UPDATES

വായിച്ചോ‌

ബംഗ്ലാദേശിന്‍റെ പിറവിയും റോയും ആര്‍എന്‍ കാവുവും

1970കളില്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഇന്റലിജന്‍സ് തലവന്‍മാരിലൊരാളായാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി എസ്ഡിഇസിഇയുടെ (സര്‍വീസ് ഫോര്‍ എക്‌സറ്റേണല്‍ ഡോക്യുമെന്റേഷന്‍ ആന്‍ഡ് കൗണ്ടര്‍ ഇന്റലിജന്‍സ്) മേധാവിയായിരുന്ന കൗണ്ട് അലക്‌സാന്‍ഡ്രെ ഡി മരെഞ്ചസ്, ആര്‍എന്‍ കാവുവിനെ വിശേഷിപ്പിച്ചത്.

1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിടാന്‍ പ്രധാന കാരണമായവയില്‍ ഒന്ന് ഇന്റലിജന്‍സ് സംവിധാനങ്ങളുടെ അപര്യാപ്തതയായിരുന്നു. അക്കാലത്ത് രഹസ്യാന്വേഷണത്തിന് ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് ഇന്റ്‌ലിജന്‍സ് ബ്യൂറോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദേശത്തെ രഹസ്യാന്വേഷണത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരുന്നെങ്കിലും ഇത് അപര്യാപ്തമായിരുന്നു. ചൈനീസ് സൈന്യന്റെ നീക്കങ്ങള്‍ അറിയുന്നതില്‍ ഇന്ത്യക്ക് നിരവധി പരിമിതികളുണ്ടായി. 1965ല്‍ പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിന് ശേഷമാണ് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം വിപൂലീകരിക്കാന്‍ കഴിയുന്ന ഒരു ചാരസംഘടനയുടെ അനിവാര്യത ഇന്ത്യയ്ക്ക് ബോദ്ധ്യപ്പെട്ടത്.

1968 സെപ്റ്റംബര്‍ 21ന് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഐബിയെ വിഭജിച്ച് റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) രൂപീകരിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. റോയുടെ ആദ്യ തലവനായി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമേശ്വര്‍നാഥ് കാവുവിനെ നിയമിച്ചു. റോയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ ആര്‍എന്‍ കാവുവിന് വലിയ പങ്കാണുള്ളത്. ഐബിയില്‍ ആര്‍എന്‍ കാവുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന് വലിയ മതിപ്പുണ്ടായിരുന്നു. ഘാന പ്രസിഡന്റിന്റെ ആവശ്യപ്രകാരം അവിടെ ഇന്റലിജന്‍സ് ഏജന്‍സി സ്ഥാപിച്ചത് കാവുവിന്റെ നേതൃത്വത്തിലാണ്. ചൈനീസ് ഗവണ്‍മെന്റുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ചൂ എന്‍ ലായ് അടക്കമുള്ള നേതാക്കളുമായി.

1918ല്‍ ബനാറസിലെ ഒരു കാശ്മീരി ബ്രാഹ്മണ കുടുംബത്തിലാണ് ആര്‍എന്‍ കാവു ജനിച്ചത്. അലഹബാദ് സര്‍വകലാശാലയില്‍ നിന്നും എംഎ ബിരുദം നേടിയ ശേഷം 1939ല്‍ പൊലീസില്‍ ചേര്‍ന്നു. 1920ലാണ് ഇന്റലിജന്‍സ് ബ്യൂറോ നിലവില്‍ വരുന്നത്. 1947ല്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പായാണ് കാവു ഐബിയുടെ ഭാഗമായത്. സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ബ്രിട്ടീഷ് ചാര സംഘടനയായ എംഐ ഫൈവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ഐബി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഐബിയുടെ ചുമതലകള്‍ വര്‍ദ്ധിച്ചു. അതിര്‍ത്തി പ്രദേശങ്ങൡ പ്രവര്‍ത്തനം ശക്തമാക്കേണ്ടി വന്നു. ഐബിയിലെ ആദ്യ ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ആര്‍എന്‍ കാവു.

സ്വതന്ത്ര ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ്ഞി ആദ്യമായി സന്ദര്‍ശനം നടത്തിയത് 1950ലാണ്. ആര്‍എന്‍ കാവുവിനായിരുന്നു സുരക്ഷാ ചുമതല. 1968ല്‍ കാവുവിന്റെ നേതൃത്വത്തില്‍ റോ രൂപപ്പെട്ടതിന് ശേഷം ഉപഭൂഖണ്ഡത്തിലെ അന്തരീക്ഷം മാറി. 250ഓളം മിടുക്കരായ യുവാക്കളെ റോയുടെ ഭാഗമാക്കി ആര്‍എന്‍ കാവു വളര്‍ത്തിയെടുത്തു. വര്‍ഷങ്ങളോളം അധികാര കേന്ദ്രങ്ങളില്‍ റോ ഉദ്യോഗസ്ഥര്‍ അറിയപ്പെട്ടിരുന്നത് കാവു ബോയ്‌സ് എന്നായിരുന്നു.

1971ല്‍ കിഴക്കന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് വേര്‍പെടുത്തി ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം സൃഷ്ടിച്ചതില്‍ റോയുടേയും ആര്‍എന്‍ കാവുവിന്റേയും പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിമോചനസേനയായ മുക്തിബാഹിനിക്ക് പാകിസ്ഥാന്‍ പട്ടാളത്തിനെതിരായ പോരാട്ടത്തില്‍ റോയുടെ സഹായമുണ്ടായിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 17 ദിവസം നീണ്ട് നിന്ന യുദ്ധത്തിലേയ്ക്ക് നയിച്ചു. ബംഗ്ലാദേശ് രൂപീകരണത്തോടെ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സുരക്ഷാഭീഷണി വലിയൊരളവ് വരെ ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതായാണ് കാവുവിന്റെ അവകാശവാദം. ബംഗ്ലാദേശ് യുദ്ധത്തില്‍ വഹിച്ച പങ്കോടെ ആര്‍എന്‍ കാവു അധികാര കേന്ദ്രങ്ങളില്‍ കൂടുതല്‍ മതിപ്പുളവാക്കി. മൂന്ന് വര്‍ഷത്തിന് ശേഷം സിക്കിമില്‍ അട്ടിറിയുണ്ടാകാനുള്ള സാദ്ധ്യതയെ പറ്റി കാവു പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ഹിമാലയന്‍ നാട്ടുരാജ്യമായിരുന്നു സിക്കിം. ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. ആഗോള രാഷ്ട്രീയ സാഹചര്യം ഏറെ സങ്കീര്‍ണവുമായിരുന്നു. ചൈനീസ് സൈന്യം സിക്കിമില്‍ എത്താനുള്ള സാദ്ധ്യത മുന്‍കൂട്ടിക്കണ്ട് കാവു പ്രവര്‍ത്തിച്ചു. സിക്കിം ഇന്ത്യയില്‍ ലയിക്കുകയും ചെയ്തു.

1970കളില്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഇന്റലിജന്‍സ് തലവന്‍മാരിലൊരാളായാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി എസ്ഡിഇസിഇയുടെ (സര്‍വീസ് ഫോര്‍ എക്‌സറ്റേണല്‍ ഡോക്യുമെന്റേഷന്‍ ആന്‍ഡ് കൗണ്ടര്‍ ഇന്റലിജന്‍സ്) മേധാവിയായിരുന്ന കൗണ്ട് അലക്‌സാന്‍ഡ്രെ ഡി മരെഞ്ചസ്, ആര്‍എന്‍ കാവുവിനെ വിശേഷിപ്പിച്ചത്. 1977ല്‍ ആര്‍എന്‍ കാവു സര്‍വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി. എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാഡ്), പോളിസി ആന്‍ഡ് റിസര്‍ച്ച് സ്റ്റാഫ് എന്നിവയുടെ രൂപീകരണത്തില്‍ ആര്‍എന്‍ കാവു പങ്ക് വഹിച്ചു. നല്ലൊരു ശില്‍പ്പിയും ചിത്രകാരനും കൂടിയായിരുന്നു വളരെ മിതഫഭാഷിയായിരുന്ന ആര്‍എന്‍ കാവു. സ്വകാര്യ ചടങ്ങുകളില്‍ പോലും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പൊതുവേദികളില്‍ വളരെ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെട്ടു. 2002ല്‍ ആര്‍എന്‍ കാവു അന്തരിച്ചു.

വായനയ്ക്ക്: https://goo.gl/gO9MpT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍