UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് ശര്‍മയ്ക്ക് വീണ്ടും സെഞ്ച്വറി; ബ്രിസ്‌ബേന്‍ ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയന്‍ മണ്ണില്‍ രോഹിത് ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി. പെര്‍ത്തില്‍ ചരിത്രം കുറിച്ച സെഞ്ച്വറിക്കു പിന്നാലെയാണ് രണ്ടാം ഏകദിനം നടക്കുന്ന ബ്രിസബേനിലും രോഹിത് നൂറു കടന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പത്താം സെഞ്ച്വറിയാണിത്. 127 പന്തില്‍ 11 ഫോറുകളും മൂന്നു സിക്‌സും ഉള്‍പ്പെടെ 124 റണ്‍സ് എടുത്താണ് രോഹിത് പുറത്തായത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബോളറുടെ കൈയില്‍ തട്ടിയ പന്തു വിക്കറ്റില്‍ കൊണ്ട് നിര്‍ഭാഗ്യകരമായിരുന്നു രോഹിതിന്റെ പുറത്താകല്‍. 65 റണ്‍സ് എടുത്തു നില്‍ക്കുന്ന അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ധോണിയാണ് ഇപ്പോള്‍ ക്രീസില്‍. 43 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 265 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഇന്നും ഇന്ത്യയുടെ തുടക്കം. മോശം ഫോം തുടരുന്ന ശിഖര്‍ ധവാന്‍ ആദ്യം പുറത്തായി. കഴിഞ്ഞ കളിയില്‍ ഒമ്പത് ആയിരുന്നെങ്കില്‍ ഇത്തവണ ആറ് റണ്‍സിന് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ പവലിയന്‍ കയറി. പാരിസിന്റെ ബോളിംഗില്‍ കീപ്പര്‍ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്താകുന്നത്. തുടര്‍ന്ന് രോഹിതിനു കൂട്ടായി ഉപനായകന്‍ കോഹ്‌ലി എത്തിയതോടെ ഇന്ത്യ സുഗമമായി മുന്നേറി. 134 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയശേഷമാണ് ഇരുവരും പിരിയുന്നത്. 59 റണ്‍സ് എടുത്ത കോഹ്‌ലി റണ്‍ഔട്ട് ആവുകയായിരുന്നു. തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയിറങ്ങിയ അജിങ്ക്യ രഹാനെയാണ് കോഹ്‌ലിക്കു പിന്നാലെ ക്രീസില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന കളിയാണ് രഹാനെ പുറത്തെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍