ട്രാവിസ് എം. ആന്‍ഡ്രൂസ്
(വാഷിംഗ്ടന്‍ പോസ്റ്റ്)
ബുദ്ധിസം ഒരു പുരാതന മതമായിരിക്കാം. എന്നാല്‍ ഒരു ബുദ്ധിസ്റ്റ് ടെമ്പിള്‍ അവരുടെ അനുശാസനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ്.
ഷിയാനെര്‍ ഒരു നല്ല ബുദ്ധമതാനുയായിയാണ്; അവസാനിക്കാത്ത ഉന്‍മേഷത്തോടെ മന്ത്രങ്ങള്‍ ജപിക്കുന്നു. താല്‍പര്യമുള്ളവരോട് ബുദ്ധമതത്തിലെ സങ്കീര്‍ണ്ണതകളെ കുറിച്ച് സംസാരിക്കുന്നു.
ഓ, പക്ഷേ പുള്ളിയൊരു റോബോട്ടാണ് കേട്ടോ.
രണ്ടടി പൊക്കമുള്ള ഷിയാനെര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് (voice commands) ചലിക്കുകയും വര്‍ത്തമാനം പറയുന്ന ശൈലിയില്‍ ബുദ്ധിസത്തെ കുറിച്ചുള്ള 20 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യും; ആപ്പിളിന്‍റെ സിരിയുടെ ഒരു ചെറിയ പതിപ്പെന്ന പോലെ. മുന്‍പില്‍ തന്നെ പിടിച്ചിട്ടുള്ള ഒരു സ്ക്രീനില്‍ തനിക്ക് ചര്‍ച്ച ചെയ്യാവുന്ന വിഷയങ്ങള്‍ കാണിച്ചിട്ടുണ്ട്. സദാ താല്‍പര്യം സ്ഫുരിക്കുന്ന (അതോ അല്‍ഭുതമോ) രീതിയിലുള്ള പുരികമുയര്‍ത്തലും കഷണ്ടിത്തലയും മഞ്ഞ പുതച്ച പോലെയുള്ള രൂപവും ആണ് ഇദ്ദേഹത്തിന്. ബീജിങ്ങിന്‍റെ പ്രാന്തപ്രദേശങ്ങളിലെ ലൂങ്ക്വാന്‍ ടെംപിളാണ് തന്‍റെ വീടെന്നു അദ്ദേഹം പറയുന്നു.
ഷിയാനെറിന്‍റെ സ്രഷ്ടാവായ മാസ്റ്റര്‍ ഷിയാന്‍ഫാന്‍ തന്‍റെ തന്നെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെയാണ് ഇതിനു ആധാരമാക്കിയത്. 2013ല്‍ തുടങ്ങിയ, ഷിയാനെറിനേ പോലെയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രം അനിമേഷനുകളിലും പ്രസിദ്ധീകരിക്കപ്പെട്ട കോമിക്കുകളിലും മറ്റ് കൌതുകവസ്തുക്കളിലും ഒക്കെ പ്രത്യക്ഷപ്പെട്ടു. കാര്‍ട്ടൂണിന്‍റെയും റോബോട്ടിന്‍റെയും ലക്ഷ്യം ഒന്നാണ്: ബുദ്ധമതത്തിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുക.
ഇതിനായി ഷിയാനെര്‍ തെരഞ്ഞെടുത്തത് നല്ല സമയമാണ്; കാരണം ബുദ്ധമതത്തിന് പ്രചാരം കൂടി വരുന്ന കാലഘട്ടമാണിത്. Pew പഠനമനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തിലെ ബുദ്ധമതാനുയായികള്‍ 511 മില്ല്യണായി വര്‍ദ്ധിക്കും. 2010ല്‍ ഇവരുടെ എണ്ണം 488 മില്ല്യണായിരുന്നു.
ഈ ഡിജിറ്റല്‍ ലോകത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പലവിധ പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ സമാധാനം തേടുന്നതു കൊണ്ടാണ് ഈ വര്‍ദ്ധനവ് എന്നു ഷിയാന്‍ഫാന്‍ കരുതുന്നു.
“ബുദ്ധിസം വ്യക്തികളുടെ ആദ്ധ്യാത്മിക ജീവിതത്തിനു പ്രാധാന്യവും ശ്രദ്ധയും നല്‍കുന്നു. ഉയര്‍ന്ന തലത്തിലുള്ള സംസ്കാരമാണത്. ആ തരത്തില്‍ നോക്കുമ്പോള്‍ ഒരുപാട് മനുഷ്യരുടെ ആന്തരിക സമസ്യകളെ പരിഹരിക്കാന്‍ അതിനാകും എന്നാണ് എന്‍റെ കാഴ്ചപ്പാട്,” അദ്ദേഹം റോയിറ്റേഴ്സിനോട് പറഞ്ഞു.
അവിടെയാണ് ഷിയാനെര്‍ കടന്നുവരുന്നത്: ഡിജിറ്റല്‍ ലോകത്ത് സമാധാനസന്ദേശം നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന ഒരാള്‍. ശ്രദ്ധ തിരിക്കുന്ന പലതും നിര്‍മിക്കപ്പെട്ട ഇതേ ലോകത്ത് ബുദ്ധിസവും സയന്‍സും സമ്മേളിപ്പിക്കുന്നത് അര്‍ത്ഥവത്താണെന്നാണ് ഷിയാന്‍ഫാന്‍റെ അഭിപ്രായം.
“സയന്‍സും ബുദ്ധിസവും പരസ്പര വിരുദ്ധമല്ല. അവ ഒന്നിപ്പിച്ചാല്‍ പരസ്പരം യോജിച്ചു പോകുന്നവയാണ്,” അദ്ദേഹം പറഞ്ഞു.
മതപ്രചാരണവും പ്രധാനമാണ്. 2030ല്‍ പാരമ്യത്തിലെത്തുമെന്ന് പഠനങ്ങള്‍ പറയുന്ന ബുദ്ധമതാനുയായികളുടെ എണ്ണം 2050ഓടെ 486 മില്ല്യണായി കുറയുമെന്ന് കരുതപ്പെടുന്നു. 2010ല്‍ ലോക ജനസംഖ്യയുടെ 7% ഉണ്ടായിരുന്ന ബുദ്ധമതക്കാര്‍ 2050ല്‍ 5% ആയി കുറയും. അനുയായികളുടെ ശരാശരി വയസ്സും കുറഞ്ഞ പ്രജനനവും ഒക്കെ കണക്കിലെടുത്താണിത്.
“2010നും 2050നുമിടയ്ക്ക് ചൈനയിലെ ബുദ്ധമതക്കാരുടെ എണ്ണം അവിടത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 18% ആയി തുടരും,” റിപ്പോര്‍ട്ട് പറയുന്നു.
മറ്റൊരു Pew റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോളത്തെ രീതി തുടര്‍ന്നാല്‍ 2050ഓടെ മറ്റേത് മതത്തെക്കാള്‍ കൂടുതല്‍ ഇസ്ലാമിന്‍റെ വളര്‍ച്ചയുണ്ടാകും. ബുദ്ധിസ്റ്റുകളുടെ എണ്ണം കൂടുകയും പിന്നീട് കുറയുകയും ചെയ്യുമെന്ന റിപ്പോര്‍ട് സത്യമാവുകയാണെങ്കില്‍ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായേക്കാവുന്ന ഒരേയൊരു പ്രമുഖ മതം, ഇസ്ലാം ഒഴിച്ചാല്‍, ബുദ്ധമതമാകും.
ഈ ചെറിയ റോബോട്ട് പലരെയും ആകര്‍ഷിക്കുന്നുണ്ട്. അടുത്തിടെ ബീജിങ്ങ് സന്ദര്‍ശിച്ച ബുദ്ധിസ്റ്റായ മിഷേല്‍ യൂ സോഷ്യല്‍മീഡിയയില്‍ കണ്ട ഷിയാനെറിനെ നേരിട്ടു കാണാന്‍ പോയി.
“കണ്ടാല്‍ നല്ല രസമുണ്ട്; ആകര്‍ഷകത്വവും. കൌതുകം കൊണ്ട് കാണാന്‍ വരുന്നവരിലേയ്ക്ക് ബുദ്ധമത തത്വങ്ങള്‍ എത്തിക്കാന്‍ അദ്ദേഹത്തിനാവും. അവര്‍ക്ക് അതിനെ കുറിച്ച് ആഴത്തിലറിയണമെന്ന് തോന്നിപ്പിക്കാനുമാകും,” അവര്‍ CBCയോട് പറഞ്ഞു.