് പോസ്റ്റ് ഗ്രാഡ്വേഷന്‍ ഉണ്ടായത് കൊണ്ട് കാര്യങ്ങള്‍ നന്നായി ചെയ്യണം എന്നില്ല. ഭരതനാട്യം ടീച്ചറുടെ ഒഴിവായിരുന്നു അത്. ഭരതനാട്യം പഠിപ്പിക്കാന്‍ പോസ്റ്റ് ഗ്രാഡ്വേഷന്‍ പഠിക്കണം എന്നില്ല എന്നാണ് അയാള്‍ പറയുന്നത്. പിന്നെ എന്തിനാണ് ഇവര്‍ പോസ്റ്റ് ഗ്രാഡ്വേഷന്‍ കോഴ്‌സ് നടത്തുന്നത്. പോസ്റ്റ് ഗ്രാഡ്വേഷന്‍ ഉള്ള ഒരാളിനെക്കാള്‍ നന്നായിട്ട് പ്ലസ്ടു കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലാത്തെ ഡിപ്ലോമ എടുത്ത ഒരാള്‍ക്ക് പഠിപ്പിക്കാന്‍ കഴിയും എന്നാണ് അയാള്‍ പറയുന്നത്. ഒരു ന്യായവും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തരം ന്യായങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ ഉള്ള വിവേചനം കലാമണ്ഡലത്തിലും നിലനില്‍ക്കുന്നുണ്ട്.

Also read: കലയ്ക്ക് ജാതി ഇല്ലെന്നോ? ആര്‍എല്‍വി കോളേജിലെ ജാതി പീഡനം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍

സ: തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ ഹേമലത ടീച്ചര്‍ക്ക് നേരെയുണ്ടായ ജാതി വിവേചനത്തെ കുറിച്ച്...

സോ: ആര്‍എല്‍വിയിലെ ഹേമലത ടീച്ചര്‍ക്ക് നേരെ കാണിച്ച വിവേചനം എന്നുപറഞ്ഞാല്‍ വളരെ കൃത്യമായ ജാതീയമായ വിവേചനം ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വാഭാവിക നീതി, മുഴുവനും അവരുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരു ഡൊമസ്റ്റിക് എന്‍ക്വയറി നടത്തേണ്ടതെങ്ങനെയെന്നതിന് നമ്മുടെ നിയമ വ്യവസ്ഥയില്‍ കൃത്യമായ റൂള്‍സും ചട്ടങ്ങളുമുണ്ട്. അതനുസരിച്ചിട്ടുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഹേമലതയുടെ പേരിലുള്ള അച്ചടക്ക നടപടികള്‍ എടുത്തിട്ടുള്ളത് എന്ന് അവരുടെ എക്‌സ്പ്ലനേഷനില്‍ നിന്നും അതോടൊപ്പം തന്നെ ആരോപണത്തിന് വിധേയരായവര്‍ തന്നിട്ടുള്ള മറുപടികളില്‍ നിന്നും മനസ്സിലാകുന്നതാണ്. ഒരു കുട്ടി ഒരു അധ്യാപികയ്ക്ക് എതിരെ ഒരു പരാതി കൊടുത്തിട്ടുണ്ട് എങ്കില്‍ ആ പരാതിയില്‍ അന്വേഷണം നടത്തി അവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കണം. അതിനുള്ള വളരെ കൃത്യമായ നിയമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഒരു കുട്ടി പരാതി കൊടുത്തു അല്ലെങ്കില്‍ കോളേജ് യൂണിയന്‍ പരാതി കൊടുത്തു എന്നതിന്റെ പേരില്‍ പിറ്റേന്ന് രാവിലെ അവരോട് കോളേജില്‍ വരണ്ടന്നു പറയുക എന്നുള്ളതല്ല. അതൊക്കെ സ്വാഭാവിക നീതിയുടെ തന്നെ ലംഘനമാണ്.

അതെല്ലാം അവര്‍ ചെയ്തു എന്നു പറയുന്നത് ജാതീയമായ വിവേചനവും അവരുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാന്‍ തയാറായി ചില ആളുകള്‍ വരുന്നത് അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടുമാണ്. പിന്നെ ഈ ഇന്റേണല്‍ മാര്‍ക്കും ഗ്രേസ് മാര്‍ക്കും ഒക്കെയുള്ളത് കൊണ്ട് സ്വാഭാവികമായിട്ടും കുട്ടികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിന്റെ അഭിപ്രായത്തിന് എതിരായി അവര്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പോലും നില്‍ക്കത്തില്ല. അത് അവരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാണല്ലോ. അതുകൊണ്ട് ഈ കുട്ടികളെയൊക്കെ കൊണ്ട് കോളേജ് പ്രിന്‍സിപ്പളോ അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയോ വിചാരിച്ചാല്‍ ഒരു അധ്യാപികയ്ക്ക് എതിരായിട്ട് ബോധപൂര്‍വം മൊഴികൊടുപ്പിക്കാന്‍ സാധിക്കും.

സ: അതുപോലെ തന്നെ പട്ടിക ജാതി വിഭാഗക്കാരനായ സാബു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പ്രശ്‌നം ഉണ്ടല്ലോ?

സോ: സാബുവിന്റെ പ്രശ്‌നത്തില്‍ ഞാനാണ് ഇടപെട്ടത്. ഞാന്‍ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് ആ വര്‍ഷം അവര്‍ നിയമനം കൊടുക്കാന്‍ തയ്യാറായത്. ആര്‍എല്‍വിയെ സംബന്ധിച്ച് വളരെ സമഗ്രമായ ഒരു അന്വേഷണം നടത്തണം എന്നു തന്നെയാണ് ഞാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് നടത്തും എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നതും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ തന്നെ ഒരു കത്ത് ഗവണ്‍മെന്റിന് കൊടുത്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത് ജാതി പീഡനം മാത്രമല്ല മനുഷ്യത്വരഹിതമായ കാര്യങ്ങളാണ്.

സ: കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം ദളിത് പീഡനങ്ങള്‍ കൂടുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച്? 

സോ: ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ എല്ലാം പാര്‍ലമെന്റിന് അകത്തും പുറത്തും ഞങ്ങള്‍ വിഷയമാക്കാറുണ്ട്. അവയെല്ലാം വലിയ വാര്‍ത്തയാകാറുമുണ്ട്. അതോടൊപ്പം തന്നെ ഗവണ്‍മെന്റ് തലത്തില്‍ നടപടിയെടുക്കാന്‍ ഉള്ള വലിയ ഇടപെടല്‍ നടത്താറുണ്ട്. രാജ്യസഭ നമ്മുടെ എല്ലാ പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെയും വല്യ നേതാക്കന്മാര്‍ ഉള്ള സ്ഥലമാണല്ലോ. സിപിഎമ്മിന്റെ സീതാറാം യെച്ചൂരിയുണ്ട്, ബിഎസ്പിയുടെ മായാവതിയുണ്ട്, കോണ്‍ഗ്രസിന്റൈ ഗുലാം നബി ആസാദ്, എ കെ ആന്റണി, ജെഡി-യുവിന്റെ ശരത് യാദവ് ഇങ്ങനെ നിരവധി ലീഡര്‍മാരുണ്ടല്ലോ. ഇവരെല്ലാം തന്നെ ഇത്തരം ഇഷ്യൂസില്‍ വളരെ സജീവമായി ഇടപെടാറുണ്ട്. പുറത്ത് സമരങ്ങള്‍ നടത്തുകയും ഈ വിഷയങ്ങള്‍ ഒക്കെ ഉയര്‍ന്നു വരുന്നുണ്ടെങ്കിലുംഅത്ത്താ മനസിലാക്കി തിരുത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇതില്‍ ഏറ്റവും അവസാനമായിട്ട് കേട്ടത് മദ്രാസ് ഐഐടിയില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയെ ബീഫ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ആക്രമിച്ചതാണ്. യുപിയില്‍ നിന്നും തിരഞ്ഞെടുപ്പിന് ശേഷം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് കമ്മ്യൂണല്‍ കാര്‍ഡ് എടുത്തു കളിക്കുക. അതിന്റെ പേരില്‍ ഹിന്ദുക്കളായിട്ടുള്ള മുഴുവന്‍ ആളുകളെയും ഒരുമിപ്പിച്ച് നിര്‍ത്തി മുസ്ലിങ്ങള്‍ക്ക് എതിരായിട്ടുള്ള ശക്തമായ വികാരം ഉണ്ടാക്കിയെടുത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ശ്രമിക്കുക, അത് കഴിഞ്ഞാല്‍ പിന്നെ പഴയ പണി ആവര്‍ത്തിക്കുക ഇതാണ് ബിജെപി ചെയ്തു കൊണ്ടിരിക്കുന്നത്. അത് ആളുകള്‍ മനസ്സിലാക്കാത്തിടത്തോളം കാലം ബിജെപി ഈ ഗെയിം തുടരും.

സ: സംവരണത്തെ കുറിച്ച് അടുത്ത കാലത്തുണ്ടായ വിവാദങ്ങളെയും പ്രക്ഷോഭങ്ങളെയും കുറിച്ച്?

സോ: സംവരണത്തെ രണ്ട് തരത്തിലാണ് കാണേണ്ടത്. സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നമ്മുടെ ഭരണഘടനയ്ക്കകത്ത് അത് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ 1932 മുതല്‍, അതായത് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ വിഷയം വളരെ കാര്യമായി ആലോചിക്കുന്നത് വട്ടമേശ സമ്മേളനങ്ങളിലൂടെയാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ശക്തമായ ഇടപെടലിലൂടെ വട്ടമേശ സമ്മേളനങ്ങളില്‍ ഈ വിഷയം ശക്തമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1935 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസാക്കിയ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലാണ് അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കണം എന്നും അവരെ ലിസ്റ്റ് ചെയ്തു കൊണ്ട് വരാനായിട്ട് ചില പദ്ധതികള്‍ തയ്യാറാക്കണം എന്നും തീരുമാനിക്കപ്പെടുന്നത്. അതിനെ തുടര്‍ന്നാണ് 1936-ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ റൂള്‍സ് ഉണ്ടാക്കുന്നത്. അതിലാണ് റിസര്‍വേഷന്‍ എന്നു പറയുന്നത് വളരെ കൃത്യമായിട്ട് നിര്‍വചനം ചെയ്യപ്പെടുന്നത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോയ വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ഏതെല്ലാം വിഭാഗത്തിനാണ് കൊടുക്കേണ്ടത്, അതിനുള്ള മാനദന്ധം എന്തായിരിക്കണം, ജാതിയാണോ അതോ സാമ്പത്തിക പിന്നോക്കാവസ്ഥയാണോ എന്നുള്ള പ്രശ്‌നം അന്ന് തന്നെ ഉയര്‍ന്നു വന്നതാണ്. യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണം ജാതിയാണ്. ഹിന്ദുമത തത്വസംഹിതകള്‍ പ്രകാരം മനുഷ്യന്‍ ഉണ്ടായത് ബ്രഹ്മാവിന്റെ പ്രതിപുരുഷനായിട്ടുള്ള വിരാട് പുരുഷനില്‍ നിന്നാണ്. ആ വിരാട് പുരുഷന്റെ ശരീരത്തിന്റെ നാലു ഭാഗങ്ങളില്‍ നിന്നായി ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എങ്ങനെ നാലു വിഭാഗം ഉണ്ടായി എന്നാണ് വിശ്വാസം. ഈ നാലു വിഭാഗത്തില്‍ പെടാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. അവരെയാണ് യഥാര്‍ത്ഥത്തില്‍ പഞ്ചമന്മാര്‍, ശൂദ്രര്‍ എന്നൊക്കെ വിളിച്ച് വന്നിരുന്നത്. അവരെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല. അവരെയാണ് പില്‍ക്കാലത്ത് ഡോ. അംബേദ്കര്‍ അധ:സ്ഥിത വിഭാഗം എന്നു വിളിച്ചത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ സാമൂഹ്യ വളര്‍ച്ച, സാമ്പത്തിക വളര്‍ച്ച എല്ലാം എടുത്തു പരിശോധിച്ചു നോക്കിയാല്‍ വര്‍ണത്തില്‍ അധിഷ്ഠിതമായ, ജാതിയില്‍ അധിഷ്ഠതമായ ഒരു സാമൂഹ്യ വളര്‍ച്ചയും മാറ്റവും ഒക്കെയാണ് ഉണ്ടായത് എന്നു കാണാം.

ജാതിയാണ്, ജാതിനിയമങ്ങളാണ് യഥാര്‍ത്ഥത്തില്‍ സാമൂഹ്യ ബന്ധങ്ങളെ നിര്‍വചിച്ചിരുന്നത്. ഇന്ന ജാതിയില്‍ പിറന്നാല്‍ അവര്‍ ഇന്ന ജോലി ചെയ്യാം, ഒരു ജാതിയിലും പെടുത്താത്ത പറയന്‍, പറവന്‍, പുലയന്‍, വേടന്‍ എന്നൊക്കെപ്പറയുന്ന അധ:സ്ഥിത വിഭാഗങ്ങളെല്ലാം മനുഷ്യരായിട്ട് പോലും പരിഗണിച്ചിരുന്നില്ല. അങ്ങനെയാണ് ജാതിയാണ് പിന്നോക്കാവസ്ഥയുടെ അടിസ്ഥാന കാരണമാണെന്ന് കണക്കാക്കപ്പെട്ടത്. അതിനെ തുടര്‍ന്നാണ് ജാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചു ആളുകള്‍ക്ക് പ്രത്യേക പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പ്രൊട്ടക്ഷന്‍ കൊടുക്കേണ്ട കുറച്ചു ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി അവരെയാണ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആയി പ്രഖ്യാപിച്ചത്. അപ്പോള്‍ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം ജാതിയായിരിക്കുന്നിടത്തോളം കാലം സ്വാഭാവികമായും സംവരണത്തിന്റെ അടിസ്ഥാനവും ജാതിയാകാനെ പറ്റൂ. അതാണ് സാമുദായികമായ പിന്നോക്കാവസ്ഥ, ജാതീയമായിട്ടുള്ള പിന്നോക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാന കാരണം എന്നു പറയുന്നത്. അതുകൊണ്ട് ജാതി സംവരണമാണ് യഥാര്‍ത്ഥത്തില്‍ ശരിയായിട്ടുള്ള കാഴ്ചപ്പാട്, സാമ്പത്തിക സംവരണം അല്ല.

മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ദരിദ്രനായിട്ടുള്ള ഒരാള്‍ക്ക് ഒരു ഓണം ബംബര്‍ അടിക്കുന്നു എന്നു വിചാരിക്കുക. അതോടുകൂടി അയാളുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുമല്ലോ. അയാള്‍ക്ക് ഒരു പത്തു കോടി രൂപ അടിച്ചാല്‍ അപ്പുറത്ത് സാമ്പത്തികം ഉള്ള ഒരു വീട്ടില്‍ നിന്നു കല്യാണം കഴിക്കുന്നതിനോ അല്ലെങ്കില്‍ സാമൂഹ്യമായ ഉയര്‍ന്ന തരത്തില്‍ ഉള്ള ആളുകളുമായി ഇടപഴകുന്നതിനോ ഉള്ള അയാളുടെ തടസ്സം ആ ലോട്ടറിയോട് കൂടി തീര്‍ന്നു . അതേ സമയത്ത് ഒരു ദളിതന് പത്തു കോടി രൂപ ലോട്ടറി അടിച്ചാല്‍ അയാള്‍ സാമ്പത്തികമായി മുന്നോക്കം വന്നു കഴിഞ്ഞു. എന്നാല്‍ അയാള്‍ക്ക് ഏതെങ്കിലും നായര്‍ തറവാട്ടില്‍ നിന്നു കല്യാണം ആലോചിക്കാന്‍ അവര്‍ സമ്മതിക്കുമോ. അപ്പോ സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം സാമ്പത്തികം അല്ല.

സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അവരെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പദ്ധതികള്‍ മതി. അതില്‍ സംവരണം വേണ്ട കാര്യമില്ല. ഇന്ത്യയില്‍ മാത്രം വരുന്ന ജാതി വ്യവസ്ഥയുടെ ഭാഗമായി സാമൂഹ്യമായി പിന്നോക്കം തള്ളപ്പെടുകയും അല്ലെങ്കില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തിന് ഭരണതലത്തില്‍ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നുള്ളതാണ് പ്രധാന പ്രശ്‌നം. ഭരണകൂടം എന്നു പറയുമ്പോള്‍ അതിനകത്ത് എക്‌സിക്യൂട്ടീവുണ്ട്, ജുഡീഷ്യറിയുണ്ട്, ലെജിസ്ലേച്ചറുണ്ട് അത് മൂന്നും ചേരുമ്പോഴാണ് ഭരണകൂടം ആകുന്നത്. അപ്പോ എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയിലും ലെജിസ്ലേറ്റീവിലും എല്ലാം ജാതീയമായ പിന്നോക്കാവസ്ഥയില്‍ ഉള്ള ആളുകള്‍ക്കും അവരുടെ ജനസംഖ്യാനുപാതികം ആയിട്ടുള്ള ഒരു പങ്കാളിത്തം വന്നെങ്കില്‍ മാത്രമേ ഈ നിലനിക്കുന്ന സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടൂ. അതുകൊണ്ട് ചരിത്രപരമായ പല കാരണങ്ങളാല്‍ ഭരണത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും പുറത്താക്കപ്പെട്ട ജനവിഭാഗത്തെ ഭരണത്തില്‍ അര്‍ഹമായിട്ടുള്ള പങ്കാളിത്തം ലഭ്യമാക്കുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം മാത്രമാണ് സംവരണം എന്നുള്ളത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗം എന്നുള്ള നിലയില്‍ വരുന്നത്.

ഞാന്‍ കൊല്ലം ജില്ലക്കാരനാണ്. അവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലം എന്നു പറഞ്ഞാല്‍ കശുവണ്ടി വ്യവസായമാണ്. കശുവണ്ടി ഫാക്ടറിയില്‍ തങ്ങള്‍ക്ക് സംവരണം വേണം എന്നു പറഞ്ഞ് ഒരാളും അവിടെ വരാറില്ല. കാരണം അവിടെ വരുന്ന എല്ലാവര്‍ക്കും ജോലിയുണ്ട്. ആര് വന്നാലും അവിടെ ജോലി കിട്ടും. അതുകൊണ്ട് തന്നെ ഇന്ന കമ്മ്യൂണിറ്റിക്ക് പത്തു ശതമാനം വേണം എന്നൊന്നും പറഞ്ഞു ആരും വരേണ്ട ആവശ്യം ഇല്ലല്ലോ. അപ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നുള്ളതാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗം. അതുകൊണ്ട് സാമ്പത്തിക സംവരണം എന്നു പറയുന്ന മുദ്രാവാക്യം അശാസ്ത്രീയമാണ്, സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ തുരങ്കം വെക്കുന്നതാണ്.

: എന്താണ് സിപിഎമ്മിന്റെ സംവരണനയം?

സോ: സി പി എമ്മിന്റെ സംവരണ നയം എന്നുപറഞ്ഞാല്‍ സാമ്പത്തിക സംവരണം അല്ല. അത് സാമുദായിക സംവരണമാണ്. ഈ അടുത്തു അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില എഴുത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിന്റെ സംവരണനയം എന്നു പറയുന്നത് സാമുദായിക സംവരണമാണ്. സാമുദായിക സംവരണം എന്നു പറയുമ്പോള്‍ അതില്‍ രണ്ട് ക്ലോസ് കൂടി സിപിഎം വെച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രത്യേക പരിതസ്ഥിതിയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകളില്‍ സാമ്പത്തികമായി ഒരു ചെറിയ സെക്ഷന്‍ പിന്നോക്കം നില്ക്കുന്നവരുണ്ട്. അപ്പോള്‍ നിലവിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണത്തില്‍ ഒന്നും കൈ കടത്താതെ മുന്നോക്ക ജനവിഭാഗത്തില്‍ പെട്ട സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ചെറിയ സംവരണം ഏര്‍പ്പെടുത്തേണ്ടതാണ് എന്നുള്ളതാണ്. ഒപ്പം തന്നെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം തുടരുന്നതോടൊപ്പം അതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തില്‍ മുന്‍ഗണന കിട്ടുകയും വേണം.

എന്നുപറഞ്ഞാല്‍ ഏതെങ്കിലും ഒരു ഉയര്‍ന്ന തസ്തികയിലേക്ക് 25 പേരെ സെലക്ട് ചെയ്തു എന്നു വിചാരിക്കുക. അത് പിന്നോക്കക്കാരായ ആളുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ആണെങ്കില്‍ അപേക്ഷകരായി വരുന്നവരില്‍ നിന്നും ഏറ്റവും സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന ആളുകളെ ഈ പോസ്റ്റിലേക്ക് സെലക്ട് ചെയ്യണം. ഇനി അഥവ അങ്ങനെ പിന്നോക്കം നില്‍ക്കുന്ന ആരും ഇല്ല എന്നുവന്നാല്‍, എല്ലാ ആപ്ലിക്കന്റും ക്രിമിലയറില്‍ പെട്ട ആളുകള്‍ ആണെങ്കില്‍ ആ ക്രിമിലയറില്‍ പെട്ട ആളുകള്‍ക്ക് തന്നെ കൊടുക്കുക. അല്ലാതെ വേറെ ആളുകളുകള്‍ക്ക് കൊടുക്കുക എന്നുള്ളതല്ല. പിന്നോക്ക വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം സംവരണം ചെയ്യപ്പെട്ടിട്ടുണ്ടോ അത്രയും ശതമാനം ആ വിഭാഗങ്ങള്‍ക്ക് തന്നെ കിട്ടണം. പക്ഷേ അങ്ങനെ കൊടുക്കുമ്പോള്‍ പിന്നോക്ക വിഭാഗത്തില്‍ തന്നെ പെട്ട സാമ്പത്തികമായി ഏറ്റവും താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് ഒരു മുന്‍ഗണന കൊടുക്കണം. അങ്ങനെ ആരും ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എടുക്കാം. ഇതാണ് സിപിഎമ്മിന്റെ സംവരണ നയം. ഇതാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുള്ള പ്രഖ്യാപിത സംവരണ നയം.

സ: പട്ടിക ജാതി/പട്ടിക വര്‍ഗത്തില്‍ തന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുന്ന പല വിഭാഗങ്ങളും ഉണ്ടല്ലോ?

സോ: വേടര്‍ കമ്മ്യൂണിറ്റി നേരത്തെ എസ് സിയാണ്. അവരെ എസ് ടി ആക്കണം എന്നു പറഞ്ഞ് ചര്‍ച്ചകള്‍ ഉണ്ട്. എസ് ടി യില്‍ രണ്ട് മൂന്നു കമ്മ്യൂണിറ്റികള്‍ മാത്രമാണ് അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് വന്നിട്ടുള്ളത്. അതേ സമയം ചോലനായ്ക്കര്‍ എന്ന വിഭാഗത്തിന് ഒന്നും സംവരണത്തിന്റെ ആനുകൂല്യം നേടി മുന്നോട്ട് വരാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് പ്രത്യേകമായിഒരു സംവരണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നൊരു പരിശോധന നടത്തണം എന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ അങ്ങനെയൊരു ചിന്ത വന്നിട്ടില്ല. തമിഴ്‌നാട്ടില്‍ ഉണ്ട്. എസ് ടിയില്‍ തന്നെയുള്ള അരുന്ധതിയാര്‍ കമ്മ്യൂണിറ്റിക്ക് എസ് സിക്കകത്ത് തന്നെ റിസര്‍വേഷന്‍ കൊടുക്കുന്നുണ്ട്. കേരളത്തിലും അത് ആലോചിക്കുന്നത് കൊണ്ട് തെറ്റൊന്നും ഇല്ല. എസ് ടിക്ക് ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം റിസര്‍വേഷനില്‍ ചോലനായ്ക്കര്‍ പോലുള്ള തീരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ കൊടുക്കാവുന്നതാണ്. റിസര്‍വേഷനകത്ത് തന്നെയുള്ള റിസര്‍വേഷന്‍ കുഴപ്പമുള്ള കാര്യമൊന്നുമല്ല. പിന്നെ എത്ര റിസര്‍വേഷന്‍ എവിടെ ഏര്‍പ്പെടുത്തിയാലും ആളുകള്‍ക്ക് ഒരു അവയര്‍നെസ് ഉണ്ടാകണമല്ലോ. അവര്‍ക്ക് കൃത്യമായ അവയര്‍നെസ് കൊടുത്താല്‍ മാത്രമേ അവരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പറ്റൂ. അതിനു പറ്റിയ എസ് ടി പ്രൊമോട്ടര്‍മാരെയും ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ത്ഥതയുള്ള കുറച്ച് ആളുകളെ കണ്ടെത്തുകയും അവരുടെ ഊരുകളില്‍ പോയി അവരുടെ കുട്ടികളെ സ്‌കൂളുകളില്‍ വിടാന്‍ ഒക്കെ പ്രേരിപ്പിക്കുകയും മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാതിരിക്കാനുള്ള അവയര്‍നെസ് കൊടുക്കുകയും വേണം. പിന്നെ അവരുടെ ഇടയില്‍ നിന്നു തന്നെ കുറെ ആളുകള്‍ വന്നാലെ പറ്റൂ. പുറത്തു നിന്നു എത്ര തന്നെ ആളുകള്‍ പോയി ചെയ്താലും അതിനു പരിമിതികളുണ്ട്. അവരുടെ ഇടയില്‍ നിന്നു തന്നെയുള്ള വിദ്യാഭ്യാസം ഉള്ളവരെ ആ രീതിയില്‍ ഉപയോഗപ്പെടുത്തണം.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍