UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വ ഭൂമിയെ പോലെയായിരുന്നു; 370 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്നെ എന്താണ് സംഭവിച്ചത്?

Avatar

അഴിമുഖം പ്രതിനിധി

നാനൂറു കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ ഓക്സിജന്‍ ഉണ്ടായിരുന്നിരിക്കാം എന്ന് ന്യു മെക്സിക്കോയിലെ ലോസ് ആലമോസ് നാഷണല്‍ ലബോറട്ടറി ഗവേഷകയായ നീന ലാന്‍സ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേര്‍സ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് നീന തന്‍റെ വാദം മുന്നോട്ടു വെക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ മാംഗനീസ് ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടം ഒരിക്കല്‍ ഭൂമിയുടേതിനു സമാനം ആയിരുന്നു എന്ന് അനുമാനിക്കാന്‍ കാരണം.

പാറക്കെട്ടുകളാല്‍ നിറഞ്ഞ തണുത്തുറഞ്ഞ പ്രദേശമാണ് ഇപ്പോള്‍ ചൊവ്വ. ചൊവ്വയുടെ ഭൂഗര്‍ഭ ശാസ്ത്രത്തെ പറ്റിയുള്ള മറ്റൊരു പഠനം സൂചിപ്പിക്കുന്നത് വേറൊരു തരത്തിലുള്ള ഘടനയെ പറ്റിയാണ്. നേര്‍ത്ത അന്തരീക്ഷത്തിലെ കാറ്റില്‍ മണലില്‍ രൂപപ്പെടുന്ന ഓളങ്ങളാണ് പാറകളില്‍ ഫോസില്‍ ആയി കാണപ്പെടുന്നത് എന്നാണ് അത്. ഏകദേശം 370 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് സംഭവിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്.

ഈ രണ്ട് പഠനങ്ങളും ചൊവ്വയുടെ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടത്തിലേക്കാണ് ചോദ്യം ഉന്നയിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷം നഷ്ടപ്പെടാന്‍ തുടങ്ങിയത് മുതല്‍ ഗ്രഹത്തിന് ദ്രവരൂപത്തിലുള്ള ജലത്തെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെട്ടത് വരെ.

യു. എസ്. ജിയോളജിക്കല്‍ സര്‍വ്വേയിലെ ക്രിസ്റ്റഫര്‍ എഡ്വാര്‍ഡ്സിന്റെ അഭിപ്രായത്തില്‍ പ്രസക്തമായ ചോദ്യം, “ചൊവ്വയുടെ അന്തരീക്ഷം എത്ര വേഗം ആണ് നേര്‍ത്തതായത്, എങ്ങനെയാണു നേര്‍ത്തതായത്, എപ്പോഴാണ് ഇത് പൂര്‍ണമായി സംഭവിച്ചത്, എന്നതാണ്. ഈ പഠനങ്ങള്‍ എന്തായാലും ഇതിലേക്ക് തന്നെയാണ് വഴി തെളിക്കുന്നത്”.

ചൊവ്വ ഇപ്പോഴത്തെ രൂപത്തില്‍ നിന്നും വളരെ വ്യത്യസ്തമായാണ് പണ്ട് നിലകൊണ്ടിരുന്നത് എന്ന വാദത്തെ പിന്‍താങ്ങുന്ന തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി. ചൊവ്വയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന പല ലക്ഷണങ്ങളും പണ്ട് ജലം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ആയാണ് വിശ്വസിക്കപ്പെടുന്നത്. സുനാമികളുടെ ബാക്കിപത്രങ്ങളും അപ്രത്യക്ഷമായ തടാകത്തിന്റെ അടിത്തട്ടിലെ കളിമണ്ണും മറ്റും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2015ല്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നത് ഒരു കാലത്ത് ചൊവ്വയുടെ 20 ശതമാനത്തോളം ജലം ഉണ്ടായിരുന്നതായാണ്.

ലാന്‍സയുടെ പഠനവും ഇതിനെ ശരിവെക്കുന്നതാണ്. ക്യുരിയോസിറ്റി അയച്ച പാറകളുടെ സാമ്പിള്‍ വിശകലനത്തില്‍ നിന്നും അവര്‍ക്ക് മാംഗനീസ് ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായി. ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. ഭൂമിയില്‍ താരതമ്യേന പഴക്കം കുറവുള്ള പാറകളില്‍ മാത്രം കാണപ്പെടുന്ന ഒരു പദാര്‍ത്ഥം ആണത്. ലാന്‍സയുടെ അഭിപ്രായത്തില്‍ ചൊവ്വയില്‍ പണ്ട് കൂടുതല്‍ ഓക്സിജന്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ്. എന്നാല്‍ മറ്റൊരു കൂട്ടം ഭൌമശാസ്ത്രജ്ഞര്‍ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്. അവരുടെ നിഗമനത്തില്‍ പെര്‍ക്ലോറേറ്റ് എന്ന മറ്റൊരു പദാര്‍ഥത്തിന്റെ ഫലമായും മാംഗനീസ് ഓക്സൈഡിന്റെ സാന്നിധ്യം ഉണ്ടാവാം എന്നാണ്.

എന്നാല്‍ ലാന്‍സ തന്റെ നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അവരുടെ അഭിപ്രായത്തില്‍ ചൊവ്വയില്‍ പണ്ട് ഉണ്ടായിരുന്ന കടലില്‍ നിന്നാണ് ഓക്സിജന്‍ രൂപപ്പെട്ടത് എന്നാണ്. അന്തരീക്ഷത്തിന്റെ കനം കുറയാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന സൂര്യതാപത്തില്‍ ജലം ഓക്സിജനും ഹൈഡ്രജനും ആയി വേര്‍പെട്ടു എന്നും വിശ്വസിക്കുന്നു. ശേഷം ചൊവ്വയുടെ കുറഞ്ഞ ഗുരുത്വാകര്‍ഷണം മൂലം അന്തരീക്ഷം പൂര്‍ണമായി നഷ്ടപ്പെട്ടു എന്ന് വേണം കരുതാന്‍. എന്തുതന്നെ ആയാലും പാറകളില്‍ കണ്ടെത്തിയ ഓളങ്ങള്‍ ഇതിനൊരു ഉത്തരം തരും എന്ന് തന്നെ വേണം വിശ്വസിക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍