UPDATES

കായികം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇത്തവണ ‘ഫെഡ്’ എക്‌സ്പ്രസ് കുതിക്കുമോ?

Avatar

അഴിമുഖം പ്രതിനിധി

രണ്ടു ദിവസങ്ങള്‍ക്കപ്പുറം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കെ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മികച്ച ആത്മവിശ്വാസത്തിലാണ്. താന്‍ ഇപ്പോള്‍ കളിക്കുന്നത് കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തന്നെയാണെന്നാണ് ഫെഡറര്‍ വിശ്വസിക്കുന്നത്. ആരാധകരും കളി വിദഗ്ദരും ഈ ആത്മവിശ്വാസം അമിതമാണെന്നു പറയില്ല.

മുപ്പത്തി മൂന്നാം വയസ്സിലും വളരെ സ്മാര്‍ട്ടായ ടെന്നീസ് ആണ് ഫെഡറര്‍ കാഴ്ച്ച വയ്ക്കുന്നത്. മികച്ച പ്രകടനത്തിലൂടെ തന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം എന്ന ലക്ഷ്യത്തിലേക്കാണ് ഫെഡറര്‍ ചുവടു വയ്ക്കുന്നത്. ഇടക്കാലത്ത് ഫോം മങ്ങിയ ഫെഡറര്‍, 6 തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായിരുന്ന സ്‌റ്റെഫാന്‍ എഡ്‌ബെര്‍ഗിനെ കോച്ച് ആയി നിയമിച്ചശേഷം ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയരുകയായിരുന്നു. അതിനു ശേഷം എടിപി 1000 ചാമ്പ്യഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടാനും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡന്‍, വേള്‍ഡ് ടൂര്‍ ഫൈനല്‍സ് തുടങ്ങിയവയുടെ ഫൈനലില്‍ എത്താനും ഫെഡറര്‍ക്ക് കഴിഞ്ഞു.

ഫെഡററുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം ചരിത്രത്തില്‍ ആദ്യമായി സ്വിറ്റ്‌സര്‍ലാണ്ടിന് ഡേവിസ് കപ്പ് വിജയം നേടിക്കൊടുത്തതാണ്. കഴിഞ്ഞ ഒന്നര ദശാബ്ദമായി ഫെഡറര്‍ ജ്വലിച്ചു നില്‍ക്കു ന്നുണ്ടെങ്കിലും സ്വിറ്റ്‌സര്‍ലാണ്ടില്‍ മറ്റൊരു ലോകതാരം ഇല്ലാതെ പോയതാണ് ടീം ചാമ്പ്യന്‍ഷിപ്പ് ആയ ഡേവിസ് കപ്പ് സ്വിറ്റ്‌സര്‍ലാണ്ടിന് അന്യമാകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിക്ക് മാറ്റം വന്നു. ഫെഡററുടെ ഉറ്റ സുഹൃത്തായ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക കരിയറിലെ മികച്ച ഫോമിലെത്തിയത് അവര്‍ക്ക് നേട്ടമായി. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യയന്‍ കൂടിയാണ് വാവ്‌റിങ്ക. കൂടാതെ ഫെഡററുമൊത്ത് ലണ്ടന്‍ ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണ്ണം നേടുകയും ചെയ്തു. നിലവില്‍ ലോക നാലാം നമ്പര്‍ താരമാണ് വാവ്‌റിങ്ക.

ഏറ്റവും കൂടുതല്‍ കാലം ഒന്നാം നമ്പര്‍ പദവി അലങ്കരിച്ച ഫെഡറര്‍ ഇടക്കാലത്ത് എട്ടാം നമ്പര്‍ വരെ താഴ്ന്നു. എന്നാല്‍ സ്‌റ്റെഫാന്‍ എഡ്‌ബെര്‍ഗിന്റെ പരിശീലനമികവ് ഫെഡററെ പഴയ ഫെഡറര്‍ ആക്കി. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഫെഡെറര്‍. 2010 ല്‍ ആണ് ഫെഡറര്‍ അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത്. ബ്രിട്ടീഷ് താരം ആന്‍ഡി മുറേ ആയിരുന്നു അന്ന് എതിരാളി .കഴിഞ്ഞ 11 വര്‍ഷവും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്താന്‍ കഴിഞ്ഞത് മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ്.

ലോക ടെന്നീസ് ചരിത്രത്തില്‍ 1000 ജയങ്ങള്‍ ഈ വര്‍ഷത്തെ ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ വിജയത്തോടുകൂടി സ്വന്തമാക്കിയ ഫെഡറര്‍, ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം പുരുഷ താരമാണ്. ഇതിഹാസ താരങ്ങളായ ജിമ്മി കോനേര്‍സും ഇവാന്‍ ലെന്‍ഡലും മാത്രമാണു ഈ നേട്ടം ഫെഡറര്‍ക്കു മുമ്പ് സ്വന്തമാക്കിയിട്ടുള്ളത്.

ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കടുത്ത പോരാട്ടത്തിന് വേദിയാകുമെന്ന് ഉറപ്പാണ്. ലോക ഒന്നാം നമ്പര്‍ ദ്യോകോവിച്ച്, നിലവിലെ ചാംപ്യന്‍ വാവ്‌റിങ്ക, കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍, യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ മാരിന്‍ സിലിക്, ഏഷ്യന്‍ ഒന്നാം നമ്പര്‍ കെയ് നിഷികോറി എന്നിവര്‍ മത്സരത്തിന് ചൂട് കൂട്ടുന്നു. ഈ പോരാളികളോടെല്ലാം ഏറ്റമുട്ടി ടെന്നീസിലെ ചക്രവര്‍ത്തിക്ക് അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടാന്‍ കഴിയുമോ എന്നു കാത്തിരുന്ന് കാണാം. എന്തായാലും നിലവിലെ ഫോം അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നതാണ് .ജനുവരി 19നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍