UPDATES

വിദേശം

നമുക്കും റോഹിന്‍ഗ്യകൾക്കും ഇടയിൽ അധികം ദൂരമില്ല

Avatar

ദയാല്‍ പാലേരി

ദേശീയത പ്രധാനമായും രണ്ടു കാര്യങ്ങളാണാവശ്യപ്പെടുന്നത്. ഒന്ന് ഏകത്വം. അതായത് ഒരു രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഒരു ഘടകം. അത് ഭാഷയോ, മതമോ, സംസ്കാരമോ, ചരിത്രമോ, എന്തുമാകാം. രണ്ടാമതായി അപരത്വം. ദേശീയതയുടെ ഏകത്വം എന്നും നിർവചിക്കപ്പെട്ടിട്ടുള്ളത് അപരത്വത്തെ ആധാരമാക്കിയാണ്. ഭൂരിപക്ഷ വിഭിന്നമായ ഭാഷ സംസാരിക്കുന്നവരും മതം പിന്തുടരുന്നവരും സാംസ്കാരികമായും ചരിത്രപരമായും വേറിട്ടു നിൽക്കുന്നവരും ഇത്തരത്തിൽ ദേശീയതയുടെ അപരന്മാർ ആണ്. ചരിത്രത്തിലങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള അപരത്വം ഏറ്റുവാങ്ങിയ ജനവിഭാഗങ്ങള്‍ക്ക് വലിയ അവഗണനകളും അടിച്ചമർത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. നാസി ജർമ്മനിയിലെ കമ്മ്യൂണിസ്റ്റുകളെയും, ജൂതന്മാരെയുംപോലെ, ഇന്ത്യയിലെ ദളിത്-മുസ്ലിം-ആദിവാസികളെപ്പോലെ മ്യാന്മാർ ബുദ്ധിസ്റ്റ് ദേശീയതയുടെ അപരന്‍മാരാണ് റോഹിന്‍ഗ്യ മുസ്ലിങ്ങൾ.

മ്യാന്മാറിന്റെ തെക്കൻ പ്രവിശ്യയായ രൈക്കൻ മേഖലയിലെ ജനവിഭാഗമാണ് റോഹിന്‍ഗ്യകൾ. ഇവരുടെ ചരിത്രത്തെ കുറിച്ച് വളരെ നീണ്ട ഒരു തർക്കം തന്നെ നിലനിൽക്കുന്നുണ്ട്. തങ്ങൾ രൈക്കനിലെ യഥാർത്ഥ താമസക്കാർ ആണെന്ന് റോഹിന്‍ഗ്യകൾ അവകാശപ്പെടുമ്പോൾ മ്യാന്മറിലെ ഭരണകൂടമാകട്ടെ, റോഹിന്‍ഗ്യകളെ ബംഗ്ലാദേശി അഭയാര്‍ഥികളായി ചിത്രീകരിച്ച് അവര്‍ക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയാണ്. ലോകത്തിൽ വെച്ചേറ്റവും അടിച്ചമർത്തപ്പെട്ട ജനത റോഹിന്‍ഗ്യകൾ ആണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ രേഖപ്പെടുത്തുന്നു. റോഹിന്‍ഗ്യകളുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തവുമാണ്. കഴിഞ്ഞ അൻപതു വര്‍ഷങ്ങളായി പലതരത്തിൽ റോഹിന്‍ഗ്യകൾ മ്യാന്മാർ ഭരണകൂടത്തിൽ നിന്നും ബുദ്ധിസ്റ്റ് ഭൂരിഭാഗത്തിൽ നിന്നും പലതരത്തിൽ അടിച്ചമർത്തലുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. 1982-ലെ മ്യാന്മർ പൗരത്വ നിയമപ്രകാരം റോഹിന്‍ഗ്യകൾക്ക് മ്യാന്മർ പൗരത്വവും, കൂടെ പ്രാഥമിക വിദ്യാഭ്യാസം, സ്വത്ത് അവകാശം, സഞ്ചാരസ്വതന്ത്രം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ടു. കല്യാണം കഴിക്കാനും രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകാനും വരെ ഗവണ്മെന്റ് സമ്മതം ആവശ്യമായി.

മ്യാന്മർ ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ഭീകരത സഹിക്കാൻ വയ്യാതെ റോഹിന്‍ഗ്യകൾ വലിയ തോതിൽ പലായനം ചെയ്തു തുടങ്ങി. എന്നാൽ എത്തിപ്പെട്ട രാജ്യങ്ങളിലും അഭയാർഥി ക്യാമ്പുകളിൽ കഴിയാനായിരുന്നു റോഹിന്‍ഗ്യകളുടെ വിധി. രൈക്കൻ പ്രവിശ്യയിലാകട്ടെ റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള കലാപങ്ങൾ വര്‍ധിച്ചു വന്നു 1950ൽ 70% ആയിരുന്നു രൈക്കനിലെ റോഹിന്‍ഗ്യകളുടെ എണ്ണം എങ്കിൽ ഇന്നത് നേർപകുതിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു മ്യാന്മർ പട്ടാളക്കാരനാകട്ടെ രൈക്കൻ മേഖലയുടെ തലസ്ഥാനമായ സ്വിത്തയിൽ വച്ച് താൻ 300 റോഹിന്‍ഗ്യകളെ കൊല ചെയ്തിട്ടുണ്ടെന്ന് പരസ്യമായി വകാശപ്പെടുക കൂടി ചെയ്തു. 2012ല്‍ നടന്ന മ്യാന്മർ ദേശീയ സെൻസസിൽ റോഹിന്‍ഗ്യകൾ എന്ന പേര് തന്നെ നീക്കം ചെയ്യുകയും പകരമായി ബംഗാളി അഭയാർഥികൾ എന്ന് ചേർക്കുകയും ചെയ്തു. 

ഇത്തരത്തിൽ ചരിത്രപരമായ ഹിംസയിൽ നിന്നും രക്ഷ തേടി, കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി മുസ്ലിം രാഷ്ട്രങ്ങളായ മലേഷ്യയിലേക്കും ഇന്തോനേഷ്യ യിലേക്കുമാണ് റോഹിന്‍ഗ്യകൾ കൂടുതലായും പാലായനം ചെയ്യുന്നത്. എന്നാൽ ഇടനിലക്കാരുടെയും മനുഷ്യക്കടത്തുകാരുടെയും കടുത്ത ചൂഷണമാണ് റോഹിന്‍ഗ്യകൾക്ക് പലായനം സമ്മാനിച്ചത്. അറുന്നൂറു തൊട്ട് രണ്ടായിരം ഡോളർവരെയാണ് മലെഷ്യയിലെത്തിക്കാൻ ഇടനിലക്കാർ ഓരോ റോഹിന്‍ഗ്യയുടെയും കയ്യിൽ നിന്നും ഈടാക്കുന്നത്. ഏകദേശം രണ്ടായിരത്തോളം മൈലുകൾ കൃത്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മത്സ്യബന്ധന ബോട്ടുകളിൽ കുത്തിനിറക്കപ്പെട്ട അവസ്ഥയിൽ മലേഷ്യൻ തീരത്തെത്തുന്ന റോഹിന്‍ഗ്യകളെയാകട്ടെ സൈന്യത്തെ വരെ ഉപയോഗിച്ച് മലേഷ്യൻ ഭരണകൂടം തുരത്തിയോടിക്കുന്നു. പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് കരയിലെത്തുന്ന റോഹിന്‍ഗ്യകൾ മനുഷ്യകടത്തുകാരുടെ കയ്യിലകപ്പെടുകയും പിന്നീടു അടിമകളായും വേശ്യകളായും ഉപയോഗിക്കപ്പെടുന്നുവെന്നും മലേഷ്യയിലെ മനുഷ്യാവകാശപ്രവർത്തകനായ അബ്ദുൽ കലാം രേഖപ്പെടുത്തുന്നു. കരയിലെത്താൻ സാധിക്കാതെ, ബോട്ട് ജീവനക്കാരാല്‍ ഉപേക്ഷിക്കപ്പെട്ട റോഹിന്‍ഗ്യകൾ ആകട്ടെ പുറംലോകം അറിയാതെതന്നെപകർച്ചവ്യാധികളാലും ശേഷിച്ച ഭക്ഷണത്തിനു വേണ്ടി തമ്മിലടിച്ചും ഇല്ലാതാകുന്നു .ഇത്തരത്തിൽ കടലിൽ മരണത്തെ നേരിടുന്ന അവസ്ഥയിലുള്ള റോഹിന്‍ഗ്യകളാണ് ഇപ്പോൾ വാർത്തകളിൽ വന്നിരിക്കുന്നത്.

മ്യാന്മർ ദേശീയതയുടെ ഈ അപരന്മാരെ അന്താരാഷ്ട്രസമൂഹം പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. റോഹിന്‍ഗ്യകൾക്ക് അതിർത്തികൾ തുറന്നു കൊടുക്കുക എന്ന ആഹ്വാനത്തിൽ ഒതുങ്ങിയിരിക്കുന്നു ഇക്കാര്യത്തിൽ ഐക്യ രാഷ്ട്ര സംഘടനയുടെ ഇടപെടൽ. നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരിൽ ആയിരക്കണക്കിന് റോഹിന്‍ഗ്യകളെ ജയിലുകളില്‍ പാർപ്പിക്കുന്ന ഇന്ത്യയും മറ്റു ആസിയാൻ രാഷ്ട്രങ്ങളും തികച്ചും ഹിംസാത്മകമായ മൗനം പാലിക്കുകയാണ്. ലാറ്റിനമേരിക്കൻ ,കരീബിയൻ രാജ്യങ്ങളും ഇപ്പോൾ ഫിലിപ്പൈൻസും മാത്രമാണ് റോഹിന്‍ഗ്യകളെ അംഗീകരിക്കാനും സഹായിക്കാനും തയ്യാറായിട്ടുള്ളത്.

റോഹിന്‍ഗ്യകൾ അപരന്മാരാണ്, ഇരകളാണ്, അസ്ത്വിത്വം നഷ്ടപ്പെട്ടവരാണ്. അവർ നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ദേശീയത എന്ന ഹിംസയുടെ ആഴത്തെപറ്റി, അതിർവരമ്പുകളും അവകാശവാദങ്ങളും മരിപ്പിക്കുന്ന മനുഷത്വത്തെപ്പറ്റി , വരാനിരിക്കുന്ന “നല്ല നാളുകളെ”പറ്റി . ഈ ക്രൂരതയെ നമുക്ക് കണ്ടില്ലെന്നു നടിക്കാം, കാരണം നാം റോഹിന്‍ഗ്യകളല്ല. പക്ഷെ തീവ്ര ഹിന്ദു ദേശീയതയുടെ ഈ കാലഘട്ടത്തിൽദേശീയതയുടെ അപരവത്കരണം നമ്മെയും തെടിവന്നേക്കാം. നമുക്കും റോഹിന്‍ഗ്യകള്‍ക്കും ഇടയിൽ അധികം ദൂരങ്ങളില്ല. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍