UPDATES

രോഹിത് വെമുല പറഞ്ഞത് റാഡിക്കല്‍ അംബേദ്കറൈറ്റ് ആവാനാണ്; സവര്‍ണര്‍ പേടിക്കണം: സുങ്കണ്ണ വേല്‍പുല/അഭിമുഖം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദളിതരേയും മറ്റ് ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നത് പോലെ തന്നെയാണ് എ.ബി.വി.പി ഇന്ത്യയിലാകമാനമുള്ള ദളിത്, ന്യൂനപക്ഷ വിദ്യാര്‍ഥികളെ ആക്രമിക്കുന്നത്.

സ്വന്തം മരണം കൊണ്ട് തുടങ്ങിവച്ച പോരാട്ടം ഇന്ത്യയുടെ കാമ്പസുകള്‍ക്ക് അകത്തും പുറത്തു ശക്തമായി മുന്നേറുന്നു എന്നതാണ് രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഒരു വയസ് പിന്നിടുമ്പോള്‍ ദൃശ്യമാകുന്നത്. രോഹിതിന്റെ മരണത്തിലൂടെ ഉയര്‍ന്ന പ്രതിഷേധാഗ്നി ആളിക്കത്തിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഹൈദരാബാദ് സര്‍വകലശാല മുന്‍ വിദ്യാര്‍ത്ഥി കൂടിയ സുങ്കണ്ണ വേല്‍പുല. വൈസ് ചാന്‍സിലര്‍ അപ്പ റാവുവില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിലൂടെ തന്റെ പോരാട്ടത്തിന്റെ മൂര്‍ച്ച എന്താണെന്നു തെളിയിച്ച സങ്കുണ്ണ, രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ധന്യ: മരണശേഷമെങ്കിലും രോഹിതിന് നീതി ലഭിച്ചെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സുങ്കണ്ണ: നീതി ലഭിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടരേണ്ടി വരില്ലായിരുന്നല്ലോ. മരണശേഷമെങ്കിലും ലഭിക്കേണ്ടിയിരുന്ന നീതി ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. ആ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് തുടരുന്നത്. രോഹിതിന് നീതി നടപ്പാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം പോലീസും നിയമസംവിധാനവും സ്‌റ്റേറ്റും ഒറ്റക്കെട്ടാണ്. ആരും രോഹിതിന് ലഭിക്കേണ്ട നീതിയെക്കുറിച്ച് സംസാരിക്കുന്നതു പോലുമില്ല. രോഹിത് വെമുല ഒ.ബി.സി.യില്‍ ഉള്‍പ്പെട്ടയാളാണെന്ന് കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എങ്ങനെയാണ് അവര്‍ അക്കാര്യം ഉറപ്പിച്ച് പറയുക. രോഹിത് മരിച്ച് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയമിച്ച ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടുന്ന കമ്മിറ്റി ദേശീയ എസ്.സി. കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ രോഹിത് വെമുല ദളിത് കമ്മ്യൂണിറ്റിയാണെന്ന് പറയുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ആ കമ്മിറ്റി റിപ്പോര്‍ട്ട് സസ്പന്‍ഡ് ചെയ്‌തെന്നും പുനരന്വേഷണത്തിനായി പരുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്നും അതേ മജിസ്‌ട്രേറ്റ് തന്നെ മാധ്യമങ്ങളോട് പറയുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും ഇത്തരത്തിലാണ് ദളിതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രോഹിതിന് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്നില്ല. വിദ്യാര്‍ഥി സമൂഹം മാത്രമാണ് അതിനായി പ്രവര്‍ത്തിക്കുന്നത്.

ധന്യ:രോഹിതിന്റെ മരണത്തിന് ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ എങ്ങനെ നോക്കിക്കാണുന്നു?

സുങ്കണ്ണ: കഴിഞ്ഞ ഒരു വര്‍ഷം… അതില്‍ പോരാട്ടങ്ങള്‍ മാത്രമേയുള്ളൂ. ശരിക്കും 2015 ഡിസംബര്‍ 18ന് തന്നെ ആ പോരാട്ടം തുടങ്ങിയിരുന്നു. അവിടം മുതല്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു. ജനവരി 17-നാണ് രോഹിത് ആത്മഹത്യ ചെയ്യുന്നത്. അതോടെ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ചു. രാജ്യത്ത് പരക്കെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ഞങ്ങള്‍ക്കായി. പുറം രാജ്യങ്ങളിലേക്കും അത് വ്യാപിച്ചു. 24 രാജ്യങ്ങളില്‍ രോഹിതിന്റെ നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടന്നു. പക്ഷെ ഇതുകൊണ്ടൊന്നും സര്‍ക്കാര്‍ കുലുങ്ങിയില്ല.

മറ്റൊരു കാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള സംഭവങ്ങളെല്ലാം പരിശോധിക്കുകയാണെങ്കില്‍, ഭരിക്കുന്നത് കോണ്‍ഗ്രസോ, ബിജെപിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ ആകട്ടെ, ദളിതര്‍ക്കെതിരെ അട്രോസിറ്റീസ് നടന്നാല്‍ നീതി നടപ്പാവാറില്ല. നിയമപരമായ ഒരു നീതിയും ലഭിക്കാറില്ല. ദളിത് മൂവ്‌മെന്റുകളെല്ലാം ഒരു സര്‍ക്കിളിലാണ് മുന്നോട്ട് പോവുന്നത്. പലപ്പോഴും സംഭവിക്കുന്നത് ഒരേ കാര്യങ്ങളാണ്. ഒരു ദളിതന്‍ ആക്രമിക്കപ്പെടുന്നു. പ്രതിഷേധം ഉടലെടുക്കുന്നു. ചെറിയ പ്രതിഷേധമാണെങ്കില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക പോലുമില്ല. അല്‍പ്പം കടുത്ത പ്രതിഷേധമാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പ്രതിഷേധം കുറച്ചുകൂടി കടുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇത് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. പിന്നീട് ഈ സംഭവം കോടതിയിലെത്തും. പത്തോ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ നിയമ യുദ്ധം തുടരും. അവസാനം കേസ് കഴിയുമ്പോള്‍ നടപടികള്‍ ദളിതര്‍ക്കെതിരാവും. സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റി റിപ്പോര്‍ട്ടും ദളിതര്‍ക്കെതിരായി വരും. ഇതിങ്ങനെ തുടരും. പിന്നെയും അട്രോസിറ്റികള്‍ നടക്കും. പ്രതിഷേധങ്ങള്‍ ഉയരും. സത്യം പഠിയ്ക്കാന്‍ കമ്മിറ്റികള്‍ വരും. കോടതിയില്‍ പോകും. ദളിതരുടെ വിഷയങ്ങള്‍ എല്ലാം ഇങ്ങനെയാണ്. അത് ഈ സര്‍ക്കിളിനുള്ളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ദളിതരുടെ നീതി നടപ്പാക്കുന്നത് മറ്റൊരു തരത്തിലാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.

ധന്യ: പൊതുസമൂഹം, പ്രത്യേകിച്ച് മാധ്യമങ്ങള്‍ രോഹിത് എപ്പിസോഡിനായി വലിയ ഇടം തന്നെ നല്‍കി. കേവലം മരണപ്പെട്ടയാളോടുള്ള സഹാനുഭൂതിയാണോ ഇത് വ്യക്തമാക്കുന്നത്. അതോ മറ്റെന്തെങ്കിലും പുതിയ പ്രവണതകളുടെ രൂപപ്പെടലായി വിലയിരുത്താമോ?

സുങ്കണ്ണ: സംഭവങ്ങള്‍ ആരംഭിക്കുന്ന ആദ്യ ദിവസം മുതല്‍, അതായത് ഡിസംബര്‍ 18 മുതല്‍ ജനവരി 17 വരെ ഞങ്ങളിലേക്ക് മാധ്യമ ശ്രദ്ധയെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. എന്നിട്ടും വളരെ ചുരുക്കം മാധ്യമങ്ങള്‍ മാത്രമാണ് പ്രതികരിച്ചത്. പക്ഷെ ജനവരി പതിനേഴോടെ കാര്യങ്ങള്‍ മാറി. ഇടത് വലത് വ്യത്യസ്തമില്ലാതെ എല്ലാ മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു. ടെലികാസ്റ്റ് ചെയതത് അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് മാത്രം. ഉദാഹരണത്തിന് എന്‍ഡിടിവി നിക്ഷ്പക്ഷമായാണ് വാര്‍ത്തകള്‍ ചെയ്തത്. സംഭവങ്ങളില്‍ നിക്ഷ്പക്ഷ നിലപാടാണ് അവര്‍ സ്വീകരിച്ചത്. പക്ഷെ തെലുഗു ചാനലുകള്‍ എടുക്കുകയാണെങ്കില്‍, പ്രത്യേകിച്ച് തെലുഗു മാധ്യമങ്ങള്‍ മിക്കതും കമ്മ സമുദായക്കാരുടേതാണ്. വൈസ് ചാന്‍സലര്‍ അപ്പറാവുവും കമ്മ സമുദായത്തില്‍പ്പെട്ടയാളാണ്. അതുകൊണ്ട് തന്നെ ടിവി9 ഒഴികെ ഒട്ടുമിക്ക തെലുഗു മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരായിരുന്നു. അവര്‍ ഞങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തകരായി മുദ്ര ചാര്‍ത്തി. കാമ്പസിനുള്ളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഞങ്ങളെ യൂണിവേഴ്‌സിറ്റി സസ്പന്‍ഡ് ചെയ്തതെന്നും അതിനെതിരായാണ് ഞങ്ങളുടെ സമരമെന്നുമാണ് അവര്‍ പറഞ്ഞത്. മറ്റൊന്ന്, രോഹിത് വെമുലയുടെ ജാതിയെക്കുറിച്ച് ആദ്യമായി സംസാരിക്കാന്‍ തുടങ്ങിയത് തെലുഗു മാധ്യമങ്ങളാണ്. അല്ലാതെ ഹിന്ദി മാധ്യമങ്ങളോ ഇംഗ്ലീഷ് മാധ്യമങ്ങളോ അല്ല. തെലുഗു മാധ്യമങ്ങളാണ് രോഹിതിന്റെ ജാതി പറഞ്ഞത്. അവസാനം രോഹിതിന്റെ മരണം ഒരു വലിയ വിവാദ വിഷയമായി മാറുന്നതിന് അവര്‍ തന്നെ കാരണക്കാരായി.

അടിസ്ഥാനപരമായി മാധ്യമങ്ങള്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കണമെന്നേയുള്ളൂ. മീഡിയ ഈ വിഷയം ഏറ്റെടുക്കുന്നത് തന്നെ വളരെ താമസിച്ചാണ്. അതിന് ശേഷമുള്ള ദിവസങ്ങളില്‍ രോഹിതിന്റെ വിഷയം ഹൈലറ്റ് ചെയ്തുള്ള ടെലികാസ്റ്റിങ്ങായിരുന്നു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തന്നെ ഇല്ലാതായി. ഇതോടെ പ്രതിഷേധങ്ങളും സമരങ്ങളും തീര്‍ന്നെന്ന് തന്നെ സര്‍ക്കാരും പൊതുസമൂഹവും കരുതി. കാരണം ഇത് സംബന്ധിച്ച് ഒരു വാര്‍ത്തകളും ഒരു പത്രത്തിലും ന്യൂസ് ചാനലുകളിലും വരുന്നില്ല. അതുകൊണ്ട് പ്രതിഷേധങ്ങളടങ്ങിയെന്ന് തന്നെയാണ് പലരും ധരിച്ചത്. രോഹിതിന്റെ മരണശേഷം അദ്ദേഹത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള പോരാട്ടങ്ങളെ നല്ല രീതിയില്‍ തന്നെ മാധ്യമങ്ങള്‍ കവര്‍ ചെയ്തു. പക്ഷെ പിന്നീട് അവരുടെ ശ്രദ്ധ മറ്റ് സംഭവങ്ങളിലേക്ക് തിരിഞ്ഞു. മീഡിയയ്ക്ക് ജനങ്ങളെ പിടിച്ചിരുത്താനുള്ള മസാല വാര്‍ത്തകളാണ് എപ്പോഴും വേണ്ടത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ചെയ്ത സഹായങ്ങള്‍ക്ക് ഞാന്‍ മാധ്യമങ്ങളോട് നന്ദി പറയുന്നു. പക്ഷെ ഏതാണ്ട് ഒരു മാസത്തിന് ശേഷം മാധ്യമങ്ങള്‍ ഈ വിഷയത്തെ പാടേ അവഗണിച്ചു. അത് പക്ഷെ ഞങ്ങളുടെ സമരത്തിന് നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയത്. എല്ലാവരും കരുതിയത് സമരം അവസാനിച്ചെന്നാണ്. സംഭവത്തിന് ശേഷം മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിച്ച അപ്പറാവു പോലും യൂണിവേഴ്‌സിറ്റിയിലേക്ക് ധൈര്യത്തോടെ കയറി വന്നു. ഞങ്ങള്‍ അയാളെ തടഞ്ഞു. പ്രതിഷേധിച്ചു. ഞങ്ങളില്‍ 29 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ധന്യ: രോഹിത് വെമുല സംഭവത്തോടുള്ള മറ്റ് ദളിത് പ്രസ്ഥാനങ്ങളുടേയും നേതാക്കളുടേയും പ്രതികരണം ഏത് തരത്തിലായിരുന്നു?

സുങ്കണ്ണ : ഞങ്ങളെ പിന്തുണച്ച ദളിത് ഓര്‍ഗനൈസേഷനുകള്‍ക്കും മറ്റ് സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. പക്ഷെ എനിക്ക് പറയാനുള്ള പ്രധാനപ്പെട്ട ഒരു കാര്യം, the leaders of the suppressed are the real suppressors of their cast people. ഞങ്ങള്‍ രാജ്യമൊട്ടാകെ നടത്തിയ വലിയ പ്രതിഷേധ സമരങ്ങളില്‍ ദളിതരും ആദിവാസികളും മറ്റ് ന്യൂനപക്ഷങ്ങളും അണിചേര്‍ന്നത് ഒരു നേതാവിന്റേയും നേതൃത്വമില്ലാതെയാണ്. ഒരു നേതാവിന്റേയും നായകത്വമില്ലാതെയാണ് അവര്‍ നിരത്തിലിറങ്ങിയത്. കേരളത്തിലും അതുണ്ടായി. കുറേ പേര്‍ അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദേശവ്യാപകമായി ഇത്രയും സമരങ്ങള്‍ നടന്നിട്ടും ദളിത്, ആദിവാസി നേതാക്കളോ അരികുവല്‍ക്കരിക്കപ്പെട്ട മറ്റേതെങ്കിലും ജനതയുടെ നേതാക്കളോ ആവട്ടെ, ഈ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത് മുന്നോട്ട് വരുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സാമുദായിക താത്പര്യങ്ങളേക്കാള്‍ വളരെ വലുതാണ് അവരുടെ രാഷ്ട്രീയ താത്പര്യങ്ങളെന്നതാണ ഇതിന് കാരണം. ആന്ധ്രയില്‍ ദളിത് നേതാക്കള്‍ ചന്ദ്രബാബു നായിഡുവിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. തെലുങ്കാനയിലെ ദളിത് നേതാക്കള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോടൊപ്പമാണ്. ദേശീയ തലത്തില്‍ നോക്കുകയാണെങ്കില്‍ ബിജെപിക്കാരായ ദളിത് എംപിമാരില്‍ ഒരാള്‍ പോലും ഈ വിഷയത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയാനോ, ഇല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടാനോ തയ്യാറായില്ല. കാരണം സ്മൃതി ഇറാനിയും ദന്ദാരു ദത്താത്രേയയും ഈ വിഷയത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. അപ്പാറാവുവിന്റെ നിയമനത്തില്‍ പോലും ക്രമക്കേടുണ്ട്. അയാള്‍ പണം വാഗ്ദാനം ചെയ്ത് വൈസ് ചാന്‍സലാറായ ആളാണ്. ആരുടേയോ റിസര്‍ച്ച് പേപ്പര്‍ പകര്‍ത്തിയെഴുതി തന്റേതാണെന്ന് വരുത്തി പി.എച്ച്.ഡി. എടുത്തയാളാണ്. അയാള്‍ അതിന്റെ പേരില്‍ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ ദളിത് സമുദായങ്ങളില്‍ നിന്നുള്ള ബി.ജെ.പി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു എം.പി. പോലും ഇതിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നതാണ് ദു:ഖകരം. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് the leaders of the suppressed are the real supressers of their cast people എന്ന്. മറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് പുലര്‍ത്താത്ത, ദളിത് കമ്മ്യൂണിറ്റിക്കായി വര്‍ക്ക് ചെയ്യുന്ന യുവാക്കളായ പുതിയ നേതാക്കളെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

ധന്യ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ കാമ്പസുകളിലെ ദളിത് ആക്ടിവിസം കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. രോഹിത് വെമുല സംഭവത്തില്‍ നിന്ന് സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ടാണോ ഇത്?

സുങ്കണ്ണ: ഉന്നത വിദ്യാഭ്യാസ രംഗം ദളിത് രാഷ്ട്രീയം അല്ലെങ്കില്‍ അംബേദ്കറൈറ്റ് രാഷ്ട്രീയം ആവശ്യപ്പെടുന്നുണ്ട്. അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ASA) രൂപം കൊള്ളുന്നതിന് മുമ്പ് എങ്ങനെയാണോ ബ്രാഹ്മണിക്കല്‍ സംവിധാനം കാമ്പസുകളില്‍ വര്‍ക്ക് ചെയ്തത്, അത് ഇന്നും അതുപോലെ തുടരുന്നു. ബ്രാഹ്മണിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, ബ്രാഹ്മണിക്കല്‍ ഫാക്കല്‍റ്റീസ് എല്ലാം അതുപോലെ തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദളിത് ശബ്ദങ്ങള്‍ ഉയരേണ്ടതുണ്ട്. എ.എസ്.എ. ഇപ്പോള്‍ 30-തിലധികം യൂണിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനം ശക്തമായതോടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കാമ്പസിനുള്ളില്‍ പേടികൂടാതെ സ്വതന്ത്രമായി നടക്കാമെന്നായി. ജെഎന്‍യുവില്‍ അംബേദ്കറൈറ്റ് മൂവ്‌മെന്റ് ആരംഭിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്; ബാപ്‌സ. ബാപ്‌സയ്ക്ക് എ.എസ്.എ. ആയിരുന്നു ഇന്‍സ്പിരേഷന്‍. എസ്.എസ്.എ കഴിഞ്ഞ 26 വര്‍ഷമായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് ഇത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യൂണിവേഴ്‌സിറ്റി നമ്മുടേതാണ്, നമുക്കും ഒരിടമുണ്ട്, നമുക്ക് പഠിക്കാം, സ്വതന്ത്രമായി നടക്കാം… അങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇത് ദളിത് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു.

രോഹിത് വെമുല മൂവ്‌മെന്റ് ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ദളിത് ആക്ടിവിസത്തിന് പ്രേരക ശക്തിയായി മാറിയെന്നതില്‍ സംശയമില്ല. നേതൃത്വം നല്‍കി നയിക്കാന്‍ ആരുമില്ലാതെ തന്നെ ഒരു ദളിത് കോണ്‍ഷ്യസ്‌നെസ് ഉണര്‍ന്നിട്ടുണ്ട്. എല്ലാ യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ ഒരു ദളിത് ഓര്‍ഗനൈസേഷന്‍ ഉണ്ട്. പലതും ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍സാണ്. അവര്‍ക്ക് മറ്റേതെങ്കിലും പൊളിറ്റിക്കല്‍ പാര്‍ട്ടികളുമായോ, ദളിത് ഓര്‍ഗനൈസേഷനുകളുമായോ ബന്ധമില്ല. ജെഎന്‍യുവില്‍ ബാപ്‌സയ്‌ക്കെതിരെ എല്ലാ ഇടത് വിദ്യാര്‍ഥി സംഘടനകളും ഒന്നിച്ചിട്ടും ബാപ്‌സ നല്ല മത്സരം കാഴ്ചവച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്ഐയും എഎസ്എയും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കിലും എബിവിപിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ ഒരൊറ്റ കാര്യം മുന്‍നിര്‍ത്തിയായിരുന്നു അവര്‍ക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുസ്ലീം വിദ്യാര്‍ഥികള്‍ എഎസ്എയ്ക്കൊപ്പം ചേര്‍ന്നത് എസ്എഫ്ഐക്ക് ദഹിച്ചില്ല. അതുവരെ അവര്‍ എസ്എഫ്ഐക്കൊപ്പമായിരുന്നു. ഒടുവില്‍ എഎസ്എ ആരുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് തന്നെ മത്സരിച്ച് നല്ല റിസള്‍ട്ട് ഉണ്ടാക്കി. നല്ലൊരു ആത്മവിശ്വാസവും ഉണര്‍വും ദളിത് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്. ഇത് തുടര്‍ന്നുകൊണ്ട് പോവാനാണ് ഞങ്ങളുടെ തീരുമാനം.

ധന്യ: രോഹിതിന്റെ മരണ ശേഷവും കാമ്പസുകളില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് അപമാനവും ആക്രമണവും സഹിക്കേണ്ടി വരുന്നുണ്ട്. അധികൃതരില്‍ നിന്നും, എസ്.എഫ്.ഐ, എ.ബി.വി.പി പോലുള്ള വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഇതുണ്ടാവുന്നു. ഇതിനെ എങ്ങനെ കാണുന്നു?

സുങ്കണ്ണ: എ.ബി.വി.പിയും എസ്.എഫ്.ഐയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് പേരും ഒരേ നിറത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. ചുവപ്പ് കുങ്കുമ നിറത്തിലേക്ക് അല്‍പ്പം മാറിയെന്ന് മാത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദളിതരേയും മറ്റ് ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നത് പോലെ തന്നെയാണ് എ.ബി.വി.പി ഇന്ത്യയിലാകമാനമുള്ള ദളിത്, ന്യൂനപക്ഷ വിദ്യാര്‍ഥികളെ ആക്രമിക്കുന്നത്. ജാതി പറഞ്ഞുള്ള അടിച്ചമര്‍ത്തലുകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി നോക്കിയാല്‍ അവരുടെ ഓഫീഷ്യല്‍ ബില്‍ഡിങ്ങില്‍ ഹിന്ദു പോര്‍ട്രെയ്റ്റുകള്‍ കാണാം. കൃഷ്ണാഷ്ടമി, വിനായക ചതുര്‍ഥി, ശ്രീരാമനവമി എന്താഘോഷം വന്നാലും അവര്‍ക്ക് ആഘോഷിക്കാം. എന്നാല്‍ ദളിത് ക്രിസ്ത്യാനികള്‍ക്കോ ദളിത് മുസ്ലിങ്ങള്‍ക്കോ, മറ്റ് ന്യൂനപക്ഷങ്ങള്‍ക്കോ ഇതിന് അവകാശമില്ല. അവര്‍ ഇത്തരത്തില്‍ എന്തെങ്കിലും റിലീജിയസ് ആക്ടിവിറ്റി നടത്തുകയാണെങ്കില്‍ അത് കോഡ് ഓഫ് കണ്ടക്ടിന് എതിരായി കണക്കാക്കപ്പെടും. ഇത്തരത്തിലാണ് യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.

അപ്പാറാവുവിന് ബെസ്റ്റ് സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചു. നരേന്ദ്ര മോദിയില്‍ നിന്ന് അയാള്‍ അത് ഏറ്റുവാങ്ങി. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ ആ കേസില്‍ ഉള്‍പ്പെടുകയും അന്വേഷിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രമോഷന്‍ ലഭിക്കുന്നത് പതിവാണ്. കേരളത്തിലെ ജിഷ വധക്കേസ് ഇതിന് ഉദാഹരണമാണ്.

ധന്യ: ഇന്ത്യയിലെ ദളിത് മൂവ്‌മെന്റുകളുടെ ഭാവി എന്താണ്?

സു: ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഒരു സര്‍ക്കിളിലാണ് ദളിത് മൂവ്‌മെന്റ് മുന്നോട്ട് പോവുന്നത്. നമുക്ക് ആ സര്‍ക്കിള്‍ മാറ്റണം. രോഹിത് വെമുല എപ്പോഴും പറയുമായിരുന്നു- ‘ദളിതര്‍ക്ക് ഉയര്‍ച്ച സാധ്യമാവണമെങ്കില്‍ അംബേദ്കറൈറ്റ് മാത്രമായാല്‍ പോര. നമുക്ക് റാഡിക്കല്‍ അംബേദ്കറൈറ്റുകളെയാണ് ആവശ്യം’ എന്ന്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന റാഡിക്കലിസം അല്ല. അംബേദ്കര്‍ ഒറ്റയ്ക്ക് നിന്ന് ഹിന്ദു സ്ട്രക്ചറിനെതിരെ പോരാടിയതു പോലുള്ള റാഡിക്കലിസമാണാവശ്യം. ചിന്തയിലും പ്രവൃത്തിയിലും വിദ്യാഭ്യാസത്തിലുമടക്കം എല്ലാത്തിലും നമ്മള്‍ റാഡിക്കലാവണം. ഇവിടെ മിക്ക യൂണിവേഴ്‌സിറ്റികളിലും ദളിത് ആക്ടിവിസമില്ല. എന്നുകരുതി അവിടെ ദളിതര്‍ക്കെതിരെയുള്ള അട്രോസിറ്റികള്‍ ഇല്ലെന്നല്ല. അതിനെതിരെ പോരാടാന്‍ മാത്രം സംഘടിതരല്ല ദളിതര്‍ എന്നതാണ് കാരണം. ദളിതരായിരുന്നതുകൊണ്ടോ അംബേദ്കറൈറ്റ് ആയിരുന്നതുകൊണ്ടോ ദളിത് സമൂഹത്തിന്റെ ഉയര്‍ച്ച സാധ്യമാവില്ല. റാഡിക്കല്‍ അംബേദ്കറൈറ്റ് ആവണം. ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടക്കുന്ന സമയത്തെങ്കിലും നമ്മള്‍ റാഡിക്കല്‍ അംബേദ്കറൈറ്റുകളായി പ്രവര്‍ത്തിച്ചാല്‍ ഉടനെ തന്നെ നീതി നടപ്പിലാക്കാനാവും. സവര്‍ണ ഹിന്ദുക്കള്‍ക്ക് ഭയം എന്നൊന്നില്ല. അവരില്‍ ഭയം ജനിപ്പിക്കാന്‍ കഴിയാത്തിടത്തോളം കാലം ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരിക്കലെങ്കിലും അതവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ദളിതര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണ്.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍