UPDATES

വിദേശം

ഇന്ത്യാ വിരോധി റോബിന്‍ റാഫേലിനെതിരെ യുഎസില്‍ അന്വേഷണം

Avatar

ആനി ഗെരാന്‍, ആഡം ഗോള്‍ഡ്മാന്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

മുതിര്‍ന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നയതന്ത്രജ്ഞയും ദീര്‍ഘകാല പാകിസ്ഥാന്‍ വിദഗ്ധയുമായ റോബിന്‍ റാഫേലിനെതിരെ ചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്വേഷണം നടക്കുകയാണെന്നും അവരുടെ സുരക്ഷ ക്ലിയറന്‍സ് പിന്‍വലിച്ചതായും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ മാസം റോബിന്‍ റാഫേലിന്റെ വാഷിംഗ്ടണിലെ വീട്ടില്‍ എഫ്ബിഐ പരിശോധന നടത്തിയിരുന്നു. കൂടാതെ അവരുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസ് പരിശോധിക്കുകയും മുദ്രവയ്ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വാഷിംഗ്ടണിലെ നയതന്ത്ര, ബൗദ്ധിക കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന റാഫേലിനോട് കഴിഞ്ഞ മാസം ഭരണപരമായ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായുള്ള അവരുടെ കരാര്‍ ഈ ആഴ്ച കാലഹരണപ്പെട്ടു.

ചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും വിദേശ സര്‍ക്കാരുകള്‍ക്ക് വേണ്ടി ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്താറുള്ളതെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍ റാഫേലിനെതിരായ അന്വേഷണത്തിന്റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അവര്‍ക്കെതിരെ കുറ്റപത്രമൊന്നും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

റാഫേല്‍ അന്വേഷകരോട് സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ അന്വേഷണത്തിന്റെ ‘സാധ്യതകളെയോ സ്വഭാവത്തെയോ കുറിച്ചോ അവരെ ലക്ഷ്യമിട്ടുള്ളതാണോ എന്നതിനെ കുറിച്ചോ’ അവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ലെന്നും റാഫേലിന്റെ വക്താവ് വെളിപ്പെടുത്തി.

അന്വേഷണം പുരോഗമിക്കുന്നതിനാലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കാത്തതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എഫ്ബിഐ ഉദ്യോഗസ്ഥരും നീതിന്യായ മന്ത്രാലയത്തില ദേശീയ സുരക്ഷ വിഭാഗവും അന്വേഷണത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഫെഡറല്‍ ചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ സാധാരണഗതിയില്‍ വളരെ രഹസ്യമായി സൂക്ഷിക്കപ്പെടുന്നതും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കുന്നതുമാണ്. പാകിസ്ഥാന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവര്‍ ചിലവഴിച്ചെതെങ്കിലും എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസ് നടത്തുന്ന അന്വേഷണം, ആ രാജ്യവുമായി ബന്ധപ്പെട്ട അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണോ എന്ന് വ്യക്തമല്ല.

‘ഇതൊരു നിയമം നടപ്പാക്കല്‍ പ്രശ്‌നമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്,’ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ പ്‌സാക്കി പറഞ്ഞു. ‘നിയമം നടപ്പാക്കുന്ന സഹപ്രവര്‍ത്തരുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സഹകരിച്ചുകൊണ്ടിരിക്കുകയാണ്.’

എന്നാല്‍ റാഫേലിന്റെ ഇപ്പോഴത്തെ തൊഴില്‍ നിലയെ കുറിച്ചോ സുരക്ഷ ക്ലിയറന്‍സിനെ കുറിച്ചോ പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല. ‘അത് സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,’ പ്‌സാക്കി പറഞ്ഞു. ‘എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് നിങ്ങളോട് പങ്ക് വയ്ക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ എന്റെ പക്കല്‍ ഇല്ല.’

റാഫേലിനെ ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെടാന്‍ നോക്കിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. അവരുടെ മകളും പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും ചോദ്യങ്ങള്‍ ഒരു കുടുംബ വക്താവിന് കൈമാറി.

അവരുടെ സുരക്ഷ ക്ലിയറന്‍സ് കഴിഞ്ഞ മാസം പിന്‍വലിച്ചെന്നും അവരിപ്പോള്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയല്ലെന്നും കുടുംബ വക്താവ് ആന്‍ഡ്രൂ റൈസ് വെളിപ്പെടുത്തി.

‘ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ അതിനെ കുറിച്ച് ബോധവതിയാണെന്നും ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവും.’ അദ്ദേഹം പറഞ്ഞു.

റാഫേല്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ഒരു അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാതിരുന്ന റൈസ്, റാഫേല്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് വെളിപ്പെടുത്താനും തയ്യാറായില്ല.

ഒക്ടോബര്‍ 21ന് റാഫേലിന്റെ വീട്ടില്‍ എഫ്ബിഐ പരിശോധന നടത്തി എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും പരിശോധനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. അവരുടെ വീട്ടില്‍ നിന്നും ബാഗുകളും പെട്ടികളും അന്വേഷണ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. എന്നാല്‍ അവരുടെ ഓഫീസില്‍ നിന്നും എന്താണ് പിടിച്ചെടുത്തതെന്ന് വ്യക്തമല്ല.

റാഫേലിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസ് വ്യാഴാഴ്ച വെളിച്ചമില്ലാതെ, അടഞ്ഞ് കിടക്കുകയായിരുന്നു.

റെയ്ഡിന്റെ സമയത്ത് റാഫേല്‍ അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും പ്രത്യേക പ്രതിനിധിയുടെ ഓഫീസിലെ മുതിര്‍ന്ന പാകിസ്ഥാന്‍ ഉപദേശകയായി ജോലി ചെയ്യുകയായിരുന്നു. ഈ തസ്തികയില്‍ പ്രഥാനമായും യുഎസ് സാമ്പത്തിക സഹായങ്ങളും ഉത്തേജകങ്ങളും പോലെയുള്ള സൈനീകേതര സഹായങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉത്തവാദിത്വമാണ് അവര്‍ പ്രധാനമായും നിര്‍വഹിച്ചിരുന്നത്.

ദീര്‍ഘകാല നയതന്ത്ര പരിചയമുണ്ടായിരുന്ന ഈ 67 കാരി, പാകിസ്ഥാനെയും തെക്ക് കിഴക്കന്‍ ഏഷ്യയെയും സംബന്ധിച്ച വിഷയങ്ങളില്‍ യുഎസ് സര്‍ക്കാരില്‍ ഉണ്ടായിരുന്ന ഏറ്റവും മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായിരുന്നു. അവര്‍ നേരത്തെ തെക്ക് കിഴക്ക് ഏഷ്യയിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും ടുനീഷ്യയിലെ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ വീട്ടില്‍ എഫ്ബിഐ പരിശോധന നടത്തുന്ന സമയത്ത് അവര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും വിരമിച്ചിരുന്നെങ്കിലും അവരുടെ രഹസ്യ ക്ലിയറന്‍സുകളുടെ അടിസ്ഥാനത്തില്‍ പുതുക്കാവുന്നതും എന്നാല്‍ പരിമിതവുമായ കരാറുകളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഒരു കാലത്ത് പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന നയതന്ത്ര മേഖലയിലെ പ്രമുഖ വനിത എന്ന നിലയിലും അമേരിക്കയിലെ ഇതിഹാസതുല്യനായ നയതന്ത്രജ്ഞന്‍ ആര്‍ണോള്‍ഡ് റാഫേലിന്റെ ഭാര്യ എന്ന നിലയിലും അവര്‍ ഏറ്റവും സ്വാധീനമുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായിരുന്നു. മാത്രമല്ല, കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഈ നയതന്ത്രജ്ഞയെ പൊതുവില്‍ ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

1988 ല്‍ പാകിസ്ഥാന്‍ പ്രസിഡന്റ് സിയ ഉള്‍-ഹഖിനൊപ്പം വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അക്കാലത്ത് പാകിസ്ഥാനിലെ യുഎസ് അംബാസിഡറായിരുന്ന ആര്‍ണോള്‍ഡ് റാഫേല്‍ കൊല്ലപ്പെടുന്നത്. ദുരൂഹമായ വിമാന ദുരന്തത്തിന്റെ കാരണം ഒരിക്കലും തെളിയിക്കപ്പെട്ടില്ലെങ്കിലും പാകിസ്ഥാനിലെ സ്വേച്ഛാധിപതിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഫലമായിരുന്നു അതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

ആര്‍ണോള്‍ഡ് റാഫേല്‍ കൊല്ലപ്പെടുന്ന സമയത്ത് റോബിന്‍ റാഫേല്‍ അദ്ദേഹത്തില്‍ നി്ന്നും വിവാഹമോചനം നേടിയിരുന്നു. അവര്‍ അതിന് ശേഷം ദക്ഷിണാഫ്രിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാഷ്ട്രീയ ഉദ്യോഗസ്ഥയായി നിയമിതയായി. എന്നാല്‍ അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്ക കാലം മുഴുവന്‍ അവര്‍ പാകിസ്ഥാനിലാണ് ചിലവഴിച്ചത്. വാഷിംഗ്ടണ്‍, ബ്രിട്ടണ്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചു. 1993 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് അവരെ തെക്ക്, മധ്യേഷ്യന്‍ കാര്യങ്ങളുടെ ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലുള്ള അവരുടെ വിവരങ്ങള്‍ പ്രകാരം, ഒരു സിഐഎ വിശകലന വിദഗ്ധയായാണ് റാഫേല്‍ തന്റെ സര്‍ക്കാര്‍ ജീവിതം ആരംഭിക്കുന്നത്. അവര്‍ 30 വര്‍ഷം വിദേശകാര്യ വകുപ്പില്‍ ജോലി നോക്കുകയും 2005ല്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിരമിക്കുകയും ചെയ്തു. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി റോഥം ക്ലിന്റണ്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രത്യേക പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്ത റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ ഉപദേശകയായി പ്രവര്‍ത്തിക്കുന്നതിന് 2009ലാണ് അവര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് മടങ്ങി എത്തുന്നത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് മടങ്ങുന്നതിന് മുമ്പ് അവര്‍, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ കാസിഡി ആന്റ് അസോസിയേറ്റ്‌സിന്റെ ലോബിയിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പാകിസ്ഥാന്‍, ഇക്വിറ്റോറിയല്‍ ഗുനിയ, ഇറാഖിലെ കുര്‍ദ്ദിഷ് പ്രാദേശിക സര്‍ക്കാര്‍ എന്നീ രാജ്യങ്ങളുടെ ചുമതലയായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്.

യുഎസ് സര്‍ക്കാര്‍ റാഫേലിനെ കുറിച്ച് തങ്ങളോട് അന്വേഷിച്ചിട്ടില്ലെന്നും തങ്ങളുടെ മുന്‍ ജീവനക്കാരിയെ സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും കാസിഡിയുടെ ഒരു വക്താവ് പറഞ്ഞു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചാരക്കേസുകള്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടായി ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയും ക്യൂബയ്ക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2010ല്‍ ഒരു ഉദ്യോഗസ്ഥനെ ജീവപര്യന്തം ശിക്ഷിച്ചതാണ് ഈ ശ്രേണിയില്‍ വരുന്ന ഏറ്റവും ഒടുവിലത്തെ പ്രധാനപ്പെട്ട കേസ്. അദ്ദേഹത്തിന്റെ ഭാര്യയെ ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചു.

ഈ ദമ്പതികള്‍ ‘അതീവ രഹസ്യമായ യുഎസ് ദേശീയ പ്രതിരോധ വിവരങ്ങള്‍’ ക്യൂബയ്ക്ക് കൈമാറിയതായി നീതിന്യായ വകുപ്പ് വെളിപ്പെടുത്തുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍