UPDATES

രോഹിത് വെമൂലയോട് ചെയ്ത ക്രൂരത ഇന്നെന്നെ വേട്ടയാടുന്നു; ഒരു മുന്‍ എബിവിപിക്കാരന്റെ കുറ്റസമ്മതം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ മുമ്പു മതനിന്ദാക്കേസില്‍ കുടുക്കിയതില്‍ മാപ്പ് പറഞ്ഞു മുന്‍ എബിവിപി പ്രവര്‍ത്തകന്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ശിവ റാം സായിയാണ് തന്റെ കുറ്റബോധം പങ്കുവച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. 2013ലെ ഗണേശ ചതുര്‍ഥി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികള്‍ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ രോഹിതുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും അതില്‍ പരാജയപ്പെടുകയും ചെയ്തതിന്റെയും വൈരാഗ്യത്തിലാണ് വെമൂലയെ മതനിന്ദാ കേസില്‍ കുടുക്കിയത്. അന്ന് രോഹിതിനോട് ചെയ്തത് തെറ്റായിപ്പോയിയെന്നും മരിച്ചുപോയതിനാല്‍ എനിക്കിന്ന് രോഹിതിനോട് മാപ്പ് പറയാനും കഴിയില്ലെന്നുമാണ് ശിവ റാം സായി എഴുതിയിരിക്കുന്നത്. ഇത് കൂടാതെ രോഹിതിന്റെ ചില ഫെയ്സ്ബുക്ക് പോസ്റ്റുകളും ശിവ റാം ഇട്ടിട്ടുണ്ട്.

 

ശിവ റാം സായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിതാണ്;

 

‘ഒരു പഴയകാല സംഭവം എന്നെ വേട്ടയാടുന്നു. 2013ല്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണത്. ഗണേശ ചതുര്‍ഥി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ആ സമയത്ത് നടന്നത്. ഗണേശ ചതുര്‍ഥിക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന തരത്തിലുള്ള വാദഗതികളാണ് എബിവിപി ഉയര്‍ത്തിയത്. ചതുര്‍ഥി ആഘോഷിക്കേണ്ടതാണെന്ന വാദത്തെ ബലപ്പെടുത്തുന്നതിനായി എന്നെ നിയോഗിച്ചു. എന്റെ വാദഗതികളെ ശക്തമായി എതിര്‍ത്തവരില്‍ ഒരാള്‍ രോഹിത് വെമൂല ആയിരുന്നു. രോഹിതിന്റെയും സുഹൃത്തുക്കളുടേയും നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ നിലപാടിന് സ്വീകാര്യത ലഭിച്ചില്ല. ഇതോടെ രോഹിതിനെയും സംഘത്തെയും മറ്റ് മാര്‍ഗങ്ങളിലൂടെ തോല്‍പ്പിക്കാനായി സംഘടന തീരുമാനിക്കുകയായിരുന്നു.

ഞാന്‍ താരതമ്യേന സംഘടനയില്‍ പുതിയ ആളായിരുന്നു. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയ്ക്കുള്ളിലെ ചര്‍ച്ച പുതിയ അറിവായിരുന്നു. രോഹിത് വെമൂലയടക്കമുള്ളവര്‍ക്കെതിരെ മതനിന്ദാ കേസ് കൊടുക്കാനാണ് സംഘടന തീരുമാനിച്ചത്. ഇതിനായി രോഹിത് വെമൂലയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഇമെയില്‍ ചെയ്യുന്നതിന് എന്നെ ചുമതലപ്പെടുത്തി. സംഘടനയിലുളളവരുടെ രഹസ്യയോഗത്തിന് ശേഷം രോഹിത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ തീരുമാനിച്ചു. ഗണപതിയെക്കുറിച്ച് തെലുങ്ക് കവി ശ്രീ ശ്രീ എഴുതിയ കവിത രോഹിത് തന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതാണ് കേസിന് ആധാരമായി സംഘടന കണ്ടെത്തിയത്. എന്തുകൊണ്ട് സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍ തുടങ്ങിയവരുടെ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നില്ലെന്ന രോഹിതിന്റെ ആക്ഷേപഹാസ്യ പോസ്റ്റുകളും മതനിന്ദയാണെന്ന് ചൂണ്ടിക്കാട്ടി സംഘടന പോലീസില്‍ പരാതി നല്‍കി.

 

സംഭവത്തെത്തുടര്‍ന്ന് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസം ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് എബിവിപി രോഹിത്തിനെ ‘പാഠം പഠിപ്പിച്ചതില്‍’ വന്‍ ആഹ്ളാദ പ്രകടനം നടത്തി. പിന്നീട് ജയില്‍ മോചിതനായ രോഹിത് തന്റെ വാദഗതികളെ ഇല്ലാതാക്കാന്‍ കളളക്കേസില്‍ കുടുക്കിയ കാര്യങ്ങള്‍ വിശദീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.

 

എബിവിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ നിരവധി സംഭവങ്ങള്‍ എനിക്കിന്ന് അപമാനം തോന്നിപ്പിക്കുന്നതാണ്. എന്നാല്‍ രോഹിതിനോട് ചെയ്ത ക്രൂരതയാണ് എറ്റവുമധികമായി വേട്ടയാടുന്നത്. രോഹിതിന്റെ പൊട്ടിത്തെറിച്ചുളള തുറന്നു പറച്ചിലില്‍ കോളേജില്‍ അവനെ വെറുക്കാനും എതിര്‍ക്കാനും ധാരാളം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇത് കാരണം അവന്‍ തുടര്‍ച്ചയായി ഓണ്‍ലൈനിലും പുറം സ്ഥലങ്ങളിലും വേട്ടയാടപ്പെട്ടിരുന്നു. മരിച്ചുപോയതിനാല്‍ എനിക്കിന്ന് രോഹിതിനോട് മാപ്പ് പറയാനും കഴിയില്ല. പക്ഷെ ആശ്വാസം നല്‍കുന്ന ഒരു കാര്യം ഇനിയുള്ള കാലം എന്റെ പ്രവര്‍ത്തികള്‍ ശരിയായിട്ടുള്ള ഒരു പ്രസ്ഥാനത്തിനു വേണ്ടിയിട്ടാണ് എന്നതാണ്.

 

രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ഹിന്ദുത്വ ശക്തികളുടെ നടപടികളാണെന്നത് നിഷേധിക്കുന്നവര്‍ മനസിലാക്കുന്നുണ്ടാകില്ല രോഹിത് എടുത്ത സംഘപരിവാറിന്റെ ജാതിക്കും വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് അവന് എത്രമാത്രം ഭീകരമായ പീഡനങ്ങളിലൂടെയും അപമാനങ്ങളിലൂടെയും ആണ് കടന്നു പോകേണ്ടി വന്നത് എന്നത്. ഇങ്ങനെയാണ് ഒരു ‘ഇന്‍സ്റ്റിറ്റ്യൂഷന്‍’ കൊലപാതകമുണ്ടായത്. ഇങ്ങനെയാണ് രാജ്യവും പോലീസും ഹിന്ദുവാദികളും ദളിതരെയും, ആദിവാസികളെയും,. താഴ്ന്ന ജാതിക്കാരെയും വേട്ടയാടുന്നത്. മൂഡന്‍മാരായ ആ രാഷ്ടീയ കൂട്ടങ്ങളെ തിരിച്ചറിയാനും അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ത്തുവാനും ഇനിയും താമസിക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍