UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോബര്‍ട്ട് വാധ്ര: നിയമം ചില സൂപ്പര്‍ ഇന്ത്യക്കാരുടെ കഴുത്തിന് പിടിക്കുമ്പോള്‍

Avatar

ടീം അഴിമുഖം

സോണിയ ഗാന്ധിയുടെ മരുമകനാണെങ്കിലും ഒരിക്കല്‍ രാജ്യത്തിന്റെ തന്നെ മരുമകനായി അറിയപ്പെട്ടിരുന്ന റോബര്‍ട്ട് വാധ്രയ്ക്ക് പുതുവര്‍ഷം അത്ര നല്ല തുടക്കമല്ല നല്‍കിയിരിക്കുന്നത്. ചില ഭൂമി ഇടപാടുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വേണമെന്ന് ആദായ നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മനസിലാക്കാന്‍ സാധിക്കുന്നിടത്തോളം വാധ്ര അത്ര സന്തോഷവാനുമല്ല. അദ്ദേഹം ദുഃഖിതനാണെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഉപരിയായ സൂപ്പര്‍ ഇന്ത്യക്കാരില്‍ ഒരാളാണ് അദ്ദേഹമെന്ന് അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുന്നു. ഇത്തരം പൗരന്മാരെ കുറിച്ച് ആരും ചോദ്യങ്ങള്‍ ചോദിക്കാറില്ല. അഥവാ ചോദിച്ചാല്‍ തന്നെയും ഒരു മറുപടിയും ആരും പ്രതീക്ഷിക്കുന്നുമില്ല. ദശാബ്ദങ്ങളായി തുടരുന്ന ഒരു രീതിയാണിത്. മാത്രമല്ല, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന പോലെയുള്ള ചില അസൗകര്യങ്ങളില്‍ നിന്നും ഒരു യുവാവ് ഒഴിവാക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, സംശയാലുവായ ഒരു ആദായനികുതി ഉദ്യോഗസ്ഥന്‍ ആ യുവാവിന്റെ കമ്പനി കാര്യങ്ങളില്‍ തലയിടുകയും സാധാരണ നികുതിദായകരായ പൗരന്മാര്‍ നേരിടേണ്ടി വരുന്നതും നിയമവിധേയവും വളരെ സാധാരണവുമായ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത് അയാളെ അലോസരപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ല. 

ഇന്ത്യയിലെ കാര്യങ്ങള്‍ മാറിമറിഞ്ഞതായി ആരും വാധ്രയെ ബോധ്യപ്പെടുത്തിയതായി തോന്നുന്നില്ല. അദ്ദേഹം ശ്രദ്ധിച്ചോ എന്ന് നിശ്ചയമില്ലെങ്കിലും, ഒരു പുതിയ ഭരണകൂടം നിലവില്‍ വന്നിരിക്കുന്നു. ഡല്‍ഹിയിലെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത് പുതിയ നേതാക്കന്മാരാണ്. പഴയത് പോലെ സകല അധികാരങ്ങളുടെയും ഉറവിടമായ അമ്മയല്ല അദ്ദേഹത്തിന്റെ അമ്മായിയമ്മ ഇപ്പോള്‍. അവരുടെ ചങ്ങാതിമാരെ നിലയ്ക്കു നിര്‍ത്തിയിരിക്കുന്നു എന്ന് മാത്രമല്ല, പഴയ വിശ്വസ്തര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയും ചെയ്യുന്നു. 

ഇതൊരു പകപോക്കല്‍ ആണെന്നും ഈ ‘ജാമാതാവ്’ അന്യായമായി വേട്ടയാടപ്പെടുകയാണെന്നും ചിലരെങ്കിലും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ ആയിപ്പോയതിന്റെ വില അദ്ദേഹം ഒടുക്കുകയാണെന്നും വിശേഷിപ്പിക്കപ്പെടുന്നു. ആ വാദം ശരിയാണെന്ന് വച്ചാല്‍ പോലും ഒരു ചോദ്യം ഉയരുന്നു: അദ്ദേഹത്തിന്റെ ഭൂമി ഇടപാടുകളില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടോ ഇല്ലയോ? അദ്ദേഹം അന്യായമായി വേട്ടയാടപ്പെടുകയും അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധവുമാണെങ്കില്‍ ആശങ്കയ്ക്ക് വകയില്ലല്ലോ! അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകര്‍ പോലും അവരുടെ വാക്കുകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ നിരവധി അന്വേഷകര്‍ അവകാശപ്പെടുന്നത് പോലെ ലജ്ജാകരവും കടുത്തതുമായ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, ക്ഷമിക്കൂ സഹോദരാ….ഇനി തിരിച്ചടിയുടെ കാലമായിരിക്കും. പ്രശസ്ത കുറ്റവാളികള്‍ക്ക് സംഭവിക്കുന്ന മറുവശമാണിത്. എല്ലാം അനുകൂലമായിരിക്കുമ്പോള്‍, ജീവിതം സുരഭിലസുന്ദരമായിരിക്കും. പക്ഷെ പ്രതികൂല കാലവസ്ഥ വരുമ്പോള്‍ എല്ലാം തലകീഴായി മറിയുകയും ചെയ്യും. നിങ്ങളുടെ മുന്നില്‍ കുമ്പിടുകയും നിങ്ങള്‍ക്ക് അടിമപ്പണി ചെയ്യുകയും നിങ്ങളുടെ കാലുകളില്‍ മുത്തമിടുകയും ചെയ്തവര്‍ തന്നെ കത്തി പുറത്തെടുക്കുകയും നിങ്ങളുടെ ശവക്കുഴിക്ക് മുകളില്‍ നൃത്തമാടുകയും ചെയ്യും. എല്ലായ്പ്പോഴും ഇതിങ്ങനെയാണ് സംഭവിക്കുക. 

ഉന്നതിയില്‍ നിന്നുള്ള റോബര്‍ട്ട് വാധ്രയുടെ വീഴ്ചയില്‍ ഇന്ത്യ കൂട്ടായി ആനന്ദിക്കുന്നു എന്നൊന്നും ഇതിന് അര്‍ത്ഥമില്ല. ഇത് വാധ്രയെ കുറിച്ചും അദ്ദേഹത്തിന്റെ കണക്കില്‍ പെടാത്തത് എന്ന് ആരോപിക്കപ്പെടുന്ന സ്വത്തിനെ കുറിച്ചും മാത്രമുള്ള കുറിപ്പല്ല. ഇതിനെക്കാളും വലിയ അക്രമങ്ങള്‍ കാണിച്ച ഇടനിലക്കാരും ഭൂമി ഇടപാടുകാരും നിലവിലുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിക്കുന്നത് മറ്റ് ചില കാരണങ്ങളുടെ പേരിലാണ്. റോബര്‍ട്ട് വാധ്ര ഒരു ഔദ്യോഗിക പദവിയും വഹിച്ചിരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഉപജീവനാര്‍ത്ഥം അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ ഒരു ഉത്തരവാദിത്വവും ചുമതലയും ഇല്ലാതിരുന്നപ്പോഴും അദ്ദേഹം വിവിഐപിയായി പരിഗണിക്കപ്പെട്ടിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം തുറന്ന നിയമവ്യതിയാനങ്ങളാണ് അദ്ദേഹത്തിലേക്ക് പൊതുജനശ്രദ്ധ ആകര്‍ഷിച്ചത്. അദ്ദേഹം ഇത്രയും വെള്ളിവെളിച്ചത്തിലേക്ക് വരാതിരിക്കുകയും തന്റെ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുകയും ചെയ്തിരുന്നെങ്കില്‍, നമ്മുടെ മുന്നില്‍ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കില്‍, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പക്ഷെ കുറച്ചുകൂടി പൊതുജന അനുകമ്പ വാധ്രയ്ക്ക് ലഭിക്കുമായിരുന്നു. 

ഇനി എന്ത്? ഇപ്പോള്‍ നടക്കുന്ന പുതിയ അന്വേഷണങ്ങള്‍ക്ക് യുക്തിസഹമായ ഒരു പര്യവസാനം ഉണ്ടാകണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. മറ്റേതൊരു പൗരനേയും പോലെ റോബര്‍ട്ട് വാധ്രയും പരിഗണിക്കപ്പെടുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. നിയമത്തിന്റെ കോടതിയില്‍ അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ സാധാരണ പൗരന്മാര്‍ അനുഭവിക്കുന്ന അതേ വിധി തന്നെ അദ്ദേഹവും അനുഭവിക്കണം. ഒരൊറ്റ ഇടപാടിലൂടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 50 കോടി രൂപ ലാഭമുണ്ടാക്കി എന്നാണ് ആരോപണം. വാധ്രയ്ക്ക് വന്‍ വായ്പകള്‍ നല്‍കാന്‍ ഉന്നത കെട്ടിട നിര്‍മ്മാണ കമ്പനികള്‍ മത്സരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഒരു ചോദ്യവും ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു റിപ്പോര്‍ട്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ വിലമതിക്കാനാവാത്ത ഉത്തരമാണ് അദ്ദേഹം നല്‍കിയത്: ‘Are you serious… are you serious?’ എന്ന മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും കഥ മുഴുവന്‍ പറഞ്ഞു. തന്നെ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യാനുള്ള തന്റേടമുണ്ടോ എന്ന സന്ദേഹവും അമ്പരപ്പും അദ്ദേഹത്തിന്റെ മറുപടിയിലുണ്ടായിരുന്നു. 

സമീപഭാവിയില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള നൂറുകണക്കിന് ചോദ്യങ്ങളെ നേരിടാന്‍ ആരെങ്കിലും ഈ മരുമകനെ തയ്യാറെടുപ്പിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. തുടക്കമെന്ന നിലയില്‍ തങ്ങളുടെ തൊഴില്‍ ചെയ്യുന്ന കീഴാളരെ ശാന്തമായി നേരിടാനുള്ള പരിശീലനം അമ്മായിയമ്മ തന്നെ നടത്തട്ടെ. അസഹ്യതയില്ലാതെ ആ കലയില്‍ അദ്ദേഹം മിടുക്കനായി കഴിഞ്ഞാല്‍ പിന്നെ നല്ലൊരു അഭിഭാഷകനെ തേടാവുന്നതാണ്. അങ്ങനെയൊരാളെ അദ്ദേഹത്തിന് ഉടന്‍തന്നെ വേണ്ടി വരികയും ചെയ്യും. റോബര്‍ട്ട് വാധ്ര ജയിലിലാക്കപ്പെടുകയാണെങ്കില്‍ അത് ആയിരക്കണക്കിന് ആളുകളെ നിശബ്ദമായെങ്കിലും സന്തോഷിപ്പിക്കും. അവര്‍ സൂത്രശാലികളോ ക്രൂരചിത്തരായത് കൊണ്ടോ അല്ല അങ്ങനെ ആനന്ദിക്കുന്നത്. മറിച്ച് ഇന്ത്യയില്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് ജനം ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടായിരിക്കും അത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍