UPDATES

നിരത്തുകള്‍ ചോരക്കളങ്ങളാകുമ്പോഴും റോഡ് സുരക്ഷ അതോറിറ്റിയില്‍ കെട്ടികിടക്കുന്നത് കോടികള്‍

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് റോഡുകളില്‍ മനുഷ്യജീവന്‍ പൊലിയുന്നത് തുടര്‍ക്കഥയാകുമ്പോഴും അപകടങ്ങള്‍ തടയാനായി ചുമതലപ്പെട്ട റോഡ് സുരക്ഷ അതോറിറ്റിക്ക് വകയിരുത്തിയ തുകയില്‍ 52 കോടിയോളം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ല. 2010 മുതല്‍ സര്‍ക്കാരില്‍ നിന്നും കേരള റോഡ് സുരക്ഷാ അതോററ്റിക്ക് അനുവദിച്ച തുകയില്‍ 51, 82,82,558 കോടി രൂപ ചെലവഴിക്കപ്പെട്ടിട്ടില്ലെന്നാണ് വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

മോട്ടോര്‍ വാഹന സൈസ്, കോമ്പൗണ്ടിംഗ് ഫീസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും റോഡ് സുരക്ഷ അതോറിറ്റിക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുന്നത്. ഇതില്‍ നിന്നാണ് അതോറിറ്റി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവയ്ക്ക് തുക നല്‍കുന്നത്.

സംസ്ഥാനത്ത് 2014 ല്‍ മാത്രം 36,282 റോഡപകടങ്ങള്‍ നടക്കുകയും ഇതില്‍ 4049 പേര്‍ മരണപ്പെടുകയും 41096 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2013 ല്‍ അപകടങ്ങളുടെ എണ്ണം 35215 ആയിരുന്നു. ഈ കണക്ക്, ഓരോവര്‍ഷവും സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴാണ് ഗതാഗത മന്ത്രി അദ്ധ്യക്ഷനായി റോഡ് അപകടം കുറയ്ക്കാനായി, റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അലംഭാവം നടക്കുന്നത്. റോഡ് സുരക്ഷാ ബോധവത്കരണ പരിശീലനങ്ങള്‍,പുസ്തകങ്ങള്‍, മറ്റ് സാമഗ്രികള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുക, റോഡ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുക,റോഡുകളില്‍ അപകട നിവാരണ റിഫളക്ടര്‍, സൈന്‍ ബോര്‍ഡുകള്‍,റോഡ് സൈഡില്‍ ബാരിക്കേഡുകള്‍, ബസ് ബേ സ്ഥാപിക്കുക എന്നിവയെല്ലാം അതോറിറ്റിയുടെ ചുമതലയാണ്. ജില്ല കളക്ടര്‍ അദ്ധ്യക്ഷനും ആര്‍ടിഒ സെക്രട്ടറിയുമായ ജില്ല റോഡ് സുരക്ഷാ സമിതിയാണ് ഓരോ ജില്ലയിലും സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.

ആലപ്പുഴ ജില്ലയിലെ ബസുകളുടെ അതിവേഗം നിയന്ത്രിക്കാന്‍ ഇലക്ടോണിക് പഞ്ചിംഗ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ ഫണ്ടില്ലെന്ന കാര്യം പറഞ്ഞ് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് കോടികള്‍ ഇപ്പോഴും കെട്ടികിടക്കുന്നതെന്ന് ഓര്‍ക്കണം.

റോഡ് സുരക്ഷ അതോറിറ്റി നിയമമനുസരിച്ച് അതോറിറ്റിയുടെ കണക്കുക്കള്‍ ഓഡിറ്റ് ചെയ്യേണ്ടത് സിഎജി ആണെങ്കിലും ഇതുവരെ ഓഡിറ്റ് നടന്നിട്ടെന്നതാണ് അറിയാന്‍ കഴിയുന്നത്.

നിരത്തുകള്‍ ചോരക്കളങ്ങളാകുമ്പോഴും മനുഷ്യജീവന്‍ റോഡുകളില്‍ പൊലിയാതിരിക്കാന്‍ ചുമതലപ്പെട്ടവര്‍ അതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ആവശ്യമുയരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍