UPDATES

കുരുതിക്കളമാകുന്ന റോഡുകള്‍; അപകടകാരികള്‍ ഡ്രൈവര്‍മാര്‍ മാത്രമല്ല

Avatar

നാന്‍സി ചാക്കോച്ചന്‍

കേരളത്തിലെ റോഡ് അപകടങ്ങളുടെ ഉത്തരവാദിത്തമെല്ലാം ഡ്രൈവര്‍മാരുടെ മേല്‍ പഴിചാരിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ പുറത്ത് വന്നത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങള്‍ക്കെല്ലാം പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതും, നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ മുതല്‍ ഇമ്പൊസിഷിന്‍ വരെയുള്ള ശിക്ഷാ രീതികള്‍ നടപ്പിലാക്കിയതും ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റതിനു ശേഷമാണ്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഇരുചക്ര യാത്രികര്‍ക്ക് ഹെല്‍മെറ്റും മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കിയതും കെ. എസ്. ആര്‍. സി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ക്ക് വേഗപൂട്ട് ഘടിപ്പിക്കുന്നതടക്കം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. കൂടാതെ ബോധവല്‍കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ച് കൊണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ ട്രാഫിക് നിയമങ്ങളെ കുറിച്ച് ഒരവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു.

നിയമങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര അവ കൃത്യമായി പാലിക്കണം എന്ന കാര്യം മറന്നു പോകുമ്പോഴാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ അപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 36282 അപകടങ്ങളാണ് ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവനുകള്‍ അമിത വേഗത മൂലമുള്ള അപകടങ്ങളില്‍ പൊലിഞ്ഞിട്ടുണ്ട്. 185-ാം മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരം മദ്യപിച്ച് വണ്ടിയോടിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മുപ്പത് അപകടങ്ങളിലായി പത്ത് പേര്‍ക്ക് പരിക്കേറ്റതും മദ്യപിച്ച് വാഹനമോടിച്ചത് മൂലമാണ്. സംസ്ഥാനത്തെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്ര ഉറക്കമോ വിശ്രമമോ ലഭിക്കുന്നില്ലായെന്നതും ഉറക്കക്കുറവോടും ക്ഷീണത്തോടെയും വാഹനമോടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ 1393 അപകടങ്ങളും 127 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിക്ക ലോറി, ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍ ക്ഷീണമകറ്റുന്നതിനും, ഉറക്കം വരാതിരിക്കാനുമായി പാന്‍ മസാല അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ക്രമേണ അതിന് അടിമയാക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

രാവിലെയും വൈകിട്ടുമുള്ള ഓഫീസ് സമയങ്ങളിലാണ് റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയങ്ങളില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവും തിരക്കും ബസ്സുകളുടെ മരണപാച്ചിലും ട്രാഫിക് ബ്ലോക്കുകളും റോഡ് നിര്‍മാണത്തിലെ അപാകതയും പാതകളുടെ വീതി കുറവുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇങ്ങനെ കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ കൊടുക്കുന്നു. വൈകീട്ട് മൂന്നിനും ആറിനുമിടക്ക് 8253 അപകടങ്ങളും ആറു മണിമുതല്‍ ഒന്‍പത് മണി വരെ 7177 അപകടങ്ങളും 6979 അപകടങ്ങള്‍ രാത്രി ഒന്‍പതിനും പന്ത്രണ്ടിന് ഇടയ്ക്കു ഉണ്ടാകുന്നുണ്ട്. 12 മണി മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്ത് 5922 അപകടങ്ങളും രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്ക് 3484 അപകടങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ട്രാഫിക് നിയമമനുസരിച്ച്, രാത്രിക്കാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണമെന്നും അതിന് ശേഷം ബ്രൈറ്റ് ലൈറ്റ് ഇടണമെന്നുമുള്ള നിയമമുണ്ട്. എന്നാല്‍ ഇന്ന് അസൗകര്യത്തിന്റേയോ ആത്മാഭിമാനത്തിന്റെയോ കാരണത്താല്‍ ഡിം ലൈറ്റ് അടിക്കുവാന്‍ ആരും തന്നെ തയ്യാറാകുനില്ല. മുന്‍കാലങ്ങളില്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ ഒരു കോഴി മുട്ട വലുപ്പത്തില്‍ കറുത്ത പെയിന്റ് അടിക്കുകയോ, കൂളിം ഫിലിം ഒട്ടിക്കുകയോ ചെയ്തിരുന്നു. അതിനാല്‍ തന്നെ എതിരെ വരുന്ന വാഹനത്തിന് ഡിം നല്‍കിയില്ലെങ്കില്‍ കൂടി നേരിട്ട് ഡ്രൈവറുടെ കണ്ണിലേക്ക് പ്രകാശമടിക്കില്ലായിരുന്നു. ഇന്ന് നിരത്തിലിറങ്ങുന്ന ഇന്ത്യന്‍ വിദേശ നിര്‍മിത വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്‍റെ പ്രകാശ തീവ്രത കാഴ്ചയെ പൂര്‍ണമായും മറയ്ക്കുന്നതാണ്. ഇതിന് പുറമേ നീല പ്രകാശം പുറപ്പെടുവിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളും നിരത്തിലിറങ്ങുന്നുണ്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം ഇത്തരത്തിലുള്ള ഹെഡ് ലൈറ്റ് കള്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. രാത്രി കാലങ്ങളിലുള്ള 90% വാഹനപകടങ്ങള്‍ക്കും കാരണം ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതാണെന്ന് ടാക്‌സി ഡ്രൈവര്‍മാരടക്കമുള്ളവര്‍ സമ്മതിക്കുന്നുണ്ട്.

വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കാതെ നിരത്തിലിറക്കുന്നതും റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്. വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിന്റെ തകരാര്‍, സ്റ്റിയറിങ്ങിന്റെ തകരാര്‍, തേയ്മാനം വന്ന ടയറുകള്‍, വാഹനത്തില്‍ കമ്പനി നിര്‍ദേശ പ്രകാരമല്ലാത്ത കൂട്ടിച്ചേര്‍ക്കലുകള്‍ വാഹനത്തില്‍ നടത്തുന്നത് എന്നിവയൊക്കെ അപകടങ്ങളെ ക്ഷണിച്ച് വരുത്തും. ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വാഹനമുടമയുടെ മേല്‍ അപകടങ്ങളുടെയെല്ലാം ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാമെന്ന് ആരും കരുതരുത്. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥന്റെ ചുമതലയാണ് വാഹനപരിശോധന സമയത്ത് ഇവയെല്ലാം ഉറപ്പാക്കേണ്ടത്. പരിശോധന കഴിഞ്ഞ് ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍  വിപണിയില്‍ ലഭ്യമായ എക്‌സ്ട്രാ ഫിറ്റിങ്ങ്‌സ് കൊണ്ട് വാഹനം മോടി കൂട്ടുന്നവരും കുറവല്ല. വാഹനങ്ങളില്‍ നിന്ന് സണ്‍ ഫിലിം പൂര്‍ണമായും നീക്കണമെന്ന കോടതിവിധി നിലനില്‍ക്കുമ്പോള്‍, നാല് ഗ്ലാസ്സുകളിലും സണ്‍ ഫിലിം ഒട്ടിച്ച് വാഹനമുപയോഗിക്കുന്നവരും നിരവധിയാണ്. കൈയില്‍ പിഴയടക്കാന്‍ പണമുണ്ടെങ്കില്‍ നിയമത്തിനെ നമ്മുടെ വഴിക്ക് കൊണ്ടുവരാനാകും എന്നതാണ് ഈ നിയമ ലംഘനങ്ങളില്‍ നിന്നു തെളിയുന്നത്.  

വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും കേരളത്തിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് തുടങ്ങുന്ന പണികള്‍ അടുത്ത വര്‍ഷം ജൂണ്‍ ആകുമ്പോഴും അതേപടി തുടരുന്നു. ഇതിനു പുറമേ ജലവിതരണ പൈപ്പ് പൊട്ടിയും പൊട്ടിച്ചും പുതിയ കേബിളുകള്‍ക്കായി റോഡ് വെട്ടി പൊളിക്കുന്നതുമെല്ലം ഇടതടവില്ലാതെ നടക്കുന്നു. ഗ്രാമീണ പാതകളുടെയെല്ലാം നവീകരണം വിശിഷ്ട വ്യക്തിയുടെ സന്ദര്‍ശനം പ്രമാണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെങ്കിലും വര്‍ഷമൊന്ന് കഴിയുമ്പോഴേക്കും ടാറിളകി പൊട്ടി പൊളിഞ്ഞും പാതകള്‍ ശോചനീയാവസ്ഥയിലാകും. ഉയര്‍ന്ന നിരക്കിലുള്ള വാഹന നികുതിയും ടോളുമെല്ലാ ജനങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ടെങ്കിലും വാഹന പെരുപ്പം കൂടുന്നതിനനുസരിച്ച് റോഡുകളുടെ വീതി കൂട്ടാനോ ശോചനീയാവസ്ഥ പരിഹരിക്കാനോ സര്‍ക്കാരുകള്‍ വേണ്ട വിധത്തിലുള്ള ശ്രദ്ധ കാണിക്കുന്നില്ല. ഇതിനു പുറമെയാണ് വാഹനമോടിക്കുന്നവര്‍ക്ക് തിരിച്ചടിയായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഓരോ പൗരനും നിയമങ്ങള്‍ പിന്തുടര്‍ന്ന് പോകേണ്ടതിനോപ്പം തന്നെ അതിന് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമയാണ്.

(കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ മാധ്യമ വിദ്യാർത്ഥിനിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍