UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വടകരയില്‍ യുവജനതാദളിന് മോഹം; ചാഞ്ചാടി ആര്‍എംപിയും രമയും

അഴിമുഖം പ്രതിനിധി

രാജ്യസഭാ സീറ്റില്‍ ഒതുങ്ങുന്നില്ല എം പി വീരേന്ദ്ര കുമാറിന്റെ ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ചന്ദ്രനെ വടകര മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങിയ വീരനും സംഘത്തിനും തിരിച്ചടി നല്‍കി കൊണ്ടാണ് പാര്‍ട്ടിക്കുള്ളിലെ വിമത നീക്കം. പാര്‍ട്ടി അന്വേഷണ സമിതിയുടെ പൂഴ്ത്തി വച്ച റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വടകര ലഭിച്ചാല്‍ ഇനി ആര്‍ അവിടെ സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.

2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന എംകെ പ്രേംനാഥിനെ തോല്‍പ്പിക്കുന്നതില്‍ ചന്ദ്രന്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുക മാത്രമല്ല എംപി വീരേന്ദ്ര കുമാറിനും കെപി മോഹനനും ഒക്കെ എതിരെ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ രംഗത്ത് ഇറക്കിയതും ചന്ദ്രനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

യുവജനതാദള്‍ നോട്ടമിട്ടിട്ടുള്ള സീറ്റാണ് വടകരയിലേത്. യുവജനതാദള്‍ നേതാവ് സലിം മടവൂരും ഷേയ്ക് പി ഹാരിസുമൊക്കെ ഈ സീറ്റിനുവേണ്ടി ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ രാജ്യസഭ സീറ്റ് ലഭിക്കുകയും മകന്‍ ശ്രേയംസിനും ഇടഞ്ഞു നിന്നിരുന്ന മന്ത്രി കെ പി മോഹനനും സീറ്റ് നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതോടെ വടകരയെ ചൊല്ലി കൂടുതല്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് വീരേന്ദ്രകുമാര്‍. ഇതിന് ഇടയിലാണ് ആര്‍ എം പി നേതാവ് കെ കെ രമ വടകരയില്‍ നിന്നും മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. രമ വടകരയില്‍ മത്സരിക്കുന്ന പക്ഷം അവരുടെ വിജയം വടകരയില്‍ ഉറപ്പുവരുത്തി ആര്‍ എം പിക്ക് സ്വാധീനമുള്ള മലബാറിലെ മറ്റു മണ്ഡലങ്ങളില്‍ ആ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്.

രമ വടകരയില്‍ മത്സരിക്കുന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ലെന്നതാണ് യുവജനതാദളിന് വടകരയില്‍ നല്‍കുന്ന പ്രതീക്ഷ. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തു നിന്നും രമ മത്സരിക്കണം എന്നതാണ് ആര്‍എംപിക്കുള്ളിലെ പൊതുവികാരം. രമ പിണറായിക്ക് എതിരെ മത്സരിക്കുന്ന പക്ഷം പിന്തുണയ്ക്കാമെന്ന് കുമ്മനം രാജശേഖരനും പരസ്യമായി വാക്കു നല്‍കിയിരുന്നു. എന്നാല്‍ ധര്‍മ്മടത്തു മത്സരിച്ച് വെറുമൊരു ചാവേറാകാന്‍ ഇല്ലെന്ന നിലപാടിലാണത്രേ രമ. അതേസമയം ആര്‍എംപിക്കും ചന്ദ്രശേഖരന്റെ മരണത്തിനും ദേശീയ ശ്രദ്ധ ലഭിക്കണമെങ്കില്‍ രമ ധര്‍മ്മടത്തു തന്നെ മത്സരിക്കണം എന്ന വാദം ആര്‍എംപിയില്‍ പ്രബലമായിട്ടുണ്ട്.

ധര്‍മ്മടത്തു മത്സരിക്കുന്ന പക്ഷം ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടു കൂടി ലഭിക്കുമെന്നതാണ് ഇതിനെ ന്യായീകരിക്കാന്‍ ആര്‍എംപി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ധര്‍മ്മടത്തെ കോണ്‍ഗ്രസുകാരെ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ രമ തല്‍ക്കാലം തയ്യാറല്ല എന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍